Tuesday, February 7, 2012

വസന്തത്തിലേയ്ക്കുള്ള ദൂരം..


ശൈത്യകാലം പ്രകൃതിക്ക്  തപസ്സിന്റെ കാലമാണ്. പാരീസിലെ വഴിമരങ്ങള്‍ എന്നേ ഇലപൊഴിച്ചു, എല്ലും തോലുമായി നില്ക്കുന്നു. മീനുകള്‍കുളത്തിനടിയിലേക്ക് പോയി, ഇനി അനങ്ങാതെ കിടന്നു കൊള്ളും. മനുഷ്യന്‍ ഒഴികെയുള്ള ജീവജാലങ്ങള്‍ ഒന്നുകില്‍ സ്ഥലം കാലിയാക്കും , അല്ലെങ്കില്‍ ഉണ്ണാതെ മിണ്ടാതെ തപസ്സു തുടങ്ങും (hybernation).

കമ്പിളിയുടുപ്പുകളിലും  തൂവലുടുപ്പുകളിലും  പൊതിഞ്ഞു, മനുഷ്യര്‍ മാത്രം കൂസലില്ലാതെ പണി തുടരും. തണുപ്പിന്റെ വല്ലാത്ത കാലവും ആഘോഷമാക്കി വസന്തത്തിലേക്ക് ഉണരാന്‍ കൊതിക്കും. അപ്പോഴേക്കും   ക്രിസ്മസ്, ന്യൂ ഇയര്‍ ദീപാലങ്കാരങ്ങളില്‍ നഗരം മുങ്ങിക്കുളിച്ചു കയറും.

വെറുക്കപ്പെട്ട പുകച്ചുരുളുകള്‍ക്കിടയിലൂടെ ഞാന്‍ വളഞ്ഞു പുളഞ്ഞു ഓഫീസില്‍ കയറുന്ന കാലം കൂടി ആണിത്. ഓഫീസിന്റെ മുന്നില്‍ അകത്തുള്ളതിലും കൂടുതല്‍ ആളുകള്‍ പുക വലിച്ചു നില്‍പ്പുണ്ടാകും. ആഗോളമാന്ദ്യവും അന്താരാഷ്ട്ര പ്രശനങ്ങളും പുകഞ്ഞുയരുന്ന സ്ഥലങ്ങള്‍.
വലിയ ചാരപ്പെട്ടികളിലെ അവശേഷിച്ച കുറ്റികള്‍ പെറുക്കുന്ന യാചകരെയും കാണാം. പുകച്ചു തീര്‍ത്ത  പ്രശ്നങ്ങളുടെ ബാക്കിപത്രങ്ങള്‍ .

മഞ്ഞുരുക്കി, ഇളം ചൂടിലെ  ആദ്യത്തെ മഴ മാര്‍ച്ചിന്‍റെ അവകാശമാണ്. 
ഉണങ്ങി നില്‍ക്കുന്ന എല്ലാ മരങ്ങളും മൊട്ടിടും. കരിമൊട്ടുകള്‍ പതുക്കെ നിറം ചാര്‍ത്തി വിരിഞ്ഞു ഭൂമിയെല്ലാം പൂപ്പാലികയാക്കുന്ന വസന്തം. ചുറ്റിലും, പലനിറങ്ങളില്‍ കണിക്കൊന്ന വിരിയുമ്പോലെ . ഈ തണുപ്പെല്ലാം ആ സ്വപ്നത്തിലേക്കുള്ള സുഖകരമായ കാത്തിരിപ്പാണ്.

എന്നാല്‍ ഇത്തവണ പതിവുകള്‍ കുറച്ചു തെറ്റി. നാളെ ഇതും  പതിവായി മാറിയേക്കാം. ഡിസംബര്‍ കഴിയുമ്പോള്‍ , മഞ്ഞില്‍ കുളിച്ചു കിടക്കേണ്ട പ്രകൃതിയാണ്. തണുപ്പ് താനേ കുറഞ്ഞു , മഞ്ഞു പെയ്തില്ല, മഴ നേരത്തെയെത്തി. അബദ്ധത്തില്‍ മൊട്ടിട്ടു മരങ്ങള്‍ എന്‍റെ വീട്ടിലെ പിച്ചിയുമുണ്ട് കൂട്ടത്തില്‍. . പറഞ്ഞതാണ് ഞാന്‍, ഈ മഴ ചതിയ്ക്കുമെന്ന് !  ആര് കേള്‍ക്കാന്‍..? ജനുവരിയിലെ ഒറ്റ  മഴയ്ക്ക്‌ തന്നെ വഴിയെല്ലാം മൊട്ടിട്ടുകളഞ്ഞു!

കുളത്തിലെ മീനുകള്‍ പൊന്തി വന്നെത്തി നോക്കി , ഉറങ്ങാത്ത ലോകം കണ്ടപ്പോള്‍ അവര്‍ക്ക് വിശന്നു. ഭക്ഷണം കിട്ടാത്തവ ചത്തു മലര്‍ന്നു.
കാലാവസ്ഥാ പ്രവചനങ്ങള്‍ വായിച്ച മനുഷ്യന്‍, വളര്‍ത്തു മീനുകള്‍ക്ക് തീറ്റ കൊടുത്തു, മരങ്ങളെ നോക്കി നെടുവീര്‍പ്പിട്ടു. 

വിളിക്കാതെ വന്ന മഴ പോയി. വസന്തം വന്നില്ല. ഒളിച്ചിരുന്ന തണുപ്പ് ഫെബ്രുവരിയിലേക്കിറങ്ങി വന്നു. പൂമൊട്ടുകള്‍ വിറച്ചു കരിഞ്ഞു. എന്‍റെ പിച്ചിമൊട്ടുകള്‍ അടരാനും കൂടി വയ്യാതെ മരിച്ചു നിന്നു. ആരും സങ്കടപ്പെട്ടില്ല, തണുപ്പു മാത്രമേയുള്ളൂ ചുറ്റിലും. ആയുസ്സറ്റവര്‍ തണുപ്പില്‍ മറഞ്ഞു. അവശേഷിച്ച മീനുകള്‍ കുളത്തിനടിയിലേക്ക് പോയി. വീണ്ടും തപസ്സു തുടങ്ങി.

ഇടയിലെപ്പോഴോ ചുറ്റും മഞ്ഞു പൊഴിഞ്ഞു. ഇത് ശൈത്യമാണെന്നു സ്ഥാപിച്ചു കൊണ്ട് വഴിയെല്ലാം വെള്ള പുതച്ചു. വൈകിവന്ന ശൈത്യം വസന്തത്തിലേയ്ക്കുള്ള ദൂരം കൂട്ടിക്കൊണ്ടേയിരുന്നു.

ദൂരെ ഒരണക്കെട്ടിന്റെ താഴത്ത് ഇലകൊഴിഞ്ഞ മരങ്ങളില്‍, ഇലക്ഷന്‍റെ ആരവങ്ങള്‍ പൊഴിയുന്നു ..ചതിയാണെന്ന് പറഞ്ഞാലും കേള്‍ക്കില്ല.
ഒറ്റ മഴ മതി,  വെറുതെ മൊട്ടുകള്‍ നിറയ്ക്കാന്‍. . പാവങ്ങള്‍!--=......
പ്രവചിക്കപ്പെട്ട കാലാവസ്ഥ അവരെങ്ങനെ അറിയാന്‍?