Tuesday, November 17, 2015

വാർത്തായനം

പാരീസ് വീണ്ടും വാർത്തകളിൽ നിന്ന് പതുക്കെ മുക്തമാവുന്നു. എല്ലാവരും കൂട് വിട്ടിറങ്ങി തുടങ്ങി.  ജീവിക്കാൻ കൊതിക്കുന്ന മനുഷ്യരും മരിക്കാൻ നടക്കുന്ന ചാവേറുകളും എല്ലാം.  ഇതിന്റെ ബാക്കി പത്രമായി പ്രത്യാക്രമണവും ശക്തമാണെന്നു വായിച്ചു  . കൂടുതൽ പേർ മരിയ്ക്കുമെന്നല്ലാതെ എന്ത് ഭേദം?. ആയുധങ്ങൾ എല്ലാം മത്സരിച്ചു പ്രയോഗിച്ചു  കഴിയുമ്പോൾ ലോകം ബാക്കിയുണ്ടാവുമോ?  ഒന്നുകിൽ പട്ടാളത്തിന്, അല്ലെങ്കിൽ തീവ്രവാദികൾക്ക് , രണ്ടായാലും ആയുധക്കച്ചവടക്കാർക്ക് കോളാണ്. ഓഫീസിൽ പരിചിത മുഖങ്ങളെല്ലാം ഉണ്ട് എന്നത് ഒരു ആശ്വാസം. സുഹൃത്തിന്റെ മകന്റെ കൂട്ടുകാരൻ കൊല്ലപ്പെട്ടു എന്നറിഞ്ഞു. അവൻ  വഴിയിലൂടെ നടന്നു പോവുകയായിരുന്നു .  ഒരുപാടുപേർ കളി കാണാൻ പോയിട്ടുണ്ടായിരുന്നു. അവർ രക്ഷപ്പെട്ട ആശ്വാസത്തിൽ, ഞെട്ടലിലും. ഫേസ് ബുക്കിൽ  പലപലവാർത്തകൾ. പത്രങ്ങളിൽ ഉള്ളതും ഇല്ലാത്തതും സോഷ്യൽ നെറ്റുവർക്കുകളിൽ ഉണ്ട് . ഇവിടെ ഇസ്ലാമിക വിരുദ്ധവികാരമെന്നോ  ഒക്കെ വായിച്ചു. അങ്ങനെ ഒന്നും വാസ്തവത്തിൽ ഉള്ളതായി തോന്നിയില്ല. നല്ല വാർത്തകൾ മാത്രം സത്യമാവട്ടെ! തിരിച്ചാഗ്രഹിക്കുന്നതിൽ കഴമ്ബില്ല. സ്വതന്ത്രമായി ചിന്തിക്കുന്ന, കലയെ സ്നേഹിക്കുന്ന , കളിപ്പന്തിനെ സ്നേഹിക്കുന്ന ഒരുപാടുപേരുള്ള നാടാണ്. ജീവിക്കാനുള്ള ഒരേ വികാരത്തിൽ  ഓടുന്ന ഒരുപാടു  സാധാരണക്കാർ .  ഇത്തരം വാർത്തകളിൽ നിന്ന് എല്ലാ രാജ്യങ്ങളും മുക്തമായെങ്കിൽ എന്ന വ്യാമോഹത്തോടെ  ...


Saturday, July 25, 2015

ലൂവാ നദീതടങ്ങളില്‍ (Loire vally) --5


ആ.. 'ലൂവാ'.. പുഴയുടെ തീരത്ത് ....'

ഒരു നീണ്ട വാരാന്ത്യതിന്റെ ചുവടുപിടിച്ചായിരുന്നു ഇത്തവണത്തെ മുങ്ങൽ. പഴയ 'ലൂവാ'.. പുഴയുടെ തീരത്ത് വീണ്ടും പൊങ്ങി. പഴയത് എന്നു പറയാൻ പറ്റില്ല, പുഴ എന്നും പുതിയതായി ഒഴുകുകയല്ലേ. പാരീസിൽ നിന്നും രണ്ടര മണികൂർ തെക്കു പടിഞ്ഞാറേക്കാണ് യാത്ര.  സ്വർണ്ണ കറ്റകൾ നിറഞ്ഞ  പാടങ്ങൾക്കപ്പുറം, കാടുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കൊട്ടാരങ്ങളുടെ നാട്ടിലേക്ക്.

മൂന്നു വർഷം മുന്പാണ് ഇവിടെ പണ്ട് വന്നത്. അന്നു താമസിച്ച  ഹോട്ടൽ ചെയ്നിൽ  തന്നെ ബുക്ക്‌ ചെയ്തു. ബൂവൽ വന്യജീവി സങ്കേതത്തിനടുത്ത്,  ഗോതമ്പു പാടത്തിനും കാടിനും ഇടയിലുള്ള കൊച്ചു കൂടാരങ്ങൾ ഇന്നും ഓർമയിൽ അങ്ങനെ തന്നെ ഉണ്ട്. പക്ഷെ മൂന്ന് വര്ഷം കൊണ്ട് ബൂവൽ ആകെ മാറിപ്പോയി. പഴയ കൂടാരങ്ങളുടെ മേല്ക്കൂരയിലെ ഓടുകൾ പായൽ പിടിച്ചു തുടങ്ങി. കൂടാരങ്ങൾക്കടുത്തു മറ്റു രണ്ടു കൂറ്റൻ ഹോട്ടലുകൾ  വന്നു. എല്ലാം ബൂവലിന്റെ  ചെയിൻ തന്നെ. അതിൽ ഒന്നിലാണ് ഇത്തവണ മുറി  കിട്ടിയത്. ചൈനീസ് കെട്ടും മട്ടുമുള്ള ഒരു സൗധം. പഴകിയെങ്കിലും കൂടാരങ്ങൾക്കാണ് ഇന്നുംകൂടുതൽ ആവശ്യക്കാർ. അവിടെ മുറി ഒഴിവുണ്ടാവാറില്ല.

ഗോതമ്പു   പാടം  വിളവെടുപ്പ് കഴിഞ്ഞു കിടക്കുന്നു. പാർക്കിംഗ് ഏരിയ നിറച്ചും വണ്ടികൾ. അവധിക്കാലമാണ്‌.ഫ്രാൻസ് മുഴുവൻ ഇവിടെയെത്തിയ മട്ടുണ്ട്. സങ്കേതത്തിൽ പക്ഷി മൃഗങ്ങളെക്കാൾ കൂടുതൽ മനുഷ്യരായിരുന്നു. ഒരു വലിയ നഗരത്തിൽ   പെട്ടുപോയത് പോലെ. സീസണ്‍ ആയതുകൊണ്ടാവാം സ്വച്ഛത നഷ്ടപ്പെട്ടു തുടങ്ങിയ ബൂവൽ ആയിരുന്നു ഇത്തവണ കാത്തിരുന്നത്. ബൂവലിനെ കുറിച്ചു മുന്പെഴുതിയ കുറേക്കൂടി തെളിച്ചമുള്ള  ഓർമ്മകൾ ഇവിടെ വായിക്കാം . http://oridathorikkal.blogspot.fr/2012/08/loire-vally-4.html .

ബൂവൽ കിളിക്കൂട്‌

ബൂവൽ കിളികൾ 
കൂടുകൾക്കുള്ളിലെ പക്ഷികൾ ചിറകു വീശി പറക്കാൻ ശ്രമിക്കുന്നുണ്ട്. എവിടെ വരെ പോകാൻ? തുറന്നയിടങ്ങളിലെ പക്ഷികൾ അധികം പറക്കുന്നില്ല, ചിറകുകൾ  ചെറുതായി മുറിച്ചിട്ടുണ്ടോ? അറിയില്ല. ഏതായാലും രണ്ടു തരം കാഴ്ചകൾക്കും ഒന്നാം പ്രതി ഇതൊക്കെ കാണാനെത്തുന്നവർ തന്നെ. തിരികെ പോകാൻ തോന്നിപ്പോയി. വിശാലമായ ചിറകോട് കൂടി കൂട്ടിനുള്ളിൽ പെടുന്നതും, നിറഞ്ഞ കാടിന്റെ നടുവിൽ ചിറകു മുറിഞ്ഞു കിടക്കുന്നതും, ജീവിതത്തിൽ  വന്നു മായുന്ന അവസ്ഥകൾ കൂടിയല്ലേ!

ഇതൊന്നുമോർത്തു സങ്കടപ്പെടാതെ വെറുതെ വിടർന്ന, നല്ല  മണമുള്ള കൊച്ചു കൊച്ചു റോസാപ്പൂവുകൾ ചുറ്റുപാടും നോക്കി ചിരിക്കുന്നു . ആരും മുറിക്കാത്ത ചിറകുമായി ചെറു പ്രാണികൾ തേൻ കുടിച്ചു പറക്കുന്നു.
ചിരിക്കുടം
ഫ്രാൻസിൽ ഇത്തവണ കടുത്ത വേനലാണ്. ഈര്പ്പമില്ലാത്ത കാലാവസ്ഥയും കൂടിയായപ്പോൾ പൊള്ളുന്ന ചൂട്. നാൽപ്പതു ഡിഗ്രിയിൽ എത്തിനില്ക്കുന്നു. ചൂടുകാലം ശീലമില്ലാത്ത നാട്ടുകാർക്ക് ഇതു വലിയ പ്രശ്നം തന്നെ. വീടുകളിൽ എ.സി , ഫാൻ ഒന്നും പൊതുവെയില്ല. ഇനി ഉണ്ടെങ്കിലും വീട്ടിൽ അടങ്ങിയിരിക്കുന്ന കൂട്ടരുമല്ല ഇവർ. ഫ്രാൻസിലെ മിക്ക പൊതു സ്ഥലങ്ങളിലും ഇത്തവണ ജലബാഷ്പം (മിസ്റ്റ് ) തൂകാനുള്ള    സംവിധാനങ്ങൾ  വേനൽ കരുതലായി ഒരുക്കിയിട്ടുണ്ട്. ബൂവൽ പാർക്കിലും  പലയിടത്തും ബാഷ്പം തൂകി തരുന്നുണ്ട്. ബാഷ്പത്തിൽ  ഒന്നു നനഞ്ഞു മാറുകയല്ല, കുളിച്ചു തന്നെ കൂളാവുകയാണ്   ആൾക്കാർ.
മിസ്റ്റ് 

ബൂവൽ കൂടാരങ്ങൾ കെട്ടിടത്തിനു വഴിമാറിയെങ്കിലും   താമസ  സൌകര്യങ്ങൾ മുൻപത്തെ പോലെ തന്നെ നന്നായിരുന്നു. പ്രത്യേകിച്ച് ഭക്ഷണം. പ്രാതലിനു കാന്റീനിൽ സെല്ഫ് സർവീസ് ആണ്. ബ്രഡും ടോസ്ടറും ഉണ്ട്, വേണ്ടവര്ക്ക് ടോസ്റ്റു ചെയ്തു കഴിക്കാം. ഓറഞ്ചും ജ്യൂസറും  ഉണ്ട്. ജ്യൂസ്‌ ഉണ്ടാക്കി കഴിക്കാം. ചൂടുവെള്ളവും മുട്ടയുമുണ്ട്. വേണ്ടത്ര നേരം വെള്ളത്തിലിട്ടു വാട്ടിയോ പുഴുങ്ങിയോ കഴിക്കാം. പാൽ  തിളച്ചു കൊണ്ടിരിക്കുന്നു, ആവശ്യത്തിനു എടുത്തു ചായയോ കാപ്പിയോ  ആക്കാം. പിന്നെ വിവിധയിനം പഴങ്ങളും ഉണ്ട്. അത് നേരിട്ടു കഴിക്കാം. മരത്തിൽ കയറി പറിക്കണ്ട. എന്തായാലും മനസ്സറിഞ്ഞു കഴിച്ചാൽ ഉച്ച ഭക്ഷണം ഒഴിവാക്കാം.

പക്ഷി മൃഗങ്ങളെ കണ്ട ക്ഷീണത്തിൽ ഒരുറക്കമൊക്കെ കഴിഞ്ഞു വൈകിട്ടു ഗ്രാമം കാണാനിറങ്ങി. സൈന്റ്-ഐനാൻ (Saint-Aignan) എന്നാണ് സ്ഥലപ്പേര്. കൃഷിയിടങ്ങൾ ഒക്കെ കഴിഞ്ഞു ഇടുങ്ങിയ  വഴികളിലൂടെ ഗ്രാമഹൃദയത്തിലെത്തി. ഒരു അഗ്രഹാരത്തിൽ എത്തപ്പെട്ടത് പോലെ. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ. എല്ലാം തൊട്ടു തൊട്ടാണ്. ഇടയില് ഒരു പഴയ കൊട്ടാരവും ഉണ്ട്. കുടുസ്സു റോഡുകൾ. കുടുസ്സാനെങ്കിലും നല്ല വൃത്തിയുണ്ട്. ചുറ്റും ചില കടകൾ  അടഞ്ഞു കിടക്കുന്നു. ഇനി രാത്രി ഭക്ഷണ സമയത്തെ തുറക്കൂ. രാവിലെ മനസ്സറിഞ്ഞു കഴിച്ചതു നന്നായി!


കഥ പറയുന്ന കാടുകൾ...

ഗ്രാമഹൃദയത്തിൽ നിന്നും പുറത്തിറങ്ങി അടുത്ത യാത്ര കാട്ടിലെ ഒരു കൊട്ടാരത്തിലേക്കായിരുന്നു. കൊട്ടാരത്തിന് ഒരു കഥയുണ്ട്. പണ്ടു.. പണ്ടു.. പതിനാറാം നൂറ്റാണ്ടിൽ ഹെന്രി രണ്ടാമൻ എന്ന ഒരു രാജാവുണ്ടായിരുന്നു. രാജാവിന് സുന്ദരിയും മിടുക്കിയുമായ ഒരു രാജ്ഞിയും. ആ രാജ്ഞിക്ക് സമ്മാനമായി കൊടുത്തതാണ് 'ഷെർ' (Cher River )  നദീ തീരത്തൊരു   കൊച്ചു കൊട്ടാരം . 'ഷെർ' എന്ന ഈ നദി ലൂവ നദിയിൽ ചേരാനുള്ള ഓട്ടത്തിലാണ് അന്നും ഇന്നും. രാജ്ഞി സമ്മാനം വാങ്ങി വെറുതെ ഇരുന്നില്ല.  കൊട്ടാരത്തിൽ നിന്നും നദിയിലേക്ക് ഒരു പാലം പണിയിച്ചു അതിന്റെ മീതെ കൊട്ടാരത്തിനു ഒരു വലിയ ഹാളും പണിയിച്ചു. അതോടെ നദീ തീരത്തെ  കൊട്ടാരം നദിക്കു മേലെയുള്ള കൊട്ടാരമായി പേരു കേട്ടു.

കഥ തീരുന്നില്ല, രാജാവ് മരിച്ചതോടെ രാജാവിന്റെ പ്രഥമ റാണി കൊട്ടാരം ഏറ്റെടുത്തു. പഴയ രാജ്ഞിക്കു മറ്റൊരു കൊട്ടാരം നല്കി. ഈ തീരത്ത് കൊട്ടാരങ്ങൾക്കു ക്ഷാമമില്ലല്ലോ. കൊട്ടാരം അടിച്ചു മാറ്റിയെങ്കിലും പുതിയ  ഉടമസ്ഥയും വെറുതെ ഇരുന്നില്ല. നദിക്കു മീതെയുള്ള ഹാളിനു മുകളിൽ  രണ്ടു നിലകൾ കൂടി പണിത് കൊട്ടാരത്തിനെ കുറച്ചുകൂടി  ഗംഭീരമാക്കി. അങ്ങനെ രാജ്ഞിമാരുടെ മേൽനോട്ടത്തിനും നിർമ്മിതിക്കും  പേരുകേട്ട ഈ കൊട്ടാരമാണ് ഷിനൊഷു കൊട്ടാരം. (‎Chateau de Chenonceau) . രാജഭരണ കാലം മാറി , വിപ്ലവകാലത്ത് കടപുഴകാതെ എങ്ങനെയോ നിന്നു, ഇപ്പോൾ  കലികാലവും കണ്ടു, ചരിത്ര സ്മാരകമായി നില കൊള്ളുന്നു.


ഷിനൊഷു കൊട്ടാരം
കഥപോലെയല്ല, കൊട്ടാരത്തിലേക്കുള്ള വഴി ഇടുങ്ങിയതും ഉയരം കുറഞ്ഞതുമായിരുന്നു. ഹൈവേയിൽ നിന്നും  കൊട്ടാരത്തിലേക്ക് ഒരു ചെറിയ ചൂണ്ടുപലക കണ്ടു. തീരെ ചെറിയ വഴി. മുകളിൽ ഉയരമുള്ള വണ്ടികൾ  പോകാതിരിക്കാൻ ബാറുകൾ തൂക്കിയിട്ടിരിക്കുന്നു.  (പ്രധാന വഴി ഇതായിരുന്നില്ലെന്നു തിരിച്ചു വന്നപ്പോൾ മനസ്സിലായി.) വഴി തീരും തോറും കാടുകൾ തെളിഞ്ഞു വന്നു. അതിനിടയിൽ  പൂന്തോട്ടങ്ങളും പിന്നെ ഒരു കൊച്ചു കൊട്ടാരവും.

കൊട്ടാരത്തിലെ  അടുക്കളമുറി  
അകത്തളങ്ങളിൽ കൊട്ടാരത്തിന്റെ പതിവ് കാഴ്ചകൾ. രാജാവിന്റെ,  രാജ്ഞിയുടെ മുറികൾ, മറ്റു പ്രധാനമുറികൾ ,  നദിക്കു മുകളിലൂടെ വിശാലമായ ഹാളുകൾ എന്നിങ്ങനെ. എല്ലാ മുറികളിലും ഭംഗിയുള്ള പുഷ്പാലങ്കാരമുണ്ട്. രാജ്ഞിമാരുടെ കൊട്ടാരത്തിലെ അടുക്കള മുറികളും എടുത്തു പറയത്തക്കതാണ് . പഴയ ചെമ്പു പാത്രങ്ങളുടെ   വലിയ ഒരു ശേഖരം തന്നെ ഉണ്ട്. 


പൂന്തോട്ടം 
കൊട്ടാരത്തിന് പുറത്താണ് കൂടുതൽ സുന്ദരമായ കാഴ്ചകൾ. മനോഹരമായ പൂന്തോട്ടവും അടുക്കളത്തോട്ടവും  ഒക്കെ ഇപ്പോഴും പരിപാലിച്ചു പോരുന്നു.. തക്കാളിയും മത്തനുമെല്ലാം കായ്ച്ചു കിടപ്പുണ്ട്. കീടങ്ങളെ ആകര്ഷിച്ചു കെണിയിലാക്കാൻ മഞ്ഞനിറമുള്ള ഒരു ഒട്ടിപ്പോ കാർഡ്‌ ഇടയ്ക്കിടെ   വച്ചിട്ടുണ്ട്. അതിൽ നിറയെ പാവം കീടങ്ങളും. തോട്ടങ്ങൾക്കരികിൽ പഴയ പ്രതാപം പേറുന്ന രഥങ്ങൾ വിശ്രമിക്കുന്നു. തൊട്ടടുത്ത്‌, വിശാലമായ കുതിരലായത്തിൽ കുതിരകളുമുണ്ട്. ഈ നൂറ്റാണ്ടിലെ കുതിരകളോട് പതിനാറാം നൂറ്റാണ്ടിലെ രഥങ്ങൾ കഥ പറയുന്നുണ്ടാവാം. കാഴ്ച്ചകൾക്കൊടുവിൽ ദൂരെ കാടുകൾ വിളിക്കുന്നു..." Woods  are lovely dark and deep.. but we had promises to keep :) ". കൊട്ടാരം അടയ്ക്കാറായിരുന്നു.  കാടുകയറാതെ തിരിച്ചിറങ്ങി.


കാട്ടിലേക്കുള്ള വഴി 

തിരികെ വരും വഴി ഗ്രാമഹൃദയത്തിലേക്ക് ഒന്ന് കൂടി നുഴഞ്ഞു കയറി. ഒന്നുരണ്ടു കടകൾ തുറന്നിട്ടുണ്ട്.  ഭക്ഷണം വാങ്ങി ബൂവലിലേക്ക് മടങ്ങി. പത്തുമണി ആവുന്നേയുള്ളൂ. ബൂവൽ എപ്പോഴേ ഉറക്കം പിടിച്ചിരുന്നു.
Wednesday, June 17, 2015

ആളെ തേടുന്ന ഗ്രാമങ്ങൾ ....

അടുത്തയിട ലോക്കൽ പത്രത്തിൽ വന്ന ഒരു വാർത്ത പ്രശാന്ത് കാട്ടി തന്നു.   ആൾക്കാർ കുറഞ്ഞു കുറഞ്ഞു അനാഥമായി കൊണ്ടിരിക്കുന്ന ഒരു ഫ്രഞ്ച്  ഗ്രാമം കൂടി ആദായ വില്പ്പനക്കൊരുങ്ങുന്നു. (ഇതേ മാർഗത്തിൽ മുൻപ് മറ്റൊരു ഗ്രാമം രക്ഷപ്പെട്ട ചരിത്രം ഉണ്ടത്രേ! ) ചതുരശ്രമീറ്ററിനു  വെറും ഒരു യുറോ  നിരക്കിൽ ഗ്രാമത്തിൽ സ്ഥലം വാങ്ങാവുന്നതാണെന്ന് മേയര് പത്ര പരസ്യം നല്കിയിട്ടുണ്ട്.  ഒരു സ്കൂൾ നിലനിർത്താനുള്ള കുട്ടികൾ ഇവിടെയില്ല എന്നുള്ളതാണ് മേയറെകൊണ്ട് ഇങ്ങനെ ഒരു നിലപാട് എടുപ്പിച്ചത്.  എന്നിട്ടോ, മേയറുടെ ഫോണിനു വിശ്രമമില്ല. ഫ്രാൻസിൽ നിന്നു മാത്രമല്ല, ലോകത്തിന്റെ  വിവിധയിടങ്ങളിൽ നിന്നു ഗ്രാമസ്നേഹികൾ വിളിയോടു വിളി. പക്ഷെ കുടുംബമായി ഇവിടെ കൂടു കൂട്ടാൻവരുന്നവർക്കു  മാത്രമേ സ്ഥലം  കൊടുക്കൂ. അങ്ങനെയാണെന്കിലല്ലേ  ഗ്രാമം സനാഥമാകൂ...നല്ല കാര്യം..എവിടെയാണ് ഇങ്ങനൊരു ഗ്രാമം എന്നറിയാൻ വെറുതെ നോക്കി. ചിത്രങ്ങൾക്ക് ചെറിയ പരിചയം..വഴിയാണെങ്കിൽ നല്ല  പരിചയം...കഴിഞ്ഞ യാത്രയിൽ കണ്ടതേയുള്ളൂ;  http://oridathorikkal.blogspot.fr/2015/05/blog-post.html. ബ്രിട്ടനിയിലെ 'ക്യാമറെ  കടപ്പുറ'ത്തിനടുത്തുള്ള വിജനഗ്രാമങ്ങളിൽ കുറെ ചുറ്റിയതാണ് . അതിൽ ഒരു സുന്ദര ഗ്രാമമാണ് പത്രത്തിൽ ആളെത്തേടുന്നത് . സഞ്ചാരികളെയോ നിക്ഷേപകരെയോ അല്ല, സ്ഥിരതാമസക്കാരെ.   Berrien എന്നാണ്‌ ഗ്രാമത്തിന്റെ പേര്  ഈ വഴികളിലൂടെ നിങ്ങളെയും ഞാൻ ചുറ്റിച്ചതല്ലേ..വാർത്ത‍ പങ്കുവയ്ക്കാതെങ്ങനെ? 

ഗ്രാമം  ആൾ സമൃദ്ധമാവാനുള്ള  ആശംസകളുമായി... പട്ടണത്തിൽ നിന്നും... ..ഒരിടത്തൊരിക്കൽ ന്യൂസ്.. ... 

Thursday, May 28, 2015

കനൽ പൂക്കുന്ന കടൽ ഗുഹകൾ : 'ബ്രിട്ടനി'-യിൽ ഒരു പൂമഴക്കാലത്ത് ...

ബ്രിട്ടനി വസന്തം.


കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അടങ്ങി ഒതുങ്ങി കഴിയുമ്പോളാണ് സുഹൃത്തും കുടുംബവും ഞങ്ങൾക്കും കൂടി ചേർത്ത് ഒരു ബ്രിട്ടനി യാത്ര ഒരുക്കിയത്. കുട്ടികൾക്ക് രണ്ടാഴ്ച സ്കൂള്‍ അവധി, അതിൽ ഒരാഴ്ച മുങ്ങാനാണ് പ്ലാൻ. ശനിയാഴ്ച രാവിലെ ഓടിപ്പിടിച്ചൊരു പാക്കിംഗ്. അപ്പൂസ്,  അവന്റെ പെട്ടി തനിയെ അടുക്കിത്തരുന്ന വലിയ കുട്ടി ആയി. യാത്രയിൽ ഇപ്പോൾ ഒരാൾ കൂടിയുണ്ട്. അടുക്കുന്നതെല്ലാം തിരിച്ചെടുത്തുകൊണ്ടിരിക്കുന്ന രണ്ടു വയസ്സുകാരൻ 'സച്ചൂസെ'ന്ന 'സാത്വിക'ൻ.

ഇത്തവണ കാറിലാണ് യാത്ര. പ്രശാന്തിന്റെ ആദ്യത്തെ ലോങ്ങ്‌ ഡ്രൈവ്. മുന്‍പ് ട്രെയിനില്‍ പോയി കണ്ട 'ബ്രിട്ടനി' പാരീസിനടുത്തായിരുന്നു. ഇതു 'ബ്രിട്ടനി'യുടെ വേറൊരു  അറ്റം. ഫ്രാൻസിന്റെ തന്നെ വടക്കു പടിഞ്ഞാറുള്ള വാലറ്റം.  പേര് , 'ക്യാമറെ(റ്റ്) - സുർ- മർ' (ചിരിക്കണ്ട, അങ്ങനെ തന്നെയാണ് ...'Camaret - sur - Mer' . സൌകര്യാർത്ഥം  'ക്യാമറെ' കടപ്പുറം  എന്നു വിളിക്കാം).  ഈ വാലറ്റത്തിനു  സമാന്തരമായി അറ്റ്‌ലാന്റിക് സമുദ്രത്തിനപ്പുറം ഇന്ഗ്ലണ്ടിന്റെ ഭാഗമായ ഒരു പ്രവിശ്യയുമുണ്ടത്രേ. കടൽ വേർപിരിച്ച  ഇരട്ടകൾ.

GPS  പ്രകാരം ആറു  മണിക്കൂറിലധികം ഡ്രൈവിംഗ് ദൂരമുണ്ട് പാരീസിൽ നിന്നും. ഏതാണ്ട് 700 കിലോമീറ്റർ. 'ഓട്ടോറൂട്ട്' (Autoroute) എന്നു വിളിക്കുന്ന എക്സ്പ്രസ്സ്‌ ഹൈവേയിലൂടെയാണ് യാത്ര.

വഴിയോരം 
വസന്തത്തിന്റെ മൂർദ്ധന്യം. വഴിമരങ്ങൾ ധാരാളമായി പൂവിട്ടു കിടക്കുന്നു. വെള്ളയും മഞ്ഞയും പിങ്കും പൂക്കൾ നിറഞ്ഞ മരങ്ങൾ. വെറുങ്ങലിച്ച ശൈത്യത്തിൽ നിന്നുള്ള മോചനം മരങ്ങൾ മാത്രമല്ല ഓരോ പുൽക്കൊടിയും തകർത്താഘോഷിക്കുന്നു. മഴ കൂട്ടിനും. കാറ്റടിക്കുമ്പോൾ  പൂക്കളും മഴയും ഒരുപോലെ പറന്നു വീഴും. 'ഒരു കൊച്ചു കാറ്റെങ്ങാൻ വന്നു പോയാൽ...' ചങ്ങമ്പുഴ പാടിയത് തണുപ്പുരാജ്യങ്ങളുടെ ഈ വസന്തകാലത്തെ  കുറിച്ചു കൂടിയാണ്. 'ചെറി ബ്ലോസം'( ' Cherry blossom')  എന്ന് പേരു കേട്ട പൂക്കാലം. നാട്ടിൽ കണിക്കൊന്ന പൂവിടുന്ന അതേ കാലം. GPS പറഞ്ഞു തരുന്ന വഴിയിലൂടെ ഞങ്ങൾ യാത്ര തുടർന്നു .

നഗരം  കഴിഞ്ഞ പുറകേ മഞ്ഞപ്പൂപ്പാടങ്ങൾ തുടങ്ങി. 'കോൾസ പാട'ങ്ങളാണ് . നമ്മുടെ സൂര്യകാന്തിപ്പാടങ്ങളുടെ യൂറോപ്യൻ  കൂട്ടുകാരി.

വിശ്രമകേന്ദ്രം 

ഓട്ടോറൂട്ടിൽ ഇടയ്ക്കിടെ വഴിയോര വിശ്രമകേന്ദ്രങ്ങൾ ഉണ്ട്. കയ്യിൽ കരുതിയ ഭക്ഷണം കഴിക്കാനും, ഇരുന്നു മടുത്തവര്‍ക്ക് ഒന്ന് നടന്നു വിശ്രമിക്കാനും ഒക്കെ പറ്റുന്ന ചെറിയ സ്ഥലങ്ങൾ.  പെട്രോൾ പമ്പുകൾ, ലഘു ഭക്ഷണ ശാലകൾ, ടോയലെറ്റ്  സൌകര്യങ്ങൾ, അങ്ങനെയെല്ലാമുണ്ട് .   ഈ സൌകര്യങ്ങള്‍ക്കും കൂടി ആവണം, ഇടയ്ക്കിടെ ടോൾ പിരിവുമുണ്ട്. അഞ്ചോളം പിരിവു കേന്ദ്രങ്ങൾ! കാർഡ്‌ ഇട്ടാൽ മതി, പിന്കോഡ് പോലും വേണ്ട, കാശ് എടുത്തോളും. വിശ്രമ കേന്ദ്രങ്ങൾ അല്ലാതെ ഒരു കടയും വഴിയോരങ്ങളിൽ കാണാനില്ല. യാത്രാ നിര്ദ്ദേശങ്ങൾ അടങ്ങിയ ബോർഡുകളും ചൂണ്ടു പലകകളുമല്ലാതെ ഒരു ഫ്ലക്സ് ബോർഡും ഇല്ല. വിശാലമായ കൃഷിയിടങ്ങൾക്ക് ഇടയിൽ ചിലപ്പോൾ വീടുകളുടെ ഒരു കൂട്ടായ്മ കാണാം. അങ്ങിങ്ങ്  ചെറു പട്ടണങ്ങളും. ചില പട്ടണങ്ങളിൽ ബ്രാൻഡ്‌ കടകളുടെ കൂറ്റൻ ഷോറൂമുകളും ഉണ്ട്.  

കാടും മലയും തുടങ്ങി. മേഞ്ഞു നടക്കുന്ന പശുക്കൂട്ടങ്ങളെയും കൂറ്റൻ  കാറ്റാടിപ്പാടങ്ങളെയും ഒക്കെ കണ്ടുകണ്ടിരുന്നു. ഒന്നിറങ്ങി ഫോട്ടോ എടുക്കണം എന്ന് തോന്നിയാൽ പറ്റില്ല, ഇടയ്ക്കൊന്നും നിർത്താൻ നിയമമില്ല. എമർജൻസി എക്സിറ്റ് ലൈൻ മാത്രമേ ഉള്ളൂ. അല്ലാതെ നിർത്തണമെങ്കിൽ  അടുത്ത വിശ്രമസ്ഥലം നോക്കി ഓട്ടോറൂട്ടിൽ നിന്നും പുറത്തിറങ്ങണം.. പത്തിരുപതു മിനിട്ടിനിടയില്‍  ചെറുതോ വലുതോ ആയ എക്സിറ്റ് സ്ഥലങ്ങള്‍ ഉണ്ട്. കുഞ്ഞിന്റെ സൗകര്യം നോക്കി , പലയിടത്തും നിർത്തി നിർത്തി പതുക്കെയായിരുന്നു യാത്ര.

ഫ്രാൻസിന്റെ നാട്ടുമ്പുറങ്ങളിൽ മുൻപ് ട്രെയിനിൽ പോയിട്ടുള്ള പ്രവിശ്യകള്‍ പലതിലൂടെയും ഒന്നുകൂടി പോയതു  പോലെ തോന്നി. നോര്‍മാണ്ടി വന്നു പോയി,  ബ്രിട്ടനി തുടങ്ങി, ഇടയ്ക്ക് പ്രശസ്തമായ 'മോന്റ്റ് സൈന്റ്റ്‌ മിഷൽ' പള്ളിയും ദൂരെയായി  കൂടെ വന്നു  . ബ്രിട്ടനിയിൽ മുന്പു പോയ   'സെന്റ്‌ മലോ ' പട്ടണത്തിലേക്കുള്ള വഴി കണ്ടു. കണ്ടു കണ്ടു വൈകുന്നേരമായി. ഇനിയുമുണ്ട് ദൂരം. അടുത്ത വിശ്രമ കേന്ദ്രത്തിൽ നിർത്തി. ഞങ്ങൾക്ക്  ഓരോ കപ്പു കാപ്പിയും വണ്ടിക്കു പെട്രോളും..

കൊണ്ടു വന്ന ഭക്ഷണമൊക്കെ കഴിഞ്ഞു.. 'ഒരു സാൻവിച്ച് വാങ്ങി അത്താഴത്തിനു കരുതാ'മെന്നു, അപ്പൂസ്. അതിനൊക്കെ ഇനിയും സമയമുണ്ടെന്നും പറഞ്ഞു  അധികം തങ്ങാതെ  വീണ്ടും യാത്ര. പിന്നീടങ്ങോട്ട് വിശ്രമകേന്ദ്ര ചൂണ്ടുപലകകൾ കണ്ടേയില്ല! ഏതൊക്കെയോ കാട്ടു പ്രദേശങ്ങളിലൂടെ GPS  വഴികാട്ടുന്നു. സന്ധ്യ മാറി രാത്രിയായി. കാടും പടലും മാറാതെ പിടി കൂടിയപ്പോൾ സുഹൃത്തിനെ വിളിച്ചു. വഴി തെറ്റിയിട്ടൊന്നുമില്ല, ഇനിയങ്ങോട്ടു സ്ഥലങ്ങൾ ഇങ്ങനൊക്കെ തന്നെ! 'പാർക്ക് അറ്മോറിക് ' (The Parc naturel régional d'Armorique) എന്നറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷിത മേഘലയാണ് ചുറ്റിനും. കടകളൊന്നും പ്രതീക്ഷിക്കണ്ട. പിന്‍ സീറ്റില്‍ നിന്നും വിശപ്പിന്‍റെ വിളി '.......അപ്പോഴേ  പറഞ്ഞതാ!'. ആരും മിണ്ടിയില്ല. അരിയും പലവ്യഞജനങ്ങളുമൊക്കെ കാറിലുണ്ട്. സംരക്ഷിത വനത്തിൽ അടുപ്പുകൂട്ടിയിട്ടിനി  പോലീസു പിടിച്ചാലോ?

ചൂണ്ടു പലകകൾ സ്ഥലപ്പേരു കാണിച്ചുതന്നു..'ബ്രെസ്റ്റ്' ( വീണ്ടും ചിരിക്കണ്ട, ഈ പേരും അങ്ങനെ തന്നെയാണ്. 'Brest'. സൌകര്യാർത്ഥം.. അങ്ങനെ തന്നെ വിളിച്ചാമതി ). എന്തൊക്കെ പേരുകൾ! 'ബ്രെസ്റ്റ്' കഴിഞ്ഞു കിട്ടാനും  നേരമെടുത്തു. ഇടയ്ക്കെപ്പോഴോ ഹൈവേ മാറി നാട്ടു വഴികളില്‍ കയറി. കുറെ കൂടി പോയപ്പോൾ ആളനക്കമില്ലാത്ത ഒരു കവല, അവിടെ വെളിച്ചത്തിൽ കുളിച്ചൊരു 'പിസേറിയ'. അത്താഴത്തിനു 'പിസാ' വാങ്ങി വന്നു... ഈ പ്രദേശത്തു രാത്രി തുറക്കുന്ന ഏക ഭക്ഷണശാല ! വീണ്ടും യാത്ര തന്നെ.  പൂമരങ്ങളും  കാടും കടലും എല്ലാം ഒരുപോലെ കറുപ്പു നിറഞ്ഞു . ഇടവഴികളിൽ നിന്നും ഇടവഴികളിലേക്കു മാറി ഒടുവിലെപ്പോഴോ ഒരു കുന്നു ചുറ്റിവളഞ്ഞു  'ക്യാമറെ' കടപ്പുറത്തു എത്തിപ്പറ്റി. GPS-ന്റെ ജോലി തീർന്നു.

അവിടെ നിന്നും  'ട്രെസിഗ്നു'(tresignue)  എന്ന ചെറിയ ഒരു കവലയിലേക്ക് . പിന്നീട്  ഉള്ളിലേക്ക് നാലാമത്തെ തിരിവ്. ഹൌസ് നമ്പറും കൃത്യമായ മേൽവിലാസവും വഴിയും ഒന്നും അറിയണമെന്നില്ല, അറിഞ്ഞിട്ടും കാര്യമില്ല . 'ചോദിച്ചു , ചോദിച്ചു' തന്നെ  പോകണം.


അങ്ങനെ ഒരു കൊച്ചു വീട്ടിലെത്തി. ചുവന്ന നിറമുള്ള ഒരു വീട്ടിൽ. ഞങ്ങളെ കാത്ത്, ഉറങ്ങാതെ സുഹൃത്തും കുടുംബവും ഉണ്ടായിരുന്നു. നേരത്തെ എത്തി, വീടിന്റെ കീ ഒക്കെ വാങ്ങി, വിശ്രമത്തിലാണവർ. "എങ്ങനിങ്ങനെ ഒരു സ്ഥലം കണ്ടെത്തി?" എന്നു ഞങ്ങൾ. 'കാലത്തിറങ്ങിയില്ലെങ്കിൽ ഇങ്ങനിരിക്കു'മെന്നു സുഹൃത്ത്‌! ഏതായാലും ഭക്ഷണം കഴിഞ്ഞു ഞങ്ങളും വിശ്രമത്തിലേക്ക്. കടല്ക്കാറ്റിന്‍റെ  തൊട്ടിലിൽ ....


ചുവന്ന വീട്ടിൽ ...


വീട് 
രാവിലെ ആണ് വീടൊക്കെ ശരിക്ക് കാണുന്നത്. ഏതാണ്ട് മുഴുവനും തടികൊണ്ടുണ്ടാക്കിയ ഒരു വീട്. ഒറ്റനിലയാണെന്നേ തോന്നൂ. മുകളിൽ ഒരു തട്ടിൻപുറം കെട്ടി മുറികൾ തിരിച്ചിരിക്കുന്നു, നല്ല സൌകര്യമുള്ള, വെട്ടവും വെളിച്ചവുമൊക്കെയുള്ള  മൂന്നു മുറികൾ. മുകളിലെ ജനാലകൾ മേൽക്കൂരയിലാണ്. തടി കൊണ്ടുള്ള ഒരു കോണിപ്പടി താഴത്തെ സ്വീകരണ മുറിയിൽ നിന്നും മുകളിലേക്കു കയറാനും വച്ചിട്ടുണ്ട്.    തട്ടി വീഴാതിരിക്കാൻ കോണിപ്പടിക്ക് ഒരു ഗേറ്റും. കുട്ടികൾ ഓടിക്കളിക്കുംപോൾ തട്ടിൻപുറം  കുടുങ്ങുന്ന ഒച്ചയുണ്ടെന്നു മാത്രം. ഊണുമുറിയിൽ ചൂടിനായി ഒരു വിറകു ചിമ്മിനി. വരാന്തയിൽ, ചിമ്മിനിക്കുണ്ണാനുള്ള  വിറകുകളും അടുക്കി വച്ചിരിക്കുന്നു.

എപ്പോഴും കാറ്റും മഴയും ഒക്കെ ഉള്ള തീരമാണ്. കോണ്‍ക്രീറ്റിന്റെയൊന്നും  ഭാരമില്ലാതെ, കാറ്റത്ത്‌ പറന്നു പോകാതെ, ഒരു കൊച്ചു വീട്. 

അവധിക്ക് സുഹൃത്ത്‌ കുടുംബങ്ങൾ ചേർന്ന് ഒരു വീടെടുത്ത് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കുന്നതിൽ പുതുമയൊന്നുമില്ല.  വീടുകളും, സർവീസ് അപ്പാർട്ടുമെന്റുകളും ഒക്കെ ഇതിനായി കണ്ടെത്താം. പക്ഷെ ഈ വീടിനെ കുറിച്ച് കൂടുതൽ അറിഞ്ഞപോൾ അതിശയം. ഇവിടെ വീടുടമയും കുടുംബവും താമസമാണ്. മൂന്ന്  കുട്ടികള്‍ ഉണ്ടവര്‍ക്ക്, ഒരു പട്ടിയും . ഇടയ്ക്ക് ഇതുപോലെ കുറച്ചു നാൾ വീട് വാടകയ്ക്കു കൊടുത്ത്,  ക്യാമ്പിംഗ് വാനിലേക്കു  താമസം മാറ്റുമത്രേ! വാടകക്കാരൊഴിയുംപോൾ വീട്ടുകാരെത്തും. വാടകക്കാരെ ഏല്‍പ്പിക്കാനും , അവർ പോകുമ്പോൾ  താക്കോൽ വാങ്ങി , വീട് വൃത്തിയാക്കി  തിരികെ എല്പ്പിക്കാനും ഇടനിലക്കാരുണ്ടെന്നു മാത്രം.

വീടിന്റെ പൂമുഖം

ചില അലമാരകൾ  താഴിട്ടു പൂട്ടിയിട്ടുണ്ട്. മറ്റുള്ള അലമാരകൾ ഒക്കെ ഒഴിച്ച് തുറന്നിട്ടിരിക്കുന്നു. ഇത്രയും മനോഹരമായ വീടുണ്ടാക്കി, സഞ്ചാരികൾക്ക് ഇടയ്ക്കിടെ വാടകയ്ക്ക് കൊടുത്തു വാനിൽ സഞ്ചരിക്കുന്ന വീട്ടുകാർ ! അതും, മൂന്നു ചെറിയ കുട്ടികളുമായി...

മുന്നില് ദൂരെ കടൽ കാണാം. ചുറ്റുപാടും തുറസ്സായ സ്ഥലങ്ങളിൽ, ചെറുമരങ്ങൾ ധാരാളം. വീടിന്റെ ഒരു വശത്ത്, കുട്ടികള്ക്ക് കളിക്കാൻ ഊഞ്ഞാലുകൾ , പന്തു കളിക്കാനും സ്ഥലം തിരിച്ചിട്ടുണ്ട് . പത്തു കപ്പ നടാനുള്ള സ്ഥലം എന്നാലും ബാക്കി. 

പുറത്തു നല്ല കാറ്റാണ്. ഈ കാറ്റ് നല്ലതുമാണ് . ഇവിടെ ശുദ്ധവായു ശ്വസിക്കാൻ കൂടി ആണ് സഞ്ചാരികൾ വരുന്നതെന്ന് കേട്ടിരുന്നു. തൊപ്പിയും കട്ടിയുള്ള ഉടുപ്പും ഒക്കെ ഇട്ടാണ് കുട്ടികൾ കളിക്കുന്നത്..

തീരം
ഉച്ചകഴിഞ്ഞ് കുട്ടികളുമായി തീരത്ത്  പോയി വന്നു. കടൽ, കുന്നിൻ ചെരുവിൽ തട്ടി നില്പ്പാണ്; ഉള്ളിലേക്ക് ചെറിയ ഒരു തീരവും തീർത്തുകൊണ്ട്.  തിരമാലകൾ അധികമില്ലാത്ത, തീരെ ചെറിയ  കളിത്തീരം. 

ഞായറാഴ്ച തുറമുഖത്തു  മീൻ വരുന്ന ദിവസം. ഒരാഴ്ച കടലിൽ പോയ ചില ബോട്ടു കാർ ഞായറാഴ്ച തിരിച്ചെത്തും. തീരത്ത് കടയിൽ  വച്ച് വൈകിട്ട്  നാലു മണിക്ക് തുടങ്ങും വില്പ്പന. നാട്ടുകാർക്ക് വേണ്ടിയൊരു ആദായ വില്പ്പന. അന്ന് തന്നെ  മീനെല്ലാം വിറ്റു തീരും. ഈ കടയ്ക് മുന്നില് ആൾക്കാരുടെ  നീണ്ട 'ക്യൂ' കാണാം. തിങ്കളാഴ്ച വീണ്ടും അവർ  കടലിലേക്ക്‌ തിരിക്കും.


നാലരയോടെ  ഞങ്ങളും തുറമുഖത്തെത്തി. 'ക്യൂ'വിലേക്ക് പുരുഷപ്രജകളെ  വിട്ടിട്ടു, പരിവാരങ്ങളുമായി നടന്നു. നല്ല മീനുകൾ തീർന്നതോടെ ക്യൂ പകുതിയും പിരിഞ്ഞു. കുറച്ചു  സ്വർണ്ണമീനുകളും  തെരണ്ടിയും മറ്റും മിച്ചമുണ്ട്. ഒരു തെരണ്ടിയുമായി വീട്ടിലേക്ക് പോകേണ്ടിവന്നു. അതൊരു ഒന്നൊന്നര തെരണ്ടിയായിരുന്നു!

മീന്പിടുത്തവും കാലി  വളർത്തലും കൃഷിയും ഒക്കെയായി ഏതാണ്ട് സ്വാശ്രയ ഗ്രാമങ്ങൾ . കൂട്ടിനു ടൂറിസവും. ചരിത്ര സ്മാരകങ്ങളായ പള്ളിയും വോബാൻ ടവറു  (Vauban Tower) , മെല്ലാം  ടൂറിസത്തിന് മാറ്റു കൂട്ടുന്നു.Camaret -sur - Mer (പള്ളിയും വോബാൻ ടവറും)

മ്യൂസിയങ്ങളും സ്മാരകങ്ങളും ഒന്നും കാണാൻ വിളിച്ചേക്കരുതെന്നു സുഹൃത്തിന്റെ മുന്നറിയിപ്പുണ്ട്. "എന്നാലും അടുത്തുള്ള വോബാൻ ടവറൊന്നു കാണണ്ടേ?" എന്നു ഞാൻ. '"അതല്ലേ ആ മീൻ കടയുടെ നേരെ കണ്ടത്. ഇനിയിപ്പൊ എന്നാ പോയി കാണാനാ?" ന്നു, മറുപടി! കോട്ടയം കുഞ്ഞച്ചനോടാ എന്റെ  ചോദ്യം!  അതും, കുറച്ചു കൂടി നേരത്തെ പോയിരുന്നെങ്കിൽ നല്ല മീൻ കിട്ടിയേനെയെന്നോർത്ത്,   അദ്ദേഹം  വിഷമിച്ചിരിക്കുന്ന സമയത്ത്.

ഇവിടുത്തെ പാലിനും  എന്തോ ഒരു പ്രത്യേക രുചി എന്ന മട്ടിൽ കുട്ടികൾ എല്ലാം ചോദിച്ചു വാങ്ങി കുടിക്കുന്നുണ്ട്‌. ബ്രിട്ടനിയുടെ സ്പെഷ്യൽ ഗോതമ്ബു ദോശയായ  'ക്രപ്പും' (Crepe), ആപ്പിൾ ജ്യൂസിൽ നിന്നും ഉണ്ടാക്കുന്ന 'ആപ്പിൾ സിടർ' (Apple Cidre) എന്ന മദ്യവും പ്രസിദ്ധമാണ്. മദ്യം എന്നു പറയാമെങ്കിലും നാലു ശതമാനം ആൽക്കഹോൾ മാത്രമേ ഇതിലുള്ളൂ. 'വൈറ്റ് വൈൻ' എന്നോ മറ്റോ പേര് പറഞ്ഞാൽ ചിലപ്പോൾ  കേരളത്തിലെ 'ബിയർ ആൻഡ്‌ വൈൻ പാർലറുകളി'ൽ കയറ്റാനും യോഗ്യൻ. പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ പലപ്പോഴും 'ക്രപ്പ്' തന്നെ ആയിരുന്നു വിഭവം.സാൽമൻ ക്രപ്പ് & ആപ്പിൾ സിടർ 

തീരത്ത് അനേകം 'ക്രപ്പറി'കൾ കാണാം. ഉച്ചക്ക്‌ മുട്ടയും മത്സ്യ മാംസങ്ങളും ഒക്കെ വച്ച്  'ഗാലറ്റ്' എന്ന ഓമനപ്പേരിലും വൈകിട്ട് തേനും ചോക്കളേറ്റും പഴങ്ങളും  ഒക്കെ വച്ച് മധുരത്തോടെയും  ക്രപ്പുകൾ അവതരിക്കുന്നു. കടൽ വിഭവങ്ങളെ ജലപുഷ്പങ്ങൾ  എന്നല്ല ഇവർ പറയുന്നത്‌, 'കടൽപ്പഴങ്ങൾ' എന്നാണ് (fruits de Mer). 'ക്രപ്പ് വെജിറ്റേറിയൻ'  എന്ന പേരിൽ മെനുവിൽ കാണുന്നത്, 'സാൽമണ്‍' മത്സ്യം വച്ചുള്ള ഒരു ക്രപ്പ് ആണ്.. അബദ്ധം പറ്റിയാലും സാരമില്ല, നല്ല രുചി തന്നെ. സത്യം പറഞ്ഞാൽ, 'ക്രപ്പറി'കളിൽ തികഞ്ഞ സന്തോഷത്തോടെയും ചുറുചുറുക്കോടെയും ഓടിനടക്കുന്ന ആതിഥേയ പെണ്‍കുട്ടികളുടെ മുഖശ്രീ കണ്ടാൽ മാത്രം മതി, അതിഥികൾ സന്തുഷ്ടരാവാൻ!   

 കടൽ ഗുഹകളിലേയ്ക്ക്  --


കടൽ ഗുഹാമുഖം 
ബ്രിട്ടനി യാത്രയെ എന്നെ കൊണ്ടെഴുതിച്ചത്   ഈ കടൽ ഗുഹകൾ ആണെന്ന് പറയാതെ വയ്‌യ. ആദ്യം പ്ലാൻ ചെയ്ത സമയത്ത്, സച്ചൂസ് പണിമുടക്കിയത് കൊണ്ട് ഞാനും പ്രശാന്തും ബോട്ട് യാത്രയ്ക്ക് പോയില്ല. അടുത്ത ദിവസം ഉച്ചക്ക് ഞങ്ങൾ സച്ചൂസുമായി ഗുഹ കാണാൻ ഇറങ്ങി. അപ്പൂസ് കൂട്ടുകാരുമായി വീട്ടിൽ  കളിയാണ്.

ഊണ് കഴിക്കാതെ ആണ് ഇറങ്ങിയത്‌ . നല്ല വിശപ്പ്‌, എന്നാലും അകെ വെയിലുള്ള ദിവസം പോയില്ലെങ്കിൽ പിന്നെ പറ്റിയെന്നു വരില്ല..നേരത്തെ റിസർവ്  ചെയ്തവർക്ക്  കൊടുത്ത ശേഷം മിച്ചമുള്ള ടിക്കറ്റിൽ ഞങ്ങൾ കുറെ പേർ . ബോട്ട് നിറഞ്ഞു. തീരത്തങ്ങോളം കുന്നും മലയും തന്നെ.  ചക്രവാളം ഒന്നും കാണാനില്ല. തീരത്തെ  കടൽക്ഷോഭങ്ങളിൽ  നിന്നും രക്ഷിക്കുന്ന കുന്നുകളാണ് . എല്ലാ ക്ഷോഭങ്ങളും നെഞ്ചേറ്റി , നെഞ്ചിൻ കൂടു തകർന്നു  പോയ കുന്നുകൾ. അവിടെക്കാണ് ബോട്ട് യാത്ര. കടൽ ഗുഹകളുടെ മുഖത്തേക്ക്. കാറ്റും കടലും തട്ടി മുട്ടി ശില്പങ്ങൾ തീർത്ത കടൽക്കുന്നുകൾ നോർമാൻഡി തീരത്തു കണ്ടിട്ടുണ്ട്, അതിന്റെ തുടര്ച്ച തന്നെയാണ്  ഈ തീരവും, പക്ഷെ കൊത്തുപണിക്കു   വഴങ്ങാൻ കൂട്ടാക്കാത്ത മലകളെ ബലമായി അടിച്ചുടച്ചതുപോലെയാണിവിടെ. അതിന്മീതെ മഞ്ഞയും പച്ചയും ചുവപ്പും എന്നുവേണ്ട, കടുത്ത നിറങ്ങളെല്ലാം  വാരിപ്പൂശിയിരിയിരിക്കുന്നു.  പ്രകൃതിയുടെ  ഗ്രാഫിറ്റികൾ!

ഗുഹാന്തർഭാഗം  

ബോട്ട്, ചെറു ഗുഹകൾ പിന്നിട്ടു, വലിയ ചില ഗുഹകളുടെ വായിലേക്ക് പരമാവധി നുഴഞ്ഞു കയറി. തലയിൽ വെള്ളത്തുള്ളികൾ തെറിച്ചു വീണു, കടലിൽ നിന്നല്ല, മലമുകളിലെ  പാറയിടുക്കുകളിൽ നിന്നും! പാറകൾ കരയുന്നത് എന്തിനാവാം ? കണ്ടതിലുള്ള സന്തോഷമോ? സ്വകാര്യതയിൽ കടന്നു കയറുന്നതിനോട് സങ്കടപ്പെട്ടോ? അതോ, കടൽക്ഷോഭങ്ങളിൽ വേദനിച്ചിട്ടാണോ? അറിയില്ല.

ചെറിയ പെൻ  ടോർച്ചടിച്ചു പാറമേലുള്ള  ചില ചിത്രങ്ങൾ കാണിച്ചു തന്നു ഗൈഡ്. ഫോസ്സിലുകൾ! ഏതു കടൽക്കോളിലും അടർന്നു പോവില്ല  എന്ന മട്ടിൽ , വർഷങ്ങൾ കഴിന്ജിട്ടും  അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന നിർജ്ജീവ ജീവചിത്രങ്ങൾ!

ഫോസ്സിലുകൾ


"ഏതു കടല്‍ വന്നു കൈ പിടിച്ചീടിലും,
ഏതേതു കാറ്റു കരഞ്ഞു വിളിക്കിലും,
കാലം കടന്നു കടന്നു പൊയ്പ്പോകിലും,
കാഴ്ചകൾ മാറിമറഞ്ഞു വന്നീടിലും,
വേര്‍പിരിയുന്നതിന്നെങ്ങനെ? , നിന്റെയീ
നീറ്റലിൽ താനേ തണുപ്പായമർന്നുപോയ്.
നിര്ജ്ജീവ ജീവചിത്രങ്ങളായ് ചേര്‍ന്നു പോയ്‌ .........."

(ക്ഷമിക്കൂ, പറഞ്ഞൊഴിയാൻ തോന്നുന്നില്ല , കവിത പെയ്യുന്ന കാഴ്ചകൾ!) പിന്നെയും ഉള്ളിലേക്ക് തുറന്നിടങ്ങളിൽ പലയിടത്തും ചോരച്ചുവപ്പാണ് പാറകൾക്ക്. കല്ലുകളൊന്നും വെറും കല്ലുകളല്ല. ഇവയ്ക്ക് ജീവനില്ലെന്ന് എങ്ങനെ  പറയാൻ പറ്റും? അധികനേരം ഇതു കണ്ടു നില്ക്കനാവില്ല. മുറിവിന്റെ വേദന കണ്ണിലേക്കു പകരുന്നപോലെ.  മുകളിൽ നിന്ന് പൊടിയുന്ന വെള്ളം, ചോരത്തുള്ളികൾ  പോലെ തിളങ്ങുന്നു.

കനൽപ്പാറകൾ

അകത്തേക്കും പുറത്തേക്കുമിറങ്ങുമ്പോള്‍ തലയില്‍ കുടഞ്ഞു വീണത്‌ ഈ വിശുദ്ധ ജലമാണ്. മുകളിലെ ഇരുട്ടിലൂടെ ഇടയ്ക്കിടെ കാറ്റിന്റെ ഹുങ്കാരമുണ്ട്. ഊതിയൂതികെടുത്താൻ  വരുന്ന കാറ്റിൽ ജീവന്റെ കനലെരിക്കുന്ന ഗുഹകൾ!

എല്ലാവരും എത്തി വലിഞ്ഞു കാഴ്ചകൾ കാണുംപോൾ , രണ്ടു കുഞ്ഞിക്കൈകൾ എന്റെ കണ്ണും മൂക്കും പൊത്തിപ്പിടിച്ചു കളി തുടങ്ങി . എന്നെക്കാൾ വലിയ വിസ്മയങ്ങളൊന്നും അങ്ങനിപ്പോ കാണണ്ട എന്ന മട്ടിൽ! മുന്നിലിരുന്നവർക്ക് ഇതും ഒരു കാഴ്ചയായി.

ഗുഹകളുടെ മുകളിൽ 
ഗുഹകളുടെ തൊട്ടു മുകളിൽ വരെ വലിയ മരങ്ങൾ കാണാം. വേരുകളിൽ പാറകൾ കോർത്തിരിക്കുന്നു.  കാറ്റുടയ്ക്കാത്ത പാറപ്പുറമെല്ലാം ചെറിയ ചെടികളും പൂക്കളും. വീണുപോയ പാറകളിലാണെങ്കിൽ, നിറയെ കല്ലുമ്മക്കായ അള്ളിപ്പിടിച്ചിരിക്കുന്നു. അത്രമേൽ ജീവിതത്തെ സ്നേഹിക്കുന്ന മലകൾ!   തിരിച്ചും അതുപോലെ തന്നെ. ഒരു ശില്പ ഭംഗിക്കും നിന്ന് കൊടുക്കുന്നില്ല.  കടലിലും കരയിലുമെല്ലാമുള്ള ജീവന്റെ തുടിപ്പുകളെ , മരിച്ചാലും വിടില്ലെന്ന മട്ടിൽ   കെട്ടിപ്പിടിച്ചു നില്പാണ്‌. കിട്ടാവുന്നിടമെല്ലാം കാറ്റും കടലും  കൂടി കവർന്നെടുത്തിട്ടും  കൂടി . ബോട്ട് തിരിച്ചിറങ്ങുമ്പോൾ, ചെറിയ വള്ളങ്ങളിൽ ആൾക്കാർ തുഴഞ്ഞു കയറുന്നു. ഒച്ചയില്ലാതെ  ഗുഹകള്‍ക്കുള്ളിലേക്ക് കയറി തൊട്ടറിഞ്ഞു വരാന്‍..

ചോരകിനിയുന്ന പാറയിടുക്കുകൾ  വിസ്മയത്തെക്കാളും ഒരു വേദനയാണവശേഷിപ്പിച്ചത്. ഒരു പീഡനത്തിന്റെ ബാക്കി പത്രം പോലെ. വെയിലേറ്റ്, പല നിറങ്ങളിൽ തിളങ്ങുന്നുണ്ട് കുന്നുകൾ. ചിലയിടങ്ങളിൽ സ്വർണ്ണനിറം. കുന്നിൻ മുകളിലിടയ്ക്കിടെ  രാക്ഷസക്കോട്ടകൾ പോലെ ഒറ്റപ്പെട്ട വീടുകൾ കാണാം.

സ്വർണ്ണ മലകൾ 

ദൈവങ്ങളുടെ പേരിൽ ഒന്നാന്തരം ഐതിഹ്യങ്ങൾക്കും അവകാശ തർക്കങ്ങൾക്കുമൊക്കെ  പറ്റിയ ഇടമാണ്. ഭാഗ്യവശാൽ അങ്ങനെ കേൾവികേട്ടിട്ടില്ല .

കടലിൽ മനോഹരമായ ഒരു പായ്ക്കപ്പൽ നന്കൂരമിട്ടിട്ടുണ്ട്. കാഴ്ചകളുടെ ചിത്രങ്ങൾ എടുത്തു കഴിഞ്ഞ്‌,  ഇറങ്ങാൻ തുടങ്ങുംപോൾ , മുന്നിലിരുന്ന ആൾക്കാർക്ക് ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം. അവർ ഞങ്ങളുടെ ക്യാമറ വാങ്ങി ഞങ്ങളെത്തന്നെ  പകർത്തി തന്നു!  ചോദിക്കാതെ, വെറുതെ. സച്ചൂസിന്റെ പിടിവലികളിൽ അലഞ്ഞുലഞ്ഞ  കുന്നുകളെപ്പോലെയിരുന്നു  ഞങ്ങൾ .

ഒന്നര മണിക്കൂറത്തെ യാത്ര കഴിഞ്ഞു തിരിച്ചു കരയിൽ ഇറങ്ങും വരെ വിശപ്പറിഞ്ഞില്ല. ഇറങ്ങിയപാടെ അടുത്ത 'ക്രപറി'  കണ്ടുപിടിച്ചു. 'ക്രപറി'യിൽ സഹയാത്രികരിൽ  പലരും ഉണ്ട്. 'ബനാന ക്രപ്പി'ലെ പഴം നുറുക്ക്  സച്ചൂനും   'ക്രപ്പ്'  അമ്മയ്ക്കും.

'ദിനാൻ മുനമ്പി'ൽ ('Pointe de Dinan') --


പോയിന്റ്‌ ദ്   ദിനാൻ 

തിരികെ വീട്ടിൽ പോകുന്നവഴി ഭൂപടത്തിൽ അടുത്തായി കണ്ട ഒരു വ്യൂപോയിന്റിലേക്കു വെറുതേ  തിരിച്ചു. 'പോയിന്റ്‌ ദ് ദിനാൻ'. മഞ്ഞപ്പൂക്കൾ  നിറഞ്ഞു കിടക്കുന്ന ഒരു മലമ്പ്രദേശം. താഴേക്കു ഇറങ്ങി ചെന്നാൽ  കടൽ, മുകളിലേക്ക് കയറിയാൽ കടൽ മുനമ്പുകൾ. ഒരു കുന്നു കയറിയിറങ്ങി അടുത്തതിലേക്കു കയറാം. പിന്നെ അടുത്തതിലേക്ക് . അങ്ങനെ നീണ്ടു കിടക്കുന്നു. പൂക്കൾക്കിടയിലൂടെ ചെറിയ വഴി തിരിച്ചു വച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിത മേഘലയാണ്‌. കയറരുതാത്ത ഭാഗങ്ങളിൽ വലിയ മുള്ളു കൊണ്ട് അടച്ചു വച്ചിരിക്കുന്നു!
മഞ്ഞപ്പൂക്കളും നല്ല മുള്ളുള്ള ഇനമാണ്. പൂമെത്ത പോലെ ചവിട്ടിക്കയറാൻ പറ്റില്ല. പൂവും കല്ലും പറിച്ചും കളിച്ചും ഇടയ്ക്കിടെ ഞങ്ങളുടെ തലയിൽ കയറി ഇരുന്നു 'ചാമിയെ-അയ്യപ്പാ'  വിളിച്ചും സച്ചൂസും  കുന്നുകയറി. സൂര്യനേയും അമ്പിളിമാമനേയും ഒരുമിച്ചു കൈകാണിച്ചു.

പോയിന്റ്‌ ദ് ദിനാൻ 
കയറുന്തോറും കുന്നിൻ ചോട്ടിലെ കൊട്ടാരം പോലെയുള്ള പാറകളും ഗുഹകളും അതിനുള്ളിലെ കുഞ്ഞു കടലും പിന്നെ ഇതിനൊക്കെയുമപ്പുറത്തു ഒരു വലിയ കടലും ചക്രവാളവും എല്ലാം തെളിഞ്ഞു വന്നു. കരയിലേക്ക് തിരിഞ്ഞു നോക്കിയാൽ മഞ്ഞപ്പൂക്കൾ മാത്രം!

രാത്രി എട്ടു മണിയോടടുത്തു കാണും. സൂര്യൻ ഇപ്പോളും മങ്ങിയിട്ടില്ല, അസ്തമയം ഒൻപതരയ്ക്കാണ്. തല്ക്കാലം അസ്തമയച്ചമയങ്ങൾ ബാക്കി വച്ച് ഞങ്ങൾ മലയിറങ്ങി.

വെയിലുള്ള രണ്ടു ദിവസം കഴിഞ്ഞു, രാവിലെ മഴയത്തു മടിപിടിച്ചെണീറ്റു വെളിയിലേക്ക് നോക്കുമ്പോൾ ദൂരെ തീരം നിറയെ ആളനക്കം!തിരയില്ലെങ്കിലും തീരത്ത് വെള്ളം കൂടുതൽ നിറഞ്ഞു. കടൽ ഒരുപാട് കരയിലേക്ക് വന്നു. ചെറിയ പായ് വഞ്ചികളുമായി തുഴയാൻ ഒരുപാടു പേർ  ഇറങ്ങിയിട്ടുണ്ട് .

മഴയാണെങ്കിലും ഒരു ദിവസം കുട്ടികളെ അക്വാ-ഷോ (aqua-show)  കാണിക്കാൻ കൊണ്ടുപോയി. അക്വേറിയവും  പക്ഷി പ്രദർശനവും. കയ്യിൽ ഭക്ഷണം കരുതിയാൽ പരിശീലകർ   പറയുന്നതനുസരിച്ച്  പരുന്തും മൂങ്ങയും ഒക്കെ പറന്നു നടക്കുന്നു! പിടിച്ചു പറിക്കാൻ ആരും ചെല്ലാത്ത, ഭദ്രമായ കൂട്ടിലാണെങ്കിലും ഒരു കിളി തന്റെ മുട്ടകൾ എണ്ണിപ്പെറുക്കുന്നു. എന്തുപറയാൻ! ഏതായാലും  ഈ യാത്രയിൽ ബ്രിട്ടനിയിലെ പെരുമഴ കണ്ടു. ഇടിയും മിന്നലുമില്ലെങ്കിലും തുള്ളിക്കൊരു കുടം പെയ്ത്ത്. യാത്ര പതുക്കെയാക്കി.  ഇരു വശങ്ങളിലും  തുറസ്സായ സ്ഥലങ്ങളിലെ കാടും പടലും ആണ്.  'പാർക്ക് അറ്മോറിക് ' -ന്റെ തുടർച്ചകൾ. ഇടയ്ക്കിടെ ചെടികൾ വെട്ടി നിർത്തി മതിലുകൾ തീർത്തിരിക്കുന്ന സുന്ദര ഗ്രാമങ്ങൾ!

പായ് നീർത്തിയ സ്കൂട്ടറുകൾ 
തീരങ്ങളിൽ പായ് നീർത്തിയ സ്കൂട്ടറുകൾ. വെള്ളത്തിലേക്ക്‌ ഇറങ്ങുന്നില്ല, കാറ്റേറ്റു പിടിച്ചു തീരത്തെല്ലാം  ആൾക്കാർ സ്കൂട്ടറോടിച്ചു കളിക്കുന്നു..

സ്ഥലം കാണാനായി പോയതിനെക്കാളും  നാട്ടിൻ പുറങ്ങളിലെ ഇടവഴികളിലൂടെ വഴിതെറ്റിയും തെറ്റാതെയുമുള്ള  യാത്രകളിൽ കണ്ടു പോയ സ്ഥലങ്ങൾ ആയിരുന്നു അധികം. GPS-നു വട്ടായപോലായി. ഏതെങ്കിലും അഡ്രസ്‌ കൊടുത്താൽ നാടുമുഴുവൻ ചുറ്റിച്ചു, എവിടെയെങ്കിലും കൊണ്ടുനിർത്തി, ഇതാണ് നിങ്ങൾ ചോദിച്ച സ്ഥലം എന്നു ചുമ്മാതെ  പറഞ്ഞു തുടങ്ങി. 

ടോൾ പിരിവുള്ള ഹൈവേ പോലെ അല്ല, നാട്ടിൻ പുറങ്ങളിൽ റോഡ്‌ കുണുങ്ങി കുണുങ്ങി തന്നെ. ഇടുങ്ങിയ  വഴികളിൽ അതിനേക്കാൾ  വലിയ ട്രാക്ടറുകൾ! മഴയും വഴിയുമെല്ലാം കുറച്ചു പഴയ കേരളത്തെ ഓര്മ്മിപ്പിച്ചു. ചൂണ്ടു പലകകൾ നോക്കിയിരുന്നപ്പോൾ കേരളത്തിലേക്കുള്ള വഴിയും കണ്ടു. ഇത്തിരി പരിഷ്കരിച്ചു 'കേർളാസ്   ' KERLAZ എന്നൊരു പേരിൽ.

KERLAZ -ലേക്കുള്ള വഴി.


കുട്ടികളുടെ ഇണക്കവും പിണക്കവും, തട്ടലും, പൊട്ടലും , മഴയും കാറ്റും, സുഹൃത്തിന്റെ വണ്ടി ഇടയ്ക്കൊന്നു മുട്ടിയതും  (ഭാഗ്യത്തിന് വലിയ പ്രശ്നങ്ങളൊന്നും പറ്റിയില്ല! ) ഒക്കെ കൂടി ബ്രിട്ടനി വഴികൾ പോലെ  വളഞ്ഞു പുളഞ്ഞ ഒരു യാത്ര ആയിരുന്നു.. എന്നാലും കുന്നിനും മലകള്ക്കും ഇടയ്ക്കുള്ള ഈ കടൽത്തുരുത്തുകൾ ഒന്ന് കൂടി കണ്ടാലും മതിവരില്ല. ചുവന്ന വീടിന്റെ ശാന്തതയും ശ്വസിച്ച ശുദ്ധ വായുവും വീണ്ടും കിട്ടിയാലും തികഞ്ഞു പറ്റില്ല. അതൊന്നുമില്ലെങ്കിലും കനൽ പൂക്കുന്ന കുന്നുകളുടെ  ഹൃദയം കടലെടുത്തു പോകല്ലേയെന്ന് ഒരു മാത്ര പ്രാർഥിക്കാതെ ഈ യാത്ര തീരില്ല...

നഗരത്തിൽ നിന്നും ഒരുപാട് ദൂരെയാണെങ്കിലും കടകളിൽ പ്രത്യേകിച്ച് വിലക്കുറവൊന്നും പ്രതീക്ഷിക്കണ്ട . പൂച്ചെടികള്‍ക്കും വിത്തുകൾക്കും പോലും നല്ല വില തന്നെ. ഇവിടെ കളിമണ്‍ പാത്ര നിര്‍മാണവും ഉണ്ട് . ഒരു ചെടിച്ചട്ടി വാങ്ങി. പോരുന്ന ധൃതിയിൽ പുറമ്പോക്കിൽ നിന്നും രണ്ടു ചെടി പറിക്കാൻ മറന്നു. കടയിലെ പൂക്കളെക്കാൾ നല്ലതായിരുന്നു.....

***