ബ്രിട്ടനി 2 > കടല്‍ തൊട്ടുപോകുന്ന ദേവാലയം



നോര്‍മാന്‍ഡി തീരത്തിന്‍റെ അറ്റത്തു, ബ്രിട്ടനിയോടു കൂടുതല്‍ അടുത്ത് പ്രശസ്തമായ ഒരു പള്ളിയുണ്ട്. മോന്‍റ് സെന്റ്‌ മിഷല്‍ (Mont Saint Michel). യുണെസ്കോ യുടെ വേള്‍ഡ് ഹെറിറ്റേജ് സെന്‍റെര്‍ ലിസ്റ്റില്‍ ഉള്ള സ്ഥലമാണ്. അവിടേയ്ക്ക് പച്ചക്കറി തോട്ടങ്ങള്‍ക്കും വലിയ കോണ്‍ പാടങ്ങള്‍ക്കും ഇടയിലൂടെ ഒരു യാത്ര. പശുക്കള്‍ക്കുവേണ്ടി വളര്‍ത്തുന്ന കോണ്‍ ആണത്രേ. പശുക്കളെ മനുഷ്യന് വേണ്ടിയും. മനുഷ്യനെയോ? വഴിയോരത്ത് ഇടയ്ക്കിടെ പശു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കണ്ടു. തടിച്ചു കൊഴുത്ത പശുക്കള്‍.

ഒരു മണിക്കൂര്‍ യാത്രയുടെ ഒടുവില്‍ ഒരു നദി കടന്നു. ബ്രിട്ടനിയുടെയും നോര്‍മാന്‍ഡിയുടെയും അതിര്‍ത്തി നദി ‘ക്യൂസ്നോ’ (Couesnon river). ദൂരെ വെള്ളത്തിനും മണലിനും ഇടയ്ക്ക് കുന്നിന്‍ മുകളില്‍ പള്ളിയും തെളിഞ്ഞു . പള്ളിയുടെ മുന്‍പില്‍ വരെ നീളുന്ന റോഡ്‌. പള്ളിയ്ക്ക് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമാണ്. വേലിയേറ്റ സമയത്ത് കടല്‍ കയറിവന്ന വെള്ളം. നദിയെന്നോ കടലെന്നോ  കരയെന്നോ അതിര്‍ത്തികള്‍ തിരിയ്ക്കാന്‍ പ്രയാസം. ദിവസവും ആറേഴു കിലോമീറ്റര്‍ താണ്ടിയാണ്  കടലിന്റെ ഈ ദേവാലയ ദര്‍ശനം! മടക്കത്തില്‍ നദിയെയും കൈപിടിച്ചു കൊണ്ടു പോകുന്നു.
 
പള്ളിയുടെ ഉള്ളിലെയ്ക്കുള്ള യാത്ര നിരാശപ്പെടുത്തി. ആകെ തിരക്ക്, ഇടതിങ്ങി കടകളും. ഹോട്ടലുകളും, ഒരു ഷോപ്പിംഗ്‌ സ്ഥലത്തെത്തിയ പ്രതീതി. ഒരുവിധത്തില്‍ പടി കയറി മുകളിലെത്തി. പത്തു പതിനൊന്നാം നൂറ്റാണ്ടുകളിലെ ശില്‍പ്പ ഭംഗി ഉള്‍ക്കൊള്ളുന്ന കെട്ടിടമാണ്. ഒരു നാലുകെട്ടുണ്ട് ഉള്ളില്‍. അതിന്‍റെ നടുമുറ്റത്തോരു നാട്ടുകാരി ചിരിയ്ക്കുന്നു, തുളസിച്ചെടി!

ഓരോ നൂറ്റാണ്ടിലും കുന്നിന്‍ ചെരുവുകളില്‍ കടകള്‍ പെരുകി. ചിത്രങ്ങളില്‍ കണ്ടപ്പോള്‍ കുറച്ചു കൂടി നിശ്ശബ്ദ സൌന്ദര്യം പ്രതീക്ഷിച്ചിരുന്നു. പ്രശസ്തി കൂടി, സ്വകാര്യത നഷ്ടപ്പെട്ടു പോയ മറ്റൊരു ദേവാലയം.

താഴത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. കടല്‍ വിഭവമായ കക്ക പുഴുങ്ങിയതാണ് സ്പെഷ്യല്‍. വലിയ ചട്ടിനിറയെ തോടോട് കൂടിയ കക്കകള്‍ ഓരോരുത്തരുടെയും മുന്നിലുണ്ട്. തോടടര്തി ഊറിക്കുടിക്കും, പിന്നെ ഒരു തോടുകൊണ്ട് മറ്റെത്തോടിലുള്ള ഇറച്ചി കോരിയെടുത്ത് കഴിക്കും. കരിക്ക് തിന്നുന്നതു പോലെ. സമയമെടുക്കുന്ന പണിയായത് കൊണ്ട് , അതിനു നിന്നില്ല.



പുറത്തിറങ്ങിയപ്പോഴേക്കും വേലിയിറക്ക സമയമായി. പള്ളിക്ക് ചുറ്റുമുള്ള വെള്ളമിറങ്ങി, ചെളി മണ്ണും തളം കെട്ടിക്കിടക്കുന്ന വെള്ളവുമാണ്‌ എല്ലായിടത്തും. തിരികെ വരും എന്ന് വാക്കുകൊടുതിട്ടാണ് കടല്‍ പോയിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം കര കാത്തിരിയ്കുന്നു.  ഒരു വല്ലാത്ത ശൂന്യതയോടെ. കടലിറങ്ങിപ്പോയ വഴിയിലേക്ക് ഒറ്റയ്ക്കും കൂട്ടമായും ആള്‍ക്കാര്‍ നടന്നു പോകുന്നു. വേലിയേറ്റത്തില്‍ വളരെ പെട്ടന്നാണ് ഇവിടെ വെള്ളം പൊങ്ങുക. അപകടങ്ങളും ഉണ്ടാവാറുണ്ടത്രേ. എങ്കിലും കടലിന്‍റെ ഈ വരവും പോക്കുമാണ് ഇവിടുത്തെ എന്നത്തെയും വിശേഷം.


കടല്‍പച്ചകള്‍




തിരികെ സെന്റ്‌ മലോയിലെത്തി തുറമുഖവും പഴയ പട്ടണവും ചുറ്റി നടന്നു. ഒന്ന് രണ്ടു സ്ഥലങ്ങള്‍ കാണണം എന്ന് ആഗ്രഹിച്ചാണ് വന്നത് . ടൂറിസം ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ ആകെ നിരാശയായി, പിങ്ക് ഗ്രാനൈറ്റുള്ള ഒരു ബീച്ചുണ്ടിവിടെ. പക്ഷെ വളരെ ദൂരെയാണ്, മാത്രമല്ല ശൈത്യ കാലത്താണ് അവിടെ പോവുക. പിന്നെ ഫ്രാന്‍സിലെ ഒരേയൊരു ‘ടൈഡല്‍ പവര്‍ പ്ലാന്റ്‌’ (തിരമാലകളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന സ്ഥലം ), അടുത്തെവിടെയോ ഉണ്ട്.  അവിടെയാണെങ്കില്‍ ശനിയാഴ്ചയും ബുധനാഴ്ചയും മാത്രേ സന്ദര്‍ശകരെ അനുവദിക്കൂ. എന്ത് ചെയ്യാന്‍.

കടല്തീര്മല്ലേ നിവര്‍ന്നു കിടക്കുന്നത്, വെറുതെയിരിയ്ക്കാനുള്ള അവസരങ്ങള്‍ എന്തിനു പാഴാക്കണം?. പാറക്കെട്ടുകള്‍ക്കിടയില്‍ കടലിന്‍റെ വ്യൂ പൊയന്റ്സ്, വെള്ളത്തിന്‌ ആഴമുണ്ട് . കരയില്‍ പലരും വാശിയോടെ ചൂണ്ടയെറിഞ്ഞു കാത്തിരിയ്ക്കുന്നു . കാത്തിരിയ്ക്കാനാകാത്തവര്‍ മീന്‍പിടുത്ത ബോട്ടിറക്കുന്നു. ഇതിനിടയില്‍ ഒരു മിടുക്കന്‍ പട്ടി വെള്ളത്തിലിറങ്ങി മീന്പിടിയ്ക്കാന്‍ നോക്കി. ഒന്നും കിട്ടാത്ത ചമ്മല്‍ മാറ്റാന്‍ ചുമ്മാ കുരച്ചു കൊണ്ട് തിരിച്ചു കയറി.

അങ്ങനെ നോക്കിയിരുന്നപ്പോള്‍ , ദൂരെ കടലിലേയ്ക്ക് തള്ളി നീണ്ടു കിടക്കുന്ന ഒരു കാട്. അത് 'ദിനാ'(Dinan) എന്ന പട്ടണത്തിലെയ്ക്കുള്ള വഴിയാണ് എന്ന് കാര്‍ ഡ്രൈവര്‍ പറഞ്ഞു. വണ്ടി ദിനാനിലെയ്ക്ക് തിരിച്ചു വിട്ടു. ഒരു ഹൈവേയുടെ തീര്താണീ കാട്, ഇറങ്ങാന്‍ പറ്റില്ല. കാട് കഴിഞ്ഞു നേരെ വലിയൊരു പാലത്തിലേക്ക് കയറി. ഈ പാലത്തിന്‍റെ അടിയിലാണത്രേ  തരന്ഗങ്ങളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്‍റ്, Rance Tidal Power Station . കാട് വിളിച്ചത് ഇതൊന്നു കാണിക്കാനാവണം. പാലത്തിനു താഴെ നദിയാണ് . അടുത്ത് നിന്ന് നോക്കുമ്പോള്‍ ആകെ കുഴയും.  നദിയോ? കടലോ ? കാടും, നദിയും, കരയും, കടലുമെല്ലാം ഒരേ ബഞ്ചിലിരുന്നു പഠിക്കുന്ന സ്ഥലമാണിവിടെ.

ദിനാനിലെ വിശാലമായ കടല്‍ തീരത്തെത്തി. തീരങ്ങളുടെ തുടര്‍ച്ചയാണ്. ഇവിടുത്തെ മറ്റൊരു വിശിഷ്ട ഭക്ഷണമായ ക്രെപ്‌ കഴിച്ചു. മുട്ടയും വെണ്ണയും പാലും ചേര്‍ത്തുണ്ടാക്കുന്ന, കാഴ്ചയില്‍ തൂവാലപോലെയുള്ള ഒരു  ഗോതമ്പ് ദോശയാണിത് . ഉള്ളില്‍ പലതരം ഫില്ലിംഗ് വയ്ക്കും, മധുരം വച്ച് പലഹാരമായും മല്‍സ്യ മാംസങ്ങള്‍ വച്ച് പ്രധാന ഭക്ഷണമായും ലഭ്യമാണ്. ചൂടോടെ ക്രെപ്‌ ഉണ്ടാക്കിക്കൊടുക്കുന്ന ക്രപ്പറി കടകള്‍ ബ്രിട്ടനിയിലെങ്ങും കാണാം .

ദിനാനിലെ കടലിലും കണ്ടു ധാരാളം കുന്നുകളും അക്കരപ്പച്ചകളും. തിരിച്ചുള്ള ട്രയിനിന് സമയമായതിനാല്‍ പുതിയ പച്ചകള്‍ക്ക് പിന്നാലെ പോയില്ല. കുറച്ചു കാഴ്ചകള്‍ ബാക്കി വയ്കാതെ  ഏതു യാത്രയാണ് പൂര്‍ണ്ണമാവുക ?

Comments

  1. കുറച്ചു കാഴ്ചകള്‍ ബാക്കി വയ്കാതെ ഏതു യാത്രയാണ് പൂര്‍ണ്ണമാവുക ?

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....