‘ബ്രിട്ടനി’-യിലൊരു വാരാന്ത്യം



അറ്റ്‌ലാന്റിക് സമുദ്രതീരത്തു, കാടും, പുഴയും, കടലിടുക്കുകളും ചെറിയ ദ്വീപുകളും ഒക്കെയുള്ള ഒരു കൊച്ചു സുന്ദരിയാണ് ‘ബ്രിട്ടനി’. ഫ്രാന്‍സിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്‌, ‘നോര്‍മാന്‍ഡി’യ്ക്കടുത്തുള്ള ഒരു ഫ്രഞ്ച് പ്രവിശ്യ. ഇതുപോലെ ഇരുപത്തി മൂന്നോളം സ്ഥലങ്ങള്‍(regions) ചേര്‍ന്നതാണ് ഫ്രാന്‍സ്. ഓരോ സ്ഥലങ്ങള്‍ക്കും സ്വന്തമായി ഭാഷയുണ്ടായിരുന്നു. ഫ്രഞ്ചിന്റെ അടിച്ചമര്‍ത്തലില്‍ മണ്ണടിഞ്ഞ നാട്ടുഭാഷകള്‍. ബ്രത്തോന്‍ (Briton) ആണ് ഇവിടുത്തെ മാതൃഭാഷ. ഇപ്പോഴും സംസാരഭാഷയായി നിലനില്‍ക്കുന്നു.

ദീഘദൂരട്രെയിന്‍(TGV)നില്‍ പാരീസില്‍ നിന്നും 3 മണിക്കൂര്‍ സഞ്ചരിച്ചു  ‘സെന്റ്‌ മലോ’യിലെത്തി. ബ്രിട്ടനിയിലെ ഒരു തുറമുഖ പട്ടണം. കടലിനക്കരെ ഇംഗ്ലണ്ടാണ്. ഇംഗ്ലീഷ് ചാനല്‍ നീന്തിയോ, കടത്തു കടന്നോ, കടലിനടിയിലൂടെയുള്ള ട്രെയിന്‍ പിടിച്ചോ ഒക്കെ  പോകാം. പായ്ക്കപ്പലുകള്‍, ഫെറി സര്‍വീസുകള്‍, ചരക്കു കപ്പലുകള്‍ , ഫിഷിംഗ് ബോട്ടുകള്‍ അങ്ങനെ നിറഞ്ഞ ഒരു തുറമുഖം.

പട്ടണത്തില്‍ നിന്നും കുറച്ചുമാറി ഒരു ബീച്ചിനടുത്താണ് ഞങ്ങള്‍ ബുക്ക് ചെയ്ത അപ്പാര്‍ട്ട്മെന്റ്. സ്വന്തമായി ആകാശവും മുറ്റവുമുള്ള ഒരു ചെറിയ ഫ്ലാറ്റ്. രാത്രി നക്ഷത്രങ്ങളെ നോക്കി കാറ്റേറ്റിരുന്നപ്പോള്‍ ഒരു ഗൃഹാതുരത്വം. പണ്ട് പവര്‍ കട്ട്‌ സമയങ്ങളില്‍ വീട്ടിലെല്ലാവരും ഒത്തുകൂടി മുറ്റത്തിരിയ്ക്കും. ‘പവര്‍ കട്ടാ’ണോ ഞാനാണോ ആദ്യം ഉണ്ടായതെന്ന് എനിക്കറിയില്ല. എങ്കിലും ഓര്‍ക്കേണ്ടതെല്ലാം മറക്കുമ്പോഴും മറവി ബാധിക്കാത്ത ചില  ഓര്‍മ്മകളുണ്ട്.

അച്ഛന്‍റെ മടിയിലിരുന്നു മുകളിലെ ആകാശം കാണുന്നതു അതിലൊന്നാണ്. കട്ട്‌ ചെയ്താലും പോകാത്ത പവര്‍ പോലെ. സ്വന്തമായി കസേരയില്‍ ഇരുന്ന് ആകാശം കാണാനും  മാത്രം വലുതായപ്പോള്‍ മുതല്‍, ഞാനഴിച്ചു തുടങ്ങിയ  ഓര്‍മ്മക്കെട്ടാണിത് . എങ്ങനെയിതോര്തിരിയ്ക്കുന്നുവെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ വേണ്ടി. ഓര്‍ത്തോര്‍ത്തു മേല്പോട്ട് നോക്കി, ഞാനും കസേരയും പിന്നിലേയ്ക്ക് ചായും, ബാലന്‍സ് ചെയ്യാന്‍ കുത്തിയ പെരുവിരലില്‍ വരെ ഓര്‍മയെത്തുമ്പോഴെയ്ക്കും, വീഴും, വീഴും എന്ന വിളിയും , മലക്കം മറിഞ്ഞു വീഴുന്ന കസേരയുടെ ശബ്ദവുംഒരു കൂട്ടച്ചിരിയും ചുറ്റും നിറയും. അടുത്തിരുന്ന സുഹൃത്തിനോട്‌ ഓര്‍മ്മക്കഥ പറഞ്ഞു ചിരിയ്ക്കുമ്പോഴും, വീഴാതിരിയ്കാന്‍ കസേരയില്‍ എന്‍റെ കൈ മുറുകുന്നത് കണ്ടു.


കാലാവസ്ഥാ പ്രവചനം അനുസരിച്ച് ശിശിരത്തിന് മുന്‍പുള്ള അവസാനത്തെ ചൂട് ദിവസങ്ങളാണ്. ബീച്ചിലാകെ തിരക്ക്. ഫ്രാന്‍സില്‍ പലതരം ബീച്ചുകളുണ്ട്. വസ്ത്രം ധരിയ്ക്കുന്നവര്‍ക്കുള്ള  ബീച്ചുകള്‍, മേല്‍വസ്ത്രം ഉപേക്ഷിക്കുന്നവര്‍ക്കുള്ള ബീച്ചുകള്‍. (പഴയ കേരള സ്റ്റൈല്‍ ,topless beaches). പൂര്‍ണ്ണ നഗ്നരായി നടക്കേണ്ടവര്‍ക്കുള്ളവ (കുംഭമേളയെ ഓര്‍മ്മിപ്പിക്കുന്ന Nude beaches). മനസ്സിന്‍റെ നിഷ്കളങ്കതയും ആവശ്യവും അനുസരിച്ച്  തിരഞ്ഞെടുക്കാം.


അപ്പാര്‍ട്ട്മെന്റിനു പിന്നില്‍ വസ്ത്രം ധരിക്കുന്നവരുടെ ബീച്ചാണുള്ളത്. എങ്കില്‍പ്പോലും , കടലുകാണാനിറങ്ങിയപ്പോള്‍ അന്യഗ്രഹത്തില്‍ ചെന്ന് പെട്ടപോലെ, ബിക്കിനിയിട്ട നൂറുകണക്കിനാള്കള്‍ക്കിടയില്‍ ഞാനൊരു പൂര്‍ണ്ണ വസ്ത്രധാരിണി. വെയില് കായുന്ന കുഞ്ഞുങ്ങള്‍ക്കിടയിലൂടെ ഓടിച്ചെന്നു വെള്ളത്തില്‍ ഞാനൊളിച്ചു. കരയിലെ ചൂടോളം തണുപ്പേറിയ  വെള്ളം.




സന്ധ്യയോടെ വേലിയിറക്കമായി. കുട്ടികള്‍ക്ക് കളിയ്ക്കാന്‍ കുറേയേറെ സ്ഥലമൊരുക്കി കൊടുത്തിട്ട് കടല്‍ പിന്‍വലിഞ്ഞിരിയ്ക്കുന്നു. ഇരുട്ടി വെളുക്കുമ്പൊഴേക്കും പലിശകൂട്ടി തിരിച്ചെടുക്കും. ഈ സമയക്രമം നോക്കിയാണ് ആള്‍ക്കാര്‍ തീരത്തെത്തുന്നത് തന്നെ.


കാണേണ്ടതെല്ലാം കണ്ടു തീര്‍ന്ന പകലിന്‍റെ വിടവാങ്ങല്‍. വേണ്ടപ്പെട്ടവരെല്ലാം ഉണ്ട്. കടലും കരയും ചന്ദ്രനും നക്ഷത്രങ്ങളും നിശ്ശബ്ദരായി നോക്കി നില്‍ക്കുന്നു. ഇത്തിരി മുന്‍പ് വരെ ലോകത്തിന്‍റെ വെളിച്ചമായിരുന്നു. വീര്‍പ്പടക്കി ചുവന്നു , കറുത്തതാ പൊലിയുന്നു. ചടങ്ങിന്റെ പടമെടുത്ത് ഞങ്ങളും മടങ്ങി.

ബീച്ചില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റ്-ലേയ്ക്ക് കയറുന്നിടത്ത് ഷവറുണ്ട്. ഒന്ന് കുളിച്ചു , മണ്ണും ചെളിയും കളഞ്ഞു സ്വിമ്മിംഗ് പൂളിലെ ചൂടുവെള്ളത്തില്‍ കിടക്കാം. പോരെങ്കില്‍ സ്റ്റീം ബാത്ത് റൂം ഉണ്ട്, ഒരു തോര്‍ത്തും ചുറ്റി കയറി ഇരുന്നു ആര്‍ക്കു വേണമെങ്കിലും കുറച്ചാവി കൊള്ളാം. ഈ കോപ്രായങ്ങള്‍ ഒക്കെ കണ്ട്,  ഊറിച്ചിരിച്ചിട്ടുണ്ടാവണം, ഭൂമിയിലെ സര്‍വ്വചരാച്ചരങ്ങള്‍ക്കും നൂറ്റാണ്ടുകളായി സ്റ്റീം ബാത്ത് നല്‍കിവരുന്ന മഹാന്‍.

Comments

  1. ബ്രിട്ടണിയും കണ്ടു. ഒരിടത്തൊരിയ്ക്കലേ വരൂ...ട്ടോ.

    ReplyDelete
  2. നന്ദി എസ്സാര്‍.(മറ്റൊരിയ്ക്കലെക്കാക്കരുത്...ട്ടോ :-))

    ReplyDelete
  3. ബ്രിട്ടനും ബ്രിട്ടനിയും, കടലും കടലാടിയും പോലെ

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....