Friday, November 25, 2011

വള്ളക്കടവിലെ അനിയന്,


വിവരങ്ങളൊക്കെ ചേച്ചിയറിയുന്നുണ്ട് . ഇതൊന്നും തമിഴ് നാട്ടുകാരുടെ കുറ്റമല്ല. നമ്മുടെ പിടിപ്പുകേടിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലല്ലോ. ഒന്ന് രണ്ടു കൂട്ടുകാര്‍ എന്നോട് ചോദിച്ചു, അവര്‍ക്ക് വെള്ളം കൊടുക്കാതിരിക്കാനുള്ള അടവല്ലേന്ന്. ഒരുവിധത്തില്‍  അവരെ പറഞ്ഞു മനസ്സിലാക്കി. അവര്‍ക്ക് അത്രയൊക്കയേ   അറിയൂ. സിനിമ നിരോധിച്ചത് തന്നെ കണ്ടില്ലേ. ഏതായാലും അവിടുത്തെ ഭരണകൂടത്തില്‍ കാര്യശേഷിയുള്ളവര്‍ ധാരാളമുണ്ട്. അസൂയപ്പെടാനേ നമുക്കു പറ്റൂ.

അണക്കെട്ടിന്‍റെ താഴത്തു തമിഴ്നാടായിരുന്നെങ്കില്‍ ഇങ്ങനൊരു ഗതികേടുണ്ടാവില്ലായിരുന്നു. കേരളം പൊന്നു വിലയ്ക്ക് വെള്ളം വാങ്ങിയ്കുയോ തൊണ്ട വരണ്ടു ചാവുകയോ ചെയ്തേനെ. എങ്കില്‍ പോലും...
കൂടംകുളത്തു കാണുന്നില്ലേ. അവിടെ ഓരോ ജീവനും വിലയുള്ളതു കൊണ്ട് നോക്കീം കണ്ടുമൊക്കയെ ചെയ്യൂ. അത് അങ്ങനെ തന്നെ വേണം താനും.
അടുത്ത ജന്മത്തിലെങ്കിലും എനിക്ക് തമിഴ്നാട്ടില്‍ ജനിക്കണമെന്നാണ് ആഗ്രഹം.

പലരും പറഞ്ഞുണ്ടാക്കുന്നതുപോലെ  അവരത്ര സ്വാര്‍ഥരൊന്നുമല്ല, ജീവിക്കാന്‍ പഠിച്ചവരാണെന്നെയുള്ളൂ. പച്ചക്കറിയില്‍ ദിവസേന കയറ്റി വിടുന്ന വിഷം വാങ്ങി സദ്യയുണ്ടാക്കുന്ന മലയാളികളെപ്പോലെ പ്രബുദ്ധരല്ലെന്ന് മാത്രം. ഹെലികോപ്റ്ററില്‍ ഒരു പാവം ഗ്രാമത്തിന്‍റെ തലയില്‍ വിഷം കോരിയോഴിച്ചത് അന്യനാട്ടുകാരൊന്നുമല്ലല്ലോ. നമ്മടാള്‍ക്കാര്‍ തന്നല്ലെ. പത്തുപുത്തനുണ്ടാക്കാനുള്ള തത്രപ്പാടില്‍ നമ്മള്‍ ചെയ്തു കൂട്ടുന്നതിന്റെ അത്രയും ഒരു തമിഴനും ചെയ്യില്ല. ഇതെഴുതുന്ന സമയത്ത് ചവറയില്‍ വാതകം ചോര്‍ന്നെന്നോ നൂറോളം കുട്ടികള്‍ ആശുപത്രിയില്‍ ആയെന്നോ കേള്‍ക്കുന്നു.

അണക്കെട്ട് തകര്‍ന്നാല്‍ പത്തുമുപ്പത്തഞ്ചു ലക്ഷം പേര് മരിക്കുമത്രേ. അതിന്റെ പകുതി ആള്‍ക്കാര്‍ തുനിഞ്ഞിറങ്ങിയാല്‍ ജലനിരപ്പ്‌ കുറയില്ലേ. കുറയും. പക്ഷെ ഇറങ്ങില്ല. അതുകൊണ്ടാണ് ഇതൊക്കെ അടവാണെന്ന് മറ്റുള്ളോര്‍ വിചാരിക്കുന്നതും.

ഇപ്പൊ തന്നെ, മലയാളം പത്രങ്ങളുടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെയും ആഘോഷം കഴിഞ്ഞു.  ദേശീയ പത്രങ്ങളുടെ മൂലയില്‍ പോലും ഈ വാര്‍ത്ത‍ കണ്ടില്ല. പത്രങ്ങളെ പറയാനും പറ്റില്ല, ആളറിഞ്ഞല്ലേ ഇലയിടൂ. ഇവിടെ ഫ്രഞ്ച് പ്രസിഡന്റിനു പെണ്‍കുഞ്ഞുണ്ടായ വിവരം നാട്ടില്‍ വിളിച്ചപ്പോഴാ ഞാനറിഞ്ഞത്. എന്നാലും വിളമ്പുന്നോര്‍  ഒന്ന് നോക്കണ്ടേ, ഹൈകോര്‍ട്ട് തകരും സ്കൂള്‍ തകരും എന്നൊക്കെ പറഞ്ഞാല്‍ ആരു മൈന്‍ഡ് ചെയ്യും?
ഏതൊക്കെ അമ്പലവും പള്ളിയും മുങ്ങിപ്പോകുമെന്നു ഒരു റിപ്പോര്‍ട്ട്‌ വന്നിരുന്നെങ്കിലോ? . പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും  ഉണ്ടാകാന്‍ പോകുന്ന തകര്ച്ചയെക്കുറിച്ചു പറഞ്ഞിരുന്നെങ്കിലോ?  കുറച്ചു പേരെങ്കിലും ഏറ്റെടുത്തേനെ. മനുഷ്യന്‍ മരിയ്ക്കും, മനുഷ്യന്‍ മരിയ്ക്കും എന്ന് വിളിച്ചു കൂവിയിട്ടെന്നാത്തിനാ? കൊക്കെത്ര കുളം കണ്ടതാ?

ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാതിരിയ്ക്കുന്നതാ ഒരു കണക്കില്‍ നല്ലത്. അറിഞ്ഞിട്ടും ഒന്നും ചെയ്യാനൊത്തില്ലല്ലോന്നു വിഷമിക്കെണ്ടല്ലോ. ദിവസേന എത്രയോ കാര്യങ്ങളില്‍ നമ്മള്‍ ഞെട്ടുന്നു, ഖേദം പ്രകടിപ്പിക്കുന്നു. അക്കൂട്ടത്തില്‍ ഇമ്മിണി വലിയ ഒരു ഞെട്ടല്‍ വേണ്ടി വരും, അത്ര തന്നെ.

ഭൂകമ്പമറിയിക്കാന്‍ ഡല്‍ഹിക്ക് എന്തിനാണോ ആളു പോയത്? അറിയിച്ചതോടെ എല്ലാം തികഞ്ഞു. കോടതികാര്യമല്ലേ അവരിടപെടില്ലാന്നും പറഞ്ഞു. വീണ്ടും വണ്ടിക്കൂലി പോയി കിട്ടി. ഈ കാശ് കൂട്ടി വച്ചിരുന്നെങ്കില്‍ ദുരിതാശ്വാസത്തിനുപകരിച്ചേനെ. ഭരണം ആരുടെ കയ്യിലായാലും ഒരുപോലെയാ. വെട്ടിനിരത്തലൊക്കെ എത്ര വേഗത്തിലായിരുന്നു? അന്നും ഇടിഞ്ഞു തൂങ്ങി ഡാമവിടെത്തന്നെ ഉണ്ടാരുന്നു. നശിക്കാനും നശിപ്പിക്കാനും എളുപ്പമാ, ഉണ്ടാക്കാനല്ലേ പാട്. 

ഇനിയിപ്പോ അടുത്ത ഭൂകമ്പം (ദൈവമേ അത് ചെറുതായിരിക്കണേ) വരുന്നത് വരെ, എല്ലാവരും മിണ്ടാതിരിയ്ക്കും. ഇതിനൊരു പരിഹാരം അടുത്ത കാലത്തൊന്നും ഉണ്ടാവില്ല. അത്രേം നാള്‍ പിടിച്ചു നില്‍ക്കാന്‍ അണക്കെട്ടിനു പാങ്ങില്ലെന്ന് നിനക്കും അറിയാം. ഇനി ഉടനെ പുതിയ അണക്കെട്ട് കെട്ടിത്തുടങ്ങീന്നു വച്ചാലും എന്ന് തീരാനാ? തീര്‍ന്നാലും നമ്മളുണ്ടാക്കുന്നതല്ലേ, എങ്ങനെ വിശ്വസിക്കും?

അനിയാ,നിന്നോടെനിക്ക് ഒന്നേ പറയാനുള്ളൂ. പെട്ടകം ഉണ്ടാക്കലും ലൈഫ് ജാക്കറ്റു വാങ്ങി വയ്ക്കലുമൊന്നും നടപ്പുള്ള കാര്യമല്ല. എന്തായാലും  അവനവന്‍റെ കാര്യം അവനവന്‍ തന്നെ നോക്കണം.

കേരളത്തില്‍ സ്ഥലത്തിനൊക്കെ എന്താവില. പത്തു സെന്റ്‌ വിറ്റാല്‍ കമ്പത്ത് ഏക്കറുകള്‍ വാങ്ങാം. കൃഷിയ്ക്കവിടെ നല്ല പ്രോത്സാഹനവും കിട്ടും. നമ്മടെ കൃഷിക്കാരെപ്പോലെ ലോണെടുത്ത് ആത്മഹത്യ ചെയ്യേണ്ടി വരില്ല. അണപൊട്ടി വെള്ളം തീര്‍ന്നാലും വേറെ വെള്ളം സര്‍ക്കാര്‍ തന്നെ എത്തിച്ചോളും. വിറ്റുപെറുക്കി നേരെ മലകയറുക. എന്നിട്ട് തമിഴ് നാട്ടില്‍ ചെന്ന് മാന്യമായി സെറ്റില്‍ ചെയ്യ്. വേരുകളെ കുറിച്ച് ഒന്നും വിഷമിക്കണ്ട. ഒരു മലയ്ക്ക് അപ്പുറവും ഇപ്പുറവും ഒരേ വേരോക്കെ തന്നെ ഓടും. അല്ലെങ്കിലും മണ്ട ചീഞ്ഞതാണെങ്കില്‍ പിന്നെ വേരായിട്ടെന്തിനാ? ഒന്നുമില്ലേലും ജീവഭയമില്ലാതെ പിള്ളേരെ സ്കൂളില്‍ വിടാമല്ലോ. അയല്ക്കാരെയും പറഞ്ഞു മനസ്സിലാക്ക്. 

ഇവിടെ പ്രത്യേകിച്ചു വിശേഷങ്ങള്‍ ഒന്നുമില്ല. ക്രിസ്മസിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. എല്ലാവഴിയിലും ദീപാലന്കാരങ്ങള്‍. ഇനി ഒരു രണ്ടു മൂന്നു മാസം ഇങ്ങനെ തന്നെ കാണാം. തണുപ്പ് തുടങ്ങി. പുകവലിക്കാരുടെ പറുദീസയാണ്. തണുപ്പുകാലം കഴിയുന്നതുവരെ ആഗോളതാപനത്തെ കുറിച്ച് ആരും മിണ്ടില്ല. എങ്കിലും  വികസ്വര രാജ്യങ്ങളിലെ പരിസ്ഥിതി ബോധമില്ലാത്ത വികസനത്തില്‍ എല്ലാവരും ആശങ്കാകുലര്‍ തന്നെ.

ഞങ്ങള്‍ ബാന്ഗ്ളൂരിനു  ട്രാന്‍സ്ഫറിനു ശ്രമിയ്ക്കുന്നു. വിചാരിച്ചാല്‍ കൊച്ചിയിലോട്ടും കിട്ടിയേക്കും. വെറുതെ എന്തിനാ..?

(പിന്നെ, നീ തെറ്റിദ്ധരിക്കില്ലെന്നറിയാം, എന്നാലും ഞാനും ഒരു  മലയാളി ആയിപ്പോയത് കൊണ്ടങ്ങു പറയുവാ, റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുമായി എനിക്ക് ബന്ധമൊന്നുമില്ല. ഈ കത്തിന്‍റെ പേരില്‍  കാശുണ്ടാക്കാന്‍, എന്റെ ബ്ലോഗ് പരസ്യങ്ങള്‍ക്കും കൊടുത്തിട്ടില്ല.)

നിന്‍റെ സുരക്ഷയ്ക്ക് വേറൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. പ്രായോഗികമായി ചിന്തിച്ചു നീ ഒരു തീരുമാനം പെട്ടെന്നെടുക്കും എന്ന് കരുതുന്നു.


സ്നേഹപൂര്‍വ്വം
ചേച്ചി.

Sunday, October 16, 2011

ബ്രിട്ടനി 2 > കടല്‍ തൊട്ടുപോകുന്ന ദേവാലയംനോര്‍മാന്‍ഡി തീരത്തിന്‍റെ അറ്റത്തു, ബ്രിട്ടനിയോടു കൂടുതല്‍ അടുത്ത് പ്രശസ്തമായ ഒരു പള്ളിയുണ്ട്. മോന്‍റ് സെന്റ്‌ മിഷല്‍ (Mont Saint Michel). യുണെസ്കോ യുടെ വേള്‍ഡ് ഹെറിറ്റേജ് സെന്‍റെര്‍ ലിസ്റ്റില്‍ ഉള്ള സ്ഥലമാണ്. അവിടേയ്ക്ക് പച്ചക്കറി തോട്ടങ്ങള്‍ക്കും വലിയ കോണ്‍ പാടങ്ങള്‍ക്കും ഇടയിലൂടെ ഒരു യാത്ര. പശുക്കള്‍ക്കുവേണ്ടി വളര്‍ത്തുന്ന കോണ്‍ ആണത്രേ. പശുക്കളെ മനുഷ്യന് വേണ്ടിയും. മനുഷ്യനെയോ? വഴിയോരത്ത് ഇടയ്ക്കിടെ പശു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കണ്ടു. തടിച്ചു കൊഴുത്ത പശുക്കള്‍.

ഒരു മണിക്കൂര്‍ യാത്രയുടെ ഒടുവില്‍ ഒരു നദി കടന്നു. ബ്രിട്ടനിയുടെയും നോര്‍മാന്‍ഡിയുടെയും അതിര്‍ത്തി നദി ‘ക്യൂസ്നോ’ (Couesnon river). ദൂരെ വെള്ളത്തിനും മണലിനും ഇടയ്ക്ക് കുന്നിന്‍ മുകളില്‍ പള്ളിയും തെളിഞ്ഞു . പള്ളിയുടെ മുന്‍പില്‍ വരെ നീളുന്ന റോഡ്‌. പള്ളിയ്ക്ക് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമാണ്. വേലിയേറ്റ സമയത്ത് കടല്‍ കയറിവന്ന വെള്ളം. നദിയെന്നോ കടലെന്നോ  കരയെന്നോ അതിര്‍ത്തികള്‍ തിരിയ്ക്കാന്‍ പ്രയാസം. ദിവസവും ആറേഴു കിലോമീറ്റര്‍ താണ്ടിയാണ്  കടലിന്റെ ഈ ദേവാലയ ദര്‍ശനം! മടക്കത്തില്‍ നദിയെയും കൈപിടിച്ചു കൊണ്ടു പോകുന്നു.
 
പള്ളിയുടെ ഉള്ളിലെയ്ക്കുള്ള യാത്ര നിരാശപ്പെടുത്തി. ആകെ തിരക്ക്, ഇടതിങ്ങി കടകളും. ഹോട്ടലുകളും, ഒരു ഷോപ്പിംഗ്‌ സ്ഥലത്തെത്തിയ പ്രതീതി. ഒരുവിധത്തില്‍ പടി കയറി മുകളിലെത്തി. പത്തു പതിനൊന്നാം നൂറ്റാണ്ടുകളിലെ ശില്‍പ്പ ഭംഗി ഉള്‍ക്കൊള്ളുന്ന കെട്ടിടമാണ്. ഒരു നാലുകെട്ടുണ്ട് ഉള്ളില്‍. അതിന്‍റെ നടുമുറ്റത്തോരു നാട്ടുകാരി ചിരിയ്ക്കുന്നു, തുളസിച്ചെടി!

ഓരോ നൂറ്റാണ്ടിലും കുന്നിന്‍ ചെരുവുകളില്‍ കടകള്‍ പെരുകി. ചിത്രങ്ങളില്‍ കണ്ടപ്പോള്‍ കുറച്ചു കൂടി നിശ്ശബ്ദ സൌന്ദര്യം പ്രതീക്ഷിച്ചിരുന്നു. പ്രശസ്തി കൂടി, സ്വകാര്യത നഷ്ടപ്പെട്ടു പോയ മറ്റൊരു ദേവാലയം.

താഴത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. കടല്‍ വിഭവമായ കക്ക പുഴുങ്ങിയതാണ് സ്പെഷ്യല്‍. വലിയ ചട്ടിനിറയെ തോടോട് കൂടിയ കക്കകള്‍ ഓരോരുത്തരുടെയും മുന്നിലുണ്ട്. തോടടര്തി ഊറിക്കുടിക്കും, പിന്നെ ഒരു തോടുകൊണ്ട് മറ്റെത്തോടിലുള്ള ഇറച്ചി കോരിയെടുത്ത് കഴിക്കും. കരിക്ക് തിന്നുന്നതു പോലെ. സമയമെടുക്കുന്ന പണിയായത് കൊണ്ട് , അതിനു നിന്നില്ല.പുറത്തിറങ്ങിയപ്പോഴേക്കും വേലിയിറക്ക സമയമായി. പള്ളിക്ക് ചുറ്റുമുള്ള വെള്ളമിറങ്ങി, ചെളി മണ്ണും തളം കെട്ടിക്കിടക്കുന്ന വെള്ളവുമാണ്‌ എല്ലായിടത്തും. തിരികെ വരും എന്ന് വാക്കുകൊടുതിട്ടാണ് കടല്‍ പോയിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം കര കാത്തിരിയ്കുന്നു.  ഒരു വല്ലാത്ത ശൂന്യതയോടെ. കടലിറങ്ങിപ്പോയ വഴിയിലേക്ക് ഒറ്റയ്ക്കും കൂട്ടമായും ആള്‍ക്കാര്‍ നടന്നു പോകുന്നു. വേലിയേറ്റത്തില്‍ വളരെ പെട്ടന്നാണ് ഇവിടെ വെള്ളം പൊങ്ങുക. അപകടങ്ങളും ഉണ്ടാവാറുണ്ടത്രേ. എങ്കിലും കടലിന്‍റെ ഈ വരവും പോക്കുമാണ് ഇവിടുത്തെ എന്നത്തെയും വിശേഷം.


കടല്‍പച്ചകള്‍
തിരികെ സെന്റ്‌ മലോയിലെത്തി തുറമുഖവും പഴയ പട്ടണവും ചുറ്റി നടന്നു. ഒന്ന് രണ്ടു സ്ഥലങ്ങള്‍ കാണണം എന്ന് ആഗ്രഹിച്ചാണ് വന്നത് . ടൂറിസം ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ ആകെ നിരാശയായി, പിങ്ക് ഗ്രാനൈറ്റുള്ള ഒരു ബീച്ചുണ്ടിവിടെ. പക്ഷെ വളരെ ദൂരെയാണ്, മാത്രമല്ല ശൈത്യ കാലത്താണ് അവിടെ പോവുക. പിന്നെ ഫ്രാന്‍സിലെ ഒരേയൊരു ‘ടൈഡല്‍ പവര്‍ പ്ലാന്റ്‌’ (തിരമാലകളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന സ്ഥലം ), അടുത്തെവിടെയോ ഉണ്ട്.  അവിടെയാണെങ്കില്‍ ശനിയാഴ്ചയും ബുധനാഴ്ചയും മാത്രേ സന്ദര്‍ശകരെ അനുവദിക്കൂ. എന്ത് ചെയ്യാന്‍.

കടല്തീര്മല്ലേ നിവര്‍ന്നു കിടക്കുന്നത്, വെറുതെയിരിയ്ക്കാനുള്ള അവസരങ്ങള്‍ എന്തിനു പാഴാക്കണം?. പാറക്കെട്ടുകള്‍ക്കിടയില്‍ കടലിന്‍റെ വ്യൂ പൊയന്റ്സ്, വെള്ളത്തിന്‌ ആഴമുണ്ട് . കരയില്‍ പലരും വാശിയോടെ ചൂണ്ടയെറിഞ്ഞു കാത്തിരിയ്ക്കുന്നു . കാത്തിരിയ്ക്കാനാകാത്തവര്‍ മീന്‍പിടുത്ത ബോട്ടിറക്കുന്നു. ഇതിനിടയില്‍ ഒരു മിടുക്കന്‍ പട്ടി വെള്ളത്തിലിറങ്ങി മീന്പിടിയ്ക്കാന്‍ നോക്കി. ഒന്നും കിട്ടാത്ത ചമ്മല്‍ മാറ്റാന്‍ ചുമ്മാ കുരച്ചു കൊണ്ട് തിരിച്ചു കയറി.

അങ്ങനെ നോക്കിയിരുന്നപ്പോള്‍ , ദൂരെ കടലിലേയ്ക്ക് തള്ളി നീണ്ടു കിടക്കുന്ന ഒരു കാട്. അത് 'ദിനാ'(Dinan) എന്ന പട്ടണത്തിലെയ്ക്കുള്ള വഴിയാണ് എന്ന് കാര്‍ ഡ്രൈവര്‍ പറഞ്ഞു. വണ്ടി ദിനാനിലെയ്ക്ക് തിരിച്ചു വിട്ടു. ഒരു ഹൈവേയുടെ തീര്താണീ കാട്, ഇറങ്ങാന്‍ പറ്റില്ല. കാട് കഴിഞ്ഞു നേരെ വലിയൊരു പാലത്തിലേക്ക് കയറി. ഈ പാലത്തിന്‍റെ അടിയിലാണത്രേ  തരന്ഗങ്ങളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്‍റ്, Rance Tidal Power Station . കാട് വിളിച്ചത് ഇതൊന്നു കാണിക്കാനാവണം. പാലത്തിനു താഴെ നദിയാണ് . അടുത്ത് നിന്ന് നോക്കുമ്പോള്‍ ആകെ കുഴയും.  നദിയോ? കടലോ ? കാടും, നദിയും, കരയും, കടലുമെല്ലാം ഒരേ ബഞ്ചിലിരുന്നു പഠിക്കുന്ന സ്ഥലമാണിവിടെ.

ദിനാനിലെ വിശാലമായ കടല്‍ തീരത്തെത്തി. തീരങ്ങളുടെ തുടര്‍ച്ചയാണ്. ഇവിടുത്തെ മറ്റൊരു വിശിഷ്ട ഭക്ഷണമായ ക്രെപ്‌ കഴിച്ചു. മുട്ടയും വെണ്ണയും പാലും ചേര്‍ത്തുണ്ടാക്കുന്ന, കാഴ്ചയില്‍ തൂവാലപോലെയുള്ള ഒരു  ഗോതമ്പ് ദോശയാണിത് . ഉള്ളില്‍ പലതരം ഫില്ലിംഗ് വയ്ക്കും, മധുരം വച്ച് പലഹാരമായും മല്‍സ്യ മാംസങ്ങള്‍ വച്ച് പ്രധാന ഭക്ഷണമായും ലഭ്യമാണ്. ചൂടോടെ ക്രെപ്‌ ഉണ്ടാക്കിക്കൊടുക്കുന്ന ക്രപ്പറി കടകള്‍ ബ്രിട്ടനിയിലെങ്ങും കാണാം .

ദിനാനിലെ കടലിലും കണ്ടു ധാരാളം കുന്നുകളും അക്കരപ്പച്ചകളും. തിരിച്ചുള്ള ട്രയിനിന് സമയമായതിനാല്‍ പുതിയ പച്ചകള്‍ക്ക് പിന്നാലെ പോയില്ല. കുറച്ചു കാഴ്ചകള്‍ ബാക്കി വയ്കാതെ  ഏതു യാത്രയാണ് പൂര്‍ണ്ണമാവുക ?

‘ബ്രിട്ടനി’-യിലൊരു വാരാന്ത്യംഅറ്റ്‌ലാന്റിക് സമുദ്രതീരത്തു, കാടും, പുഴയും, കടലിടുക്കുകളും ചെറിയ ദ്വീപുകളും ഒക്കെയുള്ള ഒരു കൊച്ചു സുന്ദരിയാണ് ‘ബ്രിട്ടനി’. ഫ്രാന്‍സിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്‌, ‘നോര്‍മാന്‍ഡി’യ്ക്കടുത്തുള്ള ഒരു ഫ്രഞ്ച് പ്രവിശ്യ. ഇതുപോലെ ഇരുപത്തി മൂന്നോളം സ്ഥലങ്ങള്‍(regions) ചേര്‍ന്നതാണ് ഫ്രാന്‍സ്. ഓരോ സ്ഥലങ്ങള്‍ക്കും സ്വന്തമായി ഭാഷയുണ്ടായിരുന്നു. ഫ്രഞ്ചിന്റെ അടിച്ചമര്‍ത്തലില്‍ മണ്ണടിഞ്ഞ നാട്ടുഭാഷകള്‍. ബ്രത്തോന്‍ (Briton) ആണ് ഇവിടുത്തെ മാതൃഭാഷ. ഇപ്പോഴും സംസാരഭാഷയായി നിലനില്‍ക്കുന്നു.

ദീഘദൂരട്രെയിന്‍(TGV)നില്‍ പാരീസില്‍ നിന്നും 3 മണിക്കൂര്‍ സഞ്ചരിച്ചു  ‘സെന്റ്‌ മലോ’യിലെത്തി. ബ്രിട്ടനിയിലെ ഒരു തുറമുഖ പട്ടണം. കടലിനക്കരെ ഇംഗ്ലണ്ടാണ്. ഇംഗ്ലീഷ് ചാനല്‍ നീന്തിയോ, കടത്തു കടന്നോ, കടലിനടിയിലൂടെയുള്ള ട്രെയിന്‍ പിടിച്ചോ ഒക്കെ  പോകാം. പായ്ക്കപ്പലുകള്‍, ഫെറി സര്‍വീസുകള്‍, ചരക്കു കപ്പലുകള്‍ , ഫിഷിംഗ് ബോട്ടുകള്‍ അങ്ങനെ നിറഞ്ഞ ഒരു തുറമുഖം.

പട്ടണത്തില്‍ നിന്നും കുറച്ചുമാറി ഒരു ബീച്ചിനടുത്താണ് ഞങ്ങള്‍ ബുക്ക് ചെയ്ത അപ്പാര്‍ട്ട്മെന്റ്. സ്വന്തമായി ആകാശവും മുറ്റവുമുള്ള ഒരു ചെറിയ ഫ്ലാറ്റ്. രാത്രി നക്ഷത്രങ്ങളെ നോക്കി കാറ്റേറ്റിരുന്നപ്പോള്‍ ഒരു ഗൃഹാതുരത്വം. പണ്ട് പവര്‍ കട്ട്‌ സമയങ്ങളില്‍ വീട്ടിലെല്ലാവരും ഒത്തുകൂടി മുറ്റത്തിരിയ്ക്കും. ‘പവര്‍ കട്ടാ’ണോ ഞാനാണോ ആദ്യം ഉണ്ടായതെന്ന് എനിക്കറിയില്ല. എങ്കിലും ഓര്‍ക്കേണ്ടതെല്ലാം മറക്കുമ്പോഴും മറവി ബാധിക്കാത്ത ചില  ഓര്‍മ്മകളുണ്ട്.

അച്ഛന്‍റെ മടിയിലിരുന്നു മുകളിലെ ആകാശം കാണുന്നതു അതിലൊന്നാണ്. കട്ട്‌ ചെയ്താലും പോകാത്ത പവര്‍ പോലെ. സ്വന്തമായി കസേരയില്‍ ഇരുന്ന് ആകാശം കാണാനും  മാത്രം വലുതായപ്പോള്‍ മുതല്‍, ഞാനഴിച്ചു തുടങ്ങിയ  ഓര്‍മ്മക്കെട്ടാണിത് . എങ്ങനെയിതോര്തിരിയ്ക്കുന്നുവെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ വേണ്ടി. ഓര്‍ത്തോര്‍ത്തു മേല്പോട്ട് നോക്കി, ഞാനും കസേരയും പിന്നിലേയ്ക്ക് ചായും, ബാലന്‍സ് ചെയ്യാന്‍ കുത്തിയ പെരുവിരലില്‍ വരെ ഓര്‍മയെത്തുമ്പോഴെയ്ക്കും, വീഴും, വീഴും എന്ന വിളിയും , മലക്കം മറിഞ്ഞു വീഴുന്ന കസേരയുടെ ശബ്ദവുംഒരു കൂട്ടച്ചിരിയും ചുറ്റും നിറയും. അടുത്തിരുന്ന സുഹൃത്തിനോട്‌ ഓര്‍മ്മക്കഥ പറഞ്ഞു ചിരിയ്ക്കുമ്പോഴും, വീഴാതിരിയ്കാന്‍ കസേരയില്‍ എന്‍റെ കൈ മുറുകുന്നത് കണ്ടു.


കാലാവസ്ഥാ പ്രവചനം അനുസരിച്ച് ശിശിരത്തിന് മുന്‍പുള്ള അവസാനത്തെ ചൂട് ദിവസങ്ങളാണ്. ബീച്ചിലാകെ തിരക്ക്. ഫ്രാന്‍സില്‍ പലതരം ബീച്ചുകളുണ്ട്. വസ്ത്രം ധരിയ്ക്കുന്നവര്‍ക്കുള്ള  ബീച്ചുകള്‍, മേല്‍വസ്ത്രം ഉപേക്ഷിക്കുന്നവര്‍ക്കുള്ള ബീച്ചുകള്‍. (പഴയ കേരള സ്റ്റൈല്‍ ,topless beaches). പൂര്‍ണ്ണ നഗ്നരായി നടക്കേണ്ടവര്‍ക്കുള്ളവ (കുംഭമേളയെ ഓര്‍മ്മിപ്പിക്കുന്ന Nude beaches). മനസ്സിന്‍റെ നിഷ്കളങ്കതയും ആവശ്യവും അനുസരിച്ച്  തിരഞ്ഞെടുക്കാം.


അപ്പാര്‍ട്ട്മെന്റിനു പിന്നില്‍ വസ്ത്രം ധരിക്കുന്നവരുടെ ബീച്ചാണുള്ളത്. എങ്കില്‍പ്പോലും , കടലുകാണാനിറങ്ങിയപ്പോള്‍ അന്യഗ്രഹത്തില്‍ ചെന്ന് പെട്ടപോലെ, ബിക്കിനിയിട്ട നൂറുകണക്കിനാള്കള്‍ക്കിടയില്‍ ഞാനൊരു പൂര്‍ണ്ണ വസ്ത്രധാരിണി. വെയില് കായുന്ന കുഞ്ഞുങ്ങള്‍ക്കിടയിലൂടെ ഓടിച്ചെന്നു വെള്ളത്തില്‍ ഞാനൊളിച്ചു. കരയിലെ ചൂടോളം തണുപ്പേറിയ  വെള്ളം.
സന്ധ്യയോടെ വേലിയിറക്കമായി. കുട്ടികള്‍ക്ക് കളിയ്ക്കാന്‍ കുറേയേറെ സ്ഥലമൊരുക്കി കൊടുത്തിട്ട് കടല്‍ പിന്‍വലിഞ്ഞിരിയ്ക്കുന്നു. ഇരുട്ടി വെളുക്കുമ്പൊഴേക്കും പലിശകൂട്ടി തിരിച്ചെടുക്കും. ഈ സമയക്രമം നോക്കിയാണ് ആള്‍ക്കാര്‍ തീരത്തെത്തുന്നത് തന്നെ.


കാണേണ്ടതെല്ലാം കണ്ടു തീര്‍ന്ന പകലിന്‍റെ വിടവാങ്ങല്‍. വേണ്ടപ്പെട്ടവരെല്ലാം ഉണ്ട്. കടലും കരയും ചന്ദ്രനും നക്ഷത്രങ്ങളും നിശ്ശബ്ദരായി നോക്കി നില്‍ക്കുന്നു. ഇത്തിരി മുന്‍പ് വരെ ലോകത്തിന്‍റെ വെളിച്ചമായിരുന്നു. വീര്‍പ്പടക്കി ചുവന്നു , കറുത്തതാ പൊലിയുന്നു. ചടങ്ങിന്റെ പടമെടുത്ത് ഞങ്ങളും മടങ്ങി.

ബീച്ചില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റ്-ലേയ്ക്ക് കയറുന്നിടത്ത് ഷവറുണ്ട്. ഒന്ന് കുളിച്ചു , മണ്ണും ചെളിയും കളഞ്ഞു സ്വിമ്മിംഗ് പൂളിലെ ചൂടുവെള്ളത്തില്‍ കിടക്കാം. പോരെങ്കില്‍ സ്റ്റീം ബാത്ത് റൂം ഉണ്ട്, ഒരു തോര്‍ത്തും ചുറ്റി കയറി ഇരുന്നു ആര്‍ക്കു വേണമെങ്കിലും കുറച്ചാവി കൊള്ളാം. ഈ കോപ്രായങ്ങള്‍ ഒക്കെ കണ്ട്,  ഊറിച്ചിരിച്ചിട്ടുണ്ടാവണം, ഭൂമിയിലെ സര്‍വ്വചരാച്ചരങ്ങള്‍ക്കും നൂറ്റാണ്ടുകളായി സ്റ്റീം ബാത്ത് നല്‍കിവരുന്ന മഹാന്‍.

Saturday, September 3, 2011

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 5


വേട്ടയാടലില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുവാന്‍ കുറെയേറെ പര്‍വത പ്രദേശങ്ങള്‍ നാഷണല്‍ പാര്‍ക്ക്‌ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ്‌ 'വെന്വാ' നാഷണല്‍ പാര്‍ക്ക്‌ (Parc national de la Vanoise). ഉയരത്തിലുള്ള ചില ഗ്രാമങ്ങളില്‍ നിന്നും പാര്‍ക്കില്‍ കടക്കാം. ഓസ്വാ-യിലെ മലയില്‍ നിന്നോ, 'ടെറാ മൊഡാന'യുടെ  അങ്ങേയറ്റത്തുള്ള 'ബോന്‍വല്‍' എന്ന ഗ്രാമത്തില്‍ നിന്നോ ഒക്കെ  പ്രവേശിക്കാം.  'മൊഡാനി'ല്‍ നിന്നുള്ള ബസ്സ്‌ എല്ലാ ഗ്രാമങ്ങളെയും ഒന്നു ചുറ്റിയാണ് 'ബോന്‍വലി'ല്‍ എത്തിയത്.   വളരെ മനോഹരമായിരുന്നു ഈ ഒരുമണിക്കൂര്‍ യാത്ര. സമുദ്രനിരപ്പില്‍ നിന്നും 1700m ഉയരമുള്ള ഒരു പഴയ ഗ്രാമം.  ഇവിടെ നിന്ന് ഒന്നൊന്നര മണിക്കൂര്‍ കാട്ടിലൂടെ നടന്നാല്‍ ഇതിലും പഴയ ഒരു ഗ്രാമത്തിലെത്താം. കാലത്തിനു പിന്നിലേക്ക്‌ ഞങ്ങള്‍  നടന്നു.

ഒരു സിനിമയിലും കണ്ടിട്ടില്ല, ത്ര സുന്ദരമായ സ്ഥലം! ഇടയ്ക്ക് ദുര്‍ഘടമായ വഴികളും ഉണ്ട്. കണ്ടാല്‍ കഠിനമായ പാറകള്‍ക്കുള്ളില്‍ നിന്നും തെളിനീരുറന്നൊഴുകുന്നു. താഴെയെങ്ങും പൂക്കളാണ്. വയലറ്റും, മഞ്ഞയും റോസും നിറങ്ങളില്‍ ഓരോ മണ്‍തരിയിലും കാട്ടുപൂക്കള്‍ നിറഞ്ഞു ചിരിക്കുന്നു.  തേനീച്ചകളുടെയും വണ്ടുകളുടെയും ഉത്സവമേളം. അരുവികളുടെ, കാറ്റിന്റെ ശബ്ദത്തിലൂടെ നടന്നു, ഒടുവില്‍ പാറക്കല്ലുകള്‍ മേഞ്ഞ വീടുകള്‍ കണ്ടു തുടങ്ങി.

കെ പത്തു പതിനഞ്ചു വീടുകള്‍ കാണും. കുറച്ചു കൃഷിയും, പശുക്കളും, കുതിരകളും ഒക്കെയായി ഒരു ചെറിയ ഗ്രാമം. ശൈത്യകാലത്ത് താമസ യോഗ്യമല്ലത്രേ. ഇടയ്ക്ക്  മലയണ്ണാന്‍റെ  ചിലപ്പു കേട്ടു.  ഇവിടുത്തെ സംരക്ഷിത മൃഗങ്ങളില്‍ ഒന്നാണ്, 'മര്മോത്' എന്ന് പേരുള്ള ഒരിനം മലയണ്ണാന്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ പാറയിടുക്കുകളില്‍ ചാടിക്കളിയ്ക്കുന്നതു കണ്ടു

മലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തു ഒരു റസ്റൊറന്റ്റ്‌ ഉണ്ട്. താറാവ് , പന്നി, പോത്ത് എന്നിങ്ങനെ മുകളിലേയ്ക്കാണ്  വിഭവങ്ങള്‍. ഇക്കണ്ട പച്ചക്കറികള്‍ ഒന്നും മെനുവില്‍ ഇല്ല. കറി വയ്ക്കാന്‍ അറിയാഞ്ഞിട്ടാണോ? അതോ അപ്പൂസ്‌ പറഞ്ഞതുപോലെ ഇതെല്ലാം  മറ്റു ജീവജാലങ്ങള്‍ക്ക് നല്‍കി , അവയെ  കഴിക്കുന്ന ഒരു രീതിയാണോ?

ഗ്രാമം കഴിഞ്ഞാല്‍ പര്‍ക്കിലോട്ടുള്ള പ്രവേശന കവാടം. താഴെ, പുഴ സ്വച്ഛമായി ഒഴുകുന്നു, ഇടയ്ക്കിടയ്ക്കു ചെറിയ ഡാമുകള്‍ വെള്ളത്തില്‍ നിന്നും വെളിച്ചം മോഷ്ടിക്കുന്നതും കാണാം. പാര്‍ക്കിന്റെ മറു ഭാഗം ഇറ്റലിയുടേതാണ് .  കുറച്ചു ദൂരം നടന്നു ഞങ്ങള്‍ മടങ്ങി. ഇതേ വനത്തിന്റെ തുടര്‍ച്ച തന്നെ. പശുക്കളുടെ കുടമണിയൊച്ചയും,വരയാടിന്റെ, മര്മോതിന്റെ  ശബ്ദങ്ങളും , വിട്ടിലിന്റെ കരച്ചിലും  ഒക്കെ കുറച്ചു  കൂടുതല്‍ കേട്ടുകൊണ്ടുള്ള  തുടര്‍ച്ച.

പോരുമ്പോള്‍ തേനീച്ചകള്‍ കവര്‍ന്ന കാട്ടുപൂക്കളുടെ തേന്‍, പിന്നീട്‌ മനുഷ്യന്‍ കവര്‍ന്നെടുത്തത് ഒരു കുപ്പി വാങ്ങി. ചെറുപ്പത്തിലെന്നോ  നാട്ടില്‍ രുചിച്ച തേനിന്‍റെ സ്വാദ്!

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 4


'ആവ്രിയ്' ഗ്രാമം നടന്നു കാണുകയായിരുന്നു. ചെറുതും അതി സുന്ദരവുമായ വീടുകള്‍. ചെറുതാണെങ്കിലും അകത്തു കയറിയാല്‍ 'അതിവിശാലമായ ഷോറൂമാണ്'. തടികൊണ്ടുള്ള ഒരു മൂന്നു നില വീടാണ് ഞങ്ങള്‍ താമസിക്കുന്ന 'പ്ലാന്‍ സൊലയ്' , ഈ കുഞ്ഞു വീടിന്‍റെ ഉള്ളില്‍ പത്തു മുപ്പതു ചെറിയ അപ്പാര്‍ട്ടുമെന്റുകള്‍! ഓരോ അപ്പാര്‍ട്ടുമെന്ടിലും അടുക്കള, ഊണുമുറി, കിടപ്പുമുറി, കുട്ടികള്‍ക്കൊരു ചെറിയ മുറി. വിശാലമായ കുളിമുറി , പിന്നെ മനോഹരമായ ബാല്‍ക്കണി. സ്ഥലപരിമിതി ഒട്ടും തോന്നാത്ത നിര്‍മ്മിതി. താഴത്തെ നിലയില്‍, എല്ലാവര്ക്കും പ്രവേശനമുള്ള വായനമുറി. അതിനു പിന്നില്‍ ഒരു അലക്കുമുറി ,അവിടെ വലിയ വാഷിംഗ്‌ മഷിനും ഡ്രൈയറും വച്ചിരിക്കുന്നു അതിനും പിന്നിലൊരു സോനയും.(മനുഷ്യരെ സമൂലം ഉണക്കിയെടുക്കാന്‍ ). 

വീടുകള്‍ക്കു ചുറ്റും വളരെ കുറച്ചു സ്ഥലമേയുള്ളൂ. അവിടെ പച്ചക്കറി കൃഷി സമൃദ്ധം. മതിലുകളില്ലാത്ത ഗ്രാമം. പൂത്തുലഞ്ഞു കിടക്കുന്ന പ നിനീര്‍ചെടികളാണ് കാവല്‍. മത്തനും തക്കാളിയും കാപ്സിക്കവുമൊക്കെ കായ്ച്ചു കിടക്കുന്നു. രാവിലെ വീട്ടുകാരെല്ലാം  തോട്ടം പരിപാലനത്തിലാണ്. ചില കൃഷിയിടങ്ങളില്‍ നെറ്റുണ്ട്, കിളികളെ പേടിച്ചാവണം . ആപ്പിള്‍, പ്ലം ഒക്കെ കായ്‌  നിറഞ്ഞു കുനിയുന്നു. പറമ്പുകള്‍ക്ക് വേലിയായും ചെറിയ വൃക്ഷങ്ങള്‍ തന്നെ. ഒരിഞ്ചു പോലും മണ്ണ് കാണാനാകാതെ എല്ലായിടത്തും പൂച്ചെടികളും. 

വീടിന്റെ തന്നെ ചെറിയ മോഡലുകളാണ് തപാല്‍പ്പെട്ടികള്‍. ഇടയ്ക്ക് വേസ്റ്റ് നിക്ഷേപിക്കാനുള്ള തടിപ്പുരകള്‍ കാണണം, നിറയെ പൂച്ചെടികള്‍ കൊണ്ട് അലങ്കരിച്ചു, ഒരു പൂജാമുറിപോലെ. വഴിയോരങ്ങളില്‍, വഴി വിളക്കിന്റെ ഇടയില്‍, എന്നു വേണ്ട വഴിയല്ലാത്ത എല്ലായിടങ്ങളും പൂക്കളങ്ങളാണ്. വേരുള്ള പൂക്കളങ്ങള്‍. സ്വര്‍ഗ്ഗസൌന്ദര്യം തുളുമ്പുന്ന നാട്ടിന്‍പുറം.

ഓരോ വീട്ടുകാരും മത്സരിച്ചാണ് തങ്ങളുടെ വീടുകള്‍ സുന്ദരമാക്കുന്നതെന്ന് തോന്നും. വീടുകളുടെ ഫോട്ടോസ് എടുക്കുന്നത് കണ്ടു ഒരു അപ്പുപ്പന്‍ ഇറങ്ങി വന്നു വീടിനൊപ്പം പോസ്സു ചെയ്തു ചിരിച്ചു.

അങ്ങ് ദൂരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കൃഷി ഒന്നും ചെയ്തിട്ട് കാര്യമില്ലത്രേ , മണ്ണിനാണ് പൊന്നു വില, പൊന്നിന്റെ വില പിടിച്ചാല്‍ കിട്ടില്ല. അതിര്‍ത്തി കടന്നു, കമ്പത്ത് എത്തിയാല്‍ കൃഷി മോശമല്ലാതെയാകും. കേരള സ്പെഷ്യല്‍ പച്ചക്കറികള്‍ പാണ്ടിലോറി എത്തിക്കുന്നിടത്തോളം കാലം, നമ്മള്‍ എന്തിനു കൃഷി ചെയ്യണം. പാവം മെഡിക്കല്‍ സ്റ്റോറുകള്‍ക്കു പാര വയ്ക്കാനോ?

എങ്കിലും ജൈവ വിപ്ലവത്തിന്റെ സ്പന്ദനം അങ്ങിങ്ങ് കേള്‍ക്കുമ്പോള്‍ വെറുതെ പ്രതീക്ഷിക്കും, ഇതുപോലെ സ്വച്ഛസുന്ദരമായ ഗ്രാമങ്ങള്‍ നമുക്കും തിരിച്ചു കിട്ടിയേക്കാം.

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 3


'ഓസ്വാ'യില്‍ നിന്നും നടന്നോ ലിഫ്റ്റ്‌ (ഒരു കേബിള്‍ കാര്‍) വഴിയോ പര്‍വതത്തിന്റെ ഉയരങ്ങളില്‍ എത്താം. എന്‍റെ ആദ്യത്തെ കേബിള്‍ കാര്‍ യാത്ര. ഞങ്ങള്‍ ചെന്നപ്പോള്‍ ഒരു ഊഞ്ഞാലില്‍ രണ്ടു പേര്‍ ഇരിക്കുന്നു. അവരുടെ പിന്നില്‍ ആളൊഴിഞ്ഞ കുറെ ഊഞ്ഞാലുകള്‍ കമ്പിയില്‍ കോര്‍ത്തു കിടക്കുന്നു.

എന്റെ സങ്കല്‍പ്പത്തില്‍ ഇത്രമാത്രം ഉയരത്തില്‍ പോകുന്ന കേബിള്‍ കാറിനു ഒരു അടപ്പ് കൂടി ഉണ്ടായിരുന്നു. എന്തെങ്കിലുമൊരു ബദല്‍ സംവിധാനം കാണാതിരിയ്ക്കില്ലെന്നു കരുതി. പെട്ടെന്നു കേബിള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ആക്കുന്ന ശബ്ദം കേട്ടു, ആദ്യം ഇരുന്നവരെ ഒരാള്‍ തള്ളി വിട്ടു , ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. ഇരുന്നു തീര്‍ന്നില്ല, ഫുട് റസ്റ്റ്‌ തല്യ്ക്കുമുകലൂടെ താഴെക്കിട്ടു ഒറ്റ തള്ളല്‍,വേണേല്‍ പിടിച്ചോണം.ഞാന്‍ പേടിച്ചു വിറച്ചു. സാഹസികമായിപ്പോയി. അപ്പു എങ്ങാനും പേടിച്ചൊന്നു ചാടിയാല്‍ നേരെ ഊര്‍ന്നു പോകും. കുട്ടികള്‍ക്കെങ്കിലും ഒരു ബെല്‍റ്റിട്ടു  മുറുക്കി  വേണ്ടേ വിടാന്‍? ഞാന്‍ അവനോടു ചേര്‍ന്നിരുന്നു ഫുട് റസ്റ്റില്‍ കഷ്ടിച്ചു ഒരു കാല്‍ വയ്ക്കാം. കൈകള്‍ കൊണ്ട്  പരമാവധി അള്ളിപ്പിടിച്ചു. അപ്പൂസിനോട് ഇതുപോലെ പിടിച്ചിരിക്കൂ എന്ന് പറഞ്ഞു. എവിടെ? അച്ഛനും മകനും എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ആറു വയസ്സിന്റെ വക ഒരുപദേശവും. " ചില സമയത്ത് നമുക്കെല്ലാം പേടി വരും. അപ്പോള്‍ ഒന്നും സംഭവിക്കില്ലാന്നു വിശ്വസിച്ചങ്ങിരിക്കണം. അതിനു കുറച്ചൊക്കെ അഭിനയിക്കേണ്ടിയും വരാം'.  അഭിനയിക്കണം പോലും, എന്നിട്ട് വേണം എനിക്ക് ഓസ്കാര്‍ നേടാന്‍. കൈവിട്ടൊന്നു കൊടുക്കാനും പറ്റില്ല. അത് മുതലാക്കി അവന്‍ എന്നെ കുറെ ഉപദേശിച്ചു കളഞ്ഞു.


കേബിള്‍ മുകളിലേയ്ക്ക് ഒഴുകി. ഊഞ്ഞാലിന്റെ ആയത്തില്‍ ആരോ പിടിച്ചു നിര്‍ത്തിയതുപോലെ ഞാനിരുന്നു. പേടിച്ചാണെങ്കിലും താഴെ ഒളികണ്ണിട്ടു നോക്കുമ്പോള്‍  ഭൂമിക്കെന്തൊരു ഭംഗി! അതിമനോഹരമായ താഴ്വാരം (കൊക്ക എന്നും പറയാം ). ആവേശത്തില്‍ അപ്പൂസ്‌  കൈവിട്ടു കളിക്കാനും തുടങ്ങി. എന്റെ സമാധാനം മുഴുവന്‍ പോയി. വഴക്കു പറഞ്ഞ്, നിര്‍ബന്ധിച്ചു കൈപിടിച്ചിരുത്തി. മലമുകളില്‍ കാല് കുത്തുന്നതിനു മുന്‍പു  തന്നെ ഫൂട്ട് റസ്റ്റ്‌ പൊക്കി വിടണം, എന്നിട്ട് ചാടി ഇറങ്ങുക, ഇല്ലെങ്കില്‍ വന്ന വഴി തിരിച്ചു പോകാം. കാലു താഴെ കുത്തിയപ്പോള്‍ ആണ് എനിക്ക് ശ്വാസം നേരെ വീണത്‌.

അങ്ങനെ സമുദ്രനിരപ്പില്‍ നിന്നും 2150m മുകളിലുള്ള ഒരു പര്‍വ്വതത്തിലെത്തി.  ദൂരെ നിന്ന് കാണുമ്പോള്‍ എന്തൊരു ഔന്നത്യം!, അടുത്ത് വന്നു തൊട്ടറിയുമ്പോള്‍ അതേ കല്ലും മണ്ണുമൊക്കെ തന്നെ. (പര്‍വ്വതമേ ക്ഷമിക്കൂ, അതാണ്‌ വാസ്തവം ). യാത്രികര്‍, സൈക്കിളുകള്‍, കുട്ടികളെ കിടത്താനുള്ള പ്രാം ഒക്കെ  ലിഫ്റ്റില്‍ ഇരുന്നു മുകളിലേയ്ക്ക് വന്നു കൊണ്ടിരുന്നു.

മലമുകളില്‍ ധാരാളം കുടുംബങ്ങളെ കണ്ടു; വെറുതെ  നടക്കാന്‍ ഇറങ്ങിയവര്‍ ആണ്. ചെറിയ കുട്ടികള്‍ മുതല്‍ ഒരുപാട് വയസ്സായവര്‍ വരെ, വടികുത്തി അങ്ങിങ്ങു നടക്കുന്നു. നല്ല തടിയുള്ളവര്‍ മുതല്‍ മെലിഞ്ഞു ഫിറ്റ്‌ ആയവര്‍ വരെ. പ്രത്യേകിച്ച് ഒരു പാറ്റേണില്ലാത്ത  മനുഷ്യര്‍. മുന്നോട്ടു നടക്കാനുള്ള ഒരു മനസ്സ് മാത്രമാണ് പാറ്റേണ്‍. ഇവിടെയെത്തുമ്പോള്‍  പ്രകൃതിയത്  സൌജന്യമായി നല്‍കും. നടപ്പുകാരില്‍  പലരും പ്രകൃതിഭംഗി ആസ്വദിക്കാനൊന്നും സമയം ചിലവഴിച്ചു കണ്ടില്ല. പറ്റുന്നിടത്തോളം ദൂരം താണ്ടുക, അതാണ്‌ മിക്കവരുടെയും ലക്ഷ്യം എന്ന് തോന്നി.

കുറച്ചു ദൂരം കയറിയതും അപ്പൂസ്‌ കുത്തിയിരുപ്പ് സമരം തുടങ്ങി.  ഞങ്ങളും  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. അടുത്തിരുന്ന ഹോളണ്ട് കുടുംബം പറഞ്ഞു. വിഷമിക്കണ്ട, ഒരു കൂട്ടുണ്ടെങ്കില്‍ കുട്ടികള്‍ പൊക്കോളും, അവരുടെ ഏഴു വയസ്സുള്ള  കുട്ടിയെ അപ്പൂസിന് പരിചയപ്പെടുത്തി. അങ്ങനെ ആല്‍പ്സ്‌ പര്‍വതത്തില്‍ കണ്ടുമുട്ടിയ ഡച്ചു കുട്ടിയും ഇന്ത്യന്കുട്ടിയും ഓടിനടന്നു മല കീഴടക്കി. കഴിഞ്ഞ മൂന്നു ദിവസമായി മലയില്‍ ജീവിക്കുന്ന കു ടുംബമാണവരുടേത്. രാത്രി മലമുകളില്‍ തന്നെ ഉറങ്ങും. അങ്ങിങ്ങായി ചില വിശ്രമ കേന്ദ്രങ്ങളുണ്ട്. മുന്‍പ് ഹോളണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ബൈക്കോടിച്ചു വന്നിട്ടുണ്ടത്രേ !! 

മലകള്‍ മാത്രമാണ് ചുറ്റിലും. ഓരോ ഗര്‍ത്തങ്ങള്‍ക്കു അപ്പുറവും ഇപ്പുറവുമായി നെഞ്ചുവിരിച്ചു നിവര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. കൊടുമുടികളില്‍ ചില മഞ്ഞു കഷണങ്ങള്‍. കടുത്ത ചൂടിലും ഉരുകാന്‍ കൂട്ടാക്കാതെ തിളങ്ങുന്നു. ഉറവകളുടെ ഉറവിടങ്ങള്‍! അസംഖ്യം വെള്ളച്ചാട്ടങ്ങളും അരുവികളും. അങ്ങ് താഴെ പച്ച നിറത്തിലുള്ള തെളിഞ്ഞ ജലം അല്ല, ഒരു ജലച്ചായ ചിത്രം തന്നെ. വര വര്‍ണ്ണനകള്‍ക്കെല്ലാം മീതെയാണ്  ഇവിടെ പ്രകൃതിയുടെ സൌന്ദര്യം.  എത്ര നടന്നു  കണ്ടാലും തീരില്ല. എഴുതിതീര്‍ക്കാന്‍ വാക്കുകളുമില്ല. വെറുതെയല്ല പ്രായഭേദമെന്യേ ഇവിടെ നടക്കാന്‍ മനുഷ്യരെത്തുന്നത്. 

ഇടുങ്ങിയ വഴികളിലൂടെ കയറി ഇറങ്ങി നടക്കുമ്പോള്‍ അപ്പൂസിന് ഭൂഗുരുത്വത്തെക്കുറിച്ച് ഒരു ക്ലാസ്സെടുത്തു. നമ്മള്‍ അറിയാതെ ഭൂമി നമ്മളെ ആകര്‍ഷിക്കുന്ന  കാര്യം വിസ്മയത്തോടെ കേട്ടിട്ട് അവന്‍ പറഞ്ഞു, "അമ്മയ്ക്കറിയാമോ? എനിക്കീ  ഗ്രാവിറ്റി പണ്ടും തോന്നിയിട്ടുണ്ട്. കളിപ്പാട്ടക്കടകളുടെയരികിലെത്തുമ്പോള്‍ ഞാന്‍ അറിയാതെ ഒരു ഗ്രാവിറ്റി എന്നെ വലിയ്കുന്നതായി തോന്നും". ഞാനെന്റെ ക്ലാസിനു ബ്രേക്കിട്ടു.

ഒരു ചെറിയ നീരുറവയുടെ കരയില്‍ ഞങ്ങള്‍ വിശ്രമിച്ചു. അപ്പൂസ്‌ വെള്ളത്തില്‍ കളിയ്ക്കുന്നു. ഇടയ്ക്കൊന്നു കാലുവഴുക്കി. 'ഇതാ ഈ ബോട്ടില്‍ കയറി രക്ഷപെട്ടോളൂ', തന്നോളം വലിയ ഒരു തടി പൊക്കിയെടുത്തു, വെള്ളത്തിലേയ്ക്കിട്ടു കൊടുത്തുകൊണ്ട് ഇത്തിരിപ്പോന്ന ഒരു കുട്ടി, ആള്‍ വലിയ ഗൌരവത്തിലാണ്, ഒരു ജീവന്‍ രക്ഷിച്ച  സംതൃപ്തിയിലും.

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 2


'ഓസ്വാ'  (Aussois) എന്നെ തൊട്ടടുത്ത ഗ്രാമത്തിലേയ്ക്കുള്ള കുറുക്കുവഴി പകുതിയും കാട്ടിലൂടെ ആയിരുന്നു. ചെറിയ മല കയറി ഇറങ്ങണം, ഒരു മണിക്കൂര്‍ നടപ്പു ദൂരം ആണ് ഗ്രാമങ്ങള്‍ തമ്മിലുള്ള കുറഞ്ഞ അകലം. ഞങ്ങളത് രണ്ടു-രണ്ടര മണിക്കൂറാക്കി മാറ്റി. 

യാത്രാ മദ്ധ്യേ ഒരു വലിയ വെള്ളച്ചാട്ടമുണ്ട്. ഒരുപാട് മുകളില്‍ നിന്നും ആരോ എടുത്തെറിയുന്നപോലെ വെള്ളം വീഴുന്നു. അതിന്‍റെ തീരത്ത്,  ഭക്ഷണത്തിന്റെ പൊതിയുമായി ഉച്ചയോടെ ആള്‍ക്കാര്‍ എത്തിത്തുടങ്ങും, കുളിയും, കളിയും കഴിപ്പും ഒക്കെ കഴിഞ്ഞു വെയിലാറുമ്പോള്‍ മടങ്ങും.വെളിയില്‍ കടുത്ത ചൂടാണ്. അകത്തു പ്രകൃതിയുടെ ശീതീകരണം. മുകളില്‍ മരങ്ങളും കൈകോര്‍ത്തു തണല്‍ വിരിയ്ക്കുന്നു.

'ഓസ്വാ' യില്‍ അന്ന് ഉത്സവമായിരുന്നു, കുട്ടികള്‍ക്കായി ധാരാളം കളികള്‍. പഴയ ഓണക്കളികള്‍ പോലെ, മരം കയറ്റം, കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കളികള്‍, തക്കാളി കുഴലിലൂടിട്ടടിച്ചുടയ്ക്കുന്ന കളികള്‍.  ഒരു ഉറിയടിയുടെ കുറവ് മാത്രം തോന്നി.

ഒരിടത്തു വലിയ കുട്ടകത്തില്‍ തൈര് കടയുന്നു, മറ്റൊരിടത്ത് കുതിരവണ്ടിയില്‍ ഗ്രാമത്തിന്‍റെ തനതു മദ്യശാല. തേന്‍ പോലെ മധുരമുള്ള മദ്യം ചെറിയ ഓട്ടുഗ്ലാസില്‍ വിശുദ്ധമായി വിതരണം ചെയ്യുന്നു. (അടിച്ചു പാമ്പായവരെയൊന്നും കണ്ടില്ല ) . സ്റ്റേജില്‍ നൃത്തപരിപാടികള്‍. ഇടയ്ക്ക് വഴിയിലൂടെ പരേഡും പാട്ടും, ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരെല്ലാം ഇടയ്ക്കിറങ്ങി നിന്ന് പരേഡ്‌ കാണും, പിന്നെ തിരിച്ചു വന്നിരുന്നു കഴിക്കും. കടക്കാരുടെ ശ്രദ്ധയും വെളിയിലാണ്. മൊത്തത്തില്‍ കണ്ടുമറന്നുപോയ, നാടന്‍ കളികള്‍ നിറഞ്ഞ ഒരു പഴയ ഗ്രാമം.  

ഈ സ്ഥലം, സമുദ്ര നിരപ്പില്‍നിന്നും 1500m ഉയരത്തിലാണ്. ഈ ഭാഗത്തെ കൊടുമുടിക്ക് 2800 m വരെ ഉയരമുണ്ട്. 2500 m വരെ കയറിയാല്‍, അവിടെ നിന്നും താഴേയ്ക്ക് പാരച്യൂട്ടില്‍ ചാടാം. ഒരു മനുഷ്യന്‍ അതില്‍ പറന്നിറങ്ങുന്നതും കണ്ടു. നാറാണത്തുഭ്രാന്തനെ ഓര്‍ത്തുപോയി. അന്ന് പാരച്യൂട്ട് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം കല്ലുരുട്ടിയിടുമായിരുന്നോ? അതോ സ്വയം ചാടുമായിരുന്നോ?

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 1

ടെറാമൊഡാന 
അരയന്നങ്ങളും കുട്ടികളും നീന്തിക്കളിക്കുന്ന പച്ചനിറമുള്ള ജലാശയത്തിന്റെ കരയിലൂടെ,  മലനിരകളെ ലക്ഷ്യമാക്കി , പിന്നീടെപ്പൊഴോ അവയ്ക്ക് സമാന്തരമായി,  ലംബമായി തുരങ്കങ്ങളില്‍ കൂടി നെഞ്ചകം തുളച്ചും കുതിച്ചു പാഞ്ഞു; ഒടുവില്‍ ആല്പ്സ് പര്‍വതനിരകളുടെ മടിത്തട്ടില്‍ കിതച്ചു നിന്നു; പാരിസില്‍ നിന്നും 'മൊഡാനി'ലേയ്ക്കുള്ള അതിവേഗ തീവണ്ടി.  ഇത് ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും അതിര്‍ത്തി പ്രദേശമാണ്. മൊഡാനില്‍ തുടങ്ങി അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങള്‍ കാണാം. 'ടെറാ മൊഡാന' എന്നാ പേരില്‍ അറിയപ്പെടുന്നു, ഈ ഫ്രെഞ്ചു മലയോരം.

ശൈത്യകാലത്ത് മഞ്ഞു മൂടുമ്പോള്‍, ഈ ഗ്രാമങ്ങള്‍  മഞ്ഞില്‍ കളിക്കാന്‍ വരുന്ന മനുഷ്യരുടെ വിനോദ കേന്ദ്രങ്ങളായി(സ്കീ റിസോര്‍ട്ട്സ്)  മാറും.   വേനലില്‍ മഞ്ഞുരുകി ഉറവകളായി, വെള്ളചാട്ടങ്ങളായി, പുഴ നിറഞ്ഞോഴുകും. പൈന്‍മരങ്ങള്‍ നിറഞ്ഞ കാടുകള്‍ പതുക്കെ  ഉണരും,  ഗ്രാമവാസികള്‍ കൃഷിത്തിരക്കിലാകും.  ആരവങ്ങളൊഴിഞ്ഞ ഈ പ ച്ചപ്പിലെക്കാണ്  ഞങ്ങള്‍ തിരിച്ചത്, എങ്കിലും തീവണ്ടി നിറയെ അവധിക്കാലം നോമ്പുനോറ്റു വന്ന കുട്ടികളായിരുന്നു. റെയില്‍വേയുടെ വകയായി എല്ലാ കുട്ടികള്‍ക്കും ഓരോ യാത്രാ സഞ്ചി; ഒരു ചെറിയ ജ്യൂസ്‌, ബ്രഡ്‌, പേന , പുസ്തകം. ആനന്ദലബ്ധി ക്കിനിയെന്തു വേണം? അപ്പൂസ്‌ ഉത്സാഹത്തിലായി


മൊഡാനില്‍ നിന്നും പതിനഞ്ചു മിനിട്ട് ദൂരെയാണ്  ആവ്രിയ് (Avrieux) എന്ന ഗ്രാമം. ഹെയര്‍ പിന്‍ വളവുകളിലൂടെ ടാക്സിയില്‍ വരുമ്പോള്‍ താഴെ,  ഒരേ  പോലെ തോന്നിക്കുന്ന പത്തു മുപ്പതു ചെറിയ വീടുകള്‍ കണ്ടുതുടങ്ങി. . തടിയില്‍ തീര്‍ത്ത ഒതുക്കമുള്ള വീടുകള്‍. ഇവിടെ കടകള്‍ ഒന്നും തന്നെ ഇല്ല.
ഇടത്തും വലത്തും താഴെയും മുകളിലുമെമെല്ലാം പാര്‍വത ശിഖരങ്ങള്‍.

പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് വളരെ കുറവുള്ള സ്ഥലം. വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ അന്നുതന്നെ മോഡാനിലേക്കു തിരിച്ചു പോകേണ്ടിവന്നു. അടുത്ത രണ്ടു ദിവസം അവധിയായതിനാല്‍ കടകള്‍ തുറക്കില്ല. പോകുന്നവഴിക്ക്, അത്യാവശ്യം കടകള്‍ ഉള്ള മറ്റൊരു ഗ്രാമത്തെ പറ്റി ടാക്സി ഡ്രൈവര്‍ പറഞ്ഞു തന്നു. ഇനി പോകുമ്പോള്‍ അവിടെ നടന്നു പോകാനുള്ള വഴിയും  കാണിച്ചു തന്നു. ഒരു മലചുറ്റി പോയാല്‍ മതി. വെറുതെ ടാക്സി വിളിച്ചു പൈസ കളയണ്ടന്നു .. എത്ര നല്ല ഡ്രൈവര്‍. 

എന്നിട്ടും പലതവണ ടാക്സി വിളിക്കേണ്ടി വന്നു. പലപ്പോഴും ടാക്സി ഡ്രൈവര്‍മാര്‍ മിറ്റര്‍ റീഡിങ്ങിനെക്കാള്‍ കുറച്ചു പൈസയേ വാങ്ങിയുള്ളൂ . തിരികെ പോരുന്ന ദിവസം. പൈസയൊന്നും വേണ്ടന്ന് വാശി. നിര്‍ബന്ധിച്ചാണ് ഏല്‍പ്പിച്ചത്. വളരെ അത്ഭുതം തോന്നി; ഒരു ബിസിനസ്‌ എന്നതിലുപരി ആതിഥ്യ മര്യാദയും നിഷ്കളങ്കമായ സ്നേഹവും തുളുമ്പുന്ന 
ഗ്രാമീണര്‍.

Monday, August 22, 2011

ലൂവാ നദീതടങ്ങളില്‍ (Loire vally) --3


ബ്ലൂവായില്‍ നിന്നും പുറപ്പെടുന്ന ബസ്സ്‌ ഷാമ്പോര്‍ട് കഴിഞ്ഞു പോകുന്നത് ഷവേണി (cheverny)യിലേക്കാണ്.      മറ്റൊരു നായാട്ടുകൊട്ടാരം.  അടുത്ത ദിവസം രാവിലത്തെ ബസ്സില്‍ ഞങ്ങള്‍ ഷവേണിയിലേക്ക് തിരിച്ചു. ഷാമ്പോര്‍ഡില്‍ ഞങ്ങളൊഴികെ എല്ലാവരും ഇറങ്ങി. അപ്പോഴാണറിഞ്ഞത്, രാവിലത്തെ ബസ്‌ ഇവിടെ വരയെ ഉള്ളൂ. ഷവേണിയിലേക്ക് പോകാന്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞു വീണ്ടും വരും.

കാടുകള്‍ കളിയാക്കി ചിരിക്കുന്നു. ചാറ്റല്‍ മഴയും നനഞ്ഞു, കാടിന്റെ തീരഭൂമിയില്‍ നടന്നും ഇരുന്നും കിടന്നും സമയം തീര്‍ന്നു. മനുഷ്യരെയും മൃഗങ്ങളെയും ഭയക്കാതെ പ്രകൃതിയുടെ മടിയില്‍, കുറച്ചു സമയം കൂടി. സ്വച്ഛമായ ഈ സ്വാതന്ത്ര്യത്തിന്റെ സുഖം എല്ലായിടത്തും എല്ലായ്പ്പോഴും ഉണ്ടായിരുന്നെങ്കില്‍!  മനസ്സിന്‍റെ ഓരോ അത്യാഗ്രഹങ്ങള്‍.

ചെറിയ ഷോപ്പിംഗ്‌ സ്ഥലങ്ങളും ഭക്ഷണ ശാലകളും ബസ്‌റ്റോപ്പിനടുത്തുണ്ട്. ഷോപ്പിംഗ്‌ സ്ഥലങ്ങളില്‍ എല്ലാം സ്വദേശ വസ്തുക്കളാണ്. അതൊരു വലിയ പ്രത്യേകത ആയി തോന്നി. ദേശഭേദമെന്യേ മിക്ക സ്ഥലങ്ങളിലും ' കൌതുക വസ്തുക്കള്‍' ചൈനക്കാരാണ് എത്തിക്കുന്നത്. ലൂവാ നദിക്കരയില്‍ ഇപ്പോഴും ഒരു സ്വദേശിക്കാറ്റ്. കര്‍ഷകരുടെ ചെറിയ കടകള്‍, കാട്ടുതേന്‍, ജാം, ബ്രഡ്, ചെന്നായത്തോലുകള്‍ ഒക്കെ വില്‍ക്കുന്നു. ഉച്ച ഭക്ഷണമായി ഓരോ സാന്‍ഡ്-വിച്ച്  കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഷവേണിക്കുള്ള ബസ്‌ വന്നു.

വീണ്ടും കാട്ടിലൂടെ, നദീതീരത്തുകൂടെ അരമണിക്കൂര്‍ യാത്ര. ഷവേണി ഒരു രാജകൊട്ടാരമല്ല, രാജസേവകരായ പ്രഭുക്കന്മ്മാര്‍ തീര്‍ത്ത നായാട്ടു കേന്ദ്രം ആണ്. അതുകൊണ്ട് തന്നെ വിപ്ലവത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിക്കാത്ത ഒരു കൊട്ടാരം. പ്രശസ്ത കോമിക് ആയ  'ടിന്‍-ടിന്‍' കഥകളില്‍ ഈ കൊട്ടാരത്തിന്‍റെ    പശ്ചാത്തലം ഉണ്ട്. സന്ദര്‍ശകര്‍ക്കായി 'ടിന്‍-ടിന്‍' കഥകളുടെ  പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നു.

കൊട്ടാരത്തിന്‍റെ പഴയ  അടുക്കളത്തോട്ടം ഇപ്പോഴും സംരക്ഷിക്കുന്നു. മുന്തിരിയും,ആപ്പിളും,മത്തനും, തക്കാളിയും  മുളകും എല്ലാം കുറേശ്ശെയുണ്ട്.  ധാരാളം റോസാ പൂക്കളും.

തോട്ടത്തിന്റെ പിന്നില്‍ നിന്നും  ഭ്രാന്ത് പിടിച്ചപോലെ പട്ടികളുടെ കുര. നായാട്ടിന്റെ ഓര്‍മയ്ക്ക് കുറെയേറെ പട്ടികളെ ഇന്നും വളര്‍ത്തുന്നു. പഴയ വേട്ടപ്പട്ടികളുടെ പിന്മുറക്കാര്‍ ആണ്. കാണികള്‍ ആരോ പ്രകോപിപ്പിച്ചത്തിന്റെ പ്രതിഷേധം. പൂട്ടിയ ഗേറ്റിനുള്ളില്‍ നിന്നും മറ്റൊരു വിപ്ലവധ്വനി.

കൊട്ടാരം കണ്ടിറങ്ങി. ചുറ്റുമുള്ള കാട്ടിലേക്ക് നേരിട്ട് പോകാന്‍ അനുവാദമില്ല. ഇലക്ട്രിക്‌ കാറില്‍ (ഒരു കാളവണ്ടിയുടെ വേഗം മാത്രം) സവാരി ഉണ്ട്.  കാട്ടില്‍ വന്‍ വൃക്ഷങ്ങള്‍ ആയിരുന്നു കൂടുതല്‍. ഇത് പലതും പഴയ പ്രഭുക്കന്മാര്‍ പല രാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്നു , നട്ടു പിടിപ്പിച്ചതാണ്. വച്ചുണ്ടാക്കിയ വനം!

ഒരോ ഭാഗത്തെയും വൃക്ഷങ്ങളുടെ കഥകള്‍ കാര്‍ ഡ്രൈവര്‍- പെണ്‍കുട്ടി വിശദീകരിച്ചു. വൃക്ഷങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ ലൂവാ നദിയില്‍ നിന്നും പണിത കനാലിന്റെ  തീരത്ത് കാര്‍ നിര്‍ത്തി. പിന്നീട് കനാലില്‍ കൂടി ആയിരുന്നു യാത്ര.ബോട്ട് ഡ്രൈവര്‍ കനാല്‍ തീരത്തെ മരങ്ങളുടെ കഥ തുടര്‍ന്നു. ആനപ്പാദം പോലെ ചുവടുള്ള ഒരു മരങ്ങള്‍, അതിന്റെ പേരും എലെഫന്റ്റ്‌ ഫീറ്റ്‌ ട്രീ!  ലൂവാ നദിയോളം പോയി തിരിച്ചു വന്നു. ബോട്ടിറങ്ങുന്നിടത്തുള്ള വന്‍ വൃക്ഷത്തോട് ആദ്യമായി തൊട്ടു പറയുന്ന കാര്യം സാധിക്കുമത്രേ. മനുഷ്യന് തൊടാന്‍ പറ്റുന്ന ഭാഗത്തെ തൊലിയെല്ലാം പോയിരുന്നു. മരമുത്തശ്ശിയുടെ കാലില്‍ ഞാനും അപ്പൂസും പതുക്കെ തൊട്ടു; മുകളിലേക്ക് നോക്കി വെറുതെ ആഗ്രഹിച്ചു, ഇതുപോലെ ഒരു കാട് ഉണ്ടാക്കാന്‍ കഴിയണം. സ്വച്ഛമായി പ്രകൃതിയെ കാണാന്‍ അനുവദിക്കുന്ന വിധത്തില്‍ , മനുഷ്യമൃഗങ്ങളെ ഭയക്കാതെ വെറുതെ നടക്കാന്‍ നാടിന്‍റെ അരികിലൊരു വലിയ കാട്. ആഗ്രഹിക്കുമ്പോള്‍ എന്തിനാ കുറയ്ക്കുന്നത്. അപ്പൂസിനോട് ചോദിച്ചു , നീയെന്താടാ ആഗ്രഹിച്ചത്‌? 'അതോ എനിക്കൊരു കുഞ്ഞു മുയലിനെ വേണം'. ശരി, 'ഞാനുണ്ടാക്കുന്ന കാട്ടില്‍ നീ മുയലിനെ വളര്തിക്കോ'..കാട്ടു സ്വപ്നങ്ങളുമായി ഞാങ്ങള്‍ തിരിച്ചു പോന്നു. 

ഇടയ്ക്ക് ഒരു ചെറിയ മുസിയത്തിനടുത്ത് വണ്ടി നിര്‍ത്തി. ഈ വനപ്രദേശത്തിനു കണ്ണുപെടാതിരിക്കാന്‍ എന്നപോലെ ഒരു സ്ഥലം. കുറെ നടന്നാലേ മ്യൂസിയതിലെത്തൂ, അവിടെ കാര്യമായി ഒന്നുമില്ല താനും, ഒരു തിമിംഗലത്തിന്റെ താടിയെല്ല്, കുറെ പഴയ പാത്രങ്ങള്‍, രാജാക്കന്മാരുടെ ചിത്രങ്ങള്‍ എന്നിവ വച്ചിട്ടുണ്ട്. അമര്‍ഷം പൂണ്ട ഏതോ സന്ദര്‍ശകന്‍ , കാലിയായ ഒരു വെള്ളക്കുപ്പി പാത്രങ്ങള്‍ക്കൊപ്പം വച്ച് പോയിരിക്കുന്നു. നടത്തിപ്പുകാര്‍ അതിതുവരെ കണ്ടിട്ടുമില്ല, മാറ്റിയിട്ടുമില്ല. ഏതായാലും കുപ്പിയുടെ ചരിത്രം ഈ നൂറ്റാണ്ടിലേതാണ്.

തിരികെ വന്ന വഴിയില്‍ ഒരു വൃക്ഷത്തോട്ടം ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു, രണ്ടായിരത്തിനു ശേഷം വച്ച വൃക്ഷങ്ങള്‍, നട്ട വര്ഷം എഴുതിയ ബോര്‍ഡ്‌ മരത്തിന്റെ ചുവട്ടില്‍ ഉണ്ട്.ഭാവിയുണ്ടെങ്കില്‍ വളര്‍ന്നു കാടുപിടിക്കും. അന്നുവരുന്നവര്‍  കാറ്റേറ്റിരിയ്ക്കും.

നാലാം നാള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക്. ട്രെയിനില്‍ വല്ലാത്ത തിരക്ക്. ഇരിക്കാന്‍ സ്ഥലമില്ല, എതിരെ വന്ന ടിക്കറ്റ്‌ പരിശോധകരോട് മുന്നിലെങ്ങാനും സീറ്റുണ്ടോന്നു അന്വേഷിച്ചു. അയാള്‍ പറഞ്ഞു തല്‍ക്കാലം പോയി ഫസ്റ്റ് ക്ലാസ്സില്‍ ഇരുന്നോളൂ എന്ന് ! സ്വസ്ഥമായി ഇരുന്നു, കുറച്ചു കഴിഞ്ഞപ്പോള്‍ ഫസ്റ്റ് ക്ലാസും നിറഞ്ഞു.

അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ ഉല്ലാസവാനായ ഒരു പയ്യന്‍സ് ഞങ്ങളെ നോക്കി ചിരിച്ചു ശുഭ ദിനം ആശംസിച്ചു കടന്നു പോയി. നല്ല പരിചയം, പക്ഷെ മറന്നു. പ്രശാന്ത് ഓര്‍മ്മിപ്പിച്ചു, ഇങ്ങോട്ട് വന്നപ്പോള്‍ അടുത്ത സീറ്റില്‍ ബോറടിച്ചിരുന്ന ഇലക്ട്രോണിക് മനുഷ്യന്‍. മനസ്സിലായതേയില്ല! അമ്മയുടെ മടിയില്‍ നിന്നിറങ്ങി സ്കൂള്‍ ബസ്സില്‍ ചാടി കയറിയ ഒരു കുട്ടിയെപ്പോലെ തോന്നി മടങ്ങിവരവില്‍.
-----------------------------------------------------------------------------------

Saturday, August 6, 2011

ലൂവാ നദീതടങ്ങളില്‍ (Loire vally) --2

രണ്ടാം ദിവസം രാവിലത്തെ ബസ്‌ പിടിച്ചു, ഷാമ്പോര്‍ഡിലേക്ക്, വിസ്തൃതമായ വനപ്രദേശത്തിന്‍റെ നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു കൊട്ടാരമാണ് ഷാമ്പോര്‍ഡ്‌ . കൊട്ടാരത്തിനു മുന്നില്‍ ചെറിയ കിടങ്ങുകള്‍. അവ നീണ്ടു നീണ്ടു ചെന്നൊരു തടാകത്തില്‍ വിശ്രമിക്കുന്നു. കൊട്ടാരത്തിലേക്ക് അപ്പൂസ്‌ നടക്കുന്നില്ല, പിണങ്ങി മാറി നില്‍പ്പാണ്. കഴിഞ്ഞ കൊട്ടാരത്തിന്റെ ബോറടി മാറിയിട്ടില്ല. അപ്പോഴാണ്‌ അതിലും വലിയ ഒരെണ്ണം!  പെട്ടെന്ന് കണ്ടിറങ്ങാം എന്ന വ്യവസ്ഥയില്‍ അകത്തു കയറി.

മനോഹരമായ ഒരു കൊട്ടാരമ്യൂസിയം. രാജാവിന്റെ വിവിധ മുറികള്‍, അന്തപുരങ്ങള്‍, ആയുധങ്ങള്‍, പുസ്തകങ്ങള്‍ അങ്ങനെ അങ്ങനെ..വെള്ളി സ്പൂണുകള്‍ മുതല്‍ സ്വര്‍ണത്തേരുകള്‍ വരെ. ഓഡിയോ ഗൈഡ് ഉണ്ട് കയ്യില്‍; ഒരു  കോഡ്- ലസ്  ഫോണ്‍. ഓരോമുറികളിലും ഒരു നമ്പര്‍ കോഡ് എഴുതിയിട്ടുണ്ട്, ആ നമ്പര്‍ ഡയല്‍ ചെയ്‌താല്‍ , അതാത് മുറികളുടെ കഥ പറഞ്ഞു തരുന്ന ഫോണ്‍. ആ കളി അപ്പൂസിനും ഇഷ്ടപ്പെട്ടു.

ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ചു കൊടുത്തതനുസരിച്ചു നിര്‍മ്മിച്ച  ഹെലിക്സ് മോഡല്‍ കോണിപ്പടി കാണാം. അതിനു രണ്ടു വശത്ത് കൂടി കയറാം.കയറുന്നവര്‍ക്ക് പരസ്പരം കാണാനായി കിളിവാതിലുകള്‍ ഉണ്ട് . പക്ഷെ രണ്ടു ഭാഗത്ത്‌ നിന്നും കയറുന്നവര്‍ നേര്‍ക്കുനേര്‍ കണ്ടുമുട്ടില്ല. രാജ പത്നിമാര്‍ക്ക് ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍വേണ്ടി പണിതതാണെന്നു കിംവദന്തി . രാജയോഗം!!

പതിമൂന്നു മുതല്‍ പതിനേഴു വരെ നൂറ്റാണ്ടു കളുടെ , ഹെന്ട്രി, ലൂയി രാജാക്കന്മാരുടെ  കഥകള്‍ പേറുന്ന കൊട്ടാരം.പതിനെട്ടു,പത്തൊന്‍പതു നൂറ്റാണ്ടുകളില്‍ ഇത് മിനുക്കി  സംരക്ഷിച്ചു. ഏതോ കടുത്ത മഴയില്‍ പൊഴിഞ്ഞു വീണ കട്ടകള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കുന്നു, പകരം കട്ടകള്‍ വച്ച് കെട്ടിടത്തിന്റെ ആകൃതി സംരക്ഷിച്ചിട്ടുണ്ടെന്ന് ക്ഷമാപണ പൂര്‍വം ഓഡിയോ ഗൈഡ്. എത്ര കാലം ഇതിങ്ങനെ സംരക്ഷിക്കും, ആര്‍ക്കറിയാം? ഭൂമിയിലെ മണ്ണിനും കല്ലിനും എന്തെല്ലാം ചരിത്രം പറയാനുണ്ടാകും?

കൊട്ടാരത്തില്‍ നിന്നിറങ്ങി ,  ഇനി കാട്ടിലേക്ക്. ചുറ്റും പത്തു പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചാരികള്‍ക്കു  പ്രവേശനമുള്ള കാടാണ്, സൈക്കിളിലും നടന്നും ഒക്കെ പോകാം. വാടകയ്ക്ക് രണ്ടു സൈക്കിള്‍ എടുത്തു കാടുകയറാന്‍ തയ്യാറായി. സൈക്കിള്‍ കടക്കാരന്‍ പറഞ്ഞു, ഭാഗ്യമുന്ടെകില്‍ ചെന്നായയെയോ, പന്നിയെയോ ഒക്കെ കാണാമെന്ന്. 'ഏയ്, അങ്ങനെ ഒന്നും ഉണ്ടാവില്ല' എന്ന് സ്വയം സമാധാനിപ്പിച്ചു.

ചെറിയ ചെറിയ വഴികളിലൂടെ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന കാട്, ഒരു സുന്ദരി യക്ഷിയെപ്പോലെ, മരങ്ങളും ഞങ്ങളും പിന്നെ മുകളിലെങ്ങോ ഒരു സൂര്യനും. ഇടയ്ക്കൊരു ചാറ്റല്‍ മഴയും, കുറുക്കന്റെ കല്യാണമേളം.

തുടക്കത്തില്‍ കാട്ടുപാട്ടുകളും കവിതകളും മൂളി ആയിരുന്നു യാത്ര, പിന്നെപ്പോഴോ അതൊക്കെ ഇലത്താളത്തില്‍ അമര്‍ന്നു. നിസ്സഹായമായ ഒരു ഭയവികാരം,തോന്നിയതാണെന്ന് തോന്നി.  ദൂരെ കുറുക്കന്‍  ഓരിയിട്ടത് പോലെ. പറഞ്ഞാല്‍ അപ്പൂസ്‌ പേടിക്കും,  ഒരു പന്നിയോ   പാമ്പോ പോലും  നേരിട്ട് വന്നാല്‍ തടുക്കാന്‍ കഴിയില്ല. വിളിച്ചാല്‍ കേള്‍ക്കുന്നിടത്തു ഒറ്റ മനുഷ്യരില്ല. സംഘബലവും സന്നാഹങ്ങളും ഇല്ലാതെ മനുഷ്യന്‍ എത്ര ദുര്‍ബലനാണ്? സൈക്കിള്‍ കരിയില അനക്കുമ്പോള്‍ ഞാന്‍ തന്നെ ഞെട്ടി. അറിയാതെ ഓര്‍മ്മ വന്ന  കവിത പാടിയില്ല:
'അരിയില്ല തുണിയില്ല , ദുരിതമാണെന്നാലും 
നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ ?......'

ചൂണ്ടു പലകകളില്‍ നമ്പര്‍ ഉണ്ട്, കയ്യില്‍ കാടിന്‍റെ വഴി ചിത്രങ്ങളും. വഴി നോക്കി നോക്കി  അങ്ങനെ ചവിട്ടിക്കൊണ്ടിരുന്നു. ഇടയ്ക്ക് ചില വിശ്രമസ്ഥലങ്ങളുണ്ട്. മരച്ചുവട്ടില്‍ ഒരോ ബഞ്ചും ഡസ്കും. പിന്നെ തടികൊണ്ടുള്ള ഒരു വേസ്റ്റ് ബോക്സ്‌. വഴിയിലെങ്ങും ഒരു കടലാസോ, പ്ലാസ്ടിക്കോ കാണാനില്ല. പ്രായാധിക്യത്തില്‍ മണ്ണോടു ചാഞ്ഞ  ചില മരങ്ങള്‍, മരിക്കാന്‍ മനസ്സില്ലാതെ കിടന്നു വളരുന്നു. അതിനെ താങ്ങി നിര്‍ത്തുന്ന ചില സംവിധാനങ്ങളും. അത്തരം മരങ്ങളില്‍ കയറുന്നത് വിലക്കുന്ന  ബോര്‍ഡുകളും കാണാം. തന്നെ ഉപദ്രവിക്കാതെ വന്നു  കണ്ടു പോകുന്നവര്‍ക്ക് വേണ്ടി, കാടങ്ങനെ ഒരുങ്ങി കിടക്കുകയാണ്. വനത്തിനു വന്യത ഇല്ലാത്തതാണ്, ഒരു അപൂര്‍ണ്ണത.  മനുഷ്യന്‍ കയറുന്ന കാട്ടില്‍നിന്നും മൃഗങ്ങളൊക്കെ ഒഴിഞ്ഞിട്ടുണ്ടാകും, വഴിയില്‍ പൂമ്പാറ്റകളെ മാത്രം കണ്ടു. വനത്തിന്റെ വെളിയില്‍ ഗോതമ്പ് പാടങ്ങള്‍, കാവലായി ഒരു ഏറുമാടവും. 

മെയിന്‍ റോഡിലേക്കിറങ്ങി, സൈക്കിള്‍ സവരിക്കാര്‍ ഓരോ ഗ്രൂപ്പ്‌ ആയി വരുന്നുണ്ട്. വലിയ ഒരു യാത്രാബാഗും സൈക്കിളുമായി നദീതീരം മുഴുവന്‍ സഞ്ചരിക്കുന്ന  കുടുംബങ്ങള്‍ ഉണ്ട്. ഇടയ്ക്ക് ടെന്‍റ് കെട്ടി വിശ്രമിക്കും. വീണ്ടും യാത്ര തുടരും, അവധിക്കാലം പ്രകൃതിയിലേയ്ക്കിറങ്ങി, ശുദ്ധീകരിച്ചു വീണ്ടും നഗരത്തിലേക്ക് മടങ്ങുന്നവര്‍.

 നായാട്ട് കമ്പക്കാരായ രാജാക്കന്മാരാണ് വനത്തിനു നടുക്ക് കൊട്ടാരങ്ങള്‍ പണിതത്. വിപ്ലവം മിക്കതിനെയും തച്ചുടച്ചു. ജനാധിപത്യം മ്യുസിയമാക്കി സംരഷിക്കാന്‍ തുടങ്ങി. അവശേഷിച്ച കാടും കൃഷിയും  ചരിത്രം കാത്തു കിടക്കുന്നു. 

അങ്ങനെ മൂന്നു മണിക്കൂര്‍ ചുറ്റിക്കറങ്ങി ഞങ്ങള്‍ തിരിച്ചെത്തി.  മരങ്ങള്‍ തിരിച്ചു വിളിച്ചു കൊണ്ടിരുന്നു.പക്ഷെ നാലു മണിക്കായിരുന്നു ബ്ലൂവായിലേക്ക് അവസാനത്തെ  ബസ്‌.

ബസില്‍ അങ്ങോട്ട്‌ പോയ ടിക്കറ്റ്‌ മതി തിരിച്ചു വരാനും, ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നു. വന്ന ടിക്കറ്റ്‌ അപ്പോഴേ കളഞ്ഞു. അത് സാരമില്ല വേറെ ടിക്കറ്റ്‌ ഒന്നും എടുക്കണ്ടന്നു ഡ്രൈവര്‍ പറഞ്ഞു. പോയവരല്ലേ തിരിച്ചു വരൂ.

മുറിയിലെത്തി കുറച്ചു വിശ്രമിച്ച ശേഷം ഭക്ഷണം തേടി ഇറങ്ങി. ഗണപതിയുടെ വിഗ്രഹം കണ്ട ഒരു ഹോട്ടലില്‍ കയറി. അത് ഇന്ത്യന്‍ ഹോട്ടല്‍ അല്ല, എങ്കിലും അകത്തു ബുദ്ധനും, കൃഷ്ണനും, പേരറിയാത്ത ചില വിദേശ ദൈവങ്ങളും ചിരിക്കുന്നു . മെനുവില്‍ തന്തൂരി ചിക്കനും. എന്തൊരു വൈരുദ്ധ്യം! (ഇവരെ എന്തിനു പറയുന്നു? അടുത്തിടെ പാരിസിലെ ഒരു ഇന്ത്യന്‍ ഹോട്ടലിന്റെ പേര് കണ്ടു ' ഗാന്ധി'.  മാംസവും, മദ്യവും യഥേഷ്ടം  ലഭിക്കും! ഗാന്ധിജി പൊറുക്കട്ടെ.)

പല രാജ്യങ്ങളിലെ ഭക്ഷണം ലഭിക്കുന്ന ഈ ഹോട്ടലിലെ തനത് ഭക്ഷണത്തിന്‍റെ പേര് 'വോക്ക്' എന്നാണ്. കുറെ പച്ചക്കറികള്‍ ,മല്‍സ്യ മാംസങ്ങള്‍ ഒക്കെ നിരത്തി വച്ചിട്ടുണ്ട്. വരുന്നവര്‍ ഒരു ബൗളില്‍ ആവശ്യത്തിനുള്ളത് എടുത്തു പാചകക്കാരന് കൊടുക്കണം. അയാള്‍ അത് പാത്രത്തിലിട്ടു, അതിനുള്ളില്‍ തീകത്തിച്ചു തിരിച്ചും മറിച്ചും എറിഞ്ഞു വേവിച്ചു തരും. തീയില്‍ ചുട്ട ഭക്ഷണം പലതരം സോസുകള്‍ കൂട്ടി കഴിയ്ക്കാം. 'വോക്കി'നുള്ള തിരക്ക് കൂടിക്കൂടി വന്നു, ഒട്ടും മുഷിച്ചിലില്ലാതെ കുശല പ്രശ്നങ്ങളും തീഗോളങ്ങളുമായി പാചകക്കാരന്‍ 'വോക്കു'ണ്ടാക്കികൊണ്ടിരുന്നു. 

Monday, August 1, 2011

ലൂവാ നദീതടങ്ങളില്‍ (Loire vally) --1

ഫ്രാന്‍സില്‍ വന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ്, ലൂവാ നദീയെപ്പറ്റി , നദീ തീരത്തെ കാടുകളെപ്പറ്റി, കാട്ടിലെ കൊട്ടാരങ്ങളെപ്പറ്റി ഒക്കെ.

ദീര്‍ഘദൂര റെയില്‍വേ സ്റ്റേഷനായ പാരിസ്‌ ഓസ്ട്രലിക്സ്സില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര. രണ്ടു മൂന്നു  ദിവസത്തെ അവധിയാണ്. നാട്ടില്‍ ആയിരുന്നപ്പോള്‍, എല്ലാ അവധിക്കും വീട്ടിലേക്കായിരുന്നു യാത്ര. ഇപ്പോള്‍ അത് പറ്റില്ല. അങ്ങനെ ഒരു ലൂവാ യാത്ര പ്ലാന്‍ ചെയ്തു.

ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റ്, എട്ടു സീറ്റുള്ള ചെറിയ മുറികള്‍ ആയി തിരിച്ചിട്ടുണ്ട്.. ഞങ്ങളുടെ മുറിയില്‍, ഒരാള്‍ കൂടിയെയുള്ളൂ. പാരിസില്‍ ഇന്ന് വിശേഷ ദിവസം ആണ്, അതുകൊണ്ടാവാം തിരക്ക് കുറവ്. ട്രെയിന്‍ പുറപ്പെട്ടു ഗ്രാമങ്ങളിലേക്ക് പാഞ്ഞു. കൊയ്ത്തു കഴിഞ്ഞ് മരുഭൂമി പോലെ, ഗോതമ്പ് പാടങ്ങള്‍. പൊഴിഞ്ഞു വീണ കതിരുകള്‍ തേടി കൂട്ടത്തോടെ പറക്കുന്ന കിളികള്‍. കൊയ്ത്തു യന്ത്രം കാത്തുകിടക്കുന്ന പാടങ്ങളും കാണാം; സ്വര്‍ണ്ണമണികളുമായി അവസാനത്തെ കിന്നാരത്തിലാവര്‍. വിള കൊണ്ടു പോകാന്‍ വന്നു കിടപ്പുണ്ട്,വലിയ ലോറികള്‍ . ഇതൊന്നും ശ്രദ്ധിക്കാതെ കൂറ്റന്‍ കാറ്റാടി യന്ത്രങ്ങള്‍ കറണ്ടുണ്ടാക്കുന്ന തിരക്കില്‍ കറങ്ങിക്കൊണ്ടേയിരിയ്ക്കുന്നു.  ഇടയ്ക്കിടെ നീളത്തില്‍ കാടുകള്‍. കാട്ടിലേക്ക് വികസനം  നുഴഞ്ഞുകയറാതിരിക്കാന്‍ കെട്ടിയ ചെറിയ വേലികള്‍. എല്ലാ നഗരങ്ങളും ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന ഗ്രാമത്തിന്‍റെ പിന്നാമ്പുറക്കാഴ്ചകള്‍ കണ്ടിരിയ്ക്കുമ്പോള്‍ ഉച്ചത്തില്‍ ഒരു ചിരി കേട്ടു.
ഐപാഡില്‍ സിനിമ കണ്ടു സഹയാത്രികന്‍ പൊട്ടിച്ചിരിയ്ക്കുകയാണ്.. പിന്നെ അതും ഒരു കാഴ്ചയായി. സിനിമ കഴിഞ്ഞപ്പോള്‍, അയാള്‍ ഉറക്കെ ഫോണില്‍  സംസാരിച്ചു തുടങ്ങി. നഗര ജീവികള്‍ക്ക് ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ സാന്നിദ്ധ്യമില്ലെങ്കില്‍ വല്ലാതെ ബോറടിക്കും.

അവധിക്കാലം ആശംസിച്ച്, അടുത്ത പട്ടണത്തില്‍ അയാള്‍ ഇറങ്ങി. ഇറങ്ങുന്ന മിക്ക ആള്‍ക്കാരുടെയും കൂടെ സൈക്കിള്‍ ഉണ്ട്. വേനല്‍ക്കാലം തുടങ്ങിയാല്‍ എല്ലാവരും സൈക്കിളില്‍ ആണ് യാത്ര. മോഷണം ഭയന്ന്, ഓഫീസ് മുറിയില്‍ തന്നെ സൈക്കിള്‍ സൂക്ഷിക്കുന്ന ആള്‍ക്കാരും ഉണ്ട്. ദൂര യാത്ര പോകുമ്പോള്‍ ട്രെയിനിലും കാറിലും സൈക്കിള്‍ കൂടെ കൊണ്ടുപോകും. രണ്ടു മണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ ബ്ലൂവാ-യില്‍ (Blois) എത്തി. സ്ഥലപ്പേരുകള്‍ എഴുതുന്നപോലെ വായിക്കാന്‍ പാടില്ല. ആരെങ്കിലും പറയുന്നത് കേട്ടു തന്നെ പഠിക്കണം.

ബാന്ഗ്ലൂരിലെ കന്റോണ്‍മെന്‍റ് സ്റ്റേഷന്‍ പോലെ ഒരു റെയില്‍വേ സ്റ്റേഷന്‍‍. പട്ടണത്തിലിറങ്ങി ഹോട്ടല്‍ കണ്ടുപിടിച്ചു ചെന്നപ്പോള്‍, റിസര്‍വേഷന്‍ പ്രശ്നം. സിസ്ടത്തിന്റെ തകരാറ് മൂലം രണ്ടു പേര്‍ക്കുള്ള മുറിയാണ്  റിസര്‍വ് ചെയ്തത്. ഞങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും, നിയമ പ്രകാരം മൂന്നു പേര്‍ക്ക് അത് അനുവദിക്കാന്‍ പറ്റില്ലത്രേ.  രണ്ടു മുറി എടുക്കണം. കാശിനു വേണ്ടിയുള്ള വാശി എന്നാണു ഞാന്‍ കരുതിയത്‌. പക്ഷെ അവര്‍ നല്ല ആള്‍ക്കാര്‍ ആയിരുന്നു, മറ്റൊരു ഹോട്ടലില്‍ വിളിച്ചു മുറി ബുക്ക്‌ ചെയ്തു, ഞങ്ങളെ അങ്ങോട്ട്‌ പറഞ്ഞയച്ചു.

അങ്ങനെ കൊട്ടാരത്തിന്റെ തന്നെ ചില അനുബന്ധ കെട്ടിടങ്ങളില്‍ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന 'ഇബിസ്‌' ഹോട്ടലില്‍ ഞങ്ങള്‍ എത്തി. വിശ്രമത്തിനു ശേഷം ബ്ലൂവാ-കൊട്ടാരം കാണാനിറങ്ങി. സാമാന്യം വലിയ പഴയ ഒരു രാജകൊട്ടാരം. ദര്‍ബാര്‍ ഹാളില്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി വയലിന്‍ വായിക്കുന്നു. രാജകീയ വേഷത്തിലാണ്. തൊട്ടടുത്ത്‌ ഒരു പാത്രത്തില്‍ നാണയത്തുട്ടുകളും! നടുമുറ്റത്തു വാള്‍പ്പയറ്റു നടക്കുന്നു. എല്ലാം വിനോദസഞ്ചാരികളെ ഉദ്ദേശിച്ചുള്ളതാണ്. സഞ്ചാരികള്‍ കൂടുതലും ചൈനക്കാരാണ്. കറങ്ങിക്കറങ്ങി ശുക്രനിപ്പോള്‍ ചൈനയ്ക്കു മുകളിലാണെന്നു തോന്നുന്നു.

പതിമൂന്നാം  നൂറ്റാണ്ടു മുതല്‍ പല രാജവാഴ്ചകള്‍ കണ്ട കൊട്ടാരം, പതിനെട്ടാം നൂറ്റാണ്ടില്‍  പുതുക്കി, ഒരു മ്യൂസിയം ആക്കി മാറ്റി. കുതിര വണ്ടിയില്‍ പട്ടണം ചുറ്റി കാണിച്ചു തരും. നല്ല തടിമിടുക്കുള്ള കുതിരകള്‍. വിപ്ലവത്തിലൂടെ രാജഭരണത്തില്‍ നിന്നും ദുഷ്പ്രഭുത്വത്തില്‍ നിന്നും മനുഷ്യര്‍ കരകയറി. ഈ കുതിരകളോ?

പ്രഷര്‍ കുക്കര്‍ കണ്ടുപിടിച്ച ഡെനിസ് പാപിന്‍ , ബ്ലൂവാക്കാരനായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകവും കാണാം. അതുപോലെ തന്നെ റോബര്‍ട്ട്‌ ഹൗടിന്‍ എന്ന പ്രതിഭാശാലിയായ  ഒരു  ക്ലോക്ക് നിര്‍മാതാവും. മാജികിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഹൌടിന്റെ പേരില്‍ ഒരു മാജിക്‌ മ്യൂസിയവും കണ്ടു.

Wednesday, July 13, 2011

സ്വന്തം.

നാട്ടില്‍ നിന്ന് വന്ന  സുഹൃത്ത്‌, രാമന്   പാരിസ് നന്നേ ഇഷ്ടപ്പെട്ടു.
വലിയ തിരക്കില്ലാത്ത റോഡുകള്‍, പൊതുജനത്തിനുതകുന്ന യാത്രാ സൌകര്യങ്ങള്‍,  ധാരാളം വൃക്ഷങ്ങള്‍, പൊതുവേ കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ചകള്‍.

രാമന്‍   ചോദിച്ചു "നിങ്ങള്‍ എന്തിനാണ് തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്നത്? ഇവിടെ സ്വസ്ഥമായി ജീവിച്ചു കൂടെ?"

"മെച്ചമാണെങ്കിലും ഇത് സ്വന്തമാണെന്ന് ഒരു തോന്നല്‍ വരുന്നില്ല". ഞാന്‍ പറഞ്ഞു.

വീടിനു അടുത്തുള്ള പാര്‍ക്കില്‍ കൂടി നടന്നപ്പോള്‍, എല്ലാവരുടെയും കൂടി ഒരു ഫോട്ടോ എടുതു തരുമോ എന്ന് ഒരു കുട്ടിയോട് ചോദിച്ചു. തീരെ ഗൌനിക്കാതെ , 'പറ്റില്ല' എന്ന് പറഞ്ഞു അവന്‍  നടന്നകന്നു. ആദ്യമായിട്ടാണ് ഇങ്ങനെ. ഇതുവരെ കണ്ട ആള്‍ക്കാര്‍ സൌമ്യരും സഹകരണം ഉള്ളവരും ആണ്.

വീണു കിട്ടിയ അവസരത്തില്‍ ഞാന്‍ രാമനോട് പറഞ്ഞു, "കണ്ടില്ലേ ഒരു പത്തു പതിമൂന്നു വയസ്സുകാരന്റെ അഹംഭാവം.  നാടല്ലേ ഭേദം?"

പ്രശാന്ത് ചിരിച്ചു , ' നാട്ടിലെ പതിമൂന്നു വയസ്സിന്റെ പ്രഭാവം പത്രത്തില്‍ വായിക്കുന്നുണ്ടെല്ലോ അല്ലെ?' 
എന്‍റെ നാക്കിറങ്ങി.

Tuesday, July 5, 2011

ഇന്നത്തെ പ്രഭാതം


ചേര്‍ത്തു പിടിച്ചാണ് അവര്‍ ബസിലേക്ക് കയറിയത്. അടിവച്ചടിവച്ച് രണ്ടു സുന്ദരികള്‍. നല്ല വേഷം, നല്ല ഭംഗി!  ഒരു പോലെയിരിക്കുന്നു കണ്ടാല്‍.  മുന്നിലെ സ്ത്രീ അമ്മയാണെന്ന് തോന്നുന്നു. അടുക്കുന്തോറും മനസ്സിലായി, അവര്‍ക്ക് തീരെ നടക്കാന്‍ വയ്യ. പത്തു തൊണ്ണൂറു വയസ്സു പ്രായം കാണും.അവരെ ചേര്‍ത്തുപിടിച്ചു ഒരു കുട്ടിയെ എന്നപോലെ ഉന്തി നടത്തിച്ചു കൊണ്ട് പിന്നില്‍ മകള്‍, മധ്യവസ്കയാണ്. അമ്മയെ സീറ്റില്‍ ഇരുത്തി, മകള്‍ പോയി ടിക്കറ്റ്‌ എടുത്തു വന്നു. എന്തൊക്കെയോ കഥകള്‍ പറഞ്ഞു അടുത്ത് തന്നെ നിന്നു. ഇറങ്ങേണ്ട സ്റ്റോപ്പിനു മുന്‍പ് പതുക്കെ എണീല്‍പ്പിച്ചു വാതില്‍ക്കലേക്ക് കൊണ്ടുവന്നു. അമ്മയെ ചുറ്റിപ്പിടിച്ച് വര്‍ത്തമാനങ്ങള്‍ പറഞ്ഞു അങ്ങനെ....

അമ്മയും മകളും പുതിയ കാഴ്ചയല്ല, എന്നാലും ഇവര്‍ വ്യത്യസ്തരായിരുന്നു. പ്രയമായത്തിന്റെ അസഹിഷ്ണുതയോ, ഒരാളെ നടത്തിച്ചു കൊണ്ടുപോകുന്ന സഹനതയോ, ത്യാഗഭാവമോ ഒന്നും കണ്ടില്ല.

അമ്മ കുഞ്ഞിനെ നടത്തിക്കുന്ന കൌതുകത്തോടെ,അത്യധികമായ സ്നേഹത്തോടെ  കുഞ്ഞ്‌ അമ്മയെ നടത്തിക്കുകയായിരുന്നു.
സ്നേഹസൌന്ദര്യം തുളുമ്പുന്ന രണ്ടു മനുഷ്യര്‍.

Tuesday, June 21, 2011

ഇന്നത്തെ പ്രഭാതം


ചെറിയ ചാറ്റല്‍ മഴ നനഞ്ഞു കൊണ്ടിറങ്ങി, മഴ നനഞ്ഞു തെളിഞ്ഞു കിടക്കുന്ന ശാന്തമായ വഴികള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ റോഡിന്റെ ഇരുവശത്തും പ്രൌഡഗംഭീരമായി നില്‍ക്കുന്നു. പുതിയ നിര്‍മ്മാണങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. 
കെട്ടിടങ്ങള്‍ , റോഡുകള്‍ ഒക്കെ ഉണ്ടെങ്കിലും, പച്ചപ്പിന് ഒരു കുറവും തോന്നില്ല. വഴിയരുകില്‍ മരങ്ങള്‍ പച്ച വിരിയ്ക്കുന്നു, ഒരു കാട്ടുവഴിപോലെ തോന്നും. ഓരോ കെട്ടിടങ്ങള്‍ക്കും നല്ല പൂന്തോട്ടങ്ങള്‍. കവലകളില്‍ സര്‍ക്കാര്‍വക പൂന്തോട്ടങ്ങള്‍. ഫ്ലാറ്റുകളുടെ ബാല്‍ക്കണികളില്‍ നിന്നും ചെടികള്‍ എത്തിനോക്കുന്നു. .കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ച. അത്യാധുനികതയും, പാരമ്പര്യവും പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ ചില സ്ഥലങ്ങള്‍, ഇതെന്നും ഇങ്ങനെയായിരിക്കട്ടെ.

ഇന്നു ഇവിടെ സംഗീത ദിനം, ഓരോ മൈതാനത്തും പാട്ടുകാര്‍ സ്റ്റേജ് കെട്ടി , ഓര്‍ക്കെസ്ട്ര വച്ച് പാട്ട് പാടുന്നു. പാടിയും കേട്ടും വഴിയിലൂടെ ആള്‍ക്കാരും. ഒഴിവല്ല, അതുകൊണ്ട് വൈകിട്ട് ആയിരിക്കും പാട്ട് കൂടുതല്‍. ആകാശത്തിനും ഭൂമിക്കുമിടയില്‍ വെറുതെ പാടി നടക്കാനായി എല്ലാവര്ക്കും ഒരു ദിവസം.

ഇന്ന് June 21 , 2011 , മറ്റൊരു പാരീസിയന്‍ പുലരിയിലൂടെ ഓഫീസിലേക്ക്.

Saturday, March 19, 2011

നോര്‍മാന്‍ഡി തീരങ്ങളില്‍---3

'ഫെകാമ്പി'ല്‍

രാവിലെ ബസ്‌ സമയത്തിന് കുറച്ചു മുന്‍പു തന്നെ ബസ്‌ സ്റ്റോപ്പിലെത്തി. 'ഫെകാമ്പി' ലേയ്ക്കാണ് യാത്ര . വി.വി.ഐ.പി യെപ്പോലെ ഗമയില്‍, പക്ഷെ കൃത്യസമയത്ത് സര്‍ക്കാര്‍ വണ്ടിവന്നു. വണ്ടിക്കൂലി തുച്ഛം, യാത്രാസുഖം മെച്ചം.

ഡ്രൈവറായിരുന്നു താരം. വഴിയില്‍ പരിചയക്കാരെ കാണുമ്പോള്‍ ഹോണ്‍ അടിച്ചു സലാം വച്ച് ആസ്വദിച്ചു വണ്ടിയോടിക്കുന്നു. വളവും തിരിവും ഉള്ള വഴി ആയതുകൊണ്ട് യാത്രികര്‍ ഇരുന്ന ശേഷമേ വണ്ടി മുന്നോട്ടെടുക്കൂ. ഇറങ്ങുന്നവര്‍ ബസ്സിന്‍റെ അടുത്ത് നിന്ന് മാറിയെന്ന് കണ്ണാടിയില്‍ കൂടി നോക്കി ഉറപ്പു വരുത്തുന്നുമുണ്ട്. കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവരെ കൈപിടിച്ച് സഹായിക്കും. യാത്രികരും വഴിനടക്കാരും ഇദ്ദേഹത്തിന്‍റെ അടുത്ത സ്വന്തക്കാര്‍ ആണെന്നെ തോന്നൂ. സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള പെരുമാറ്റം. ഇതിനിടയില്‍ ഒരു അമ്മുമ്മ, തന്‍റെ വീടിനു സമീപം ബസ്‌ നിര്‍ത്തിച്ചു, ഷോപ്പിംഗ്‌ കാര്‍ട്ട് ഒന്നിറക്കി വപ്പിച്ചു. 50 സെന്‍റ് (യൂറോയുടെ പൈസ ) ഡ്രൈവറുടെ കൈയില്‍ വച്ച് കൊടുത്തു. നിഷ്കളങ്കമായ കൈക്കൂലി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഓരോ സ്റ്റോപ്പിലും കൃത്യ സമയത്തു വണ്ടിയെത്തുന്നുമുണ്ട്.

'ഫെകാമ്പ്‌' കുറെക്കൂടി വലിയ പട്ടണമാണ്. കടലും കടലിടുക്കും അഴിമുഖവും ഒക്കെ കാണാം. കടലിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കുന്നുകള്‍ ഒരു വശത്ത്. ഇവിടം പണ്ട് മുക്കുവരുടെ സ്ഥലം ആയിരുന്നു. ബോട്ട് ജെട്ടിയ്ക്കടുത്തു ഒരു മുക്കുവ മ്യുസിയവും ഉണ്ട്. പഴയ ഒരു കൊട്ടാരത്തെ കുറിച്ചും ('ബനഡിക്ടിന്‍' പാലസ്) കേട്ടു. ടൂറിസ്റ്റ് ഹോട്ടല്‍ ധാരാളമായി കാണുന്നു. ബസ്‌ സമയം കൂടി കണക്കാക്കി, കൊട്ടാരവും മുക്കുവ മ്യൂസിയവും കണ്ടു തിരിച്ചു പോകാന്‍ തീരുമാനിച്ചു.

കെട്ടിടങ്ങളെല്ലാം പഴയ മോഡല്‍ ആണ്, ഇതില്‍ കൊട്ടാരം കണ്ടുപിടിക്കണം. ഗൂഗിള്‍ ഭഗവാനാണ് വഴികാട്ടി, മൊബൈല്‍ ഫോണില്‍ 'നാമിപ്പോള്‍ എവിടെ ആണ്' എന്ന് തിരക്കി പ്രശാന്ത്‌ മുന്നിലും. വഴിയില്‍ കൊട്ടാരത്തിലേക്കുള്ള ചൂണ്ടുപലക നോക്കി ഞങ്ങള്‍ പിന്നിലും. ഗൂഗിള്‍ പണിമുടക്കിയാല്‍ വഴിതെറ്റരുതല്ലോ.

'ബനഡിക്ടിന്‍' പാലസിനു മറ്റൊരു പ്രത്യേകതയുണ്ട്. 'ബനഡിക്ടിന്‍' എന്ന് പേരായ മദ്യത്തിന്‍റെ നിര്‍മ്മാണ പ്രക്രിയ നമുക്ക് കാട്ടിത്തരുമത്രേ! കൊട്ടാരം, മ്യൂസിയം, വാറ്റുകേന്ദ്രം. ഒരു വെടിക്ക് മൂന്നു പക്ഷി. ഇത്രടം വന്നിട്ട് കാണാതെ പറ്റുമോ?

കൊട്ടാരത്തിന്റെ സ്വീകരണ മുറിയില്‍ ഞങ്ങളെത്തിയപ്പോള്‍ 11.30 ആകുന്നു. അവിടിരുന്ന ചേച്ചി പറഞ്ഞു, ശരിക്കൊന്നു കണ്ടുവരാന്‍ ഒരു മണിക്കൂര്‍ വേണം. 12.00 മണിക്ക് അടയ്ക്കും. പെട്ടെന്ന് പോയി വന്നോളൂ. സമയം കുറവായതു കൊണ്ട് ടിക്കറ്റ്‌ നിരക്കില്‍ ഇളവും തന്നു. അതിന്‍റെ കൂടെ 'ബനഡിക്ടിന്‍' രുചിക്കാനുള്ള ടോക്കണ്‍ ഫ്രീ !! വെടിക്ക് പക്ഷി നാല്.

വിശാല സുന്ദരമായ അകത്തളങ്ങള്‍. 'ബനഡിക്ടിന്‍റെ' നിര്‍മ്മാണ രീതികള്‍ അടങ്ങിയ പുസ്തകങ്ങള്‍, പുരാതന ബൈബിള്‍ പ്രതികള്‍, മറ്റു പഴയ ഗ്രന്ഥങ്ങളുടെ ഒക്കെ വലിയ ശേഖരം. പുസ്തകങ്ങള്‍ ഇരുമ്പഴികള്‍ക്കുള്ളിലാണ്. സന്ദര്‍ശകര്‍ക്ക് തൊടാന്‍ പറ്റില്ല. പഴക്കം പുറം ചട്ട കണ്ടൂഹിക്കാം. ഇളകി പ്പോയ ചിലതാളുകള്‍ പ്രത്യേകം ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്. എഴുത്തുകാരുടെ ആത്മാക്കള്‍ ഇവിടെയൊക്കെ കറങ്ങി നടപ്പുണ്ടോ ആവൊ.

ഒരു വശത്ത് അക്കാലത്തെ മുക്കുവരുടെ ചിത്രങ്ങള്‍ കാണാം. ഒക്കത്ത് കുട്ടിയുമായുള്ള ഒരു മുക്കുവ സ്ത്രീയുടെ ചിത്രം കണ്ടപ്പോള്‍ അപ്പുക്കുട്ടന്‍ വിളിച്ചു കൂവി, 'അമ്മേ ദേ യശോദേം കൃഷ്ണനും. ഇവര്‍ ഇവിടെയും വന്നിരുന്നോ?' എന്ന്. ചിത്രങ്ങളും പുസ്തകങ്ങളും കണ്ടു കഴിഞ്ഞപ്പോള്‍ തുറന്ന വാതിലുകള്‍ തീര്‍ന്നു. സ്വീകരണ മുറിയില്‍ കണ്ട ചേച്ചി ഓടി വന്നു മറ്റൊരു വാതില്‍ തുറന്നു തന്നു. മ്യൂസിയത്തിന്‍റെ ടെലിവിഷനിലൂടെ അവര്‍ നിരീക്ഷിക്കുന്നുണ്ടാവണം. അടുത്ത മുറിയില്‍ ഒരു സിനിമ സ്ക്രീനും ആളില്ലാത്ത കുറച്ചു കസേരകളും കണ്ടു.

'ബനഡിക്ടിന്‍' നിര്‍മാണവും ചരിത്രവും - 5 മിനിറ്റ് ഡോകുമെന്ററി ഞങ്ങള്‍ക്ക് വച്ചു തന്നു. രാജ്യങ്ങളായ രാജ്യങ്ങളില്‍ നിന്നും ഇരുപത്തിയേഴു തരം സുഗന്ധ വ്യഞ്ജനങ്ങള്‍ ശേഖരിച്ചു , പ്രത്യേക അനുപാതത്തില്‍ വാറ്റിയെടുത്തുണ്ടാക്കിയ സത്താണത്രേ 'ബനഡിക്ടിന്‍'. ഇതു മദ്യത്തില്‍ കലര്‍ത്തിയും, മധുരത്തില്‍ കലര്‍ത്തിയും, മരുന്നിനായും ഉപയോഗിക്കാം. 'ബനഡിക്ടിന്‍' ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ഏക സ്ഥലമാണ് ഈ കൊട്ടാരത്തിന്റെ അടുത്ത ഭാഗം. ഇതിന്‍റെ അനുപാത രഹസ്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കണ്ടുപിടിച്ചത് പുരോഹിതരാണെന്നും, വിപ്ലവ കാലത്ത് നിര്തലാക്കപ്പെട്ടുവെന്നും കേട്ടു. തുടര്ന്ന് ഇതിന്‍റെ നിര്‍മാണ രഹസ്യം നഷ്ടപ്പെടുകയും ചെയ്തു. നഷ്ടപ്പെട്ടുപോയ പുസ്തകങ്ങള്‍ പിന്നീട് തിരികെ കിട്ടിയപ്പോള്‍ ഉല്പാദനം പുനരാരംഭിച്ചു.

ഡോക്യുമെന്‍ററി കഴിഞ്ഞു അടുത്ത മുറി തുറന്നു ചേച്ചി ഞങ്ങളെ അകത്തേക്ക് നയിച്ചു, മേല്‍പ്പറഞ്ഞ സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ.‍ ചാക്കുകളില്‍ ഏലം, ഗ്രാമ്പൂ, മഞ്ഞള്‍ , മല്ലി , ചില പൂവുകള്‍ ഒക്കെ നിറച്ചു വച്ചിരിക്കുന്നു. ഓരോ രാജ്യത്തിനും പ്രത്യേക സ്ഥലം ഉണ്ട്. അതാത് സ്ഥലത്തിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ കുറേശ്ശെ കാണാനും വച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്ത്‌, മഞ്ഞളും, മല്ലിയും, കുരുമുളകും ഒക്കെകൊണ്ട് ഒരു അത്തപ്പൂക്കളം. ഒരു നാഴി ഉണങ്ങിയ പൂക്കളും കണ്ടു. ഭിത്തിയില്‍ മൂന്നു നാല് പട്ടു സാരികള്‍ തൂങ്ങിക്കിടക്കുന്നു. പിന്നെ ഇന്ത്യയുടെ ചില ചിത്രങ്ങളും. ഏലവും ഗ്രാമ്പൂവും മറ്റും മറ്റുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ ഭാഗത്താണ് കണ്ടത്.

കൂട്ടുകള്‍ കണ്ടു കഴിഞ്ഞപ്പോള്‍, അടുത്ത മുറി തുറന്നു. ഓരോ മുറി തുറക്കുന്നതിനു മുന്‍പ് ചേച്ചി ഓടിപ്പോയി പുറകിലത്തെ വാതില്‍ അടയ്ക്കുന്നുണ്ടായിരുന്നു. മുന്നില്‍ ഒരു ഇടനാഴി , തുടങ്ങുന്നിടത്ത് 'ബനഡിക്ടിന്‍' നിര്‍മ്മാണത്തിന്റെ വലിയ ചിത്രം ഭിത്തിയില്‍. ചേച്ചി ഉത്സാഹത്തോടെ പ്രവര്‍ത്തനം വിശദീകരിച്ചു. ആദ്യം കാണുന്ന നാല് വലിയ ഡിസ്റ്റ്ലറികളില്‍ പ്രത്യേക അനുപാതത്തില്‍ സുഗന്ധ ദ്രവ്യങ്ങള്‍ മിക്സ്‌ ചെയ്യുന്നു. ഒന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഇവ നാലും അടുത്ത ഏതോ അനുപാതത്തില്‍ സംയോജിപ്പിച്ച് വലിയ വീപ്പകളില്‍ നിറയ്ക്കുന്നു. കുറച്ചു മാസങ്ങള്‍ അങ്ങനെ തന്നെ സൂക്ഷിക്കും. അതിനു ശേഷം , മറ്റൊരു നിലവറയിലേക്ക് മാറ്റും. അടുത്ത വാതില്‍ തുറന്നു വലിയ ഒരു നിലവറ കാണിച്ചു തന്നു. 'ഓക്ക്' തടികള്‍ കൊണ്ടുണ്ടാക്കിയ വലിയ വീപ്പകള്‍ നിറഞ്ഞ നിലവറ. അതിന്‍റെ മുകള്‍ വശം നിറയെ പൈപ്പുകളാണ്. വര്‍ഷങ്ങളോളം ഈ നിലവറയില്‍ ഇരുന്നു സുഗന്ധദ്രവ്യക്കൂട്ട് മത്തുപിടിച്ച് മദ്യമാകുന്നു. ആരോമാറ്റിക് ഹെര്‍ബല്‍ ബിവറേജ്. ദശമൂലാരിഷ്ടത്തിന്റെ ചേട്ടന്‍.

ഇടയ്ക്കിടെ ഓരോ വീപ്പകള്‍ ഒഴിയും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സുഗന്ധ ദ്രവ്യങ്ങള്‍ ഏറ്റുവാങ്ങി അടയും. പിന്നെ കാലങ്ങളോളം തപസ്സുചെയ്യും. ഇതു കുപ്പിയിലാക്കി സീലൊട്ടിച്ചു വിതരണം ചെയ്യാന്‍ മറ്റൊരു കേന്ദ്രം ഉണ്ട്, ഫ്രാന്‍സില്‍ തന്നെ. ഇന്ത്യ തങ്ങളുടെ നല്ലൊരു കസ്റ്റമര്‍ കൂടി ആണ് എന്ന് അവര്‍ സൂചിപ്പിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചും സംശയങ്ങള്‍ അന്വേഷിച്ചും വളരെ സന്തോഷപൂര്‍വം അവര്‍ ഞങ്ങളുടെ കൂടെ നടന്നു.

'നമ്മുടെയൊക്കെ നാട്ടില്‍ നിന്ന് സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ടു വന്നു വാറ്റി, ലേബല്‍ ഒട്ടിച്ചു തിരിച്ചയയ്ക്കുന്നു. വലിയ വിലകൊടുക്കാന്‍ കഴിയുന്നവര്‍ വാങ്ങി കുടിക്കുന്നു. അല്ലാത്തവര്‍ക്ക് സ്പിരിട് കടത്തും, വ്യാജ വാറ്റും, വിഷമദ്യ ദുരന്തവും. ഇതുപോലെ ഒരു ‍സാങ്കേതികവിദ്യ എന്തുകൊണ്ട് നമ്മള്‍ ഔദ്യോഗികമായി വികസിപ്പിച്ചില്ല? പോട്ടെ, ചാരായത്തിന്‍റെ പോരായ്മകള്‍ നികത്തി, അത് പരിഷ്കരിക്കാമായിരുന്നു. അതും പോട്ടെ, നമ്മുടെ ദേശീയ പാനീയം, തെങ്ങിന്‍ കള്ള് , ലോകോത്തര ബ്രാണ്ടായി അറിയപ്പെടെണ്ട 'ഹെര്‍ബല്‍ ബിവറേജ്' അല്ലെ? ഇതൊക്കെ ഉണ്ടാക്കി എക്സ്പോര്‍ട്ട്‌ ചെയ്യേണ്ടവരല്ലേ നമ്മള്‍?'
'ഇപ്പോഴുള്ളത് നമുക്ക് തന്നെ തികഞ്ഞു പറ്റുന്നില്ല, അപ്പോളാ എക്സ്പോര്‍ട്ട്‌' - എന്റെ ചിന്തകള്‍ പ്രശാന്ത്‌ ഒടിച്ചു മടക്കി.

(കുറിപ്പ്: ഇത് വായിച്ചു ആരെങ്കിലും വ്യാജവാറ്റ്‌ തുടങ്ങിയാല്‍ ഞാന്‍ ഉത്തരവാദിയല്ല - മദ്യപാനം ആരോഗ്യത്തിന് ഹാനികരം )

നിലവറയില്‍ നിന്നും പുറത്തു കടന്നു. ഒരു ചെറിയ കൌണ്ടര്‍. മൂന്നു തരം മദ്യം, നാച്ചുറല്‍ സ്വീറ്റ്‌, സ്ട്രോങ്ങ്‌, പിന്നെ മറ്റെന്തോ. കൌണ്ടറില്‍ നില്‍ക്കുന്ന ചേട്ടന്‍ ടോക്കണ്‍ വാങ്ങി, ഓരോ വലിയ ഗ്ലാസ്‌ എടുത്തു ഏതു വേണം എന്ന് ചോദിച്ചു. കേട്ടിട്ട് മനസ്സിലായ പേര് ഞാനും പറഞ്ഞു. ആ വലിയ ഗ്ലാസിന്റെ താഴെ അറ്റത്തു വളരെ കുറച്ച് (രുചി നോക്കാന്‍ മാത്രം) ഒഴിച്ചു തന്നു. ഞാന്‍ ജനിക്കുന്നതിനും മുന്‍പ് എന്റെ നാട്ടില്‍ നിന്നും കൊണ്ടുവന്ന സുഗന്ധ വ്യഞ്ജനങ്ങള്‍, എത്ര കാലം എന്നെ കാത്തു നിലവറയില്‍ കിടന്നു, രുചിക്കാതെ പോയാല്‍ പാപം കിട്ടും. മദ്യത്തിന്‍റെ വൃത്തികെട്ട ഗന്ധം വെറുക്കുന്ന എനിക്ക് കിട്ടിയ സമ്മാനം. എലയ്ക്കയുടെയും ഗ്രാമ്പൂവിന്റെയും മണമുള്ള, കട്ടന്‍ ചായയില്‍ പഞ്ചസാരയും കുരുമുളകും ഇട്ടതുപോലെ രുചിയുള്ള ' നാച്ചുറല്‍ സ്വീറ്റ് ബനഡിക്ടിന്‍' . ഇതെങ്ങനെ നമ്മുടെ നാട്ടില്‍ ചിലവാകുന്നു എന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

രുചിച്ചു നോക്കിയവര്‍ക്ക്, കൂടുതല്‍ വേണമെങ്കില്‍ കാശു കൊടുത്തു വാങ്ങണം , കാലപ്പഴക്കം അനുസരിച്ച് വിലയിട്ടിട്ടുണ്ട്. വില കണ്ടാല്‍ ഞെട്ടും. കാലത്തിന് ഒടുക്കത്തെ വിലയാണ്.

എവിടെയോ വായിച്ചിരുന്നു, ഓരോ കാലഘട്ടത്തിലും 'ബനഡിക്ടിന്‍' ടെക്നോളജി മൂന്നു പേരില്‍ മാത്രമാണെന്ന് പകര്‍ന്നിരുന്നതെന്ന്. ശരി ആണോന്നറിയില്ല, ഏതായാലും ആ വലിയ കൊട്ടാരത്തില്‍ സന്ദര്‍ശകരല്ലാതെ മൂന്നു പേരെ ഉണ്ടായിരുന്നുള്ളൂ. അവര്‍ നടത്തിപ്പുകാര്‍ ആണെന്നാണ് തോന്നിയതും.

കൊട്ടാരസന്ദര്‍ശനം കഴിഞ്ഞ് ഉച്ച ഭക്ഷണത്തിനായി ഒരു ഹോട്ടലില്‍ കയറി. ചോറും മീനും ഉള്ള ഒരു മെനു ഓര്‍ഡര്‍ ചെയ്തു. കുറച്ചു ചോറും, ആ കടലില്‍ ഉള്ള എല്ലാതരം മീനിന്‍റെയും ഓരോ കഷണങ്ങള്‍ ഉപ്പും മുളകുമിടാതെ പുഴുങ്ങിയതും, മേമ്പൊടിക്ക് കുറച്ചു ഉണക്കറൊട്ടികളും. ഈ ഉണക്കറൊട്ടിക്കു നല്ല രുചിയാണ് ചില സമയത്ത്.

ഭക്ഷണത്തിന് ശേഷം മുക്കുവ മ്യൂസിയം കാണാന്‍ കയറി, കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ ചെറിയ കസേരകള്‍ ഉണ്ട്. മേശമേല്‍ പഴയ പായ കപ്പലിന്റെ ചിത്രങ്ങളും, കുറച്ചു ചായപ്പെന്‍സിലുകളും. അപ്പൂസ്‌ തിരക്കിലായി.

കടലിന്‍റെ വിളികേട്ട് സാഹസികരായി ജീവിച്ചുമറഞ്ഞ കുറെ മുക്കുവരുടെ, കപ്പലിന്‍റെ, കപ്പിത്താന്മാരുടെ ഒക്കെ കഥ പറയുന്ന സ്ഥലം. മുക്കുവര്‍ കീഴടക്കിയ സ്രാവിന്റെ പല്ലുകള്‍ വരെ ഉണ്ട്.പഴയ നങ്കൂരം , ദിശാസൂചികള്‍, ഒക്കെ സൂക്ഷിച്ചിരിക്കുന്നു. അക്കാലത്തുണ്ടാക്കിയ ഒരു വലിയ ഗ്ലോബ് കണ്ടു. അതിലെ സ്ഥലപ്പേരുകള്‍ കഷ്ടിച്ച് വായിക്കാം. ഇന്ത്യയുടെ ചുവട് ഇപ്പോഴത്തെപ്പോലെ തന്നെ, മുകള്‍ ഭാഗം വിശാലമാണ്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നൊന്നുമില്ല. തുടര്‍ച്ചയായി പട്ടണങ്ങളുടെ നീണ്ട പേരുകള്‍, അക്ഷരങ്ങള്‍ മാഞ്ഞും അവ്യക്തമായും കിടക്കുന്നു. ഇന്തോസ്ഥാന്‍ എന്നും മറ്റും ഇടയ്ക്ക് വായിച്ചു. ഗംഗാ നദിയുടെ പേരും വായിച്ചു.

പാതയൊരുക്കി കഴിഞ്ഞപ്പോള്‍ മുക്കുവരും, കപ്പിത്താന്‍മാരും ചരിത്രത്തിലായി. പിന്നെ സഞ്ചാരികളുടെ അശ്വമേധം. അങ്ങനെ അധിനിവേശ ചരിത്രത്തിന്‍റെ ഉറവിടങ്ങള്‍ കണ്ടു ഞങ്ങള്‍ മടങ്ങി.

തിരികെ എത്രിത്തായില്‍ എത്തിയപ്പോള്‍ ഇരുട്ട് വീണിരുന്നു.. കടല്‍ കുറെ അധികം കയറിയിട്ടുണ്ട്. ഒരു കുന്നു കൂടി വെറുതെ കയറി. കുന്നിന്‍ മുകളില്‍ ആളൊഴിഞ്ഞ ദേവാലയം പ്രകാശിച്ചു നില്‍ക്കുന്നു. എത്രിതായുടെ രാത്രി ഭംഗി നുകര്‍ന്നു കുറച്ചിരുന്നു.

തീരത്തിനോട് യാത്ര പറഞ്ഞു പിറ്റേന്നു രാവിലത്തെ ബസ്സില്‍ 'ല ഹാര്‍വി'ലെത്തി. പാരീസിലെയ്ക്കുള്ള ട്രെയിന്‍ ഞങ്ങളെ കാത്തു കിടപ്പുണ്ട്. അടുത്ത് വന്നിരുന്ന സ്ത്രീ, ഒരു നോട്ടു ബുക്കില്‍ വരുന്ന ആഴ്ച ചെയ്യണ്ട കാര്യങ്ങള്‍ എഴുതിവയ്ക്കുന്നു.

വര്‍ത്തമാനകാലത്തിന്‍റെ ഓരോരോ തിരക്കുകള്‍ , നാളയുടെ ചരിത്ര വിശേഷങ്ങളും‍.
-------------------------------------------------Sunday, March 13, 2011

നോര്‍മാന്‍ഡി തീരങ്ങളില്‍---2


വെള്ളം കുടിക്കുന്ന കല്ലാനകള്‍

വളവു തിരിഞ്ഞ് ഓരോ കുന്നു കയറുമ്പോഴും ഞങ്ങള്‍ 'എത്രിത്താ' യെ തേടിക്കൊണ്ടിരുന്നു. കുന്നിറങ്ങി ചെല്ലുന്നത് പലപ്പോഴും കടല്‍ മുനമ്പുകളില്‍. വീണ്ടും തിരിഞ്ഞു കുന്നുകളിലേക്ക്. ഇടയ്ക്കു ചില ജനവാസ കേന്ദ്രങ്ങള്‍ കാണാം. കുന്നിന്‍ ചരിവുകളില്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നു. നല്ല ഇനത്തില്‍ പെട്ട പശുക്കള്‍. (കണ്ണ് പെടാതിരിക്കട്ടെ). പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വളരെ പ്രശസ്തമാണ് നോര്‍മാന്‍ഡി. ഈ പുല്‍മേടുകളില്‍ നിന്നാണ് പാരീസിലും പാലെത്തുന്നത്. പാലൂട്ടുന്ന പ്രകൃതിയെ നന്ദിപൂര്‍വം നോക്കിയിരിക്കെ, കുറെ അധികം വീടുകള്‍ ഉള്ള ഒരു പ്രദേശത്തെത്തി. അവിടെ മാത്രം കുന്നിന്‍ മുകള്‍ വരെ വീടുകള്‍ കണ്ടു. തട്ട് തട്ടായി 'പുരകൃഷി' നടത്തിയിരിക്കുന്നതു പോലെ. (കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും അദായം തരുന്ന കൃഷിയാണ് ‍). മൂന്നാര്‍ ജെ.സി.ബി കൊണ്ട് ഒറ്റ പിടി പിടിച്ചാല്‍ മതി. കുന്നു വേറെ , കുടില് വേറെ.

അവിടെയും നിര്‍ത്താതെ വളഞ്ഞു പുളഞ്ഞു വണ്ടി പൊയ്ക്കൊണ്ടിരുന്നു. തിരക്കില്ലാത്ത വഴിയാണ്. ഡ്രൈവര്‍ ലോങ്ങ്‌ റൂട്ട് എടുത്തു പറ്റിക്കുകയാണോ എന്ന സ്വാഭാവിക സംശയം തോന്നിപ്പോയി. പിന്നീട് പ്രകൃതി ഭംഗിയിലല്ല, കുതിച്ചു കയറുന്ന മീറ്ററിലായി ഞങ്ങളുടെ ശ്രദ്ധ. പ്രശാന്ത്‌ ഇടയ്ക്കു പോക്കറ്റ് തടവി, പുറത്തെങ്ങാനും എ.ടി.എം ഉണ്ടോന്നു നോക്കുന്നുണ്ടായിരുന്നു. ദൂരെ ഒരു ചൂണ്ടുപലക. എത്രിതായിലേക്ക് ഇനി 8 km മാത്രം. അങ്ങനെ അരമണിക്കൂര്‍ യാത്രക്ക് ശേഷം കുന്നിന്‍ ചരിവിലുള്ള ഒരു പട്ടണത്തിന്റെ നടുക്ക് വണ്ടി നിന്നു. പാരിസില്‍ നിന്ന് ഒരാള്‍ക്ക്‌ 'ല ഹാര്‍വു' വരെ എത്താനുള്ള തുക, ഈ ടാക്സി യാത്രക്ക് മുടക്കേണ്ടിവന്നു. വെറുതെ അല്ല ഇന്നാട്ടില്‍ ആരും ടാക്സി വിളിക്കാത്തത്. ഏതായാലും ഡ്രൈവര്‍ക്ക് കാശ് കൊടുത്തു പ്രത്യക നന്ദിയും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി. ഇടുങ്ങിയ വഴികളും, കുറെ പഴയ വീടുകളും. അടുത്തെവിടെയോ കടലിരമ്പുന്നത് കേള്‍ക്കാം.

മുന്‍പില്‍ ഹോട്ടല്‍ 'ഫലായിസ്‌', രണ്ടു ദിവസത്തെക്ക് ഞങ്ങള്‍ക്ക്‌ ആതിഥ്യമൊരുക്കി കാത്തിരിക്കുന്നു. രണ്ടു മൂന്നു നിലയുള്ള ഒരു പഴയ തടിക്കെട്ടിടം. ഇവിടെ കെട്ടിടങ്ങളുടെ പഴക്കം അതിന്റെ പ്രൌഡിയായി കണക്കാക്കപ്പെടുന്നു. റിസപ്ഷനില്‍ ചെന്ന് പരിചയപ്പെടുത്തി, റൂമിന്‍റെ താക്കോലും, വൈകി വന്നാല്‍ ഹോട്ടലിന്റെ പുറത്തെ വാതില്‍ തുറക്കാനുള്ള കോഡ്നമ്പറും വാങ്ങി. ഫ്രാന്‍സില്‍ പൊതുവേ ഉള്ള രീതിയാണ്, കെട്ടിടങ്ങളുടെ പ്രധാന വാതിലുകള്‍ക്കെല്ലാം നമ്പര്‍ കോഡ്. കോണിപ്പടി കയറി ഒന്നാം നിലയിലെ റൂമിലെത്തി. അപ്പൂസിനോട് ആദ്യമേ പറഞ്ഞു, 'തടിപ്പുരയാണ്, ചാടിമറിഞ്ഞാല്‍ താഴത്തെ മുറിയില്‍ തട്ടുമ്പുറത്തോടുന്ന ശബ്ദം കേള്‍ക്കും'. വലിയ പ്രശ്നമുണ്ടാവില്ലെന്നു തോന്നുന്നു. ഹോട്ടലിന്റെ മുന്നില്‍ എഴുതി വച്ചിട്ടുണ്ട്. പെറ്റ്സിനും പ്രവേശനം ഉണ്ടെന്ന്! കുട്ടികളോടും ക്ഷമിക്കുന്നവരാകണം. മുറിയില്‍ കുറച്ചു വിശ്രമിച്ച ശേഷം ഞങ്ങള്‍ പട്ടണം കാണാനിറങ്ങി.

ഒരു ചെറിയ പാര്‍ക്കിംഗ് ഏരിയ‍, ബസ്റ്റോപ്പ്‌, ഇതിന് സാക്ഷ്യം വഹിച്ചു കൊണ്ട് സാമാന്യം വലിയ ഒരു കെട്ടിടം, അതിന്റെ മുന്നില്‍ യുറോപ്യന്‍ യൂണിയന്‍റെയും ഫ്രാന്‍സിന്‍റെയും കൊടികള്‍ പാറുന്നു. അത് നഗര ഭരണ കേന്ദ്രം. അവിടെ ടൂറിസം ഓഫീസില്‍ പോയി സ്ഥലവിവരങ്ങള്‍ അന്വേഷിച്ചു.

നീളത്തിലുള്ള നോര്‍മാന്‍ഡി തീരം അതിന്‍റെ ഭൂപ്രകൃതി വൈവിധ്യങ്ങളാല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഇടയിലുള്ള ചെറു പട്ടണങ്ങളെല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചവയാണ്. ചരിത്രം മുക്കുവ ഗ്രാമങ്ങളില്‍ നിന്ന് തുറമുഖങ്ങളിലെയ്ക്കും‍, ലോകം കാണാനിറങ്ങിത്തിരിച്ച സഞ്ചാരികളിലേയ്ക്കും നീളുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ ബേസ് ആയിരുന്നു ഇവിടം. പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന അമേരിക്കന്‍ ആശുപത്രി പുറത്തു കാണാം. കൂത്തമ്പലം പോലെ ഒരു കെട്ടിടം. ഇന്ന് അതിനകത്ത് ചെറിയ കരകൌശല കടകള്‍ പ്രവര്‍ത്തിക്കുന്നു.
എത്രിതായില്‍ രണ്ടു മനോഹരമായ കുന്നുകളുണ്ട്, അവിടെ കയറി പ്രകൃതി ഭംഗി ആസ്വദിക്കാം. കുറച്ചടുത്തുള്ള വലിയ പട്ടണമാണ് ഫെകാമ്പ് (Fecamp)‌. അവിടെ അഴിമുഖം, ചില പഴയ മ്യുസിയങ്ങള്‍ ഒക്കെ കാണാം. ടൂറിസം ഓഫീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം പുറത്തിറങ്ങി കടലിന്‍റെ ശബ്ദം കേള്‍ക്കുന്നിടത്തേക്ക് നടന്നു.

വൃത്തിയുള്ള വലിയ കടല്‍ത്തീരം. ഇരുവശങ്ങളിലും കടലിലേയ്കെത്തി നോക്കുന്ന കുന്നുകള്‍. നല്ല തണുത്ത കാറ്റ്, പുതച്ചു മൂടി ആണ് ഞങ്ങളുടെ നടപ്പ്. സീസണ്‍ അല്ലാത്തത് കൊണ്ട് ആള്‍ത്തിരക്കില്ല. കുന്നിന്‍ മുകളിലേക്ക് കയറുന്നവരെയും ഇറങ്ങുന്നവരെയും കാണാം. തീരം നിറയെ ഉരുളല്‍ കല്ലുകളാണ്. പല നിറത്തിലും വലുപ്പത്തിലും ഉള്ള മിനുസമുള്ള കല്ലുകള്‍. കടലിലേയ്ക്ക് ഇറങ്ങുന്നിടത്ത് മുന്നറിയിപ്പ് കണ്ടു. 'ദയവായി കല്ലുകള്‍ എറിഞ്ഞു കളയരുത്, ഈ ഓരോ കല്ലും ഞങ്ങളുടെ തീരത്തെ തിരകളില്‍ നിന്നും സംരക്ഷിക്കുന്നു'. ചില കുട്ടികള്‍ കടലിലേക്ക്‌ കല്ലെറിഞ്ഞു കളിക്കുന്നതും കണ്ടു. വളരെ ഭംഗിയുള്ള കുറച്ചു കല്ലുകളും കടല്ക്കാക്കയുടെ, തൂവലുകളും നിധികിട്ടിയെന്നു വിളിച്ചു പറഞ്ഞു അപ്പുസ്‌ കൊണ്ടുവരുന്നുണ്ടായിരുന്നു. തീരത്തിന്‍റെ നിധി അവിടെത്തന്നെ ഉപേക്ഷിച്ചു ഞങ്ങള്‍ ഉച്ച ഭക്ഷണത്തിനായി മടങ്ങി.

എല്ലാ കടകളിലും കടല്‍ വിഭവങ്ങള്‍ ആണ് സ്പെഷ്യല്‍. പരീക്ഷണത്തിന്‌ നിന്നില്ല, ഒരു ഏഷ്യന്‍ റെസ്റ്റോറന്‍റ് കണ്ടുപിടിച്ചു . നിറഞ്ഞ ചിരിയോടെ കടയുടമ ഞങ്ങളെ സ്വീകരിച്ചു, കുശല പ്രശ്നങ്ങളും തുടങ്ങി. മുന്‍പ് വിയെറ്റ്നാമില്‍ നിന്നും ഫ്രാന്‍സിലെത്തിയതാണ്. പാരീസില്‍ ആയിരുന്നു ആദ്യകാലം. പിന്നെ ഈ സ്ഥലം ഇഷ്ടപ്പെട്ടിവിടെത്തന്നെ കൂടി.മുന്നിലുള്ള വളരെ ചെറിയ ടാക്സി സ്റ്റാന്റ് കാട്ടിക്കൊണ്ട്, വികസനം ഇവിടുത്തെ ശാന്തത കളഞ്ഞു എന്ന് പരിഭവിച്ചു !! 35 വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല എന്ന് നിശ്വസിച്ചു കൊണ്ട് അയാള്‍ അകത്തേക്ക് പോയി. ഞങ്ങള്‍ക്കും എന്തോ, തിരികെ നാട്ടിലെത്താന്‍ തോന്നുന്നതുപോലെ. ചോറും വിയെറ്റ്നാം സ്പെഷ്യല്‍ റോളും , മീനും പച്ചക്കറികളും ചേര്‍ത്ത ഒരു കറിയും (മീനവിയല്‍ എന്ന പേരിതിനു നന്നായി ചേരും ) ഒക്കെ കഴിച്ചു ഞങ്ങള്‍ തീരത്തേക്ക് മടങ്ങി. ഇത്തിരി വിശ്രമത്തിനു ശേഷം ഒന്നാമത്തെ കുന്നു കയറാന്‍ തീരുമാനിച്ചു.

താഴെ നിന്ന് കാണുമ്പോള്‍ തോന്നുന്ന അത്ര ചെങ്കുത്തായ കയറ്റമല്ല. കടലിലേക്ക് കാല്‍തെറ്റി വീഴാതിരിക്കാന്‍ സൈഡില്‍ ഇരുമ്പു വേലികള്‍ ഉണ്ട്, . അല്പം പേടി തോന്നാതിരുന്നില്ല. ഇടയ്ക്കിടെ ചില 'വ്യൂ പൊയന്റ്സ്' മാര്‍ക്ക് ചെയ്തിട്ടുണ്ട്. കടലും മലകളും പട്ടണവുമെല്ലാം ഒറ്റ ഫ്രയിമില്‍ കാണുവാന്‍. ശരണം വിളികളോടെ ഞങ്ങള്‍ കുന്നു കയറി.

കടലും കാറ്റും തീര്‍ത്ത ശില്പങ്ങളാണ് കുന്നിന്‍ പുറം നിറയെ. കടലിലേയ്ക്ക് തള്ളി നില്‍ക്കുന്ന ഭാഗം ആന തുമ്പിക്കയ്യില്‍ വെള്ളം കോരുന്നത് പോലെ. ഒരു മുനമ്പിലെത്തുമ്പോള്‍ ഇടതുവശത്ത് അടുത്ത മുനമ്പ് കാണാം. ഓരോന്നിലും കയറിക്കയറി നടന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നല്ല, ഒരു കൂട്ടം ആനകള്‍ ആണ് വെള്ളം കുടിക്കുന്നത്. ഓരോ ചെറിയ കല്ലിലും കാറ്റിന്‍റെ കയ്യെഴുത്തുണ്ട്. അങ്ങ് താഴെ കടല്‍ വന്നു തൊടുന്ന ഭാഗങ്ങളില്‍ വെണ്ണക്കല്‍ സ്തൂപങ്ങള്‍, വളയങ്ങള്‍ അങ്ങനെ എന്തൊക്കെയോ. അവയ്ക്കിടയിലൂടെ തിര കളിച്ചു തകര്‍ക്കുന്നു. പ്രകൃതി ജീവജാലങ്ങളെ ഡിസൈന്‍ ചെയ്യുന്നത് ഇവിടെ ആണെന്ന് തോന്നും.

എത്ര മുനമ്പുകള്‍ കയറി എന്നറിയില്ല. കാണാന്‍ കുറച്ചു ബാക്കി വച്ച് ഞങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങി. അപ്പോഴും പലരും അടുത്ത മുനമ്പുകളിലേക്ക് നടക്കുന്നുണ്ടായിരുന്നു. എളുപ്പത്തിലുള്ള ഇറക്കം അപകട സാദ്ധ്യത കൂടുതല്‍ ഉള്ളതാണ്, അതുകൊണ്ട് ഇറങ്ങുന്നവര്‍ക്ക് പുറകിലൂടെ മാറി പ്രത്യേക നടപ്പാതയുണ്ട്. അതിന്റെ ഒരു വശത്ത് വിശാലമായ പുല്മൈതാനം, അതൊരു ഗോള്‍ഫ്‌ ക്ലബ്ബിന്‍റെ പ്രൈവറ്റ് സ്ഥലമാണെന്ന് കണ്ടു.

താഴെ തിര കുറെ അധികം കയറിയിട്ടുണ്ട്. വേലിയേറ്റത്തിന്‍റെ സമയ ക്രമം തീരത്ത് എഴുതി വച്ചിരിക്കുന്നു. കൂടെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും. അസൂയമൂത്ത സുനാമിത്തിരകള്‍ ഒരിക്കലും ഈ ടൈം ടേബിള്‍ മോഷ്ടിക്കാതിരിക്കട്ടെ.

കുന്നിന്‍ ചുവട്ടില്‍ കടല് തീര്‍ത്ത ഗുഹകളും കണ്ടു കുറെ നേരം നടന്നു. താഴ്ച്ചയുടെ ഭംഗി മുകളില്‍ കയറി കാണുക, ആഴങ്ങളില്‍ തൊടാന്‍ താഴേക്കിറങ്ങി വരിക. ഇതിന്റെ നിസ്സാരതയില്‍ കല്ലുരുട്ടിക്കളിച്ചവന്റെ നാട്ടുകാരല്ലേ നമ്മള്‍. വട്ടു മൂക്കുന്നതിനു മുന്പു തിരിച്ചു കയറി. രാത്രി ഭക്ഷണം വാങ്ങി വയ്ക്കണം. കടകള്‍ നേരത്തെ അടയ്ക്കും.

ഒരു പിസ്സാശാലയില്‍ കയറി ഓര്‍ഡര്‍ കൊടുത്തു. ഉത്സാഹിയായ കടക്കാരന്‍ ഞങ്ങളോട് വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു കൊണ്ടിരുന്നു. ഞാനും കുറച്ചില്ല. അവിടുത്തെ സ്പെഷ്യല്‍ ആഹാരമായ 'മൊളുല്‍' എനിക്ക് രുചിക്കാന്‍ തന്നു. വെറുതെ പുഴുങ്ങിയ ഒരു പീസ്‌ കക്കയിറച്ചി. അടുത്ത ദിവസം ഇതിനെ ഉപ്പും മുളകുമിട്ടു കറിവയ്ക്കുമ്പോള്‍ കഴിക്കാന്‍ ഞങ്ങളെ പ്രത്യേകം ക്ഷണിച്ചു. അച്ഛനും മകനും ചിരി ഒതുക്കുന്നുണ്ടായിരുന്നു.

പുതിയ ആള്‍ക്കാര്‍ 'പിസ്സ' ഓര്‍ഡര്‍ ചെയ്യാനെത്തി. തിരക്കില്‍ കടക്കാരന്‍ എന്തോ ഓര്‍ത്തതുപോലെ ഞങ്ങളോട് വിളിച്ചു ചോദിച്ചു, ഹാം (ham) വയ്ക്കണോ എന്ന്. 'നോ ഹാം' എന്ന് ഞങ്ങളും വിളിച്ചു പറഞ്ഞു. 'നോ ഹാം (No harm)' എന്ന് ആവര്‍ത്തിച്ചു കൊണ്ട് അയാള്‍ പണിയില്‍ മുഴുകി. ആ ആവര്‍ത്തനത്തില്‍ ഒരു പന്തികേട് തോന്നാതിരുന്നില്ല, ചൂട് 'പിസ്സ'യും വാങ്ങി മുറിയില്‍ ചെന്ന്, കഴിക്കാന്‍ തുറന്നപ്പോള്‍ പന്നിയിറച്ചിയുടെ പച്ച ഇതളുകള്‍ 'പിസ്സ'യുടെ ഇടയില്‍ അലങ്കരിച്ചു വച്ചിരിക്കുന്നു! ഫ്രാന്‍സിലെ ഒരു സാധാരണ ഭക്ഷണമാണ്. ഇറച്ചി പ്രിയരായ ആളുകള്‍ പോലും ഇതുകണ്ടാല്‍ ഒന്നറച്ചേക്കും . സ്നേഹക്കൂടുതല്‍ കൊണ്ട് മാത്രമാണ് അയാള്‍ ഈ ചതി കാണിച്ചത്. നിന്ദിക്കാന്‍ പാടില്ല, അല്ല, അതിനു വിശപ്പ്‌ അനുവദിക്കുന്നുമില്ല. ചില പരീക്ഷണ നിമിഷങ്ങള്‍. നമ്മളോടാ കളി? പൂവിതളുകള്‍ മാറ്റിവച്ചു ഞങ്ങള്‍ ഭക്ഷണം കഴിച്ചു.

പതുക്കെ എത്രിത്തായിലെ ഒന്നാം ദിവസം ഉറക്കത്തിലേക്ക് വഴുതി വീണു.