Saturday, October 27, 2012

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )ഗാര്‍ ദ ലിയോന്‍ (Gare de Lyon)
പാരീസിലെങ്ങും ഇലകള്‍ ചുവന്നു പൊഴിയുന്ന ശിശിരമെത്തിയപ്പോള്‍  ഇത്തിരി  ചൂടും തേടി ഫ്രാന്‍സിന്‍റെ തെക്കു കിഴക്കുള്ള മെഡിറ്ററേനിയന്‍ തീരത്തിലേക്ക് ഒരു യാത്ര. അതിരാവിലെ ആയിരുന്നു ട്രെയിന്‍ .  ലോക്കല്‍ ട്രെയിനില്‍ ദീര്‍ഘദൂര സ്റ്റേഷനിനായ 'ഗാര്‍ ദ ലിയോണി'ല്‍ (Gare de Lyon) എത്തണം. സ്യൂട്ടും കോട്ടുമൊക്കെയിട്ട് നന്നായി  ഒരുങ്ങി  , എന്നാല്‍   മദ്യപിച്ചു ലക്ക് കെട്ട  ധാരാളം പേരെ ട്രെയിനില്‍ കണ്ടു.  നഗരരാത്രിയുടെ മിച്ചമുള്ള കാഴ്ചകള്‍ . പുറത്തിറങ്ങിയപ്പൊഴും അതേ ബഹളം. എസ്ക്കലേറ്ററില്‍ നീണ്ടു നിവര്‍ന്നു കിടന്നു പിന്നാലെ വന്നവരെയൊക്കെ ബുദ്ധിമുട്ടിച്ചു പൊട്ടിച്ചിരിക്കുന്ന ചില ഭ്രാന്തുകള്‍ .  ബോധമനസ്സു മറയുമ്പോള്‍ മനുഷ്യന്‍ എത്ര ബോറനാവുന്നു! മറ്റു യാത്രികരുടെ കൂടെയുള്ള വളര്‍ത്തു മൃഗങ്ങളും അറപ്പോടെ  നോക്കി മാറി  പോകുന്നു. 

ഒരു വിധത്തില്‍ ദീഘദൂര ട്രെയിനുകളുടെ ഭാഗത്ത്‌ എത്തി വണ്ടി പിടിച്ചു, പാരിസില്‍ നിന്നും അഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. 'ഫ്രഞ്ച് റിവേറ' എന്നറിയപ്പെടുന്ന മെഡിറ്ററേനിയന്‍ തീരഭൂമിയാണ് ലക്ഷ്യം.   പുലര്‍ച്ചയുണര്ന്നതിനു പ്രായശ്ചിത്തമായി ട്രെയിനില്‍ കിടന്നു സ്വസ്ഥമായി ഉറങ്ങണമെന്നു കരുതിയതാണ്.

എങ്ങനെ ഉറങ്ങാന്‍. ? ട്രെയിനിന്‍റെ നീണ്ട ജനലുകളിലൂടെ ഉറക്കം വിട്ടുവരുന്ന പ്രപഞ്ചം. ഒരു വശത്തു സൂര്യന്‍ നിറഞ്ഞുയരുന്നു. ഉറങ്ങാന്‍ കൂട്ടാക്കാത്ത ചന്ദ്രന്‍  മറുവശത്ത്. മരങ്ങളില്‍ നിന്നും പക്ഷികള്‍ കൂട്ടത്തോടെ തീറ്റ തേടി പറക്കുന്നു. താഴെ , കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന  സ്വര്‍ണ്ണ വയലുകളില്‍ ഉറങ്ങിക്കിടന്ന പശുക്കള്‍ പോലും ഓരോന്നായി എണീറ്റു മേയാന്‍ തുടങ്ങി. പ്രഭാതം ഇത്ര വിശാലമായി പൊട്ടിവിടരുമ്പോള്‍ എങ്ങനെയാണ്  ഉറങ്ങാന്‍ പറ്റുക ? 

നീണ്ടു കിടക്കുന്ന കൃഷി സ്ഥലത്തുകൂടി യാണ് യാത്ര. പക്ഷികളോ പശുക്കളോ ആണ് ഇതിന്റെയൊക്കെ ഉടമസ്ഥരെന്നേ ആര്‍ക്കും തോന്നൂ. അത്ര വിജനമാണിവിടം. 

ട്രയിനില്‍ ഒതുക്കമുള്ള, നല്ലൊരു കാന്‍റീനുണ്ട്. അവശ്യ സാധനങ്ങള്‍ മാത്രം കിട്ടും. നിരക്കിലും  വലിയ വ്യത്യാസമില്ല,  കുറച്ചു ഇരിപ്പിടങ്ങളും പിന്നെ നില്പ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് . ഇരുവശത്തും നീണ്ട കണ്ണാടിയിലൂടെ, സുഭഗമായ കാഴ്ചകള്‍കണ്ടു കൊണ്ട് വെറുതെയൊരു കാപ്പി കുടിക്കാനും ആളുകള്‍ വന്നുപോകുന്നു . വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിയോ, ഇവിടുന്നു തന്നെ വാങ്ങിയ ഭക്ഷണമോ ഒക്കെ കൊണ്ടുവച്ചു  കഴിക്കുന്നവരെയും കാണാം  . ഒരു വശത്ത് കടലും, മറുവശത്ത് മലനിരകളും. ഇവയ്ക്കിടയിലെ ചെറിയ തീരത്ത് കൂടി അതിവേഗതീവണ്ടി ഒഴുകുകയാണ്.  പാരീസില്‍ നിന്ന് രണ്ടുമൂന്നു മണിക്കൂര്‍ ചുറ്റിനും യാത്രചെയ്താല്‍, കൃഷിയും കാലി വളര്‍ത്തലും ഒക്കെയാണ് സാധാരണ കാഴ്ച , ഇതിപ്പോ പിന്നെയുമുണ്ട് മൂന്നുനാല് മണിക്കൂര്‍ .

കാര്‍ഷിക കാഴ്ചകള്‍ കഴിഞ്ഞു വീണ്ടും  ജനവാസ കേന്ദ്രങ്ങള്‍ കണ്ടു തുടങ്ങി. വലിയ ഒരു പുഴയുമൊഴുകുന്നു. അതിനെ ചുറ്റിപ്പറ്റി മലകളും ഗ്രാമങ്ങളും . ഇത് റോണ്‍ നദീതീരം. സ്വിസ് ആല്പ്സില്‍ നിന്നും മെഡിറ്ററേനിയന്‍ കടലിലേക്ക്‌ തിരക്ക് പിടിച്ചോടുകയാണ് റോണ്‍ . ട്രയിനിന്റെ ആദ്യ സ്റ്റോപ്പും ഈ തീരത്ത് തന്നെ; 'അവിന്യോന്‍' (Avignon). അവിടെനിന്നങ്ങോട്ടു  പുഴ തന്നെ വഴികാട്ടിയായി ട്രെയിനിനോപ്പം വന്നു. അമ്പിളിമാമന്‍ ഉറക്കത്തിലേക്ക് വീണു. സൂര്യന്‍ മുകളിലേയ്ക്ക് കയറിപ്പോയി. ഏതോ മലതുരന്നു ട്രെയിന്‍ പുതിയ താഴ്വരയിലേക്ക്. കടലിടുക്കുകള്‍ , ക്രൂയിസ്സുകള്‍. ,.തീരത്ത് ബഹുനില മന്ദിരങ്ങള്‍.. .  'മാര്സയ്‌' (Marseille) എന്ന തീരദേശ പട്ടണം. നേര്‍ത്ത പച്ചപ്പിനുള്ളില്‍ നിന്നും മൊട്ടക്കുന്നുകളും പിങ്ക് കുന്നുകളും കടലിനെ എത്തി നോക്കിക്കിടക്കുന്നു. ( ഈ തീരത്ത് എവിടെയോ ഒരു ഉപ-ആണവനിലയമുണ്ട്, അതില്‍ ചെറിയ ചോര്‍ച്ചയുണ്ടായതായി മുന്പു ഒരു വാര്‍ത്ത വന്നു മറഞ്ഞിരുന്നു. ചെറിയ ചോര്ച്ചകള്‍ വാര്‍ത്തയാവാറില്ല,  അയാല്‍  തന്നെ പെട്ടെന്ന് മറയും. വലിയ ചോര്‍ച്ചകള്‍ വാര്‍ത്തയാക്കാന്‍ ആളുമുണ്ടാവില്ല.  അതാണ്‌ ആണവനിലയങ്ങളുടെ മിടുക്ക്. ) കൂടെ വന്ന പുഴയും മറഞ്ഞു. കടല്കണ്ട് കൊതി തീര്‍ന്നു,  തിരിച്ചു പറന്നിട്ടുണ്ടാവും . 

കടല്‍തീരത്തു കൂടിയായി പിന്നെ യാത്ര. തുറമുഖത്തിന്റെ തിരക്കുകള്‍ . തിന തേടുന്ന കിളികള്‍ക്ക് പകരം കടല്‍കാക്കകള്‍ . കൊയ്ത്തു യന്ത്രങ്ങള്‍ക്ക് പകരം ഫിഷിംഗ് ബോട്ടുകള്‍ . മലകളും, കക്കിടി കായ്ച്ചു കിടക്കുന്ന ചെറു പറമ്പുകളും ഫാക്ടറികളും ഒക്കെയുള്ള  'തുലോന്‍' (Toulon) എന്ന ഒരു പട്ടണം കൂടി കഴിഞ്ഞു.

ഉറങ്ങൂ മനസ്സേ എന്ന് കണ്ണ് നിര്‍ബന്ധിക്കുമ്പൊഴേക്കും അടുത്ത സ്ഥലമെത്തി. അന്തരാഷ്ട്ര ഫിലിം ഫെസ്റ്റ്. നടക്കുന്ന 'കാന്‍' (Cannes). ഒരു സിനിമാ നഗരം. മണ്ണും ചുവന്നു കിടക്കുന്നു. നീലക്കടല്‍ ചുവന്ന കുന്നുകളില്‍ തട്ടിത്തെറിച്ചു വെണ്‍നുര ചിന്നി  , ഫ്രാന്‍സിന്‍റെ പതാക വിരിച്ചത് പോലെയായി   തീരം മുഴുവന്‍ .  അരളിച്ചെടികളും പനമരങ്ങളും മനോഹരമായ കെട്ടിടങ്ങളും ചേര്‍ന്ന് 'കാന്‍' തെളിഞ്ഞു മറഞ്ഞു . കണ്ടുകണ്ടൊന്നുറങ്ങി തുടങ്ങിയപ്പോഴേക്കും അടുത്ത അനൌണ്‍സ്മെന്റ്. 'നീസി' (Nice) ലെത്തി. കണ്ണും മനസ്സും തുറിച്ചു നോക്കി. സമയം ചിരിച്ചു.

നീസിലെ റോസാച്ചെടി 
ട്രയിനിറങ്ങിയപ്പോള്‍ത്തന്നെ ശ്രദ്ധിച്ചു, പുറത്ത്‌ ത്രികോണ ഇതളില്‍ വിടരാന്‍ മടിച്ചു നില്‍ക്കുന്ന റോസാപ്പൂക്കള്‍ . ഫ്രാന്‍സില്‍ എല്ലായിടത്തുമുണ്ട് നല്ല വലുപ്പവും ഭംഗിയുമുള്ള, എന്നാലൊട്ടും മണമില്ലാത്ത റോസാപ്പൂക്കള്‍ . പക്ഷെ ഈ പൂക്കളുടെ  ആകൃതിക്കു കുറച്ചു വ്യത്യാസമുണ്ട് മണപ്പിച്ചു നോക്കിയപ്പോള്‍, നമ്മുടെ  പനിനീര്‍ മണം!ചോദിക്കാതെതന്നെ  ഈ നാടിനെക്കുറിച്ചു കിട്ടിയ  ആദ്യത്തെ അറിവ്.

ടൂറിസം ഓഫീസില്‍ പോയി വരവറിയിച്ചു , അവര്‍ സന്തോഷപൂര്‍വ്വം  ഭൂപടം നിവര്‍ത്തി സ്ഥലം പരിചയപ്പെടുത്തിത്തന്നു. നേരെ നടന്നാല്‍ 'പോമ്നാദസാന്ഗ്ലെ' ബീച്ച്( Promenade des Anglais) , ഇംഗ്ലീഷുകാരുടെ നടപ്പാത എന്നാണര്‍ത്ഥം. ( മലയാളത്തില്‍ ഇങ്ങനെയൊക്കെയേ ഇതിനെ എഴുതാന്‍ പറ്റൂ.വായനക്കാര്‍ ക്ഷമിക്കൂ..തുടര്‍ന്നും ക്ഷമിക്കൂ..ഇതുപോലെ ഇനിയുമുണ്ട്  ചില പേരുകള്‍ ). കടല്‍ത്തീരത്ത് കാസിനോസ്‌ (ചൂതാട്ടകേന്ദ്രങ്ങള്‍ ) ഉണ്ട്.  ഉള്ളിലേക്ക് നടന്നാല്‍  'ചെറിയ കുട്ടികള്‍ക്ക് പ്രവേശനമില്ലാത്ത മറ്റു ധാരാളം കടകളും!'. അച്ഛനമ്മമാര്‍ക്ക്  വഴിതെറ്റാതിരിക്കാന്‍  അപ്പൂസ്‌ ഞങ്ങളുടെ കൈ പിടിച്ചു  കൊണ്ടു നടന്നു.   നീസിന്റെ പ്രധാന കേന്ദ്രമായ പഴയ പട്ടണത്തിലേയ്ക്ക് . പഴയ പട്ടണം (Old Town) പരമാവധി സംരക്ഷിച്ചിരിക്കുന്നു.  അവിടെ പഴയ പള്ളിയുണ്ട്, കൊട്ടാരമുണ്ട്, വഴികളും കെട്ടിടങ്ങളും ഉണ്ട്. പഴയ നിരത്തുകളില്‍ 'ഹോട്ടല്‍ ആന്‍ഡ്‌ ഫ്ലോര്‍ മാര്‍ക്കറ്റ്‌' പ്രവര്‍ത്തിക്കുന്നു. മണ്‍പാത്രനിര്‍മാണത്തിനും പേരുകേട്ട സ്ഥലമാണ്. അടുക്കളയില്‍ നിന്നും മണ്‍പാത്രങ്ങള്‍ പുറത്തായെങ്കിലും കൂടുതല്‍ ഭംഗിയോടു കൂടി സ്വീകരണ മുറിയിലും ഡൈനിങ്ങ്‌ റൂമുകളിലും എത്തി.  പഴയ പല കെട്ടിടങ്ങളിലും ശില്പ്പികളുടെ ആര്‍ട്ട്‌ ഗാലറികളുണ്ട്.  കലയും സംസ്കാരവും പഴക്കവും ഇഴുകിയ നീസിന്റെ ഇടുങ്ങിയ ഗലികളിലൂടെ  നടന്നു. പിന്നീട് തീരത്തേക്കും.
നീസിലെ കടല്‍ തീരം 

ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തീരം. ശക്തമായ തിരയുണ്ട്. വെള്ളത്തിലേക്കിറങ്ങുമ്പോള്‍  കാലിലേക്ക് കല്ലെറിഞ്ഞു കളിക്കുകയാണ് കടല്‍  !  

പ്ലാസ് മസ്സിന
നഗരത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്ലാസ് മസ്സിന (Place Masséna). ഇവിടെ ഉയര്‍ന്ന തൂണുകളില്‍ ഏഴു വന്‍കരകളെ ഓര്‍മ്മിപ്പിക്കുന്ന ഏഴു പ്രതിമകള്‍. ധ്യാനിക്കുന്നു.  താഴെ തെരുവില്‍  മനോഹരമായി പാട്ടു പാടുകയാണ് ഒരമ്മ. തുട്ടുകള്‍ കൊടുക്കുക മാത്രമല്ല, കുറച്ചു നേരം നിന്ന്, ഓരോ പാട്ടും കേട്ട് കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്   സഹൃദയരായ  നാട്ടുകാര്‍. .  പാട്ടുകള്‍ തീരാന്‍ കാത്തിരിക്കുകയാണ്  അവരുടെ  ചെറിയ പെണ്‍കുട്ടി. നൃത്തവും അഭിനയവും അകമ്പടിയില്ലാതെ , ജീവിതത്തിന്‍റെ ഒരു റിയാലിറ്റി ഷോ.

പ്ലാസ്‌ ഗരിബല്‍ദിയില്‍ --
ഇറ്റാലിയന്‍ ഗന്ധമുള്ള തെരുവാണ് 'പ്ലാസ്‌ ഗരിബല്‍ദി' (Place Garibaldi). പണ്ട് പണ്ട് ഇറ്റലിയുടെ ഭാഗമായിരുന്ന നീസിനെ വീണ്ടും ഇറ്റലിയിലേക്ക് മാറ്റാന്‍ ശ്രമിച്ച നായകന്‍ ആണ്  ഗരിബല്‍ദി. അദ്ദേഹത്തിന്‍റെ വിപ്ലവം തുളുമ്പുന്ന  പ്രതിമയുണ്ടിവിടെ. നീസ് ഇറ്റലിയുടെ ഭാഗമായില്ല, പക്ഷെ ഈ പ്രതിമയ്ക്കു  ചുറ്റുപാടും ഇറ്റലി പോലെയാണ്, ധാരാളം  ഇറ്റാലിയന്‍ റസ്ടോറന്റ്സ്. ഇറ്റാലിയന്‍ സ്പെഷ്യല്‍ ഐസ്ക്രീം കടകളും.

ഫ്രാന്‍സിലെ തിരക്കുപിടിച്ച നഗരങ്ങളിലൊന്നു തന്നെയാണ് നീസ്. പബ്ലിക്‌ ബസ്സില്‍ അടുത്ത ഗ്രാമങ്ങളിലെയ്ക്കും ,പട്ടണങ്ങളിലേയ്ക്കും ഒക്കെ പോകാം. എവിടേക്ക് പോകാനും ഒരു യുറോ മാത്രം. ടാക്സിക്കും മറ്റും ചാര്‍ജ് വളരെ അധികമാണ്. പക്ഷെ എല്ലായിടത്തേക്കും കണക്ഷന്‍ ബസ്സും ട്രെയിനും ട്രാമും ഒക്കെ ഉണ്ട്. അതുകൊണ്ട്  ഈ യാത്രയില്‍ ടാക്സി വിളിക്കേണ്ടി വന്നതേയില്ല.

'ഫ്രെഞ്ച് റിവേറ'  എന്നറിയപ്പെടുന്ന ഈ   തീരഭൂമിയില്‍ യുറോപ്പിലെ മികച്ച കാലാവസ്ഥ ലഭ്യമാകുന്നുണ്ട്  . വര്ഷം മുഴുവന്‍ സൂര്യപ്രകാശം. സസ്യ ജാലങ്ങള്‍ക്ക് പറ്റിയ മണ്ണ്. പല ഫ്ലാറ്റുകളുടെയും ജനാലയ്ക്കരികില്‍  വലിയ ചെടിച്ചട്ടിയില്‍ വാഴയുണ്ട്. വഴിയോരത്തുള്ള കടമുറിയില്‍ നീണ്ട  വാഴയില  ഗ്ലാസില്‍ കുത്തി നിര്‍ത്തി  അലങ്കരിച്ചിരിക്കുന്നു. തീരം നീളെ  ചെറിയ കുന്നും മലകളുമാണ്.  മലയിലെ   കൃഷിയും  (ഒലിവ്‌, മുന്തിരി  ) കടലിലെ മീനും; പ്രകൃതി കനിഞ്ഞു നല്‍കിയ ഒരു തീരം.  പല രാജ്യങ്ങളില്‍ നിന്നും പണക്കാര്‍ ഇവിടങ്ങളില്‍ കുന്നും മലയും വാങ്ങി ബംഗ്ലാവുകളും തോട്ടങ്ങളും ഉണ്ടാക്കി. ഇംഗ്ലീഷുകാര്‍ ധാരാളം. അതുകൊണ്ട് ഇംഗ്ലീഷ്  മിക്കവര്‍ക്കും അറിയാം.

ഈസ്‌ വില്ലേജ് ( Eze village ) 
അടുത്ത ദിവസം രാവിലെ 'ഈസ്‌ വില്ലാജ്' ( Eze village ) കാണാനിറങ്ങി. കടലോരത്ത് തന്നെ മറ്റൊരു കുന്നിന്‍ മുകളിലാണ് ഈ ഗ്രാമം.ഇവിടെ രണ്ടു ചെറിയ  പെര്‍ഫ്യൂം കേന്ദ്രങ്ങളുണ്ട്. പ്രധാന കേന്ദ്രങ്ങള്‍ കുറച്ചു മാറി ഗ്രാസ്സ് (Grasse) എന്ന മറ്റൊരു സ്ഥലത്താണ്. ഇവിടെയും പെര്‍ഫ്യൂമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൌജന്യമായി കാണിച്ചു തരും. എന്നിട്ട് തനത് പെര്‍ഫ്യൂമുകള്‍ മണക്കാനുമൊക്കെ  തരും. ഒന്നെങ്കിലും വാങ്ങാതെ അധികമാരും ഇറങ്ങില്ല. ഇവിടത്തുകാര്‍ക്കിഷ്ടം ഇലകളുടെയും കായ്കളുടെയും    മണം ചേര്‍ന്ന കൂട്ടുകളാണെങ്കില്‍ , ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയം പൂവുകളുടെ ഗന്ധമാണ്.  ആണുങ്ങളുടെ പ്രിയപ്പെട്ട പെര്‍ഫ്യൂമുകള്‍ക്ക് വേരുകള്‍ തന്നെ വേണം!

'പെര്‍ഫ്യൂമര്‍'   സ്പെഷ്യലിസ്റ്റ്മാര്‍ക്ക്  ഒരു ദിവസം രണ്ടു മണിക്കൂര്‍ മാത്രമേ  പണി ചെയ്യാന്‍ പാടുള്ളുവത്രേ! വിവിധ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ശുദ്ധമായ  ഘ്രാണ ശക്തി നിലനിര്‍ത്തണം. അതുകൊണ്ട് അധികം മസാലകളുള്ള ആഹാരം , മദ്യം, സിഗരറ്റ് ഇതൊന്നും ഉപയോഗിക്കാനും പാടില്ല. (പിന്നീട് ഞങ്ങളുടെ സുഹൃത്തായ ഒരു 'പെര്‍ഫ്യൂമറോടു  '   ചോദിച്ചപ്പോള്‍ ഇതൊക്കെ ഒരു മാര്‍ക്കറ്റിംഗ്  വാചകമടി മാത്രമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ) കാണിക്കാനായി  വച്ചിരുന്ന ചില  സുഗന്ധസോപ്പുകള്‍ തിരിച്ചറിയാന്‍  പറഞ്ഞപ്പോള്‍.. ഓരോന്നും  മണപ്പിച്ചു അപ്പൂസ് കൃത്യമായി അതിന്‍റെ ചേരുവ  തിരിച്ചറിഞ്ഞു. ( ഞങ്ങളെ രക്ഷപ്പെടുത്തി ).  മൂക്കിന്‍റെ സ്വഭാവം നേരെയാക്കാന്‍ വച്ചിരിക്കുന്ന കാപ്പിപ്പൊടി, എത്രമേല്‍ മണപ്പിച്ചിട്ടും എനിക്ക് എല്ലാം ഒരുപോലെ . വാസന തിരിച്ചറിയാനും വേണം ഒരു ജന്മ വാസന!  

Perume Process


കുട്ടക്കണക്കിനു ചെടികളില്‍ നിന്ന് ഇത്തിരിയോളം ശുദ്ധ പെര്‍ഫ്യൂം ആണ് കിട്ടുക. മിച്ചജലം കൊളോണ്‍ വാട്ടറായി ഉപയോഗിക്കുന്നു. അനുബന്ധ ഉല്‍പ്പന്നങ്ങളായി സോപ്പ്, സുഗന്ധ തൈലങ്ങള്‍   എന്നിവയെല്ലാം ഉണ്ടാക്കുന്നുണ്ട് .

സോപ്പുനിര്‍മാണത്തിനുപയോഗിക്കുന്ന വിശിഷ്ട പദാര്‍ത്ഥം ഒരു കവറില്‍ കുറച്ചെടുത്ത് കാണിച്ചു തന്നു. 'വെളിച്ചെണ്ണ' ! വളരെ സ്പെഷ്യല്‍ ആയി ഇറക്കുമതി ചെയ്തു വരുന്നതാണ് . കാരണം, തീരമാണെങ്കിലും ഇവിടെ തെങ്ങില്ല.  മലേഷ്യ , ഫിലിപ്പന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ  അങ്ങനെ എത്രയോ രാജ്യങ്ങള്‍ , കേര ഉല്‍പ്പന്നങ്ങളുടെ വിദേശമൂല്യം തിരിച്ചറിഞ്ഞു കഴിഞ്ഞു .  'കേരള'ത്തിലാണെങ്കില്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കുമൊന്നും വിലയില്ലാത്തത് കാരണം , തെങ്ങിന്‍ തോപ്പുകള്‍ ചെറിയ  പ്ലോട്ട് തിരിച്ചു പുരവച്ചു വില്‍ക്കുക എന്നതാണ് ഇപ്പോഴത്തെ  മൂല്യ വര്‍ദ്ധിത ഉല്പാദന രീതി  .  

പെര്‍ഫ്യൂമറികള്‍ കണ്ടിറങ്ങി. പിന്നെ ഈസിലെ എക്സോട്ടിക് ഗാര്‍ഡനിലേക്ക്.ഒരു  കുന്നില്‍ തട്ടുതട്ടായി ഒരു പൂന്തോട്ടം, മെഡിറ്ററേനിയന്‍. തീരത്ത് വളരുന്ന കള്ളിമുള്‍ച്ചെടികളാണിവിടെ . വംശ നാശ ഭീഷണിയുള്ളവ ധാരാളം.

പ്രതിമകള്‍. ((Eze Statue)
പൂന്തോട്ടത്തിന്‍റെ ഒത്ത മുകളില്‍  ചില  പ്രതിമകളുണ്ട്. കാറ്റേറ്റു, കടലുകണ്ട് നില്‍ക്കുന്ന ചില പ്രതിമകള്‍  . മണ്ണിന്‍റെ ദേവതമാര്‍  .  കാറ്റിലൂടെ ആരൊക്കെയോ വന്നു  തൊട്ടേക്കാമെന്നപോലെ  സുന്ദര  സ്വപ്നങ്ങളില്‍ മുഴുകി ഒരേ നില്‍പ്പ്. കുന്നിന്‍ മുകളില്‍ നിന്നും താഴേക്കു മനോഹരമായ ദൃശ്യം. കടലും മലകളും ആകാശവും തൊട്ടുരുമ്മി  കിടക്കുന്നു. ആകാശം പോലെ തെളിഞ്ഞ നീല വെള്ളം.

കടല്ക്കോട്ടയില്‍ നിന്നും  ( Meton-Fort)
ഇതേ ഭൂപ്രുകൃതിയുടെ തുടര്‍ച്ചയായി കുറച്ചുകൂടി യാത്ര ചെയ്തു. ഇറ്റലിയുടെ അതിര്‍ത്തിയ്ക്കടുത്തുള്ള മെന്‍റോന്‍  .(-Menton) വരെ. മെന്‍റോണിലെ കടല്‍ ക്കോട്ടയില്‍ നിന്നും തീരം കണ്ടു. ചെറിയ  പാലം കയറി ഇറ്റലിയിലേക്കുള്ള ബസ്സുകള്‍ പോകുന്നു. അതിരുകള്‍ തുറസ്സായതിനാല്‍ തീരമെല്ലാം ഒരു തുടര്‍ച്ച തന്നെ.  ഫ്രാന്‍സും, ഇറ്റലിയും  , സ്വന്തന്ത്ര പ്രവിശ്യയായ മൊനാക്കോയും ഒക്കെ ഈ തീരത്ത് നിവര്‍ന്നു കിടക്കുന്നു. കടലിനും  കുന്നുകള്‍ക്കും ഇടയിലൂടെ അതിര്‍ത്തികള്‍ കാര്യമാക്കാതെ റെയില്‍ പാളങ്ങളുണ്ട്.  ഇഷ്ടമുള്ള തീരത്തിറങ്ങാം. ലോകത്തിലെ അതിര്‍ത്തികളെല്ലാം   ഇതുപോലെ സ്വതന്ത്രമായിരുന്നെകില്‍ !

മൊണാകോ ഒരു ദൃശ്യം 
തിരികെ വരും വഴി, മൊണാക്കോ (Monaco)യിലിറങ്ങി . റെയില്‍വേ സ്റ്റേഷന്‍ തന്നെ ഒരു മലയിലേക്ക് ചാരിവച്ചിരിക്കുന്നു . ടൂറിസം ഓഫീസില്‍ ചെന്നപ്പോള്‍  പതിവ് പല്ലവികള്‍ . ഓള്‍ഡ്‌ ടൌണ്‍, പള്ളികള്‍, കൊട്ടാരങ്ങള്‍, കുന്നിന്‍ മുകളിലെ പൂന്തോട്ടങ്ങള്‍ . കുറച്ചു കൂടി ഉള്ളിലേയ്ക്ക് പോയാല്‍   ഫോര്‍മുല 1 കാര്‍ റേസിംഗ് നിരത്തും മറ്റുമുള്ള മോന്റെകാര്‍ലോ (Monte Carlo) യുമുണ്ട്  .  

മൊണാകോ (Monaco)
എക്സോട്ടിക്  ഗാര്‍ഡനില്‍ മാത്രം പോയി. കുറച്ചു കൂടി വൈവിധ്യമാര്‍ന്ന  കള്ളിമുള്‍ചെടികള്‍  കണ്ടു.   കുന്നിനകത്തേക്ക് ഒരു ഗുഹയും.  കുന്നിന്‍ മുകളില്‍ നിന്നും മൊണാക്കോ മുഴുവന്‍ കണ്ടു. മലകളിലും കുന്നിലും കടലിടുക്കുകളിലുമെല്ലാം കണ്ടാല്‍ കൌതുകം തോന്നിപ്പിക്കും വിധത്തില്‍  കയ്യേറ്റം നടത്തിയിരിക്കുന്നു. കടലിന്റെ ചുവട്ടില്‍ ,   പ്രകൃതി നട്ട കുന്നുകള്‍ക്ക് മുകളില്‍, മനുഷ്യന്‍  നട്ടു വളര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങളുടെ   മുകള്‍ത്തട്ടിലെല്ലാം മനുഷ്യന്‍ തന്നെ പൂന്തോട്ടങ്ങള്‍ തീര്‍ത്തലങ്കരിച്ചിരിക്കുന്ന കാഴ്ച!

കുട്ടികളുടെ തീരം(Villefranche-sur-Mer)
വീണ്ടും നീസിലെക്കുള്ള ട്രെയിനില്‍ കയറി.  'വില്‍ഫ്ലോര്‍ഷ്സുമേറി'ല്‍ (Villefranche-sur-Mer) ഇറങ്ങി. ഈ പ്രദേശത്ത് സ്വാഭാവികമായി  മണ്ണുള്ള ഒരേയൊരു തീരം. കടല്‍ക്കുന്നുകള്‍ക്കിടയില്‍ ഉള്‍വലിഞ്ഞു കിടക്കുകയാണ്.ഒട്ടും തിരയില്ല.  തൊട്ടപ്പുറത്തെ തീരങ്ങളിലെല്ലാം ശക്തമായ തിരയുണ്ട്. ഇതു മാത്രം  കുട്ടികള്‍ക്കായി പ്രകൃതി ഒരുക്കിയ ഒരു കളിത്തീരം. ദൂരെ  ധാരാളം മത്സ്യബന്ധനബോട്ടുകള്‍ കിടക്കുന്നു. മീനുകളെ കരയ്ക്കടുത്തു തന്നെ കാണാം . ജെല്ലിഫിഷ് തീരത്തേക്ക് വരാതിരിക്കാന്‍  വലയിട്ടിരിക്കുന്നു. മറ്റു ബീച്ചുകളെ പോലെ, കടല്ക്കുളി കഴിഞ്ഞാല്‍ നല്ല വെള്ളത്തില്‍ കുളിക്കാന്‍ തീരത്ത് തന്നെ ഷവറും ഒക്കെ ഒരുക്കിയിട്ടുണ്ട്.

കടലിലെയ്ക്കിറങ്ങി കിടക്കുന്ന ഒരു ഉപദ്വീപു -കുന്ന് ഇവിടെ നിന്നു തന്നെ കാണാം. കുറച്ചുദൂരം കയറി. കടലിനഭിമുഖമായി വലിയ ബംഗ്ലാവുകള്‍, ചുറ്റും തോട്ടങ്ങള്‍ . ലോകത്തിലെ പണക്കാരുടെ ഹോളിഡേ കൊട്ടജുകള്‍ക്ക് പേരുകേട്ട സ്ഥലം ആണിത്.  'കാപ്ഫെറ'. (Saint-Jean-Cap-Ferrat) കേരളത്തിലെ വീടുകളേക്കാള്‍ കുറച്ചുകൂടി വലിയ സെറ്റപ്പ്. ഓരോ ബന്ഗ്ലാവിനും സ്വന്തമായി ബീച്ചും കുന്നിന്‍ പുറങ്ങളും ഉണ്ട്!  റോഡില്‍ വലിയ ഇനം കാറുകള്‍ കാണാം. ( പൊതുവേ ഫ്രാന്‍സില്‍ ചെറിയ റോഡും കാറുകളുമൊക്കെയാണുള്ളത് ). ഇതൊക്കെത്തന്നെ ആണ് ഇവിടുത്തെ ഒരു കാഴ്ച. വന്മതിലുകളില്‍ കൂടി ഉള്ളിലേയ്ക്ക് നോക്കുമ്പോള്‍ ജയിലിലേയ്ക്ക് നോക്കുന്ന പ്രതീതി. സെക്യൂരിറ്റി അലാറം, സര്‍വയലന്‍സ് ക്യാമറ ഒക്കെ വില്‍ക്കുന്ന കടകളും കണ്ടു.  ഇതെല്ലാം വേണ്ടിവരും. പട്ടണത്തിന്റെ നടുക്ക് പലയിനം ശില്‍പ്പങ്ങള്‍  കടലിലേക്ക്‌ നോക്കി നില്‍ക്കുന്നു. വെള്ളത്തില്‍ വരിവരിയായി  സ്വകാര്യ ബോട്ടുകള്‍ . ആര്‍ട്ട്‌ഗാലറികളും മറ്റുകടകളും ഒക്കെയായി ആഭിജാത്യം   ഇത്തിരിക്കൂടിയ  ഒരു കടപ്പുറം. 

സ്വകാര്യ നൌകകള്‍ ...(Yatches..Cap-ferrat)

ഇവിടെ മലഞ്ചുവട്ടിലാണ് കടല്‍. കുന്നും മലയും കടലും  ആള്‍ പാര്‍പ്പുള്ള സ്ഥലങ്ങള്‍ തന്നെ .  കുറച്ചു മലകളെ മാത്രമേ വെറുതെ വിട്ടിട്ടുള്ളൂ. പാരിസ്ഥിതിക വിനോദ സഞ്ചാരത്തെ പണം കവര്‍ന്നു കളഞ്ഞില്ലേയെന്നു തോന്നാം. പക്ഷെ എത്ര അപഹരിച്ചിട്ടും തീരാത്ത സൌന്ദര്യം ഈ പ്രകൃതിയ്ക്കുണ്ട് , സമ്പത്തും.പിറ്റേന്ന് മടക്കം. അതിനു  മുന്‍പ് കടലിന്‍റെ കല്ലേറ് ഒരിക്കല്‍ കൂടി വാങ്ങി. തണുപ്പ് മാത്രം തന്നിട്ട്, കല്ലെല്ലാം കടലുതന്നെ തിരിച്ചെടുത്തു . ഇനിയും എത്രപേരെ എറിഞ്ഞു കൊള്ളിക്കണം! തിരക്കിട്ട് മടങ്ങുമ്പോള്‍  ഗ്രാസ്സിലെ  പെര്‍ഫ്യൂം  തോട്ടങ്ങളും, കാനിലെ ചുവന്ന കുന്നുകളും , ഒലിവ്‌ തോട്ടങ്ങളും പിടിതരാത്ത കാഴ്ച്ചകളായി പിന്നിലേക്കോടി.
-----

Thursday, August 9, 2012

ലൂവാ നദീതടങ്ങളില്‍ (Loire vally) --4

ലൂവാ നദി.

ലൂവാ തീരങ്ങള്‍ (loire valley in france) തേടി വീണ്ടുമൊരു യാത്ര. മഴമേഘങ്ങളും ഒപ്പം കൂടി. പരിഭവിച്ചും പതം പറഞ്ഞും കുറേ പെയ്തും ചിതറിപ്പറിഞ്ഞും കൂടെത്തന്നെ.


ബൂവല്‍
 - വന്യജീവി സങ്കേതം:
---------------------------------------------
കാടുറങ്ങുന്ന ലൂവാതടങ്ങളില്‍ രാജാക്കന്മാര്‍ ഒരുപാട് നായാട്ടു കൊട്ടാരങ്ങള്‍ പണിതിട്ടുണ്ട്. അതിനിടയില്‍ പക്ഷിസംരക്ഷണത്തിനായി ഒരു സങ്കേതം പണിയാനാണ്  ഫ്രാന്‍സെസ്  ദെലോര്‍ (' Frances Delord') എന്ന ഒരു സ്ത്രീയ്ക്ക് തോന്നിയത്. അവര്‍ തുടങ്ങിയ ബൂവല്‍ (Zoo parc de Beauval) എന്ന ഈ പക്ഷിക്കാട്ടിലെയ്ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പക്ഷികളെ കൊണ്ടുവന്നു. കാലക്രമേണ മൃഗ സംരക്ഷണവും ഇതിന്റെ ഭാഗമായി. വംശനാശ ഭീഷണിയുള്ള പക്ഷി മൃഗാദികളെ പ്രത്യേക സംരക്ഷണത്തില്‍ വളര്‍ത്താന്‍ തുടങ്ങി.  അങ്ങനെ ഫ്രാന്‍സിലെ തന്നെ ഒരു പ്രധാന  'കാട്ടിലെ കാഴ്ച ബംഗ്ലാവ്' അഥവാ 'കാഴ്ച ബംഗ്ലാവിലെ കാട്' ആയി മാറി ബൂവല്‍. സംരക്ഷണതാല്‍പ്പര്യം എന്തെന്തു സാദ്ധ്യതകളാണ് തുറന്നിടുന്നത്?

പാരീസില്‍ നിന്നുള്ള ട്രെയിനില്‍ ഒന്നര മണിക്കൂര്‍ യാത്ര, ഒരു കര്‍ഷകഗ്രാമത്തില്‍ എത്തി (St Aignan). ദൂരെ ഗോതമ്പ് പാടങ്ങളും കുത്തുപുരകളും കാണാം. മുറ്റത്തു വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ പണികഴിഞ്ഞു വിശ്രമിക്കുന്നു. വഴിയരുകിലെല്ലാം  റോസാപ്പൂക്കള്‍ ചിരിക്കുന്നു.  മനുഷ്യരെയൊന്നും കാണാനില്ല.  ഒരു ബോര്‍ഡില്‍ ടാക്സി വിളിക്കേണ്ട നമ്പര്‍ കണ്ടു.  അതനുസരിച്ച് ടാക്സി വിളിച്ചു ‘ബൂവലി’ലേക്ക് തിരിച്ചു. കാടും പാടവും ഒക്കെ കടന്നു ചെല്ലുമ്പോള്‍ ഒരു ഗേറ്റിനു മുന്‍പില്‍ കുട്ടികളുടെ നിര. അവര്‍ക്ക് പിന്നില്‍ വലിയ ഒരു പാര്‍ക്കിംഗ് ഏരിയ . പിക്നിക്‌ ബസ്സുകളും കാറും ഒക്കെയായി. 

ഫ്രാന്‍സിലെ സ്കൂള്‍ കുട്ടികള്‍ കാണാത്ത കാടും നാടും ഇല്ല. പബ്ലിക്‌ സ്കൂളിലെ അവധിക്കാല ക്ലാസുകള്‍ക്ക് ചേര്‍ന്നാല്പിന്നെ എന്നും യാത്രകളാണ്. കാട്ടിലേക്ക്, ഗ്രാമങ്ങളിലെയ്ക്ക്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേയ്ക്ക് എന്ന് വേണ്ട, ഒന്നുമില്ലെന്കില്‍ കുട്ടികളുടെ പുതിയ സിനിമകള്‍ കാണിക്കാനെങ്കിലും കൊണ്ടുപോകും. മിക്ക യാത്രകളും സാധാരണ ബസിലും ട്രെയിനിലും തന്നെ

'Hotel Les Jardins de Beauval.'

പാര്‍ക്കിങ്ങിനു പിന്നിലുള്ള പാടത്തിനുമപ്പുറം ഒരു നിര കൂടാരങ്ങള്‍ കാണാം. അത് 'ബൂവലു'മായി ബന്ധപ്പെട്ട ഹോട്ടല്‍ ചെയിന്‍ ആണ്. 'Hotel Les Jardins de Beauval.'  സംരക്ഷണത്തിന്റെ മറ്റൊരു സാദ്ധ്യത! ഏതായാലും കൂടാരങ്ങളുടെ അകവും പുറവും മനോഹരമാണ്. മുറ്റത്ത്‌ ധാരാളം മരങ്ങള്‍. വലിയയിനം (സുഗന്ധമില്ലാത്ത) ഗന്ധരാജന്‍ ചെടികളും പൂക്കളും; ചെറിയ പായല്‍  കുളങ്ങളും  തോടുകളും. കുട്ടികള്‍ വെള്ളത്തിലേയ്ക്കിടുന്ന, ചെറിയ റൊട്ടിക്കഷണങ്ങള്‍ക്കായി  മീനുകളും താറാവുകളും തമ്മില്‍ മല്‍സരം. ഭക്ഷണ സാധങ്ങള്‍ മാത്രമല്ല, ഹോട്ടലിലെ സോപ്പും ഷാംപൂവും വരെ ഈ നാട്ടിന്‍പുറങ്ങളില്‍ത്തന്നെ ഉണ്ടാക്കിയതാണത്രേ; അതും കൃത്രിമ ചേരുവകളില്ലാതെ.

വഴിയിറമ്പിലെ ചിരി 
ഹോട്ടല്‍ മുറ്റത്ത്‌ കത്രിച്ചു നിര്‍ത്തിയ പുല്തകിടിയാണെങ്കില്‍ വേലിക്കപ്പുറം വെറുതേ പൂവിട്ടു കിടക്കുന്ന ചെടികളാണ്.   പാടം മുറിച്ചു കടക്കുന്ന വഴി ഒരു ഗോതമ്പ് പൊട്ടിച്ചു രുചിച്ചു. ആ കുഞ്ഞുമണിയില്‍ എന്‍റെ  പേരുണ്ടായിരുന്നിരിയ്ക്കാം.

നേരത്തെ ടിക്കറ്റ്‌ എടുത്തത്‌ കൊണ്ട് ക്യൂ  നില്‍ക്കാതെ പാര്‍ക്കില്‍ കടന്നു. ഹെക്ടര്‍ കണക്ക് വനഭൂമി പല കാലാവസ്ഥാ ജീവികള്‍ക്കായി പതിച്ചു നല്‍കിയിരിക്കുന്നു. പ്ലാന്‍ നോക്കി നോക്കി പതുക്കെ നടന്നു. 

tropical greenhouse
ആദ്യം കണ്ട കിളിവാതില്‍ തുറന്നു കയറി. മുകളില്‍ ചില്ലിട്ട കൂടാരത്തിനകത്തു മഴ പെയ്തും തോര്ന്നും നില്‍ക്കുന്നു . കിളികള്‍ക്കായി ഒരു മഴക്കാട് (tropical greenhouse) സൃഷ്ടിച്ചിരിക്കുന്നു. ഇന്നലെ കണ്ടുമറന്ന  ചെടികള്‍ നാലുപാടും. ചെമ്പരത്തിയും ജാതിയും നാരകവും നാലുമണിപ്പൂക്കളുമെല്ലാമുണ്ട് . താഴെ തഴച്ചു വളര്‍ന്നു കിടക്കുന്ന പടര്പ്പന്‍ പോച്ച കൂസലില്ലാതെ നോക്കുന്നു. തിരിച്ചറിഞ്ഞു കാണുമോ? അപ്പൂസിന്റെ പ്രായത്തില്‍ ഒരു ‘വല്ലം’ പടര്‍പ്പന്‍ പോച്ചക്ക് ഒരു മുട്ട പുഴുങ്ങിയതായിരുന്നു ഞങ്ങള്‍ക്ക് അമ്മുമ്മ തന്നിരുന്ന കൂലി. ഇപ്പോള്‍ മകന്‍റെ അവധിക്കാലത്ത് 'നോക്കുകൂലി' കൊടുക്കുകയാണ്, വംശനാശഭീഷണി  നേരിടുന്നവരുടെ ഉദ്യാനത്തിന്.

tropical greenhouse
വേഴാമ്പലുകള്‍ മഴ കൊണ്ടു മടുത്തു കാണണം. കഴുകന്റെ കാട്ടുകൂട്ടിലേക്ക് എറിഞ്ഞിട്ട  ഇറച്ചി അവിടെത്തന്നെ കിടക്കുന്നു. അതിനു കണ്ട ഭാവം പോലുമില്ല. വലിയ കിളികള്‍ കുറച്ചു ഗൌരവത്തിലാണ്. അവര്‍ക്കറിയാം മറഞ്ഞിരിക്കുന്ന വലയുടെ  അതിര്‍ത്തി. ചെറുകിളികള്‍ക്കാണെങ്കില്‍ ഉള്ള സ്ഥലം തന്നെ ധാരാളം. മഴയുണ്ട്, വെയിലുണ്ട്, മണ്ണുണ്ട്, പ്രിയപ്പെട്ട ചെടികളും പഴങ്ങളുമുണ്ട്. പിന്നെന്തു വേണം? കിളികളെല്ലാം  എന്തൊക്കെയോ പാടിക്കൊണ്ടേയിരിക്കുന്നു. അറിയാത്ത മൊഴിയില്‍ കുറെ പ്രവാസ കവിതകള്‍ !  തിരക്കുകള്‍ക്കിടയിലും ഒരു വാഴ കുലച്ചു തറയില്‍ മുട്ടിക്കിടപ്പുണ്ട്. അല്ലെങ്കിലും ഗൃഹാതുരത്വത്തില്‍ മുങ്ങി എഴുതാനും പാടാനും    ചെടികള്‍ക്കെവിടെയാണ് നേരം?. പുലര്‍ച്ചെയുണരണം , വെള്ളം കോരണം , ഭക്ഷണം പാകം ചെയ്യണം, പകലന്തിയോളം പണി ചെയ്താലും മുഖത്ത് പൂവിരിച്ചു നില്‍ക്കണം, സ്വന്തം കായ്കനികളും ലോകത്തിനു  കൊടുത്തിട്ടു നടുവൊടിഞ്ഞു കിടക്കുന്നു. നിനച്ചിരിക്കാതെ  ഒരു ഇടവപ്പാതി നനഞ്ഞു തീര്‍ന്നത് പൊലെ 'ട്രോപിക്കല്‍ ഗ്രീന്‍ ഹൌസില്‍ ' നിന്നും വെളിയിലേക്കിറങ്ങി. 

ഫ്ലെമിഗോസ്
വീണ്ടും പക്ഷികള്‍! പല നാടുകളില്‍ നിന്ന് വന്നവര്‍. ഒട്ടകപ്പക്ഷികള്‍, മയിലുകള്‍ ഒക്കെ  വിശാലമായ പറമ്പുകളില്‍ വിഹരിക്കുന്നു. റോസാപ്പൂ  നിറമുള്ള    ഫ്ലെമിഗോ പക്ഷികളുടെ സ്ഥലം ദുര്‍ഗന്ധ പൂരിതം. ‘ഭംഗിയെയുള്ളൂ, സുഗന്ധം പ്രതീക്ഷിക്കരുതെ’ന്ന് ക്ഷമാപണ ബോര്‍ഡ്‌. അടുത്തു തന്നെ വച്ചിട്ടുണ്ട്. 

പെലിക്കന്‍സ്

പല തുരുത്തുകളിലായി  വെള്ളപെലിക്കന്‍ പക്ഷികള്‍.. അവയ്ക്കായി ചെറു തോടുകളും, തോട്ടില്‍ നിറയെ മീനുകളും.  മുകളില്‍ ആകാശം തുറന്നു തന്നെയാണ്. എന്നാലും എന്തുകൊണ്ടാണിവ പറന്നു പോകാത്തതെന്നു എനിക്ക് മനസ്സിലായില്ല.  കുടുംബവും കൂട്ടുകാരുംഭക്ഷണവുംനല്ല കാലാവസ്ഥയും ഒക്കെ ഇവിടെ ഒരുക്കിയിട്ടുള്ളപ്പോള്‍ പിന്നെ എവിടെ? എന്തിനു പോകണം എന്നാണോ?  നേരിട്ടു ചോദിച്ചാല്‍, അവരെന്നോടും ഈ ചോദ്യം തന്നെ ചോദിച്ചേക്കും. (സംരക്ഷണക്കാര്‍ ചിറകുകള്‍ കത്രിച്ചിട്ടുണ്ടാകുമോ? അറിയില്ല.)

പക്ഷികളെ കണ്ടു കണ്ടു ചൈനയുടെ വിഭാഗത്തിലെത്തി. മരത്തില്‍ ചില VVIP(പ്രവാസി)കള്‍ കളിയ്ക്കുന്നു.  വംശനാശ ഭീഷണി കാരണം ജീവിതം രക്ഷപെട്ട പാവം ഭീമന്‍ പാണ്ടകള്‍. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസിഡന്‍റ് തലത്തില്‍ സമ്മതപത്രം തയ്യാറാക്കിയാണ് ഇവരെ ചൈനയില്‍ നിന്നും  ഇവിടെ എത്തിച്ചിരിക്കുന്നത്. ഇവിടേയ്ക്ക് കൊണ്ടുവരുന്ന പാണ്ടകളെ പത്തുവര്‍ഷം കഴിയുമ്പോള്‍ തിരികെ കൊടുക്കണം. പത്തുവര്‍ഷം കൊണ്ട് ഉണ്ടായ കുഞ്ഞുകുട്ടികളെയും കൂടി തിരികെ കൊടുക്കണം! പിന്നെ പുതിയ പാണ്ടകള്‍ പ്രവാസത്തിനെത്തും. രാജകീയ ജീവിതം നയിച്ച്‌ കുടുംബസമേതം തിരിച്ചു പോകും. പാട്ടക്കരാര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ വേണം.  അല്ലാതെ....

ഭീമന്‍ പാണ്ട
പാണ്ടകളുടെ പ്രത്യക പരിചരണത്തിനു ഒരു ഡോക്ടര്‍ ഉണ്ട്. പണ്ട് ഇവറ്റകളെയും എത്രയോ വേട്ടയാടിയിട്ടുണ്ടാവണം? തീരാറായപ്പോള്‍ എന്തൊരു  പ്രിയം!

ചെനീസ്‌ വിഭാഗത്തിനോട് ചേര്‍ന്ന് ചൈനീസ്‌ ഭക്ഷണശാലയും ഉണ്ട്. തൊട്ടപ്പുറത്ത് പരിശീലനം നേടിയ  പക്ഷിമൃഗാദികളുടെ പ്രകടനങ്ങള്‍ നടക്കുന്ന സ്ഥലം. (സംരക്ഷണത്തിന്റെ അനന്ത സാധ്യതകള് ) പക്ഷികള്‍ക്ക് വേദി ആകാശമാണ്. പരുന്തും മറ്റു ചില വലിയ പക്ഷികളും പ്രകടനപ്പറക്കല്‍ നടത്തുമത്രേ. (സ്വാതന്ത്ര്യം മുതലെടുത്തു ഇവര്‍ പറന്നു പോകില്ലെയെന്നു എനിക്കിപ്പോഴും സംശയം.) താഴെ നീര്‍ക്കുതിരകളുടെ കുളം. പ്രകടന സമയം കഴിഞ്ഞിട്ടും അവര്‍ ഉത്സാഹത്തോടെ വളയം എറിഞ്ഞു കളിയ്ക്കുന്നു .

ആസ്ത്രേലിയന്‍ തോട്ടത്തില്‍ കംഗാരുവും കൊയ്‌ലയും മറ്റും വിഹരിക്കുന്നു.  അടുത്ത പറമ്പ്, കുരങ്ങന്‍മാരുടെതാണ്. പല ഭാഗങ്ങളില്‍ ആയി ചിമ്പാന്‍സിയും  ഗൊറില്ലയും വരെ ഉണ്ട്. വിസ്തൃതമായ മരത്തോപ്പില്‍ അവരുടെ കുടുംബവിശേഷങ്ങളുമായി സ്വസ്ഥം. നില്പ്പിലുംഇരിപ്പിലുംകിടപ്പിലും എല്ലാം മനുഷ്യരെപ്പോലെ തന്നെ . ഒരു മൂലയില്‍ അമ്മയും കുഞ്ഞും ചേര്‍ന്നു കിടന്നുറങ്ങുന്നു. മറ്റൊരിടത്ത് ഒരു കുരങ്ങു മനുഷ്യന്‍ തന്‍റെ  കുരങ്ങത്തിയെ തോണ്ടി എന്തോ പറഞ്ഞു. അവര്‍ നീങ്ങിമാറിയിരുന്നു .  കുരങ്ങച്ചന്‍ കിട്ടിയ സ്ഥലത്ത് നീണ്ടു നിവര്‍ന്നു വിശ്രമിക്കുന്നു. അവരുടെ ലോകവും ഭാഷയും ജീവിതവും എത്ര പൂര്‍ണ്ണമാണ് !. നമുക്കെന്തറിയാം! 

സിംഹവും പുലിയും വെളുമ്പന്‍ കടുവയുമെല്ലാം വേലികെട്ടിയ കാടുകള്‍ക്കുള്ളില്‍ മടിപിടിച്ച് കിടപ്പാണ്. എറിഞ്ഞു കിട്ടുന്ന ഇറച്ചിതുണ്ടുകളില്‍ തീരുന്നതാണോ അവരുടെ വിശപ്പ്‌.? അമ്മമാര്‍ക്ക് ഇവിടെയും സമയമില്ല. കരിമ്പുലിയമ്മ രണ്ടു കുട്ടികളെ  കളിപ്പിക്കുന്ന തിരക്കിലാണ്. 

കടല്‍ വിഭാഗം അക്വേറിയത്തില്‍ കൂറ്റന്‍ സീകൌ ഉണ്ട്. മത്സ്യങ്ങളും ജലജീവികളും. ചീങ്കണ്ണികളും  ധാരാളം . വെളിയില്‍ ആമകള്‍ പിച്ച വയ്ക്കുന്നു. പറമ്പിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എത്താന്‍ കുറേ നാളെടുക്കും. എന്നാലും ജീവിതദൈര്‍ഘ്യം വച്ച് നോക്കിയാല്‍ ഇനി എത്ര കാഴ്ചക്കാരെ കാണാന്‍ കിടക്കുന്നു? ഒക്കെയും കണ്ടു, വിഷവും വിഷമവും  ഉള്ളിലൊതുക്കി ചെറു മരച്ചോടുകളില്‍ ചുറ്റിയിരിക്കുന്നുണ്ട് പലതരം സര്‍പ്പങ്ങള്‍. !

അഞ്ചു ആഫ്രിക്കാന്‍ ആനകള്‍ക്ക്അഞ്ചു ഹെക്ടര്‍ വനഭൂമിയാണ് നല്‍കിയിരിക്കുന്നത്. വലിയ ഒരു ആനക്കൊട്ടിലും ഉണ്ട്. സ്വയം ചെളിവാരിയെരിഞ്ഞു ചൂടാറ്റുന്നു. കാടും സ്ഥലവും ആവശ്യത്തിനുള്ളത് കൊണ്ട്, പൊതുവേ  എല്ലാവരും ശാന്തരായി തോന്നിച്ചു. 

വസന്തം കഴിഞ്ഞു ഗ്രീഷ്മത്തിലേയ്ക്കുള്ള നാള്‍വഴി  റോസാപ്പൂക്കളുടേതുമാണ്. അങ്ങിങ്ങ് ചെറിയ തോട്ടങ്ങളില്‍ നിറച്ചു പൂവുകള്‍വലുപ്പവും, നിറവും ഭംഗിയും ഒക്കെ ആവശ്യത്തില്‍ കൂടുതലുണ്ട്. പക്ഷെ പാരീസിലെ പോലെ തന്നെ ഒട്ടും മണമില്ലാത്ത പൂവുകളാണ്. കാത്തിരുന്നു വിരിയുന്ന മുല്ലപ്പൂവിലും റോസാപ്പൂവിലും ഒക്കെ നേര്‍ത്ത വെള്ള തുണിവച്ചുകെട്ടി രാവിലെ അത് പിഴിഞ്ഞ് പനിനീരെടുക്കാന്‍  നോക്കിയിട്ടുണ്ട്,  ചെറുപ്പത്തില്‍ഇന്നാട്ടിലെ പൂക്കളുടെയെല്ലാം മണമുള്ള നീര് ആരോ എടുത്തു മാറ്റിയത് പോലെയാണ് തോന്നുക. എന്നാലും ചെടികള്‍ക്കാണ് സര്വ്വാധിപത്യം. മനുഷ്യനും മൃഗങ്ങളും കാടുകളും കൃഷിയിടങ്ങളുമെല്ലാം  പരസ്പരം കാഴ്ച്ചയാകുന്ന 'ബൂവലില്‍' നിന്നും കണ്ണു നിറയെ നിറങ്ങള്‍ കൊരിക്കുടിച്ചാണു  മടങ്ങിയത്.

അമ്പൊയിസ്‌ (Amboise): ഡാവിഞ്ചിയുടെ തീരം.
---------------------------------------------
Amboise
രാവിലെ അടുത്തുള്ള മറ്റൊരു പട്ടണമായ,അമ്പൊയിസിലേക്കു തിരിച്ചു. മൂന്നോ നാലോ കമ്പാര്‍ട്ട്‌മെന്റുകള്‍ മാത്രം ഉള്ള ചെറിയ ട്രെയിനില്‍ ആണ് യാത്ര. ഓരോ സ്റ്റേഷനിലും ഡ്രൈവര്‍ ഇറങ്ങി, സ്റ്റേഷന്‍ ഓഫീസറോട് കുശലമൊക്കെ പറഞ്ഞു, എല്ലാവരും കയറി എന്ന് ഉറപ്പാക്കിയിട്ടാണ് വണ്ടി വിടുന്നത്. കൊയ്ത്തു യന്ത്രം കൊയ്തു കൂട്ടിയിട്ടിരിക്കുന്ന വിശാലമായ ഗോതമ്പ്  പാടങ്ങള്ക്കിടയിലൂടെ ട്രെയിന്‍ പാഞ്ഞു. അറിയാതെ ഓര്‍ത്തുപോയത് ഈ യന്ത്രത്തിനു കാത്തു കെട്ടികിടക്കുന്ന നാട്ടിലെ പാടങ്ങളെയാണ്. കാണെക്കാണെ  ധാരാളം ജൈവ കൃഷിയിടങ്ങള്‍ തെളിഞ്ഞു. സുതാര്യമായ കൂടാരങ്ങളിലാണ് (ഗ്രീന്‍ ഹൌസേസ്) കൃഷി. കീടങ്ങള്‍ കുറയും, ചൂടും വെളിച്ചവും  ക്രമീകരിക്കാം. വര്‍ഷത്തില്‍ പകുതി സമയമേ നല്ല വെട്ടവും വെളിച്ചവുമുള്ളൂ. ഫെബ്രുവരിയില്‍ നിലമൊരുക്കി , ഘട്ടം ഘട്ടംമായി വിതച്ചു വിളവെടുത്തു കഴിയുമ്പോഴേക്കും ശൈത്യമെത്തും.വഴിയില്‍ ധാരാളം മുന്തിരിത്തോട്ടങ്ങളും കണ്ടു. ഇവിടുത്തെ പല  പട്ടണങ്ങള്‍ക്കും  സ്വന്തം വൈന്‍ ബ്രാണ്ട് തന്നെയുണ്ട്. 

അമ്പൊയിസില്‍ ബുക്ക്‌ ചെയ്ത ഹോട്ടല്‍ ഒരു പഴയ വീടാണ്. മുറികള്‍ തിരിച്ചു ഹോട്ടല്‍ ആക്കിയിരിക്കുന്നു.  ബുക്കിംഗ് വൈകിട്ട് മുതലേയുള്ളൂ. പെട്ടി വയ്ക്കാന്‍ ചെന്നതാണെങ്കിലും രാവിലെ തന്നെ താക്കോല്‍ തന്നു. ഹോട്ടല്‍ ഇന്‍ ചാര്‍ജ് വളരെ ചുറുചുറുക്കുള്ള ഒരു സ്ത്രീ. സ്ഥലത്തെ കുറിച്ച് ഒരു ഏകദേശ ധാരണയും തന്നു.

അമ്പോയിസ്‌ രാജധാനി
വീടിനു മുന്നില്‍ത്തന്നെ കാണാം ലൂവാ നദിയെ. ഒരു പാലം കടന്നാല്‍ അമ്പോയിസ്‌ രാജധാനി. ചരിത്രമൊരുപാട് പേറുന്ന പഴയ കൊട്ടാരങ്ങളില്‍ ഒന്ന്. രാജാക്കന്മാര്‍ പാരീസിനടുത്തെക്കും മറ്റും മാറിയപ്പോള്‍ ആളൊഴിഞ്ഞു കിടന്ന കൊട്ടാരം ഇടക്കാലത്ത് ജയിലായും ഉപയോഗിച്ചുവത്രേ . ഫ്രഞ്ച്  വിപ്ലവത്തിന്  ശേഷം നശിച്ചു പോയിരുന്ന കൊട്ടാരത്തെ കുറച്ചൊക്കെ പുതുക്കി സംരക്ഷിച്ചു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലൂയിഫിലിപ്പ്‌ രാജാവിന്‍റെ പിന്‍ഗാമികള്‍ തന്നെയാണ്, ഇപ്പോഴും ഈ കൊട്ടാരം നോക്കി നടത്തുന്നത്.   

രാജസ്മൃതികളെക്കാളുപരി ഇവിടം ധന്യമാകുന്നത്പതിനാറാം നൂറ്റാണ്ടില്‍ ഭരിച്ച ഫ്രാന്‍സ്വാ ഒന്നാമന്‍ (Francois I) രാജാവിന്റെ  അടുത്ത സുഹൃത്തായ 'ലിയോനാര്‍ഡോ ഡാവിഞ്ചി'യുടെ അന്ത്യ വിശ്രമസ്ഥലവും ഇവിടെയാണ് എന്നുള്ളതിനാലാണ്കൊട്ടാര വളപ്പിലെ ഒരു കുടീരത്തില്‍ (St Huberts Chapel) ശാന്തമായി ഉറങ്ങുകയാണ് അദ്ദേഹം.

കോട്ടമുകളില്‍ നിന്നാല്‍ നദിയും പട്ടണവും ഒക്കെ കാണാം. ചെറിയ ചെറിയ വീടുകള്‍ തിങ്ങി നിറഞ്ഞ ഒരു കൊച്ചു പട്ടണം. ഇവിടെ ഉള്ള പഴയ ടിമ്പര്‍ ഹൌസസ് (Timber-framed houses) ഒക്കെ നന്നായി   സംരക്ഷിച്ചിട്ടുണ്ട്.      യുണെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്ള പട്ടണമാണിത്. വീടുകള്‍ക്കപ്പുറം വിശാലമായ കൃഷിയിടങ്ങളാണ്.

കൊട്ടാരവളപ്പിലെ സ്മാരകങ്ങളും, മുന്തിരിത്തോപ്പും, പൂന്തോട്ടങ്ങളും  കണ്ടിറങ്ങി. പില്‍ക്കാലത്ത്‌ ഫ്രഞ്ച് സ്റ്റൈല്‍ ഗാര്‍ഡന്‍ ആയി വളര്‍ന്നു വന്ന പൂന്തോട്ട ശൈലിക്ക്, ഇവിടെ നിന്നായിരുന്നുവത്രേ തുടക്കം.

ഭക്ഷണവും വാങ്ങി നദിക്കരയിലേക്ക് നടന്നു. പുല്ലും മരങ്ങളും വളര്‍ന്നു കാട് പിടിച്ചു കിടക്കുന്ന  സ്ഥലം. കുറ്റിക്കാടിനിടയിലൂടെ കുറച്ചു നടന്നപ്പോള്‍ ഒരു നടവരമ്പ് തെളിഞ്ഞു കിട്ടി. തീരം മുഴുവന്‍ ഇങ്ങനെ പൊന്തക്കാടുകള്‍ തന്നെ, ഇടയില്‍  മണ്ണു  തെളിഞ്ഞു ബീച്ച് പോലെ ചില സ്ഥലങ്ങളില്‍ ആള്‍ക്കാരെ കാണാം. അക്കരെ ആരൊക്കെയോ ചൂണ്ടയിടുന്നു, കിട്ടിയ മീനിനെ വെള്ളത്തില്‍ എറിഞ്ഞു കളഞ്ഞിട്ടു വീണ്ടും കുത്തിയിരിപ്പാണ് സന്ധ്യ മയങ്ങിത്തുടങ്ങി. എങ്കിലും അപ്പൂസിനു കളിക്കാനൊരു പുഴ കിട്ടിയ ആവേശം. നാട്ടിലായിരുന്നെങ്കില്‍ ഇത്ര വിജനമായ കാട്ടുപുഴയോരത്തു ഇങ്ങനെ വന്നിരിക്കുന്ന  കാര്യത്തെ കുറിച്ച് പ്രത്യേകിച്ച്  ആലോചിക്കാനൊന്നുമില്ല. പീഡനഭയവും സദാചാരപാലനവുമെല്ലാം കൂടി മനുഷ്യന്‍റെ തലയ്ക്കു മുകളിലൂടെ ഒരു വല വിരിച്ചിട്ടുണ്ട്. അതിനു മീതെ ഒന്നും അത്ര എളുപ്പമല്ല.

കൂട്ടിനുള്ളിലെ കാടാണോ  കാട്ടിനുള്ളിലെ കൂടാണോ  കിളികള്‍ക്കിഷ്ടം എന്നറിയില്ല. പക്ഷെ പുറമ്പോക്കിലെ , പൊന്തക്കാട്ടിലെ ഈ ചെടികള്‍ക്ക്   എപ്പോഴും ചിരി തന്നെ. എന്ത് ചോദിച്ചാലും തലയാട്ടും , എവിടെ മണ്ണ്  കണ്ടാലും അത് തന്നെ വീടാക്കി, തഴച്ചങ്ങു വളര്‍ന്നോളും.

അടുത്ത ദിവസം കൊട്ടാരത്തിനടുത്തു തന്നെയുള്ള, 'ലിയോനാര്‍ഡോ ഡാവിഞ്ചി' യുടെ പര്‍ണ്ണാശ്രമം കാണാനിറങ്ങി. യൂറോപ്പിലെ മഹാരഥന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തി, അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്ന രാജാവാണ് ഫ്രാന്‍സ്വ ഒന്നാമന്‍ . 'ലിയോനാര്‍ഡോ ഡാവിഞ്ചി'യുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. രാജാവിന്റെ ക്ഷണം സ്വീകരിച്ചു, ലിയോനാര്‍ഡോ ഡാവിഞ്ചി' സ്വദേശമായ ഇറ്റലിയില്‍ നിന്നും ഫ്രാന്‍സിലെത്തി. അറുപതു വയസ്സുമുതല്‍ അറുപത്തേഴു വയസ്സില്‍ അദ്ദേഹം മരിക്കുന്നതുവരെ, അമ്പോയിസില്‍ ആയിരുന്നു താമസം. അദ്ദേഹത്തിന്റെ  സുന്ദര ഭവനവും (Clos Lucé) പൂന്തോപ്പും ചുറ്റുമുള്ള വലിയ ഒരു മരത്തോട്ടവും. ഇപ്പോള്‍ അദ്ദേഹത്തിലെ സ്മാരകമായി, ശാന്ത ഗംഭീരമായിത്തന്നെ സംരക്ഷിച്ചിരിക്കുന്നു.

വീടിനുള്ളില്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ക്ക് ജീവന്‍ വപ്പിച്ച , വിവിധ നിര്‍മ്മിതികള്‍ (ഈ പ്രൊജക്റ്റ്‌ ചെയ്തത് IBM ആണ് ). തത്വ ചിന്തകന്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍കലാകാരന്‍, ഗണിതശാസ്ത്ര തല്പ്പരന്‍ അങ്ങനെ ബഹുമുഖപ്രതിഭയായ ആദ്ദേഹത്തിന്റെ നാനാവിധ ചിന്തകളും ആശയങ്ങളും മോഡലുകള്‍ ഉണ്ടാക്കി സൂക്ഷിച്ചിരിക്കുന്നു. രാജ്യ ആവശ്യങ്ങള്‍ക്കായി രൂപ കല്‍പ്പന ചെയ്ത വിവിധയിനം പാലങ്ങള്‍ , യന്ത്രങ്ങള്‍ , നാല് വശത്തേക്കും വെടിയുതിര്‍ക്കുന്ന യുദ്ധടാങ്കറുകള്‍ ‍, കൊട്ടാരങ്ങളുടെ നിര്‍മ്മിതി, അങ്ങനെ  വിമാനത്തിന്റെ മോഡല്‍ വരെയുണ്ട്. മനുഷ്യന് പറക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പക്ഷികളെ നീരീക്ഷിച്ചു, അതില്‍ നിന്നും രൂപകല്‍പ്പന ചെയ്ത  പറക്കല്‍യന്ത്രമാതൃകകള്‍ അദ്ദേഹം വരച്ചത് ഇവിടെ കാണാം. 


ഒതുക്കമുള്ള ചെറിയ മുറികളാണ് വീടിനകത്ത് , ലളിതമായ അടുക്കളയില്‍ പഴയ പാത്രങ്ങളും സൂക്ഷിച്ചിരിക്കുന്നു .ഈ ശൈത്യ  ദേശത്ത് ജീവിച്ചിരുന്ന അപൂര്‍വ്വം സസ്യഭുക്കുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ഭക്ഷണം അത്യാവശ്യത്തിനു മാത്രം കഴിക്കൂ എന്ന് ഉപദേശിച്ചിരുന്ന ഒരാള്‍.  അടുക്കളയ്ക്ക് സമീപം കാണുന്ന അര കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ അറ, അമ്പൊയിസ് കൊട്ടാരത്തിലേക്ക് നീളുന്നു.  രാജാവിന് സ്വൈര്യമായി  കൂട്ടുകാരനെ വന്നു കാണാന്‍ പണിതതാണിത്.

വീടിനു പുറത്തുള്ള മരത്തോപ്പില്‍ അദ്ദേഹത്തിന്‍റെ ആശയങ്ങളുടെ വലിയ നിര്‍മ്മിതികളുമുണ്ട് . ചില വന്മരങ്ങളുടെ ചുവട്ടില്‍ ചുറ്റിനും  കസേരകള്‍ ഇട്ടിരിയ്ക്കുന്നു. മരച്ചുവട്ടിലെ ബട്ടന്‍ അമര്‍ത്തിയാല്‍ 'ലിയോനാര്‍ഡോ ഡാവിഞ്ചി'യുടെ, ആശയങ്ങളും സൂക്തങ്ങളും ഒക്കെ പൊഴിഞ്ഞു വീഴും.

മറ്റു ചില മരക്കൂട്ടങ്ങളില്‍  വിഖ്യാതമായ കുറേചിത്രങ്ങള്‍  ചാഞ്ചാടുന്നു, മോണോലിസയുള്‍പ്പടെ. ഇവിടെയും  മരം കഥ പറഞ്ഞു തരുംഅദ്ദേഹത്തിന്‍റെ ചിന്തകള്‍ പ്രകാരം ചുറ്റുപാടുകളിലെ വെളിച്ചമാണ് ജീവജാലങ്ങളുടെ മുഖ ഭാവങ്ങളെ നിര്‍ണ്ണയിക്കുന്നത്. വെളിച്ചത്തിന്റെ മാന്ത്രിക കൂട്ടാണ് ഈ ചിത്രങ്ങള്‍..  പച്ചില ചാര്‍ത്തിലൂടെ വീഴുന്ന വെളിച്ചം മുഖത്ത് തട്ടുമ്പോള്‍ ഓരോ  മുഖവും തെളിഞ്ഞു  മിന്നുന്നു . ! അദ്ദേഹം വരച്ച പറക്കല്‍ യന്ത്രത്തിന്‍റെ വലിയ ഒരു രൂപവും ഒരു മരത്തില്‍ തൂങ്ങിയാടുന്നു

തോട്ടത്തിലൂടെ ഒഴുകുന്ന വിവിധ കനാലുകളില്‍ 'ലിയോനാര്‍ഡോ ഡാവിഞ്ചി' രൂപ കല്‍പ്പന ചെയ്ത പാലങ്ങളും തുഴവള്ളങ്ങളും ഒക്കെയുണ്ട്. ഒരു നിമിഷം പെരുന്തച്ചനെയും മകനെയും ഓര്‍ത്തു. 

വിസ്തൃതമായ തോട്ടത്തിനിടയില്‍, കുട്ടികള്‍ക്ക് ചെറിയ ഒരു കളിസ്ഥലവുമുണ്ട്, അതിനടുത്തു കുടുംബത്തിന് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഡസ്കും ബഞ്ചുമൊക്കെ ഇട്ടിരിയ്ക്കുന്നു .

വെളിയില്‍ ഇറങ്ങിയപ്പോള്‍ പട്ടണ പ്രദക്ഷിണം നടത്തുന്ന കൊച്ചു ട്രെയിന്‍  വരാറായി. കൂടുതലും കണ്ട കാഴ്ചകളുടെ വിവരണങ്ങള്‍തന്നെ.ഒടുവില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ടൂറിസ്റ്റ്‌ ഓഫീസിന്‍റെ നമ്പറും അനൌണ്‍സര്‍ പറഞ്ഞു നിര്‍ത്തി . ആ ഓഫീസിന്റെയും അപ്പുറത്താണ് പിസാ കടയെന്നും അത് വൈകിട്ടു ഏഴ് മണിക്കേ തുറക്കുകയുള്ളെന്നും. ആറെമുക്കാലിനെങ്ങാനും എത്തിയാല്‍ കടക്കാര്‍ നേരത്തെ സ്വന്തം ഭക്ഷണം കഴിക്കുന്ന തിരക്കിലായിരിക്കുമെന്നും കൂടി  കണ്ടു കഴിഞ്ഞു. മറ്റൊന്നും കിട്ടിയില്ലെങ്കില്‍ കുറച്ചപ്പുറത്തുള്ള, ഈ പ്രദേശത്തെ ഏക സൂപ്പര്‍മാര്‍ക്കറ്റില്‍  പോയി അത്യാവശ്യ സാധങ്ങള്‍ വാങ്ങണമെന്നും വരെ തലേ ദിവസം തന്നെ അലഞ്ഞു നടന്നു പഠിയ്ക്കേണ്ടി വന്നിരുന്നു. 

ഹോട്ടല്‍ വീട്ടിലെ പൊതുവായ ഡൈനിങ്ങ്‌ ഹാളില്‍ എല്ലാവര്ക്കു ഒരുമിച്ചായിരുന്നു പ്രാതല്‍ .അങ്ങനെ മറ്റു അന്തേവാസികളെയും കണ്ടറിഞ്ഞു. ഫ്രഞ്ച് പഠിക്കാനായി വരുന്ന മറു നാടന്‍ കുട്ടികള്‍ ഇവിടെയുള്ള ഏതെങ്കിലും  കുടുംബത്തോടൊപ്പം താമസിച്ചു പഠിക്കുന്ന ഒരു രീതി ഉണ്ട്.  അങ്ങനെ പഠിക്കുന്ന മകളെ കാണാനെത്തിയ റഷ്യന്‍ വനിതയെ പരിചയപ്പെട്ടു. പാരിസും, അമ്പോയിസും ബ്രിട്ടനിയും ഒക്കെയുള്ള ലിസ്റ്റില്‍ നിന്നും അവര്‍ തിരഞ്ഞെടുത്തത് അമ്പോയിസ് ആണത്രേ. കാരണം ഇവിടുത്തെ ഫ്രെഞ്ച് ഭാഷ വളരെ ശുദ്ധമാണ്, പിന്നെ ജീവിതത്തിലും നഗരത്തിന്റെ മലിനീകരണം  ഇല്ല. എന്നാലും മകള്‍ക്ക് ഒരു സമ്മാനം വാങ്ങാന്‍ അമ്മ ആകെ വലഞ്ഞു. പതിമൂവായിരത്തോളം പേര്‍ താമസിക്കുന്ന ഈ പട്ടണത്തില്‍, തനത് ഭക്ഷണം വില്‍ക്കുന്ന കടകള്‍ ധാരാളമുണ്ടെങ്കിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ , മറ്റു കടകള്‍ ഒക്കെ വളരെ കുറവാണ്. തുണിക്കട വിരളം. ഇവിടെ തന്നെ ഉണ്ടാക്കിയ ബ്രെഡും ചീസും വൈനും ഒക്കെ വില്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടേക്കാം, അത്ര തന്നെ.  ഹോട്ടല്‍ ഇന്‍ ചാര്‍ജ്ജിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ഇതു കൃഷിയ്ക്കുള്ള  സ്ഥലമാണ്, ഷോപ്പിങ്ങിനുള്ള സ്ഥലമേയല്ല.


"A long life is a life well spent". LEONARDO DA VINCI,
വന്നതിന്‍റെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും വാങ്ങണമെന്ന് തോന്നിയാല്‍ 'ലിയോനാര്‍ഡോ ഡാവിഞ്ചി'യുടെ ചിത്രങ്ങള്‍, അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഉള്ള പുസ്തകങ്ങള്‍. ചെറിയ ശില്‍പ്പങ്ങള്‍ ഒക്കെ കിട്ടും. ഇവിടെ നിന്ന് മറ്റെന്താണ് പ്രത്യേകമായി കൊണ്ട് പോകാന്‍.?
----------------------------------

Sunday, March 25, 2012

ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 4


നാഷണല്‍ മ്യൂസിയം
ഇനി തിരിച്ചുള്ള യാത്ര. വീടൊഴിഞ്ഞു; ചുവന്ന പെട്ടിയടുക്കി രാവിലെ തന്നെ ഇറങ്ങി. ഉച്ചകഴിഞ്ഞാണ്  ഫ്ലൈറ്റ്. കഴിഞ്ഞ ദിവസം കാണാതെ വിട്ട മ്യൂസിയം കാണണം. മറ്റൊരു കുന്നിന്റെ മുകളില്‍ ഒരു മനോഹരമായ പഴയ കൊട്ടാരത്തില്‍ ആണ് ആയിരം വര്ഷം പഴക്കമുള്ള ചിത്രവേലകള്‍  സൂക്ഷിക്കുന്ന ആ മ്യൂസിയം! പെട്ടിയും തൂക്കി മുകളില്‍ എത്തിയപ്പോള്‍ മെയിന്‍റനന്‍സ്  പണികള്‍ നടക്കുന്നു. തിങ്കളാഴ്ച സന്ദര്‍ശകര്‍ക്ക് ഒഴിവാണ്. നിരാശരായി, കൊട്ടാരത്തിന്‍റെ ചുറ്റും വെറുതെ നടന്നപ്പോള്‍ പിന്നിലൂടെ കുറെ  ചവിട്ടു പടികള്‍... പഴയ ഒളിമ്പിക്സ് ഓര്‍മ്മകളിലേയ്ക്.


ഒളിമ്പിക്സ് വേദിയില്‍..... -വാര്‍ത്താവിനിമയ സ്തൂപം.

ദീപശിഖ തെളിയിച്ച സ്ഥലങ്ങള്‍, കളിത്തട്ടുകള്‍, വിശാലമായ വേദികളിലെ വിവിധങ്ങളായ സ്തൂപങ്ങളും സ്തംഭങ്ങളും. ഗാംഭീര്യം തുളുമ്പുന്ന സ്ഥലം. ഇവിടുത്തെ  കാറ്റിനുണ്ടാവാം മത്സരത്തിന്‍റെ ചൂര്. പക്ഷെ കണ്ണിലിപ്പോള്‍,  ആളൊഴിഞ്ഞ അരങ്ങിന്റെ നിറഞ്ഞ  ശാന്തത മാത്രം   . കാഴ്ച്ചക്കാര്‍ പലരും പല കളികളില്‍ മുഴുകിയിരിക്കുന്നു.   ഒളിമ്പിക് വേദിയില്‍ ഒന്ന് കളിക്കാന്‍ സാധിച്ചാല്‍ ചില്ലറ കാര്യമാണോ?


മടക്കം ആല്പ്സിന്റെ മുകളില്‍ കൂടി ആയിരുന്നു.  ഒരു വെള്ളപ്പട്ടു വിരിച്ചു ചുളുക്കിയിട്ട പോലെ,  ആല്പ്സ് നിരകള്‍.. . തൊട്ടു തൊട്ടു വെള്ളി മേഘങ്ങള്‍..... ..ഈ യാത്രയിലെ ഏറ്റവും ഹൃദയ ഹാരിയായ കാഴ്ച. കണ്ടു കണ്ടിരിയ്ക്കെ, തീപ്പട്ടിക്കൂടുപോലെ ഫ്ലാറ്റുകളും, വരയും കുറിയുമായ റോഡുകളില്‍ ഉറുമ്പ്‌ പോലെ ഇഴയുന്ന വണ്ടികളും തെളിഞ്ഞു. അതിനും ഉള്ളില്‍ എവിടെയോ ഉണ്ട്,  ഇതിനൊക്കെ വേണ്ടി ജീവിച്ചു തീര്‍ക്കുന്നവര്‍.  

ആഞ്ഞൊരു കാറ്റുവീശിയാല്‍, ഭൂമിയൊന്നു കുലുങ്ങിയാല്‍ എല്ലാം ചരിത്രമാവാന്‍ ഒറ്റ നിമിഷം തികച്ചു വേണ്ട. നൈമിഷിക ജന്മങ്ങളുടെ പറുദീസയിലെക്കു പതുക്കെ ഇറങ്ങി. വിമാനത്തിന്‍റെ ചക്രം ഭൂമിയില്‍ തൊട്ടു പൊങ്ങി താഴുമ്പോള്‍, തത്വചിന്ത മുറിഞ്ഞു;  മനസ്സ് ശരീരത്തിലേക്ക് കയറി.  ശരീരം കമ്പിളിയുടുപ്പിലേക്ക് കയറി, ഫെബ്രുവരി ആണ്, പുറത്തു ആറേഴു  ഡിഗ്രി കഷ്ടി. നല്ല തണുപ്പാണ്.

ഒരു ബാര്‍സിലോണ ദൃശ്യം 
ചരിത്രവും പ്രകൃതിയുമൊക്കെ വിലപിടിച്ച വില്പനച്ചരക്കുകളാണ് ലോകമെമ്പാടും  പകല്‍ വെളിച്ചത്തില്‍ പ്രകൃതിയുടെ നിറഭേദങ്ങള്‍ രാവെളിച്ചത്തില്‍ മനുഷ്യരുടെ നിറഭേദങ്ങള്‍ ... നിറങ്ങള്‍ ചാലിച്ച് നിര്‍ത്താതെ എഴുതുകയാണ് കാലം. മനുഷ്യര്‍ കാണാതെ പോയി പലതും, കണ്ടു കീറിക്കളഞ്ഞതും ധാരാളം. വിറ്റു കാശാക്കാന്‍ പഠിച്ചു പിന്നെ. ഒന്നും ശ്രദ്ധിക്കാതെ കാലം എഴുത്ത് തുടരുന്നു. അവള്‍ ചരിത്രമെഴുതുകയാണ്.


--------------------------------------------------------------------------------(അവസാനിച്ചു. )

ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 3പനി കുറഞ്ഞില്ലെങ്കില്‍ ഞാന്‍ തനിച്ചു പോയി മിച്ചമുള്ള ബാര്‍സിലോണ കണ്ടു വരണമെന്ന് പ്രശാന്ത്‌..കാണാക്കാഴ്ചകളില്‍ കണ്ണ് പായിച്ചു പറക്കാന്‍ കൊതിക്കുന്ന ദേശാടനക്കിളിയൊന്നുമല്ല ഞാന്‍.  . ദിവസങ്ങളെല്ലാം സഞ്ചാരത്തിലെ ഏടുകള്‍ തന്നെ; വെളിച്ചം തെളിക്കുന്നതൊക്കെ  കാഴ്ചകളും. ഏതേതു ലോകങ്ങളിലൂടെയാണ് ഒരു ദിവസം നമ്മള്‍ ഒരുമിച്ചു കടന്നു പോവുന്നത്!  ഒരേ  വലിയ വാഹനത്തിനുള്ളില്‍ പലവിധത്തില്‍ ചരിക്കുന്നവര്‍  , കാട്ടിലൂടെ , നാട്ടിലൂടെ , കടലിലൂടെ , ആകാശത്തിലൂടെ , സ്വപ്നത്തിലൂടെ, അക്ഷരങ്ങളിലൂടെ ....ആരാണ് സഞ്ചാരി അഥവാ സഞ്ചാരി അല്ലാത്തവര്‍?

തുളസിക്ക് പകരം പുതിനയിലയും, കരുപ്പട്ടിയ്ക്ക് പകരം ബ്രൌണ്‍ ഷുഗറും ( ശര്‍ക്കരയുടെ വിദേശ സഹോദരി.  ) , ചുക്കിന് പകരം ഇഞ്ചിയും, ജീരകത്തിന് പകരം ജീരകം തന്നെയും, പിന്നെ കയ്യില്‍ അവശേഷിച്ച ഏലയ്ക്ക കുരുമുളകാദികളും ചേര്‍ത്ത് പനിക്കാപ്പി തയ്യാറായി... ചുവന്ന പെട്ടിയിലെ കൊച്ചുമസാലപ്പെട്ടിയ്ക്കും, മരുന്ന് പെട്ടിക്കും സ്തുതി.

ലറാംബ്ലാസ്  പ്രകടനം 

പനി കുറഞ്ഞു, അടുത്ത ദിവസം 12 മണിയോടെ  തന്നെ ഉച്ചയൂണും കഴിഞ്ഞു ഇറങ്ങി. വീടിനു മുന്നിലെ ഹോട്ടല്‍ തുറക്കുന്നതേയുള്ളൂ, ഇവിടെ ഊണ് സമയം 2 മണി ആണ്. രാത്രി ഭക്ഷണം ഏതാണ്ട് 10 മണിയോടെയും.  പകല്‍ കുറവുള്ള മറ്റു ചില രാജ്യങ്ങളില്‍ ഉച്ച ഭക്ഷണം പന്ത്രണ്ടു മണിക്ക് മുന്നേ കഴിയും , സന്ധ്യയോടെ രാത്രി ഭക്ഷണവും.

പ്രശസ്തമായ ലറാംബ്ലാസ് (Les Rambles) തെരുവിലൂടെ നടന്നു. വന്നതറി ഞ്ഞിട്ടാണോന്നറിയില്ല, ഏതോ ജാഥ നടക്കുന്നു. തെരുവു നിറയെ ജനം, പോലീസ് വണ്ടികള്‍ ജാഗരൂകരായി കിടക്കുന്നു . ഇതിനൊക്കെ ഇടയിലൂടെയും  ചിത്രങ്ങള്‍ എടുത്തു നടക്കുന്ന ടൂറിസ്റ്റുകള്‍... നടക്കാനിറങ്ങിയ കാര്‍ണിവല്‍ കുടുംബങ്ങള്‍ ..നിശബ്ദ സാക്ഷികളായി, തെരുവും തെരുവോരത്തെ കെട്ടിടങ്ങളും..എല്ലാത്തിനും നടുവില്‍ ഇതൊന്നും ശ്രദ്ധിക്കാതെ പണിയെടുക്കുന്നു, ഒരു വാട്ടര്‍ ഫൌണ്ടന്‍; ഈ തിരക്കിലും അതുമാത്രം ശ്രദ്ധിക്കുന്നുണ്ട് ചെറിയ കുട്ടികള്‍.


പണിതീരാത്ത വിശുദ്ധ  ദേവാലയം 
ഓപ്പണ്‍ ടൂര്‍ ബസിനു ടിക്കറ്റ്‌ എടുത്തു കയറി, മേല്‍ത്തട്ടിലിരുന്നു നഗരം ഓടിച്ചു കാണാം. പണി തീര്‍ന്നിട്ടില്ലാത്ത വിശുദ്ധ ദേവാലയത്തില്‍ (Sagrada Familia) കുറെ ആള്‍ക്കാര്‍ ഇറങ്ങി. വിചിത്രമായ ശില്പ ചാതുരി. ഗൌഡിയുടെ കയ്യൊപ്പിട്ട മറ്റൊരു നിര്‍മ്മിതി. പന്നിയൂര്‍ ക്ഷേത്രം പോലെ പണി തീര്‍ന്നിട്ടില്ല എന്നുള്ളതും ഇതിന്‍റെ ഒരു പ്രശസ്തിയാണ്. പെരുന്തച്ചന്മാര്‍ ബാക്കി വച്ചതാണ്, പെട്ടെന്ന് കൂട്ടിയാല്‍ കൂടുമോ?

ഒളിമ്പിക് സ്റ്റേഡിയവും, മനോഹരമായ പാലസ് മുസിയവും ഒക്കെ കടന്നു അവസാനം ഒരു കേബിള്‍ കാര്‍ പൊയന്റില്‍ ( Teleferico de Montjuic ) ഇറങ്ങി. ഇവിടെ എന്തായാലും അടപ്പുള്ള കേബിള്‍ കാര്‍ ആണ്. എന്നാലും കയറുമ്പോള്‍ മുകളിലേക്കും ഇറങ്ങുമ്പോള്‍ പിന്നിലേക്കും.. ഒരേ ആഴത്തെ , വെറുതേ പേടിയ്ക്കും ഞാന്‍ .    അഗാധമായ താഴ്വാര ദൃശ്യങ്ങളെക്കാളും എന്‍റെ മുഖത്തെ ഭയഭാവ ഹാവാദികള്‍ എല്ലാവരെയും രസിപ്പിച്ചുവത്രേ. റോഡിനു മുകളിലൂടെ, Montjuic മലയിലേക്ക്, ഏറ്റവും മുകളിലെ കോട്ട വരെ കയറി.


പീരങ്കികള്‍ പൊയ്പോയ സുവര്‍ണ്ണകാലം അയവിറക്കി കിടക്കുന്നു. എത്രയോപേരെ ചരിത്രത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടാവും . അവരുടെ പിന്മുറക്കാര്‍   ഇന്ന് ഇതിന്‍റെയൊക്കെ പുറത്തു കയറിയിരുന്നു  ചിത്രങ്ങളെടുക്കുന്നു. നഗരം ഒട്ടാകെ കാണാം. കടലും തുറമുഖവും മലയും  കൂറ്റന്‍ കെട്ടിടങ്ങളുമെല്ലാം. ക്യാമറയ്ക്ക്  മുന്നിലേയ്ക്ക്  കടല്‍ക്കാക്കകള്‍ പാറിവന്നു പോസ്സു ചെയ്തുകൊണ്ടിരുന്നു.  


വൈകിട്ട് തുറമുഖത്തു (Port Vell) പോയി. കപ്പലുകള്‍ ഫിഷിംഗ് ബോട്ടുകള്‍ ഷോപ്പിംഗ്‌ മാളുകള്‍...കരയിലും കടലിലും തിരക്കാണ്. ഒരു വശത്ത്, ക്രിസ്റ്റഫര്‍ കൊളംബസ് കടലിലേയ്ക്ക് കൈ ചൂണ്ടി നില്‍ക്കുന്ന പ്രതിമ, മറുകയ്യില്‍ ചുരുട്ടിയ ഭൂപടം. അപാരമായ കടലിനപ്പുറം കരകള്‍ കണ്ടെത്താനായുള്ള അദ്ദേഹത്തിന്റെ യാത്രകളുടെ സ്മാരകം, യാത്രകള്‍ക്കൊടുവില്‍  വിശ്രമിക്കാനെത്തിയ കരയാണിതെന്നു ചരിത്രം . അമേരിക്ക കണ്ടെത്തിയ ശേഷമുള്ള വരവില്‍ രാജാവും രാജ്ഞിയും ഒരുക്കിയ സ്വീകരണത്തിന്റെ ഭാഗമാണത്രേ ഈ  പ്രതിമ.

കൊളംബസ്  സ്മാരകം 

അകാശങ്ങള്‍ക്കപ്പുറം  മറ്റൊരു ഭൂമികണ്ടെത്തുന്ന മനുഷ്യന്‍റെ പ്രതിമ  കൈ ചൂണ്ടുന്നത് ഏതു ദിക്കിലേക്കായിരിക്കും? വിശ്രമിക്കാന്‍ അയാള്‍ പോകുന്നത് ഏതു ഭൂമിയിയിലായിരിക്കും ? എവിടെയോ ആ പ്രതിമ എപ്പോഴേ നിര്‍മ്മിക്കപ്പെട്ടിരിയ്ക്കുമോ?..ആര്‍ക്കറിയാം?


കടലിനോട് ചേര്‍ന്നുള്ള അക്വേറിയത്തിലും കയറി. കൂറ്റന്‍ സ്രാവുകള്‍ തലങ്ങും വിലങ്ങും പായുന്ന വെള്ളത്തിന്റെ അടിയില്‍  ഗ്ലാസ്‌ ഇടനാഴി.  താനേ നീങ്ങുന്ന ഇടനാഴി വഴിയില്‍ നിന്ന്  , മീനുകള്‍ക്കടിയിലൂടെ പതുക്കെ നീങ്ങി.   ഗ്ലാസ്‌ എങ്ങാനും പൊട്ടിയാല്‍ സ്രാവുകള്‍ക്ക് കുശാല്‍.! ( ഏയ്‌! സായിപ്പുണ്ടാക്കിയാല്‍ പിന്നെ പൊട്ടില്ലന്നല്ലേ ).  ജല  ജീവിതം കണ്ടു കണ്ട് അക്വേറിയ ദര്‍ശനം അവസാനിച്ചു. സത്യത്തില്‍  ടിക്കറ്റ്‌ നിരക്കിനനുസരിച്ച ദൈര്‍ഘ്യം തോന്നിയില്ല. യൂറോപ്പിലെ വലിയ അക്വേറിയങ്ങളില്‍ ഒന്നാണ്.

തുറമുഖം 
കാഴ്ചകള്‍ കണ്ടു സന്ധ്യ കഴിഞ്ഞു. മുകളിലും താഴെയും വിളക്കുകള്‍. തൊട്ടടുത്ത 'മാളി'ലേക്ക് (Maremàgnum moll ) നടന്നു. കടലിനു അഭിമുഖമായി ഗ്ലാസ്‌ റിഫ്ലക്ഷന്‍ ഉള്ള ഭക്ഷണ ശാലകള്‍.. കഴിക്കുന്നവരെ നാലുപാടും പ്രതിബിംബിച്ചു കാണുന്നു. ഇങ്ങനെ സ്വയം പ്രതിബിംബിച്ചു ഭക്ഷണം കഴിക്കാന്‍ ചാര്‍ജ് ഇരട്ടി!. അതുകൊണ്ട് മേല്‍ക്കണ്ണാടികള്‍ ഇല്ലാത്ത ഒരു സ്പാനിഷ് ഹോട്ടലില്‍ കയറി.

തുടങ്ങാന്‍ 'സ്പാനിഷ് ടാപാസ്' (Spanish Tapas) , ചെറു മീനുകള്‍ പൊരിച്ചത് ഒരു പ്ലേറ്റില്‍  ഇടയില്‍ ഒരു കുഞ്ഞുനീരാളിയും കൂടി! (സമാധാനമായി കഴിക്കാന്‍ സമ്മതിക്കില്ല.) മെയിന്‍ കോഴ്സ് കുറച്ചു കൂടി നല്ല പേരാണ്, 'പയെലാ പാന്‍' (Paella Pan). ചെറിയ (വളരെ...ചെറിയ ) ചീനച്ചട്ടിയില്‍ പുളി ചേര്‍ത്തു  കറി വച്ച ഞണ്ട് കഷണങ്ങള്‍ക്കിടയില്‍ കുറച്ചു കറുത്ത  ചോറ്. ചൂടാറാതിരിക്കാന്‍ അടുപ്പുമായി തന്നെ ചീനച്ചട്ടി മേശപ്പുറത്തെത്തി. ആഡംബരങ്ങള്‍ക്കിടയില്‍ നിന്നും ‘ആഴക്കു വറ്റ്’ തിരഞ്ഞെടുത്തു. അളവ് കുറവായതിനാലോ എന്തോ ചോറിനു  നല്ല  രുചിയുണ്ടായിരുന്നു.  ചീനച്ചട്ടിയില്‍ ഇങ്ങനെ ചോറും കറിയും ഒന്നിച്ചു പറ്റിച്ചു വയ്കുന്നത് ഇവിടുത്തെ പ്രത്യേക രീതിയാണ്, ഒരു പുളി സാദം സ്റ്റൈല്‍. 


ഭക്ഷണം കഴിഞ്ഞിറങ്ങി, ഒരു കൊച്ചു കപ്പല്‍ പാലത്തിനടുത്തേക്ക് വരുന്നത് കണ്ടു ഞാനോടിച്ചെന്നു. പിളര്‍ന്നു മാറി വഴിയൊരുക്കുന്ന പാലം ആകുമെന്നു  കരുതി. കരുതിയ  പാലം മറ്റേതോ ഭാഗത്തായിരുന്നു, എന്‍റെ മുന്നിലെ  ഗേറ്റ് അടച്ചു.  കപ്പലില്‍ നിന്നും ചരക്കുകള്‍ ഇറങ്ങി തുടങ്ങി. ഞാന്‍ ചമ്മി തിരിച്ചു നടന്നു. 


---------------------------------------------------------------------------------------------(തുടരും..)