Saturday, September 3, 2011

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 5


വേട്ടയാടലില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുവാന്‍ കുറെയേറെ പര്‍വത പ്രദേശങ്ങള്‍ നാഷണല്‍ പാര്‍ക്ക്‌ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ്‌ 'വെന്വാ' നാഷണല്‍ പാര്‍ക്ക്‌ (Parc national de la Vanoise). ഉയരത്തിലുള്ള ചില ഗ്രാമങ്ങളില്‍ നിന്നും പാര്‍ക്കില്‍ കടക്കാം. ഓസ്വാ-യിലെ മലയില്‍ നിന്നോ, 'ടെറാ മൊഡാന'യുടെ  അങ്ങേയറ്റത്തുള്ള 'ബോന്‍വല്‍' എന്ന ഗ്രാമത്തില്‍ നിന്നോ ഒക്കെ  പ്രവേശിക്കാം.  'മൊഡാനി'ല്‍ നിന്നുള്ള ബസ്സ്‌ എല്ലാ ഗ്രാമങ്ങളെയും ഒന്നു ചുറ്റിയാണ് 'ബോന്‍വലി'ല്‍ എത്തിയത്.   വളരെ മനോഹരമായിരുന്നു ഈ ഒരുമണിക്കൂര്‍ യാത്ര. സമുദ്രനിരപ്പില്‍ നിന്നും 1700m ഉയരമുള്ള ഒരു പഴയ ഗ്രാമം.  ഇവിടെ നിന്ന് ഒന്നൊന്നര മണിക്കൂര്‍ കാട്ടിലൂടെ നടന്നാല്‍ ഇതിലും പഴയ ഒരു ഗ്രാമത്തിലെത്താം. കാലത്തിനു പിന്നിലേക്ക്‌ ഞങ്ങള്‍  നടന്നു.

ഒരു സിനിമയിലും കണ്ടിട്ടില്ല, ത്ര സുന്ദരമായ സ്ഥലം! ഇടയ്ക്ക് ദുര്‍ഘടമായ വഴികളും ഉണ്ട്. കണ്ടാല്‍ കഠിനമായ പാറകള്‍ക്കുള്ളില്‍ നിന്നും തെളിനീരുറന്നൊഴുകുന്നു. താഴെയെങ്ങും പൂക്കളാണ്. വയലറ്റും, മഞ്ഞയും റോസും നിറങ്ങളില്‍ ഓരോ മണ്‍തരിയിലും കാട്ടുപൂക്കള്‍ നിറഞ്ഞു ചിരിക്കുന്നു.  തേനീച്ചകളുടെയും വണ്ടുകളുടെയും ഉത്സവമേളം. അരുവികളുടെ, കാറ്റിന്റെ ശബ്ദത്തിലൂടെ നടന്നു, ഒടുവില്‍ പാറക്കല്ലുകള്‍ മേഞ്ഞ വീടുകള്‍ കണ്ടു തുടങ്ങി.

കെ പത്തു പതിനഞ്ചു വീടുകള്‍ കാണും. കുറച്ചു കൃഷിയും, പശുക്കളും, കുതിരകളും ഒക്കെയായി ഒരു ചെറിയ ഗ്രാമം. ശൈത്യകാലത്ത് താമസ യോഗ്യമല്ലത്രേ. ഇടയ്ക്ക്  മലയണ്ണാന്‍റെ  ചിലപ്പു കേട്ടു.  ഇവിടുത്തെ സംരക്ഷിത മൃഗങ്ങളില്‍ ഒന്നാണ്, 'മര്മോത്' എന്ന് പേരുള്ള ഒരിനം മലയണ്ണാന്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ പാറയിടുക്കുകളില്‍ ചാടിക്കളിയ്ക്കുന്നതു കണ്ടു

മലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തു ഒരു റസ്റൊറന്റ്റ്‌ ഉണ്ട്. താറാവ് , പന്നി, പോത്ത് എന്നിങ്ങനെ മുകളിലേയ്ക്കാണ്  വിഭവങ്ങള്‍. ഇക്കണ്ട പച്ചക്കറികള്‍ ഒന്നും മെനുവില്‍ ഇല്ല. കറി വയ്ക്കാന്‍ അറിയാഞ്ഞിട്ടാണോ? അതോ അപ്പൂസ്‌ പറഞ്ഞതുപോലെ ഇതെല്ലാം  മറ്റു ജീവജാലങ്ങള്‍ക്ക് നല്‍കി , അവയെ  കഴിക്കുന്ന ഒരു രീതിയാണോ?

ഗ്രാമം കഴിഞ്ഞാല്‍ പര്‍ക്കിലോട്ടുള്ള പ്രവേശന കവാടം. താഴെ, പുഴ സ്വച്ഛമായി ഒഴുകുന്നു, ഇടയ്ക്കിടയ്ക്കു ചെറിയ ഡാമുകള്‍ വെള്ളത്തില്‍ നിന്നും വെളിച്ചം മോഷ്ടിക്കുന്നതും കാണാം. പാര്‍ക്കിന്റെ മറു ഭാഗം ഇറ്റലിയുടേതാണ് .  കുറച്ചു ദൂരം നടന്നു ഞങ്ങള്‍ മടങ്ങി. ഇതേ വനത്തിന്റെ തുടര്‍ച്ച തന്നെ. പശുക്കളുടെ കുടമണിയൊച്ചയും,വരയാടിന്റെ, മര്മോതിന്റെ  ശബ്ദങ്ങളും , വിട്ടിലിന്റെ കരച്ചിലും  ഒക്കെ കുറച്ചു  കൂടുതല്‍ കേട്ടുകൊണ്ടുള്ള  തുടര്‍ച്ച.

പോരുമ്പോള്‍ തേനീച്ചകള്‍ കവര്‍ന്ന കാട്ടുപൂക്കളുടെ തേന്‍, പിന്നീട്‌ മനുഷ്യന്‍ കവര്‍ന്നെടുത്തത് ഒരു കുപ്പി വാങ്ങി. ചെറുപ്പത്തിലെന്നോ  നാട്ടില്‍ രുചിച്ച തേനിന്‍റെ സ്വാദ്!

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 4


'ആവ്രിയ്' ഗ്രാമം നടന്നു കാണുകയായിരുന്നു. ചെറുതും അതി സുന്ദരവുമായ വീടുകള്‍. ചെറുതാണെങ്കിലും അകത്തു കയറിയാല്‍ 'അതിവിശാലമായ ഷോറൂമാണ്'. തടികൊണ്ടുള്ള ഒരു മൂന്നു നില വീടാണ് ഞങ്ങള്‍ താമസിക്കുന്ന 'പ്ലാന്‍ സൊലയ്' , ഈ കുഞ്ഞു വീടിന്‍റെ ഉള്ളില്‍ പത്തു മുപ്പതു ചെറിയ അപ്പാര്‍ട്ടുമെന്റുകള്‍! ഓരോ അപ്പാര്‍ട്ടുമെന്ടിലും അടുക്കള, ഊണുമുറി, കിടപ്പുമുറി, കുട്ടികള്‍ക്കൊരു ചെറിയ മുറി. വിശാലമായ കുളിമുറി , പിന്നെ മനോഹരമായ ബാല്‍ക്കണി. സ്ഥലപരിമിതി ഒട്ടും തോന്നാത്ത നിര്‍മ്മിതി. താഴത്തെ നിലയില്‍, എല്ലാവര്ക്കും പ്രവേശനമുള്ള വായനമുറി. അതിനു പിന്നില്‍ ഒരു അലക്കുമുറി ,അവിടെ വലിയ വാഷിംഗ്‌ മഷിനും ഡ്രൈയറും വച്ചിരിക്കുന്നു അതിനും പിന്നിലൊരു സോനയും.(മനുഷ്യരെ സമൂലം ഉണക്കിയെടുക്കാന്‍ ). 

വീടുകള്‍ക്കു ചുറ്റും വളരെ കുറച്ചു സ്ഥലമേയുള്ളൂ. അവിടെ പച്ചക്കറി കൃഷി സമൃദ്ധം. മതിലുകളില്ലാത്ത ഗ്രാമം. പൂത്തുലഞ്ഞു കിടക്കുന്ന പ നിനീര്‍ചെടികളാണ് കാവല്‍. മത്തനും തക്കാളിയും കാപ്സിക്കവുമൊക്കെ കായ്ച്ചു കിടക്കുന്നു. രാവിലെ വീട്ടുകാരെല്ലാം  തോട്ടം പരിപാലനത്തിലാണ്. ചില കൃഷിയിടങ്ങളില്‍ നെറ്റുണ്ട്, കിളികളെ പേടിച്ചാവണം . ആപ്പിള്‍, പ്ലം ഒക്കെ കായ്‌  നിറഞ്ഞു കുനിയുന്നു. പറമ്പുകള്‍ക്ക് വേലിയായും ചെറിയ വൃക്ഷങ്ങള്‍ തന്നെ. ഒരിഞ്ചു പോലും മണ്ണ് കാണാനാകാതെ എല്ലായിടത്തും പൂച്ചെടികളും. 

വീടിന്റെ തന്നെ ചെറിയ മോഡലുകളാണ് തപാല്‍പ്പെട്ടികള്‍. ഇടയ്ക്ക് വേസ്റ്റ് നിക്ഷേപിക്കാനുള്ള തടിപ്പുരകള്‍ കാണണം, നിറയെ പൂച്ചെടികള്‍ കൊണ്ട് അലങ്കരിച്ചു, ഒരു പൂജാമുറിപോലെ. വഴിയോരങ്ങളില്‍, വഴി വിളക്കിന്റെ ഇടയില്‍, എന്നു വേണ്ട വഴിയല്ലാത്ത എല്ലായിടങ്ങളും പൂക്കളങ്ങളാണ്. വേരുള്ള പൂക്കളങ്ങള്‍. സ്വര്‍ഗ്ഗസൌന്ദര്യം തുളുമ്പുന്ന നാട്ടിന്‍പുറം.

ഓരോ വീട്ടുകാരും മത്സരിച്ചാണ് തങ്ങളുടെ വീടുകള്‍ സുന്ദരമാക്കുന്നതെന്ന് തോന്നും. വീടുകളുടെ ഫോട്ടോസ് എടുക്കുന്നത് കണ്ടു ഒരു അപ്പുപ്പന്‍ ഇറങ്ങി വന്നു വീടിനൊപ്പം പോസ്സു ചെയ്തു ചിരിച്ചു.

അങ്ങ് ദൂരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കൃഷി ഒന്നും ചെയ്തിട്ട് കാര്യമില്ലത്രേ , മണ്ണിനാണ് പൊന്നു വില, പൊന്നിന്റെ വില പിടിച്ചാല്‍ കിട്ടില്ല. അതിര്‍ത്തി കടന്നു, കമ്പത്ത് എത്തിയാല്‍ കൃഷി മോശമല്ലാതെയാകും. കേരള സ്പെഷ്യല്‍ പച്ചക്കറികള്‍ പാണ്ടിലോറി എത്തിക്കുന്നിടത്തോളം കാലം, നമ്മള്‍ എന്തിനു കൃഷി ചെയ്യണം. പാവം മെഡിക്കല്‍ സ്റ്റോറുകള്‍ക്കു പാര വയ്ക്കാനോ?

എങ്കിലും ജൈവ വിപ്ലവത്തിന്റെ സ്പന്ദനം അങ്ങിങ്ങ് കേള്‍ക്കുമ്പോള്‍ വെറുതെ പ്രതീക്ഷിക്കും, ഇതുപോലെ സ്വച്ഛസുന്ദരമായ ഗ്രാമങ്ങള്‍ നമുക്കും തിരിച്ചു കിട്ടിയേക്കാം.

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 3


'ഓസ്വാ'യില്‍ നിന്നും നടന്നോ ലിഫ്റ്റ്‌ (ഒരു കേബിള്‍ കാര്‍) വഴിയോ പര്‍വതത്തിന്റെ ഉയരങ്ങളില്‍ എത്താം. എന്‍റെ ആദ്യത്തെ കേബിള്‍ കാര്‍ യാത്ര. ഞങ്ങള്‍ ചെന്നപ്പോള്‍ ഒരു ഊഞ്ഞാലില്‍ രണ്ടു പേര്‍ ഇരിക്കുന്നു. അവരുടെ പിന്നില്‍ ആളൊഴിഞ്ഞ കുറെ ഊഞ്ഞാലുകള്‍ കമ്പിയില്‍ കോര്‍ത്തു കിടക്കുന്നു.

എന്റെ സങ്കല്‍പ്പത്തില്‍ ഇത്രമാത്രം ഉയരത്തില്‍ പോകുന്ന കേബിള്‍ കാറിനു ഒരു അടപ്പ് കൂടി ഉണ്ടായിരുന്നു. എന്തെങ്കിലുമൊരു ബദല്‍ സംവിധാനം കാണാതിരിയ്ക്കില്ലെന്നു കരുതി. പെട്ടെന്നു കേബിള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ആക്കുന്ന ശബ്ദം കേട്ടു, ആദ്യം ഇരുന്നവരെ ഒരാള്‍ തള്ളി വിട്ടു , ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. ഇരുന്നു തീര്‍ന്നില്ല, ഫുട് റസ്റ്റ്‌ തല്യ്ക്കുമുകലൂടെ താഴെക്കിട്ടു ഒറ്റ തള്ളല്‍,വേണേല്‍ പിടിച്ചോണം.ഞാന്‍ പേടിച്ചു വിറച്ചു. സാഹസികമായിപ്പോയി. അപ്പു എങ്ങാനും പേടിച്ചൊന്നു ചാടിയാല്‍ നേരെ ഊര്‍ന്നു പോകും. കുട്ടികള്‍ക്കെങ്കിലും ഒരു ബെല്‍റ്റിട്ടു  മുറുക്കി  വേണ്ടേ വിടാന്‍? ഞാന്‍ അവനോടു ചേര്‍ന്നിരുന്നു ഫുട് റസ്റ്റില്‍ കഷ്ടിച്ചു ഒരു കാല്‍ വയ്ക്കാം. കൈകള്‍ കൊണ്ട്  പരമാവധി അള്ളിപ്പിടിച്ചു. അപ്പൂസിനോട് ഇതുപോലെ പിടിച്ചിരിക്കൂ എന്ന് പറഞ്ഞു. എവിടെ? അച്ഛനും മകനും എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ആറു വയസ്സിന്റെ വക ഒരുപദേശവും. " ചില സമയത്ത് നമുക്കെല്ലാം പേടി വരും. അപ്പോള്‍ ഒന്നും സംഭവിക്കില്ലാന്നു വിശ്വസിച്ചങ്ങിരിക്കണം. അതിനു കുറച്ചൊക്കെ അഭിനയിക്കേണ്ടിയും വരാം'.  അഭിനയിക്കണം പോലും, എന്നിട്ട് വേണം എനിക്ക് ഓസ്കാര്‍ നേടാന്‍. കൈവിട്ടൊന്നു കൊടുക്കാനും പറ്റില്ല. അത് മുതലാക്കി അവന്‍ എന്നെ കുറെ ഉപദേശിച്ചു കളഞ്ഞു.


കേബിള്‍ മുകളിലേയ്ക്ക് ഒഴുകി. ഊഞ്ഞാലിന്റെ ആയത്തില്‍ ആരോ പിടിച്ചു നിര്‍ത്തിയതുപോലെ ഞാനിരുന്നു. പേടിച്ചാണെങ്കിലും താഴെ ഒളികണ്ണിട്ടു നോക്കുമ്പോള്‍  ഭൂമിക്കെന്തൊരു ഭംഗി! അതിമനോഹരമായ താഴ്വാരം (കൊക്ക എന്നും പറയാം ). ആവേശത്തില്‍ അപ്പൂസ്‌  കൈവിട്ടു കളിക്കാനും തുടങ്ങി. എന്റെ സമാധാനം മുഴുവന്‍ പോയി. വഴക്കു പറഞ്ഞ്, നിര്‍ബന്ധിച്ചു കൈപിടിച്ചിരുത്തി. മലമുകളില്‍ കാല് കുത്തുന്നതിനു മുന്‍പു  തന്നെ ഫൂട്ട് റസ്റ്റ്‌ പൊക്കി വിടണം, എന്നിട്ട് ചാടി ഇറങ്ങുക, ഇല്ലെങ്കില്‍ വന്ന വഴി തിരിച്ചു പോകാം. കാലു താഴെ കുത്തിയപ്പോള്‍ ആണ് എനിക്ക് ശ്വാസം നേരെ വീണത്‌.

അങ്ങനെ സമുദ്രനിരപ്പില്‍ നിന്നും 2150m മുകളിലുള്ള ഒരു പര്‍വ്വതത്തിലെത്തി.  ദൂരെ നിന്ന് കാണുമ്പോള്‍ എന്തൊരു ഔന്നത്യം!, അടുത്ത് വന്നു തൊട്ടറിയുമ്പോള്‍ അതേ കല്ലും മണ്ണുമൊക്കെ തന്നെ. (പര്‍വ്വതമേ ക്ഷമിക്കൂ, അതാണ്‌ വാസ്തവം ). യാത്രികര്‍, സൈക്കിളുകള്‍, കുട്ടികളെ കിടത്താനുള്ള പ്രാം ഒക്കെ  ലിഫ്റ്റില്‍ ഇരുന്നു മുകളിലേയ്ക്ക് വന്നു കൊണ്ടിരുന്നു.

മലമുകളില്‍ ധാരാളം കുടുംബങ്ങളെ കണ്ടു; വെറുതെ  നടക്കാന്‍ ഇറങ്ങിയവര്‍ ആണ്. ചെറിയ കുട്ടികള്‍ മുതല്‍ ഒരുപാട് വയസ്സായവര്‍ വരെ, വടികുത്തി അങ്ങിങ്ങു നടക്കുന്നു. നല്ല തടിയുള്ളവര്‍ മുതല്‍ മെലിഞ്ഞു ഫിറ്റ്‌ ആയവര്‍ വരെ. പ്രത്യേകിച്ച് ഒരു പാറ്റേണില്ലാത്ത  മനുഷ്യര്‍. മുന്നോട്ടു നടക്കാനുള്ള ഒരു മനസ്സ് മാത്രമാണ് പാറ്റേണ്‍. ഇവിടെയെത്തുമ്പോള്‍  പ്രകൃതിയത്  സൌജന്യമായി നല്‍കും. നടപ്പുകാരില്‍  പലരും പ്രകൃതിഭംഗി ആസ്വദിക്കാനൊന്നും സമയം ചിലവഴിച്ചു കണ്ടില്ല. പറ്റുന്നിടത്തോളം ദൂരം താണ്ടുക, അതാണ്‌ മിക്കവരുടെയും ലക്ഷ്യം എന്ന് തോന്നി.

കുറച്ചു ദൂരം കയറിയതും അപ്പൂസ്‌ കുത്തിയിരുപ്പ് സമരം തുടങ്ങി.  ഞങ്ങളും  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. അടുത്തിരുന്ന ഹോളണ്ട് കുടുംബം പറഞ്ഞു. വിഷമിക്കണ്ട, ഒരു കൂട്ടുണ്ടെങ്കില്‍ കുട്ടികള്‍ പൊക്കോളും, അവരുടെ ഏഴു വയസ്സുള്ള  കുട്ടിയെ അപ്പൂസിന് പരിചയപ്പെടുത്തി. അങ്ങനെ ആല്‍പ്സ്‌ പര്‍വതത്തില്‍ കണ്ടുമുട്ടിയ ഡച്ചു കുട്ടിയും ഇന്ത്യന്കുട്ടിയും ഓടിനടന്നു മല കീഴടക്കി. കഴിഞ്ഞ മൂന്നു ദിവസമായി മലയില്‍ ജീവിക്കുന്ന കു ടുംബമാണവരുടേത്. രാത്രി മലമുകളില്‍ തന്നെ ഉറങ്ങും. അങ്ങിങ്ങായി ചില വിശ്രമ കേന്ദ്രങ്ങളുണ്ട്. മുന്‍പ് ഹോളണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് ബൈക്കോടിച്ചു വന്നിട്ടുണ്ടത്രേ !! 

മലകള്‍ മാത്രമാണ് ചുറ്റിലും. ഓരോ ഗര്‍ത്തങ്ങള്‍ക്കു അപ്പുറവും ഇപ്പുറവുമായി നെഞ്ചുവിരിച്ചു നിവര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. കൊടുമുടികളില്‍ ചില മഞ്ഞു കഷണങ്ങള്‍. കടുത്ത ചൂടിലും ഉരുകാന്‍ കൂട്ടാക്കാതെ തിളങ്ങുന്നു. ഉറവകളുടെ ഉറവിടങ്ങള്‍! അസംഖ്യം വെള്ളച്ചാട്ടങ്ങളും അരുവികളും. അങ്ങ് താഴെ പച്ച നിറത്തിലുള്ള തെളിഞ്ഞ ജലം അല്ല, ഒരു ജലച്ചായ ചിത്രം തന്നെ. വര വര്‍ണ്ണനകള്‍ക്കെല്ലാം മീതെയാണ്  ഇവിടെ പ്രകൃതിയുടെ സൌന്ദര്യം.  എത്ര നടന്നു  കണ്ടാലും തീരില്ല. എഴുതിതീര്‍ക്കാന്‍ വാക്കുകളുമില്ല. വെറുതെയല്ല പ്രായഭേദമെന്യേ ഇവിടെ നടക്കാന്‍ മനുഷ്യരെത്തുന്നത്. 

ഇടുങ്ങിയ വഴികളിലൂടെ കയറി ഇറങ്ങി നടക്കുമ്പോള്‍ അപ്പൂസിന് ഭൂഗുരുത്വത്തെക്കുറിച്ച് ഒരു ക്ലാസ്സെടുത്തു. നമ്മള്‍ അറിയാതെ ഭൂമി നമ്മളെ ആകര്‍ഷിക്കുന്ന  കാര്യം വിസ്മയത്തോടെ കേട്ടിട്ട് അവന്‍ പറഞ്ഞു, "അമ്മയ്ക്കറിയാമോ? എനിക്കീ  ഗ്രാവിറ്റി പണ്ടും തോന്നിയിട്ടുണ്ട്. കളിപ്പാട്ടക്കടകളുടെയരികിലെത്തുമ്പോള്‍ ഞാന്‍ അറിയാതെ ഒരു ഗ്രാവിറ്റി എന്നെ വലിയ്കുന്നതായി തോന്നും". ഞാനെന്റെ ക്ലാസിനു ബ്രേക്കിട്ടു.

ഒരു ചെറിയ നീരുറവയുടെ കരയില്‍ ഞങ്ങള്‍ വിശ്രമിച്ചു. അപ്പൂസ്‌ വെള്ളത്തില്‍ കളിയ്ക്കുന്നു. ഇടയ്ക്കൊന്നു കാലുവഴുക്കി. 'ഇതാ ഈ ബോട്ടില്‍ കയറി രക്ഷപെട്ടോളൂ', തന്നോളം വലിയ ഒരു തടി പൊക്കിയെടുത്തു, വെള്ളത്തിലേയ്ക്കിട്ടു കൊടുത്തുകൊണ്ട് ഇത്തിരിപ്പോന്ന ഒരു കുട്ടി, ആള്‍ വലിയ ഗൌരവത്തിലാണ്, ഒരു ജീവന്‍ രക്ഷിച്ച  സംതൃപ്തിയിലും.

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 2


'ഓസ്വാ'  (Aussois) എന്നെ തൊട്ടടുത്ത ഗ്രാമത്തിലേയ്ക്കുള്ള കുറുക്കുവഴി പകുതിയും കാട്ടിലൂടെ ആയിരുന്നു. ചെറിയ മല കയറി ഇറങ്ങണം, ഒരു മണിക്കൂര്‍ നടപ്പു ദൂരം ആണ് ഗ്രാമങ്ങള്‍ തമ്മിലുള്ള കുറഞ്ഞ അകലം. ഞങ്ങളത് രണ്ടു-രണ്ടര മണിക്കൂറാക്കി മാറ്റി. 

യാത്രാ മദ്ധ്യേ ഒരു വലിയ വെള്ളച്ചാട്ടമുണ്ട്. ഒരുപാട് മുകളില്‍ നിന്നും ആരോ എടുത്തെറിയുന്നപോലെ വെള്ളം വീഴുന്നു. അതിന്‍റെ തീരത്ത്,  ഭക്ഷണത്തിന്റെ പൊതിയുമായി ഉച്ചയോടെ ആള്‍ക്കാര്‍ എത്തിത്തുടങ്ങും, കുളിയും, കളിയും കഴിപ്പും ഒക്കെ കഴിഞ്ഞു വെയിലാറുമ്പോള്‍ മടങ്ങും.വെളിയില്‍ കടുത്ത ചൂടാണ്. അകത്തു പ്രകൃതിയുടെ ശീതീകരണം. മുകളില്‍ മരങ്ങളും കൈകോര്‍ത്തു തണല്‍ വിരിയ്ക്കുന്നു.

'ഓസ്വാ' യില്‍ അന്ന് ഉത്സവമായിരുന്നു, കുട്ടികള്‍ക്കായി ധാരാളം കളികള്‍. പഴയ ഓണക്കളികള്‍ പോലെ, മരം കയറ്റം, കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കളികള്‍, തക്കാളി കുഴലിലൂടിട്ടടിച്ചുടയ്ക്കുന്ന കളികള്‍.  ഒരു ഉറിയടിയുടെ കുറവ് മാത്രം തോന്നി.

ഒരിടത്തു വലിയ കുട്ടകത്തില്‍ തൈര് കടയുന്നു, മറ്റൊരിടത്ത് കുതിരവണ്ടിയില്‍ ഗ്രാമത്തിന്‍റെ തനതു മദ്യശാല. തേന്‍ പോലെ മധുരമുള്ള മദ്യം ചെറിയ ഓട്ടുഗ്ലാസില്‍ വിശുദ്ധമായി വിതരണം ചെയ്യുന്നു. (അടിച്ചു പാമ്പായവരെയൊന്നും കണ്ടില്ല ) . സ്റ്റേജില്‍ നൃത്തപരിപാടികള്‍. ഇടയ്ക്ക് വഴിയിലൂടെ പരേഡും പാട്ടും, ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരെല്ലാം ഇടയ്ക്കിറങ്ങി നിന്ന് പരേഡ്‌ കാണും, പിന്നെ തിരിച്ചു വന്നിരുന്നു കഴിക്കും. കടക്കാരുടെ ശ്രദ്ധയും വെളിയിലാണ്. മൊത്തത്തില്‍ കണ്ടുമറന്നുപോയ, നാടന്‍ കളികള്‍ നിറഞ്ഞ ഒരു പഴയ ഗ്രാമം.  

ഈ സ്ഥലം, സമുദ്ര നിരപ്പില്‍നിന്നും 1500m ഉയരത്തിലാണ്. ഈ ഭാഗത്തെ കൊടുമുടിക്ക് 2800 m വരെ ഉയരമുണ്ട്. 2500 m വരെ കയറിയാല്‍, അവിടെ നിന്നും താഴേയ്ക്ക് പാരച്യൂട്ടില്‍ ചാടാം. ഒരു മനുഷ്യന്‍ അതില്‍ പറന്നിറങ്ങുന്നതും കണ്ടു. നാറാണത്തുഭ്രാന്തനെ ഓര്‍ത്തുപോയി. അന്ന് പാരച്യൂട്ട് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം കല്ലുരുട്ടിയിടുമായിരുന്നോ? അതോ സ്വയം ചാടുമായിരുന്നോ?

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 1

ടെറാമൊഡാന 
അരയന്നങ്ങളും കുട്ടികളും നീന്തിക്കളിക്കുന്ന പച്ചനിറമുള്ള ജലാശയത്തിന്റെ കരയിലൂടെ,  മലനിരകളെ ലക്ഷ്യമാക്കി , പിന്നീടെപ്പൊഴോ അവയ്ക്ക് സമാന്തരമായി,  ലംബമായി തുരങ്കങ്ങളില്‍ കൂടി നെഞ്ചകം തുളച്ചും കുതിച്ചു പാഞ്ഞു; ഒടുവില്‍ ആല്പ്സ് പര്‍വതനിരകളുടെ മടിത്തട്ടില്‍ കിതച്ചു നിന്നു; പാരിസില്‍ നിന്നും 'മൊഡാനി'ലേയ്ക്കുള്ള അതിവേഗ തീവണ്ടി.  ഇത് ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും അതിര്‍ത്തി പ്രദേശമാണ്. മൊഡാനില്‍ തുടങ്ങി അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങള്‍ കാണാം. 'ടെറാ മൊഡാന' എന്നാ പേരില്‍ അറിയപ്പെടുന്നു, ഈ ഫ്രെഞ്ചു മലയോരം.

ശൈത്യകാലത്ത് മഞ്ഞു മൂടുമ്പോള്‍, ഈ ഗ്രാമങ്ങള്‍  മഞ്ഞില്‍ കളിക്കാന്‍ വരുന്ന മനുഷ്യരുടെ വിനോദ കേന്ദ്രങ്ങളായി(സ്കീ റിസോര്‍ട്ട്സ്)  മാറും.   വേനലില്‍ മഞ്ഞുരുകി ഉറവകളായി, വെള്ളചാട്ടങ്ങളായി, പുഴ നിറഞ്ഞോഴുകും. പൈന്‍മരങ്ങള്‍ നിറഞ്ഞ കാടുകള്‍ പതുക്കെ  ഉണരും,  ഗ്രാമവാസികള്‍ കൃഷിത്തിരക്കിലാകും.  ആരവങ്ങളൊഴിഞ്ഞ ഈ പ ച്ചപ്പിലെക്കാണ്  ഞങ്ങള്‍ തിരിച്ചത്, എങ്കിലും തീവണ്ടി നിറയെ അവധിക്കാലം നോമ്പുനോറ്റു വന്ന കുട്ടികളായിരുന്നു. റെയില്‍വേയുടെ വകയായി എല്ലാ കുട്ടികള്‍ക്കും ഓരോ യാത്രാ സഞ്ചി; ഒരു ചെറിയ ജ്യൂസ്‌, ബ്രഡ്‌, പേന , പുസ്തകം. ആനന്ദലബ്ധി ക്കിനിയെന്തു വേണം? അപ്പൂസ്‌ ഉത്സാഹത്തിലായി


മൊഡാനില്‍ നിന്നും പതിനഞ്ചു മിനിട്ട് ദൂരെയാണ്  ആവ്രിയ് (Avrieux) എന്ന ഗ്രാമം. ഹെയര്‍ പിന്‍ വളവുകളിലൂടെ ടാക്സിയില്‍ വരുമ്പോള്‍ താഴെ,  ഒരേ  പോലെ തോന്നിക്കുന്ന പത്തു മുപ്പതു ചെറിയ വീടുകള്‍ കണ്ടുതുടങ്ങി. . തടിയില്‍ തീര്‍ത്ത ഒതുക്കമുള്ള വീടുകള്‍. ഇവിടെ കടകള്‍ ഒന്നും തന്നെ ഇല്ല.
ഇടത്തും വലത്തും താഴെയും മുകളിലുമെമെല്ലാം പാര്‍വത ശിഖരങ്ങള്‍.

പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് വളരെ കുറവുള്ള സ്ഥലം. വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ അന്നുതന്നെ മോഡാനിലേക്കു തിരിച്ചു പോകേണ്ടിവന്നു. അടുത്ത രണ്ടു ദിവസം അവധിയായതിനാല്‍ കടകള്‍ തുറക്കില്ല. പോകുന്നവഴിക്ക്, അത്യാവശ്യം കടകള്‍ ഉള്ള മറ്റൊരു ഗ്രാമത്തെ പറ്റി ടാക്സി ഡ്രൈവര്‍ പറഞ്ഞു തന്നു. ഇനി പോകുമ്പോള്‍ അവിടെ നടന്നു പോകാനുള്ള വഴിയും  കാണിച്ചു തന്നു. ഒരു മലചുറ്റി പോയാല്‍ മതി. വെറുതെ ടാക്സി വിളിച്ചു പൈസ കളയണ്ടന്നു .. എത്ര നല്ല ഡ്രൈവര്‍. 

എന്നിട്ടും പലതവണ ടാക്സി വിളിക്കേണ്ടി വന്നു. പലപ്പോഴും ടാക്സി ഡ്രൈവര്‍മാര്‍ മിറ്റര്‍ റീഡിങ്ങിനെക്കാള്‍ കുറച്ചു പൈസയേ വാങ്ങിയുള്ളൂ . തിരികെ പോരുന്ന ദിവസം. പൈസയൊന്നും വേണ്ടന്ന് വാശി. നിര്‍ബന്ധിച്ചാണ് ഏല്‍പ്പിച്ചത്. വളരെ അത്ഭുതം തോന്നി; ഒരു ബിസിനസ്‌ എന്നതിലുപരി ആതിഥ്യ മര്യാദയും നിഷ്കളങ്കമായ സ്നേഹവും തുളുമ്പുന്ന 
ഗ്രാമീണര്‍.