Monday, August 22, 2011

ലൂവാ നദീതടങ്ങളില്‍ (Loire vally) --3


ബ്ലൂവായില്‍ നിന്നും പുറപ്പെടുന്ന ബസ്സ്‌ ഷാമ്പോര്‍ട് കഴിഞ്ഞു പോകുന്നത് ഷവേണി (cheverny)യിലേക്കാണ്.      മറ്റൊരു നായാട്ടുകൊട്ടാരം.  അടുത്ത ദിവസം രാവിലത്തെ ബസ്സില്‍ ഞങ്ങള്‍ ഷവേണിയിലേക്ക് തിരിച്ചു. ഷാമ്പോര്‍ഡില്‍ ഞങ്ങളൊഴികെ എല്ലാവരും ഇറങ്ങി. അപ്പോഴാണറിഞ്ഞത്, രാവിലത്തെ ബസ്‌ ഇവിടെ വരയെ ഉള്ളൂ. ഷവേണിയിലേക്ക് പോകാന്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞു വീണ്ടും വരും.

കാടുകള്‍ കളിയാക്കി ചിരിക്കുന്നു. ചാറ്റല്‍ മഴയും നനഞ്ഞു, കാടിന്റെ തീരഭൂമിയില്‍ നടന്നും ഇരുന്നും കിടന്നും സമയം തീര്‍ന്നു. മനുഷ്യരെയും മൃഗങ്ങളെയും ഭയക്കാതെ പ്രകൃതിയുടെ മടിയില്‍, കുറച്ചു സമയം കൂടി. സ്വച്ഛമായ ഈ സ്വാതന്ത്ര്യത്തിന്റെ സുഖം എല്ലായിടത്തും എല്ലായ്പ്പോഴും ഉണ്ടായിരുന്നെങ്കില്‍!  മനസ്സിന്‍റെ ഓരോ അത്യാഗ്രഹങ്ങള്‍.

ചെറിയ ഷോപ്പിംഗ്‌ സ്ഥലങ്ങളും ഭക്ഷണ ശാലകളും ബസ്‌റ്റോപ്പിനടുത്തുണ്ട്. ഷോപ്പിംഗ്‌ സ്ഥലങ്ങളില്‍ എല്ലാം സ്വദേശ വസ്തുക്കളാണ്. അതൊരു വലിയ പ്രത്യേകത ആയി തോന്നി. ദേശഭേദമെന്യേ മിക്ക സ്ഥലങ്ങളിലും ' കൌതുക വസ്തുക്കള്‍' ചൈനക്കാരാണ് എത്തിക്കുന്നത്. ലൂവാ നദിക്കരയില്‍ ഇപ്പോഴും ഒരു സ്വദേശിക്കാറ്റ്. കര്‍ഷകരുടെ ചെറിയ കടകള്‍, കാട്ടുതേന്‍, ജാം, ബ്രഡ്, ചെന്നായത്തോലുകള്‍ ഒക്കെ വില്‍ക്കുന്നു. ഉച്ച ഭക്ഷണമായി ഓരോ സാന്‍ഡ്-വിച്ച്  കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഷവേണിക്കുള്ള ബസ്‌ വന്നു.

വീണ്ടും കാട്ടിലൂടെ, നദീതീരത്തുകൂടെ അരമണിക്കൂര്‍ യാത്ര. ഷവേണി ഒരു രാജകൊട്ടാരമല്ല, രാജസേവകരായ പ്രഭുക്കന്മ്മാര്‍ തീര്‍ത്ത നായാട്ടു കേന്ദ്രം ആണ്. അതുകൊണ്ട് തന്നെ വിപ്ലവത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിക്കാത്ത ഒരു കൊട്ടാരം. പ്രശസ്ത കോമിക് ആയ  'ടിന്‍-ടിന്‍' കഥകളില്‍ ഈ കൊട്ടാരത്തിന്‍റെ    പശ്ചാത്തലം ഉണ്ട്. സന്ദര്‍ശകര്‍ക്കായി 'ടിന്‍-ടിന്‍' കഥകളുടെ  പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നു.

കൊട്ടാരത്തിന്‍റെ പഴയ  അടുക്കളത്തോട്ടം ഇപ്പോഴും സംരക്ഷിക്കുന്നു. മുന്തിരിയും,ആപ്പിളും,മത്തനും, തക്കാളിയും  മുളകും എല്ലാം കുറേശ്ശെയുണ്ട്.  ധാരാളം റോസാ പൂക്കളും.

തോട്ടത്തിന്റെ പിന്നില്‍ നിന്നും  ഭ്രാന്ത് പിടിച്ചപോലെ പട്ടികളുടെ കുര. നായാട്ടിന്റെ ഓര്‍മയ്ക്ക് കുറെയേറെ പട്ടികളെ ഇന്നും വളര്‍ത്തുന്നു. പഴയ വേട്ടപ്പട്ടികളുടെ പിന്മുറക്കാര്‍ ആണ്. കാണികള്‍ ആരോ പ്രകോപിപ്പിച്ചത്തിന്റെ പ്രതിഷേധം. പൂട്ടിയ ഗേറ്റിനുള്ളില്‍ നിന്നും മറ്റൊരു വിപ്ലവധ്വനി.

കൊട്ടാരം കണ്ടിറങ്ങി. ചുറ്റുമുള്ള കാട്ടിലേക്ക് നേരിട്ട് പോകാന്‍ അനുവാദമില്ല. ഇലക്ട്രിക്‌ കാറില്‍ (ഒരു കാളവണ്ടിയുടെ വേഗം മാത്രം) സവാരി ഉണ്ട്.  കാട്ടില്‍ വന്‍ വൃക്ഷങ്ങള്‍ ആയിരുന്നു കൂടുതല്‍. ഇത് പലതും പഴയ പ്രഭുക്കന്മാര്‍ പല രാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്നു , നട്ടു പിടിപ്പിച്ചതാണ്. വച്ചുണ്ടാക്കിയ വനം!

ഒരോ ഭാഗത്തെയും വൃക്ഷങ്ങളുടെ കഥകള്‍ കാര്‍ ഡ്രൈവര്‍- പെണ്‍കുട്ടി വിശദീകരിച്ചു. വൃക്ഷങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ ലൂവാ നദിയില്‍ നിന്നും പണിത കനാലിന്റെ  തീരത്ത് കാര്‍ നിര്‍ത്തി. പിന്നീട് കനാലില്‍ കൂടി ആയിരുന്നു യാത്ര.ബോട്ട് ഡ്രൈവര്‍ കനാല്‍ തീരത്തെ മരങ്ങളുടെ കഥ തുടര്‍ന്നു. ആനപ്പാദം പോലെ ചുവടുള്ള ഒരു മരങ്ങള്‍, അതിന്റെ പേരും എലെഫന്റ്റ്‌ ഫീറ്റ്‌ ട്രീ!  ലൂവാ നദിയോളം പോയി തിരിച്ചു വന്നു. ബോട്ടിറങ്ങുന്നിടത്തുള്ള വന്‍ വൃക്ഷത്തോട് ആദ്യമായി തൊട്ടു പറയുന്ന കാര്യം സാധിക്കുമത്രേ. മനുഷ്യന് തൊടാന്‍ പറ്റുന്ന ഭാഗത്തെ തൊലിയെല്ലാം പോയിരുന്നു. മരമുത്തശ്ശിയുടെ കാലില്‍ ഞാനും അപ്പൂസും പതുക്കെ തൊട്ടു; മുകളിലേക്ക് നോക്കി വെറുതെ ആഗ്രഹിച്ചു, ഇതുപോലെ ഒരു കാട് ഉണ്ടാക്കാന്‍ കഴിയണം. സ്വച്ഛമായി പ്രകൃതിയെ കാണാന്‍ അനുവദിക്കുന്ന വിധത്തില്‍ , മനുഷ്യമൃഗങ്ങളെ ഭയക്കാതെ വെറുതെ നടക്കാന്‍ നാടിന്‍റെ അരികിലൊരു വലിയ കാട്. ആഗ്രഹിക്കുമ്പോള്‍ എന്തിനാ കുറയ്ക്കുന്നത്. അപ്പൂസിനോട് ചോദിച്ചു , നീയെന്താടാ ആഗ്രഹിച്ചത്‌? 'അതോ എനിക്കൊരു കുഞ്ഞു മുയലിനെ വേണം'. ശരി, 'ഞാനുണ്ടാക്കുന്ന കാട്ടില്‍ നീ മുയലിനെ വളര്തിക്കോ'..കാട്ടു സ്വപ്നങ്ങളുമായി ഞാങ്ങള്‍ തിരിച്ചു പോന്നു. 

ഇടയ്ക്ക് ഒരു ചെറിയ മുസിയത്തിനടുത്ത് വണ്ടി നിര്‍ത്തി. ഈ വനപ്രദേശത്തിനു കണ്ണുപെടാതിരിക്കാന്‍ എന്നപോലെ ഒരു സ്ഥലം. കുറെ നടന്നാലേ മ്യൂസിയതിലെത്തൂ, അവിടെ കാര്യമായി ഒന്നുമില്ല താനും, ഒരു തിമിംഗലത്തിന്റെ താടിയെല്ല്, കുറെ പഴയ പാത്രങ്ങള്‍, രാജാക്കന്മാരുടെ ചിത്രങ്ങള്‍ എന്നിവ വച്ചിട്ടുണ്ട്. അമര്‍ഷം പൂണ്ട ഏതോ സന്ദര്‍ശകന്‍ , കാലിയായ ഒരു വെള്ളക്കുപ്പി പാത്രങ്ങള്‍ക്കൊപ്പം വച്ച് പോയിരിക്കുന്നു. നടത്തിപ്പുകാര്‍ അതിതുവരെ കണ്ടിട്ടുമില്ല, മാറ്റിയിട്ടുമില്ല. ഏതായാലും കുപ്പിയുടെ ചരിത്രം ഈ നൂറ്റാണ്ടിലേതാണ്.

തിരികെ വന്ന വഴിയില്‍ ഒരു വൃക്ഷത്തോട്ടം ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു, രണ്ടായിരത്തിനു ശേഷം വച്ച വൃക്ഷങ്ങള്‍, നട്ട വര്ഷം എഴുതിയ ബോര്‍ഡ്‌ മരത്തിന്റെ ചുവട്ടില്‍ ഉണ്ട്.ഭാവിയുണ്ടെങ്കില്‍ വളര്‍ന്നു കാടുപിടിക്കും. അന്നുവരുന്നവര്‍  കാറ്റേറ്റിരിയ്ക്കും.

നാലാം നാള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക്. ട്രെയിനില്‍ വല്ലാത്ത തിരക്ക്. ഇരിക്കാന്‍ സ്ഥലമില്ല, എതിരെ വന്ന ടിക്കറ്റ്‌ പരിശോധകരോട് മുന്നിലെങ്ങാനും സീറ്റുണ്ടോന്നു അന്വേഷിച്ചു. അയാള്‍ പറഞ്ഞു തല്‍ക്കാലം പോയി ഫസ്റ്റ് ക്ലാസ്സില്‍ ഇരുന്നോളൂ എന്ന് ! സ്വസ്ഥമായി ഇരുന്നു, കുറച്ചു കഴിഞ്ഞപ്പോള്‍ ഫസ്റ്റ് ക്ലാസും നിറഞ്ഞു.

അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ ഉല്ലാസവാനായ ഒരു പയ്യന്‍സ് ഞങ്ങളെ നോക്കി ചിരിച്ചു ശുഭ ദിനം ആശംസിച്ചു കടന്നു പോയി. നല്ല പരിചയം, പക്ഷെ മറന്നു. പ്രശാന്ത് ഓര്‍മ്മിപ്പിച്ചു, ഇങ്ങോട്ട് വന്നപ്പോള്‍ അടുത്ത സീറ്റില്‍ ബോറടിച്ചിരുന്ന ഇലക്ട്രോണിക് മനുഷ്യന്‍. മനസ്സിലായതേയില്ല! അമ്മയുടെ മടിയില്‍ നിന്നിറങ്ങി സ്കൂള്‍ ബസ്സില്‍ ചാടി കയറിയ ഒരു കുട്ടിയെപ്പോലെ തോന്നി മടങ്ങിവരവില്‍.
-----------------------------------------------------------------------------------

Saturday, August 6, 2011

ലൂവാ നദീതടങ്ങളില്‍ (Loire vally) --2

രണ്ടാം ദിവസം രാവിലത്തെ ബസ്‌ പിടിച്ചു, ഷാമ്പോര്‍ഡിലേക്ക്, വിസ്തൃതമായ വനപ്രദേശത്തിന്‍റെ നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു കൊട്ടാരമാണ് ഷാമ്പോര്‍ഡ്‌ . കൊട്ടാരത്തിനു മുന്നില്‍ ചെറിയ കിടങ്ങുകള്‍. അവ നീണ്ടു നീണ്ടു ചെന്നൊരു തടാകത്തില്‍ വിശ്രമിക്കുന്നു. കൊട്ടാരത്തിലേക്ക് അപ്പൂസ്‌ നടക്കുന്നില്ല, പിണങ്ങി മാറി നില്‍പ്പാണ്. കഴിഞ്ഞ കൊട്ടാരത്തിന്റെ ബോറടി മാറിയിട്ടില്ല. അപ്പോഴാണ്‌ അതിലും വലിയ ഒരെണ്ണം!  പെട്ടെന്ന് കണ്ടിറങ്ങാം എന്ന വ്യവസ്ഥയില്‍ അകത്തു കയറി.

മനോഹരമായ ഒരു കൊട്ടാരമ്യൂസിയം. രാജാവിന്റെ വിവിധ മുറികള്‍, അന്തപുരങ്ങള്‍, ആയുധങ്ങള്‍, പുസ്തകങ്ങള്‍ അങ്ങനെ അങ്ങനെ..വെള്ളി സ്പൂണുകള്‍ മുതല്‍ സ്വര്‍ണത്തേരുകള്‍ വരെ. ഓഡിയോ ഗൈഡ് ഉണ്ട് കയ്യില്‍; ഒരു  കോഡ്- ലസ്  ഫോണ്‍. ഓരോമുറികളിലും ഒരു നമ്പര്‍ കോഡ് എഴുതിയിട്ടുണ്ട്, ആ നമ്പര്‍ ഡയല്‍ ചെയ്‌താല്‍ , അതാത് മുറികളുടെ കഥ പറഞ്ഞു തരുന്ന ഫോണ്‍. ആ കളി അപ്പൂസിനും ഇഷ്ടപ്പെട്ടു.

ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ചു കൊടുത്തതനുസരിച്ചു നിര്‍മ്മിച്ച  ഹെലിക്സ് മോഡല്‍ കോണിപ്പടി കാണാം. അതിനു രണ്ടു വശത്ത് കൂടി കയറാം.കയറുന്നവര്‍ക്ക് പരസ്പരം കാണാനായി കിളിവാതിലുകള്‍ ഉണ്ട് . പക്ഷെ രണ്ടു ഭാഗത്ത്‌ നിന്നും കയറുന്നവര്‍ നേര്‍ക്കുനേര്‍ കണ്ടുമുട്ടില്ല. രാജ പത്നിമാര്‍ക്ക് ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍വേണ്ടി പണിതതാണെന്നു കിംവദന്തി . രാജയോഗം!!

പതിമൂന്നു മുതല്‍ പതിനേഴു വരെ നൂറ്റാണ്ടു കളുടെ , ഹെന്ട്രി, ലൂയി രാജാക്കന്മാരുടെ  കഥകള്‍ പേറുന്ന കൊട്ടാരം.പതിനെട്ടു,പത്തൊന്‍പതു നൂറ്റാണ്ടുകളില്‍ ഇത് മിനുക്കി  സംരക്ഷിച്ചു. ഏതോ കടുത്ത മഴയില്‍ പൊഴിഞ്ഞു വീണ കട്ടകള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കുന്നു, പകരം കട്ടകള്‍ വച്ച് കെട്ടിടത്തിന്റെ ആകൃതി സംരക്ഷിച്ചിട്ടുണ്ടെന്ന് ക്ഷമാപണ പൂര്‍വം ഓഡിയോ ഗൈഡ്. എത്ര കാലം ഇതിങ്ങനെ സംരക്ഷിക്കും, ആര്‍ക്കറിയാം? ഭൂമിയിലെ മണ്ണിനും കല്ലിനും എന്തെല്ലാം ചരിത്രം പറയാനുണ്ടാകും?

കൊട്ടാരത്തില്‍ നിന്നിറങ്ങി ,  ഇനി കാട്ടിലേക്ക്. ചുറ്റും പത്തു പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചാരികള്‍ക്കു  പ്രവേശനമുള്ള കാടാണ്, സൈക്കിളിലും നടന്നും ഒക്കെ പോകാം. വാടകയ്ക്ക് രണ്ടു സൈക്കിള്‍ എടുത്തു കാടുകയറാന്‍ തയ്യാറായി. സൈക്കിള്‍ കടക്കാരന്‍ പറഞ്ഞു, ഭാഗ്യമുന്ടെകില്‍ ചെന്നായയെയോ, പന്നിയെയോ ഒക്കെ കാണാമെന്ന്. 'ഏയ്, അങ്ങനെ ഒന്നും ഉണ്ടാവില്ല' എന്ന് സ്വയം സമാധാനിപ്പിച്ചു.

ചെറിയ ചെറിയ വഴികളിലൂടെ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോകുന്ന കാട്, ഒരു സുന്ദരി യക്ഷിയെപ്പോലെ, മരങ്ങളും ഞങ്ങളും പിന്നെ മുകളിലെങ്ങോ ഒരു സൂര്യനും. ഇടയ്ക്കൊരു ചാറ്റല്‍ മഴയും, കുറുക്കന്റെ കല്യാണമേളം.

തുടക്കത്തില്‍ കാട്ടുപാട്ടുകളും കവിതകളും മൂളി ആയിരുന്നു യാത്ര, പിന്നെപ്പോഴോ അതൊക്കെ ഇലത്താളത്തില്‍ അമര്‍ന്നു. നിസ്സഹായമായ ഒരു ഭയവികാരം,തോന്നിയതാണെന്ന് തോന്നി.  ദൂരെ കുറുക്കന്‍  ഓരിയിട്ടത് പോലെ. പറഞ്ഞാല്‍ അപ്പൂസ്‌ പേടിക്കും,  ഒരു പന്നിയോ   പാമ്പോ പോലും  നേരിട്ട് വന്നാല്‍ തടുക്കാന്‍ കഴിയില്ല. വിളിച്ചാല്‍ കേള്‍ക്കുന്നിടത്തു ഒറ്റ മനുഷ്യരില്ല. സംഘബലവും സന്നാഹങ്ങളും ഇല്ലാതെ മനുഷ്യന്‍ എത്ര ദുര്‍ബലനാണ്? സൈക്കിള്‍ കരിയില അനക്കുമ്പോള്‍ ഞാന്‍ തന്നെ ഞെട്ടി. അറിയാതെ ഓര്‍മ്മ വന്ന  കവിത പാടിയില്ല:
'അരിയില്ല തുണിയില്ല , ദുരിതമാണെന്നാലും 
നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ ?......'

ചൂണ്ടു പലകകളില്‍ നമ്പര്‍ ഉണ്ട്, കയ്യില്‍ കാടിന്‍റെ വഴി ചിത്രങ്ങളും. വഴി നോക്കി നോക്കി  അങ്ങനെ ചവിട്ടിക്കൊണ്ടിരുന്നു. ഇടയ്ക്ക് ചില വിശ്രമസ്ഥലങ്ങളുണ്ട്. മരച്ചുവട്ടില്‍ ഒരോ ബഞ്ചും ഡസ്കും. പിന്നെ തടികൊണ്ടുള്ള ഒരു വേസ്റ്റ് ബോക്സ്‌. വഴിയിലെങ്ങും ഒരു കടലാസോ, പ്ലാസ്ടിക്കോ കാണാനില്ല. പ്രായാധിക്യത്തില്‍ മണ്ണോടു ചാഞ്ഞ  ചില മരങ്ങള്‍, മരിക്കാന്‍ മനസ്സില്ലാതെ കിടന്നു വളരുന്നു. അതിനെ താങ്ങി നിര്‍ത്തുന്ന ചില സംവിധാനങ്ങളും. അത്തരം മരങ്ങളില്‍ കയറുന്നത് വിലക്കുന്ന  ബോര്‍ഡുകളും കാണാം. തന്നെ ഉപദ്രവിക്കാതെ വന്നു  കണ്ടു പോകുന്നവര്‍ക്ക് വേണ്ടി, കാടങ്ങനെ ഒരുങ്ങി കിടക്കുകയാണ്. വനത്തിനു വന്യത ഇല്ലാത്തതാണ്, ഒരു അപൂര്‍ണ്ണത.  മനുഷ്യന്‍ കയറുന്ന കാട്ടില്‍നിന്നും മൃഗങ്ങളൊക്കെ ഒഴിഞ്ഞിട്ടുണ്ടാകും, വഴിയില്‍ പൂമ്പാറ്റകളെ മാത്രം കണ്ടു. വനത്തിന്റെ വെളിയില്‍ ഗോതമ്പ് പാടങ്ങള്‍, കാവലായി ഒരു ഏറുമാടവും. 

മെയിന്‍ റോഡിലേക്കിറങ്ങി, സൈക്കിള്‍ സവരിക്കാര്‍ ഓരോ ഗ്രൂപ്പ്‌ ആയി വരുന്നുണ്ട്. വലിയ ഒരു യാത്രാബാഗും സൈക്കിളുമായി നദീതീരം മുഴുവന്‍ സഞ്ചരിക്കുന്ന  കുടുംബങ്ങള്‍ ഉണ്ട്. ഇടയ്ക്ക് ടെന്‍റ് കെട്ടി വിശ്രമിക്കും. വീണ്ടും യാത്ര തുടരും, അവധിക്കാലം പ്രകൃതിയിലേയ്ക്കിറങ്ങി, ശുദ്ധീകരിച്ചു വീണ്ടും നഗരത്തിലേക്ക് മടങ്ങുന്നവര്‍.

 നായാട്ട് കമ്പക്കാരായ രാജാക്കന്മാരാണ് വനത്തിനു നടുക്ക് കൊട്ടാരങ്ങള്‍ പണിതത്. വിപ്ലവം മിക്കതിനെയും തച്ചുടച്ചു. ജനാധിപത്യം മ്യുസിയമാക്കി സംരഷിക്കാന്‍ തുടങ്ങി. അവശേഷിച്ച കാടും കൃഷിയും  ചരിത്രം കാത്തു കിടക്കുന്നു. 

അങ്ങനെ മൂന്നു മണിക്കൂര്‍ ചുറ്റിക്കറങ്ങി ഞങ്ങള്‍ തിരിച്ചെത്തി.  മരങ്ങള്‍ തിരിച്ചു വിളിച്ചു കൊണ്ടിരുന്നു.പക്ഷെ നാലു മണിക്കായിരുന്നു ബ്ലൂവായിലേക്ക് അവസാനത്തെ  ബസ്‌.

ബസില്‍ അങ്ങോട്ട്‌ പോയ ടിക്കറ്റ്‌ മതി തിരിച്ചു വരാനും, ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നു. വന്ന ടിക്കറ്റ്‌ അപ്പോഴേ കളഞ്ഞു. അത് സാരമില്ല വേറെ ടിക്കറ്റ്‌ ഒന്നും എടുക്കണ്ടന്നു ഡ്രൈവര്‍ പറഞ്ഞു. പോയവരല്ലേ തിരിച്ചു വരൂ.

മുറിയിലെത്തി കുറച്ചു വിശ്രമിച്ച ശേഷം ഭക്ഷണം തേടി ഇറങ്ങി. ഗണപതിയുടെ വിഗ്രഹം കണ്ട ഒരു ഹോട്ടലില്‍ കയറി. അത് ഇന്ത്യന്‍ ഹോട്ടല്‍ അല്ല, എങ്കിലും അകത്തു ബുദ്ധനും, കൃഷ്ണനും, പേരറിയാത്ത ചില വിദേശ ദൈവങ്ങളും ചിരിക്കുന്നു . മെനുവില്‍ തന്തൂരി ചിക്കനും. എന്തൊരു വൈരുദ്ധ്യം! (ഇവരെ എന്തിനു പറയുന്നു? അടുത്തിടെ പാരിസിലെ ഒരു ഇന്ത്യന്‍ ഹോട്ടലിന്റെ പേര് കണ്ടു ' ഗാന്ധി'.  മാംസവും, മദ്യവും യഥേഷ്ടം  ലഭിക്കും! ഗാന്ധിജി പൊറുക്കട്ടെ.)

പല രാജ്യങ്ങളിലെ ഭക്ഷണം ലഭിക്കുന്ന ഈ ഹോട്ടലിലെ തനത് ഭക്ഷണത്തിന്‍റെ പേര് 'വോക്ക്' എന്നാണ്. കുറെ പച്ചക്കറികള്‍ ,മല്‍സ്യ മാംസങ്ങള്‍ ഒക്കെ നിരത്തി വച്ചിട്ടുണ്ട്. വരുന്നവര്‍ ഒരു ബൗളില്‍ ആവശ്യത്തിനുള്ളത് എടുത്തു പാചകക്കാരന് കൊടുക്കണം. അയാള്‍ അത് പാത്രത്തിലിട്ടു, അതിനുള്ളില്‍ തീകത്തിച്ചു തിരിച്ചും മറിച്ചും എറിഞ്ഞു വേവിച്ചു തരും. തീയില്‍ ചുട്ട ഭക്ഷണം പലതരം സോസുകള്‍ കൂട്ടി കഴിയ്ക്കാം. 'വോക്കി'നുള്ള തിരക്ക് കൂടിക്കൂടി വന്നു, ഒട്ടും മുഷിച്ചിലില്ലാതെ കുശല പ്രശ്നങ്ങളും തീഗോളങ്ങളുമായി പാചകക്കാരന്‍ 'വോക്കു'ണ്ടാക്കികൊണ്ടിരുന്നു. 

Monday, August 1, 2011

ലൂവാ നദീതടങ്ങളില്‍ (Loire vally) --1

ഫ്രാന്‍സില്‍ വന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ്, ലൂവാ നദീയെപ്പറ്റി , നദീ തീരത്തെ കാടുകളെപ്പറ്റി, കാട്ടിലെ കൊട്ടാരങ്ങളെപ്പറ്റി ഒക്കെ.

ദീര്‍ഘദൂര റെയില്‍വേ സ്റ്റേഷനായ പാരിസ്‌ ഓസ്ട്രലിക്സ്സില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര. രണ്ടു മൂന്നു  ദിവസത്തെ അവധിയാണ്. നാട്ടില്‍ ആയിരുന്നപ്പോള്‍, എല്ലാ അവധിക്കും വീട്ടിലേക്കായിരുന്നു യാത്ര. ഇപ്പോള്‍ അത് പറ്റില്ല. അങ്ങനെ ഒരു ലൂവാ യാത്ര പ്ലാന്‍ ചെയ്തു.

ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റ്, എട്ടു സീറ്റുള്ള ചെറിയ മുറികള്‍ ആയി തിരിച്ചിട്ടുണ്ട്.. ഞങ്ങളുടെ മുറിയില്‍, ഒരാള്‍ കൂടിയെയുള്ളൂ. പാരിസില്‍ ഇന്ന് വിശേഷ ദിവസം ആണ്, അതുകൊണ്ടാവാം തിരക്ക് കുറവ്. ട്രെയിന്‍ പുറപ്പെട്ടു ഗ്രാമങ്ങളിലേക്ക് പാഞ്ഞു. കൊയ്ത്തു കഴിഞ്ഞ് മരുഭൂമി പോലെ, ഗോതമ്പ് പാടങ്ങള്‍. പൊഴിഞ്ഞു വീണ കതിരുകള്‍ തേടി കൂട്ടത്തോടെ പറക്കുന്ന കിളികള്‍. കൊയ്ത്തു യന്ത്രം കാത്തുകിടക്കുന്ന പാടങ്ങളും കാണാം; സ്വര്‍ണ്ണമണികളുമായി അവസാനത്തെ കിന്നാരത്തിലാവര്‍. വിള കൊണ്ടു പോകാന്‍ വന്നു കിടപ്പുണ്ട്,വലിയ ലോറികള്‍ . ഇതൊന്നും ശ്രദ്ധിക്കാതെ കൂറ്റന്‍ കാറ്റാടി യന്ത്രങ്ങള്‍ കറണ്ടുണ്ടാക്കുന്ന തിരക്കില്‍ കറങ്ങിക്കൊണ്ടേയിരിയ്ക്കുന്നു.  ഇടയ്ക്കിടെ നീളത്തില്‍ കാടുകള്‍. കാട്ടിലേക്ക് വികസനം  നുഴഞ്ഞുകയറാതിരിക്കാന്‍ കെട്ടിയ ചെറിയ വേലികള്‍. എല്ലാ നഗരങ്ങളും ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന ഗ്രാമത്തിന്‍റെ പിന്നാമ്പുറക്കാഴ്ചകള്‍ കണ്ടിരിയ്ക്കുമ്പോള്‍ ഉച്ചത്തില്‍ ഒരു ചിരി കേട്ടു.
ഐപാഡില്‍ സിനിമ കണ്ടു സഹയാത്രികന്‍ പൊട്ടിച്ചിരിയ്ക്കുകയാണ്.. പിന്നെ അതും ഒരു കാഴ്ചയായി. സിനിമ കഴിഞ്ഞപ്പോള്‍, അയാള്‍ ഉറക്കെ ഫോണില്‍  സംസാരിച്ചു തുടങ്ങി. നഗര ജീവികള്‍ക്ക് ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ സാന്നിദ്ധ്യമില്ലെങ്കില്‍ വല്ലാതെ ബോറടിക്കും.

അവധിക്കാലം ആശംസിച്ച്, അടുത്ത പട്ടണത്തില്‍ അയാള്‍ ഇറങ്ങി. ഇറങ്ങുന്ന മിക്ക ആള്‍ക്കാരുടെയും കൂടെ സൈക്കിള്‍ ഉണ്ട്. വേനല്‍ക്കാലം തുടങ്ങിയാല്‍ എല്ലാവരും സൈക്കിളില്‍ ആണ് യാത്ര. മോഷണം ഭയന്ന്, ഓഫീസ് മുറിയില്‍ തന്നെ സൈക്കിള്‍ സൂക്ഷിക്കുന്ന ആള്‍ക്കാരും ഉണ്ട്. ദൂര യാത്ര പോകുമ്പോള്‍ ട്രെയിനിലും കാറിലും സൈക്കിള്‍ കൂടെ കൊണ്ടുപോകും. രണ്ടു മണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ ബ്ലൂവാ-യില്‍ (Blois) എത്തി. സ്ഥലപ്പേരുകള്‍ എഴുതുന്നപോലെ വായിക്കാന്‍ പാടില്ല. ആരെങ്കിലും പറയുന്നത് കേട്ടു തന്നെ പഠിക്കണം.

ബാന്ഗ്ലൂരിലെ കന്റോണ്‍മെന്‍റ് സ്റ്റേഷന്‍ പോലെ ഒരു റെയില്‍വേ സ്റ്റേഷന്‍‍. പട്ടണത്തിലിറങ്ങി ഹോട്ടല്‍ കണ്ടുപിടിച്ചു ചെന്നപ്പോള്‍, റിസര്‍വേഷന്‍ പ്രശ്നം. സിസ്ടത്തിന്റെ തകരാറ് മൂലം രണ്ടു പേര്‍ക്കുള്ള മുറിയാണ്  റിസര്‍വ് ചെയ്തത്. ഞങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും, നിയമ പ്രകാരം മൂന്നു പേര്‍ക്ക് അത് അനുവദിക്കാന്‍ പറ്റില്ലത്രേ.  രണ്ടു മുറി എടുക്കണം. കാശിനു വേണ്ടിയുള്ള വാശി എന്നാണു ഞാന്‍ കരുതിയത്‌. പക്ഷെ അവര്‍ നല്ല ആള്‍ക്കാര്‍ ആയിരുന്നു, മറ്റൊരു ഹോട്ടലില്‍ വിളിച്ചു മുറി ബുക്ക്‌ ചെയ്തു, ഞങ്ങളെ അങ്ങോട്ട്‌ പറഞ്ഞയച്ചു.

അങ്ങനെ കൊട്ടാരത്തിന്റെ തന്നെ ചില അനുബന്ധ കെട്ടിടങ്ങളില്‍ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന 'ഇബിസ്‌' ഹോട്ടലില്‍ ഞങ്ങള്‍ എത്തി. വിശ്രമത്തിനു ശേഷം ബ്ലൂവാ-കൊട്ടാരം കാണാനിറങ്ങി. സാമാന്യം വലിയ പഴയ ഒരു രാജകൊട്ടാരം. ദര്‍ബാര്‍ ഹാളില്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി വയലിന്‍ വായിക്കുന്നു. രാജകീയ വേഷത്തിലാണ്. തൊട്ടടുത്ത്‌ ഒരു പാത്രത്തില്‍ നാണയത്തുട്ടുകളും! നടുമുറ്റത്തു വാള്‍പ്പയറ്റു നടക്കുന്നു. എല്ലാം വിനോദസഞ്ചാരികളെ ഉദ്ദേശിച്ചുള്ളതാണ്. സഞ്ചാരികള്‍ കൂടുതലും ചൈനക്കാരാണ്. കറങ്ങിക്കറങ്ങി ശുക്രനിപ്പോള്‍ ചൈനയ്ക്കു മുകളിലാണെന്നു തോന്നുന്നു.

പതിമൂന്നാം  നൂറ്റാണ്ടു മുതല്‍ പല രാജവാഴ്ചകള്‍ കണ്ട കൊട്ടാരം, പതിനെട്ടാം നൂറ്റാണ്ടില്‍  പുതുക്കി, ഒരു മ്യൂസിയം ആക്കി മാറ്റി. കുതിര വണ്ടിയില്‍ പട്ടണം ചുറ്റി കാണിച്ചു തരും. നല്ല തടിമിടുക്കുള്ള കുതിരകള്‍. വിപ്ലവത്തിലൂടെ രാജഭരണത്തില്‍ നിന്നും ദുഷ്പ്രഭുത്വത്തില്‍ നിന്നും മനുഷ്യര്‍ കരകയറി. ഈ കുതിരകളോ?

പ്രഷര്‍ കുക്കര്‍ കണ്ടുപിടിച്ച ഡെനിസ് പാപിന്‍ , ബ്ലൂവാക്കാരനായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകവും കാണാം. അതുപോലെ തന്നെ റോബര്‍ട്ട്‌ ഹൗടിന്‍ എന്ന പ്രതിഭാശാലിയായ  ഒരു  ക്ലോക്ക് നിര്‍മാതാവും. മാജികിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഹൌടിന്റെ പേരില്‍ ഒരു മാജിക്‌ മ്യൂസിയവും കണ്ടു.