Sunday, March 25, 2012

ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 4


നാഷണല്‍ മ്യൂസിയം
ഇനി തിരിച്ചുള്ള യാത്ര. വീടൊഴിഞ്ഞു; ചുവന്ന പെട്ടിയടുക്കി രാവിലെ തന്നെ ഇറങ്ങി. ഉച്ചകഴിഞ്ഞാണ്  ഫ്ലൈറ്റ്. കഴിഞ്ഞ ദിവസം കാണാതെ വിട്ട മ്യൂസിയം കാണണം. മറ്റൊരു കുന്നിന്റെ മുകളില്‍ ഒരു മനോഹരമായ പഴയ കൊട്ടാരത്തില്‍ ആണ് ആയിരം വര്ഷം പഴക്കമുള്ള ചിത്രവേലകള്‍  സൂക്ഷിക്കുന്ന ആ മ്യൂസിയം! പെട്ടിയും തൂക്കി മുകളില്‍ എത്തിയപ്പോള്‍ മെയിന്‍റനന്‍സ്  പണികള്‍ നടക്കുന്നു. തിങ്കളാഴ്ച സന്ദര്‍ശകര്‍ക്ക് ഒഴിവാണ്. നിരാശരായി, കൊട്ടാരത്തിന്‍റെ ചുറ്റും വെറുതെ നടന്നപ്പോള്‍ പിന്നിലൂടെ കുറെ  ചവിട്ടു പടികള്‍... പഴയ ഒളിമ്പിക്സ് ഓര്‍മ്മകളിലേയ്ക്.


ഒളിമ്പിക്സ് വേദിയില്‍..... -വാര്‍ത്താവിനിമയ സ്തൂപം.

ദീപശിഖ തെളിയിച്ച സ്ഥലങ്ങള്‍, കളിത്തട്ടുകള്‍, വിശാലമായ വേദികളിലെ വിവിധങ്ങളായ സ്തൂപങ്ങളും സ്തംഭങ്ങളും. ഗാംഭീര്യം തുളുമ്പുന്ന സ്ഥലം. ഇവിടുത്തെ  കാറ്റിനുണ്ടാവാം മത്സരത്തിന്‍റെ ചൂര്. പക്ഷെ കണ്ണിലിപ്പോള്‍,  ആളൊഴിഞ്ഞ അരങ്ങിന്റെ നിറഞ്ഞ  ശാന്തത മാത്രം   . കാഴ്ച്ചക്കാര്‍ പലരും പല കളികളില്‍ മുഴുകിയിരിക്കുന്നു.   ഒളിമ്പിക് വേദിയില്‍ ഒന്ന് കളിക്കാന്‍ സാധിച്ചാല്‍ ചില്ലറ കാര്യമാണോ?


മടക്കം ആല്പ്സിന്റെ മുകളില്‍ കൂടി ആയിരുന്നു.  ഒരു വെള്ളപ്പട്ടു വിരിച്ചു ചുളുക്കിയിട്ട പോലെ,  ആല്പ്സ് നിരകള്‍.. . തൊട്ടു തൊട്ടു വെള്ളി മേഘങ്ങള്‍..... ..ഈ യാത്രയിലെ ഏറ്റവും ഹൃദയ ഹാരിയായ കാഴ്ച. കണ്ടു കണ്ടിരിയ്ക്കെ, തീപ്പട്ടിക്കൂടുപോലെ ഫ്ലാറ്റുകളും, വരയും കുറിയുമായ റോഡുകളില്‍ ഉറുമ്പ്‌ പോലെ ഇഴയുന്ന വണ്ടികളും തെളിഞ്ഞു. അതിനും ഉള്ളില്‍ എവിടെയോ ഉണ്ട്,  ഇതിനൊക്കെ വേണ്ടി ജീവിച്ചു തീര്‍ക്കുന്നവര്‍.  

ആഞ്ഞൊരു കാറ്റുവീശിയാല്‍, ഭൂമിയൊന്നു കുലുങ്ങിയാല്‍ എല്ലാം ചരിത്രമാവാന്‍ ഒറ്റ നിമിഷം തികച്ചു വേണ്ട. നൈമിഷിക ജന്മങ്ങളുടെ പറുദീസയിലെക്കു പതുക്കെ ഇറങ്ങി. വിമാനത്തിന്‍റെ ചക്രം ഭൂമിയില്‍ തൊട്ടു പൊങ്ങി താഴുമ്പോള്‍, തത്വചിന്ത മുറിഞ്ഞു;  മനസ്സ് ശരീരത്തിലേക്ക് കയറി.  ശരീരം കമ്പിളിയുടുപ്പിലേക്ക് കയറി, ഫെബ്രുവരി ആണ്, പുറത്തു ആറേഴു  ഡിഗ്രി കഷ്ടി. നല്ല തണുപ്പാണ്.

ഒരു ബാര്‍സിലോണ ദൃശ്യം 
ചരിത്രവും പ്രകൃതിയുമൊക്കെ വിലപിടിച്ച വില്പനച്ചരക്കുകളാണ് ലോകമെമ്പാടും  പകല്‍ വെളിച്ചത്തില്‍ പ്രകൃതിയുടെ നിറഭേദങ്ങള്‍ രാവെളിച്ചത്തില്‍ മനുഷ്യരുടെ നിറഭേദങ്ങള്‍ ... നിറങ്ങള്‍ ചാലിച്ച് നിര്‍ത്താതെ എഴുതുകയാണ് കാലം. മനുഷ്യര്‍ കാണാതെ പോയി പലതും, കണ്ടു കീറിക്കളഞ്ഞതും ധാരാളം. വിറ്റു കാശാക്കാന്‍ പഠിച്ചു പിന്നെ. ഒന്നും ശ്രദ്ധിക്കാതെ കാലം എഴുത്ത് തുടരുന്നു. അവള്‍ ചരിത്രമെഴുതുകയാണ്.


--------------------------------------------------------------------------------(അവസാനിച്ചു. )

ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 3പനി കുറഞ്ഞില്ലെങ്കില്‍ ഞാന്‍ തനിച്ചു പോയി മിച്ചമുള്ള ബാര്‍സിലോണ കണ്ടു വരണമെന്ന് പ്രശാന്ത്‌..കാണാക്കാഴ്ചകളില്‍ കണ്ണ് പായിച്ചു പറക്കാന്‍ കൊതിക്കുന്ന ദേശാടനക്കിളിയൊന്നുമല്ല ഞാന്‍.  . ദിവസങ്ങളെല്ലാം സഞ്ചാരത്തിലെ ഏടുകള്‍ തന്നെ; വെളിച്ചം തെളിക്കുന്നതൊക്കെ  കാഴ്ചകളും. ഏതേതു ലോകങ്ങളിലൂടെയാണ് ഒരു ദിവസം നമ്മള്‍ ഒരുമിച്ചു കടന്നു പോവുന്നത്!  ഒരേ  വലിയ വാഹനത്തിനുള്ളില്‍ പലവിധത്തില്‍ ചരിക്കുന്നവര്‍  , കാട്ടിലൂടെ , നാട്ടിലൂടെ , കടലിലൂടെ , ആകാശത്തിലൂടെ , സ്വപ്നത്തിലൂടെ, അക്ഷരങ്ങളിലൂടെ ....ആരാണ് സഞ്ചാരി അഥവാ സഞ്ചാരി അല്ലാത്തവര്‍?

തുളസിക്ക് പകരം പുതിനയിലയും, കരുപ്പട്ടിയ്ക്ക് പകരം ബ്രൌണ്‍ ഷുഗറും ( ശര്‍ക്കരയുടെ വിദേശ സഹോദരി.  ) , ചുക്കിന് പകരം ഇഞ്ചിയും, ജീരകത്തിന് പകരം ജീരകം തന്നെയും, പിന്നെ കയ്യില്‍ അവശേഷിച്ച ഏലയ്ക്ക കുരുമുളകാദികളും ചേര്‍ത്ത് പനിക്കാപ്പി തയ്യാറായി... ചുവന്ന പെട്ടിയിലെ കൊച്ചുമസാലപ്പെട്ടിയ്ക്കും, മരുന്ന് പെട്ടിക്കും സ്തുതി.

ലറാംബ്ലാസ്  പ്രകടനം 

പനി കുറഞ്ഞു, അടുത്ത ദിവസം 12 മണിയോടെ  തന്നെ ഉച്ചയൂണും കഴിഞ്ഞു ഇറങ്ങി. വീടിനു മുന്നിലെ ഹോട്ടല്‍ തുറക്കുന്നതേയുള്ളൂ, ഇവിടെ ഊണ് സമയം 2 മണി ആണ്. രാത്രി ഭക്ഷണം ഏതാണ്ട് 10 മണിയോടെയും.  പകല്‍ കുറവുള്ള മറ്റു ചില രാജ്യങ്ങളില്‍ ഉച്ച ഭക്ഷണം പന്ത്രണ്ടു മണിക്ക് മുന്നേ കഴിയും , സന്ധ്യയോടെ രാത്രി ഭക്ഷണവും.

പ്രശസ്തമായ ലറാംബ്ലാസ് (Les Rambles) തെരുവിലൂടെ നടന്നു. വന്നതറി ഞ്ഞിട്ടാണോന്നറിയില്ല, ഏതോ ജാഥ നടക്കുന്നു. തെരുവു നിറയെ ജനം, പോലീസ് വണ്ടികള്‍ ജാഗരൂകരായി കിടക്കുന്നു . ഇതിനൊക്കെ ഇടയിലൂടെയും  ചിത്രങ്ങള്‍ എടുത്തു നടക്കുന്ന ടൂറിസ്റ്റുകള്‍... നടക്കാനിറങ്ങിയ കാര്‍ണിവല്‍ കുടുംബങ്ങള്‍ ..നിശബ്ദ സാക്ഷികളായി, തെരുവും തെരുവോരത്തെ കെട്ടിടങ്ങളും..എല്ലാത്തിനും നടുവില്‍ ഇതൊന്നും ശ്രദ്ധിക്കാതെ പണിയെടുക്കുന്നു, ഒരു വാട്ടര്‍ ഫൌണ്ടന്‍; ഈ തിരക്കിലും അതുമാത്രം ശ്രദ്ധിക്കുന്നുണ്ട് ചെറിയ കുട്ടികള്‍.


പണിതീരാത്ത വിശുദ്ധ  ദേവാലയം 
ഓപ്പണ്‍ ടൂര്‍ ബസിനു ടിക്കറ്റ്‌ എടുത്തു കയറി, മേല്‍ത്തട്ടിലിരുന്നു നഗരം ഓടിച്ചു കാണാം. പണി തീര്‍ന്നിട്ടില്ലാത്ത വിശുദ്ധ ദേവാലയത്തില്‍ (Sagrada Familia) കുറെ ആള്‍ക്കാര്‍ ഇറങ്ങി. വിചിത്രമായ ശില്പ ചാതുരി. ഗൌഡിയുടെ കയ്യൊപ്പിട്ട മറ്റൊരു നിര്‍മ്മിതി. പന്നിയൂര്‍ ക്ഷേത്രം പോലെ പണി തീര്‍ന്നിട്ടില്ല എന്നുള്ളതും ഇതിന്‍റെ ഒരു പ്രശസ്തിയാണ്. പെരുന്തച്ചന്മാര്‍ ബാക്കി വച്ചതാണ്, പെട്ടെന്ന് കൂട്ടിയാല്‍ കൂടുമോ?

ഒളിമ്പിക് സ്റ്റേഡിയവും, മനോഹരമായ പാലസ് മുസിയവും ഒക്കെ കടന്നു അവസാനം ഒരു കേബിള്‍ കാര്‍ പൊയന്റില്‍ ( Teleferico de Montjuic ) ഇറങ്ങി. ഇവിടെ എന്തായാലും അടപ്പുള്ള കേബിള്‍ കാര്‍ ആണ്. എന്നാലും കയറുമ്പോള്‍ മുകളിലേക്കും ഇറങ്ങുമ്പോള്‍ പിന്നിലേക്കും.. ഒരേ ആഴത്തെ , വെറുതേ പേടിയ്ക്കും ഞാന്‍ .    അഗാധമായ താഴ്വാര ദൃശ്യങ്ങളെക്കാളും എന്‍റെ മുഖത്തെ ഭയഭാവ ഹാവാദികള്‍ എല്ലാവരെയും രസിപ്പിച്ചുവത്രേ. റോഡിനു മുകളിലൂടെ, Montjuic മലയിലേക്ക്, ഏറ്റവും മുകളിലെ കോട്ട വരെ കയറി.


പീരങ്കികള്‍ പൊയ്പോയ സുവര്‍ണ്ണകാലം അയവിറക്കി കിടക്കുന്നു. എത്രയോപേരെ ചരിത്രത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടാവും . അവരുടെ പിന്മുറക്കാര്‍   ഇന്ന് ഇതിന്‍റെയൊക്കെ പുറത്തു കയറിയിരുന്നു  ചിത്രങ്ങളെടുക്കുന്നു. നഗരം ഒട്ടാകെ കാണാം. കടലും തുറമുഖവും മലയും  കൂറ്റന്‍ കെട്ടിടങ്ങളുമെല്ലാം. ക്യാമറയ്ക്ക്  മുന്നിലേയ്ക്ക്  കടല്‍ക്കാക്കകള്‍ പാറിവന്നു പോസ്സു ചെയ്തുകൊണ്ടിരുന്നു.  


വൈകിട്ട് തുറമുഖത്തു (Port Vell) പോയി. കപ്പലുകള്‍ ഫിഷിംഗ് ബോട്ടുകള്‍ ഷോപ്പിംഗ്‌ മാളുകള്‍...കരയിലും കടലിലും തിരക്കാണ്. ഒരു വശത്ത്, ക്രിസ്റ്റഫര്‍ കൊളംബസ് കടലിലേയ്ക്ക് കൈ ചൂണ്ടി നില്‍ക്കുന്ന പ്രതിമ, മറുകയ്യില്‍ ചുരുട്ടിയ ഭൂപടം. അപാരമായ കടലിനപ്പുറം കരകള്‍ കണ്ടെത്താനായുള്ള അദ്ദേഹത്തിന്റെ യാത്രകളുടെ സ്മാരകം, യാത്രകള്‍ക്കൊടുവില്‍  വിശ്രമിക്കാനെത്തിയ കരയാണിതെന്നു ചരിത്രം . അമേരിക്ക കണ്ടെത്തിയ ശേഷമുള്ള വരവില്‍ രാജാവും രാജ്ഞിയും ഒരുക്കിയ സ്വീകരണത്തിന്റെ ഭാഗമാണത്രേ ഈ  പ്രതിമ.

കൊളംബസ്  സ്മാരകം 

അകാശങ്ങള്‍ക്കപ്പുറം  മറ്റൊരു ഭൂമികണ്ടെത്തുന്ന മനുഷ്യന്‍റെ പ്രതിമ  കൈ ചൂണ്ടുന്നത് ഏതു ദിക്കിലേക്കായിരിക്കും? വിശ്രമിക്കാന്‍ അയാള്‍ പോകുന്നത് ഏതു ഭൂമിയിയിലായിരിക്കും ? എവിടെയോ ആ പ്രതിമ എപ്പോഴേ നിര്‍മ്മിക്കപ്പെട്ടിരിയ്ക്കുമോ?..ആര്‍ക്കറിയാം?


കടലിനോട് ചേര്‍ന്നുള്ള അക്വേറിയത്തിലും കയറി. കൂറ്റന്‍ സ്രാവുകള്‍ തലങ്ങും വിലങ്ങും പായുന്ന വെള്ളത്തിന്റെ അടിയില്‍  ഗ്ലാസ്‌ ഇടനാഴി.  താനേ നീങ്ങുന്ന ഇടനാഴി വഴിയില്‍ നിന്ന്  , മീനുകള്‍ക്കടിയിലൂടെ പതുക്കെ നീങ്ങി.   ഗ്ലാസ്‌ എങ്ങാനും പൊട്ടിയാല്‍ സ്രാവുകള്‍ക്ക് കുശാല്‍.! ( ഏയ്‌! സായിപ്പുണ്ടാക്കിയാല്‍ പിന്നെ പൊട്ടില്ലന്നല്ലേ ).  ജല  ജീവിതം കണ്ടു കണ്ട് അക്വേറിയ ദര്‍ശനം അവസാനിച്ചു. സത്യത്തില്‍  ടിക്കറ്റ്‌ നിരക്കിനനുസരിച്ച ദൈര്‍ഘ്യം തോന്നിയില്ല. യൂറോപ്പിലെ വലിയ അക്വേറിയങ്ങളില്‍ ഒന്നാണ്.

തുറമുഖം 
കാഴ്ചകള്‍ കണ്ടു സന്ധ്യ കഴിഞ്ഞു. മുകളിലും താഴെയും വിളക്കുകള്‍. തൊട്ടടുത്ത 'മാളി'ലേക്ക് (Maremàgnum moll ) നടന്നു. കടലിനു അഭിമുഖമായി ഗ്ലാസ്‌ റിഫ്ലക്ഷന്‍ ഉള്ള ഭക്ഷണ ശാലകള്‍.. കഴിക്കുന്നവരെ നാലുപാടും പ്രതിബിംബിച്ചു കാണുന്നു. ഇങ്ങനെ സ്വയം പ്രതിബിംബിച്ചു ഭക്ഷണം കഴിക്കാന്‍ ചാര്‍ജ് ഇരട്ടി!. അതുകൊണ്ട് മേല്‍ക്കണ്ണാടികള്‍ ഇല്ലാത്ത ഒരു സ്പാനിഷ് ഹോട്ടലില്‍ കയറി.

തുടങ്ങാന്‍ 'സ്പാനിഷ് ടാപാസ്' (Spanish Tapas) , ചെറു മീനുകള്‍ പൊരിച്ചത് ഒരു പ്ലേറ്റില്‍  ഇടയില്‍ ഒരു കുഞ്ഞുനീരാളിയും കൂടി! (സമാധാനമായി കഴിക്കാന്‍ സമ്മതിക്കില്ല.) മെയിന്‍ കോഴ്സ് കുറച്ചു കൂടി നല്ല പേരാണ്, 'പയെലാ പാന്‍' (Paella Pan). ചെറിയ (വളരെ...ചെറിയ ) ചീനച്ചട്ടിയില്‍ പുളി ചേര്‍ത്തു  കറി വച്ച ഞണ്ട് കഷണങ്ങള്‍ക്കിടയില്‍ കുറച്ചു കറുത്ത  ചോറ്. ചൂടാറാതിരിക്കാന്‍ അടുപ്പുമായി തന്നെ ചീനച്ചട്ടി മേശപ്പുറത്തെത്തി. ആഡംബരങ്ങള്‍ക്കിടയില്‍ നിന്നും ‘ആഴക്കു വറ്റ്’ തിരഞ്ഞെടുത്തു. അളവ് കുറവായതിനാലോ എന്തോ ചോറിനു  നല്ല  രുചിയുണ്ടായിരുന്നു.  ചീനച്ചട്ടിയില്‍ ഇങ്ങനെ ചോറും കറിയും ഒന്നിച്ചു പറ്റിച്ചു വയ്കുന്നത് ഇവിടുത്തെ പ്രത്യേക രീതിയാണ്, ഒരു പുളി സാദം സ്റ്റൈല്‍. 


ഭക്ഷണം കഴിഞ്ഞിറങ്ങി, ഒരു കൊച്ചു കപ്പല്‍ പാലത്തിനടുത്തേക്ക് വരുന്നത് കണ്ടു ഞാനോടിച്ചെന്നു. പിളര്‍ന്നു മാറി വഴിയൊരുക്കുന്ന പാലം ആകുമെന്നു  കരുതി. കരുതിയ  പാലം മറ്റേതോ ഭാഗത്തായിരുന്നു, എന്‍റെ മുന്നിലെ  ഗേറ്റ് അടച്ചു.  കപ്പലില്‍ നിന്നും ചരക്കുകള്‍ ഇറങ്ങി തുടങ്ങി. ഞാന്‍ ചമ്മി തിരിച്ചു നടന്നു. 


---------------------------------------------------------------------------------------------(തുടരും..)

ചുവന്ന പെട്ടിയും ഞങ്ങളും ബാര്‍സിലോണയില്‍ 2


രാവിലെയും പെട്ടി വന്നില്ല. അപ്പൂസ്‌ പതിവിലും നേരത്തെ എണീറ്റ് ഒരിക്കലും പതിവില്ലാത്ത  ഉത്കണ്ഠ പ്രകടിപ്പിച്ചു, ‘ഇനി പല്ലുതേയ്ക്കാനെന്തു ചെയ്യും?’ 

പേയ്സ്റ്റും ബ്രഷും മാത്രമല്ല അവശ്യവസ്തുക്കളെല്ലാം അതില്‍ത്തന്നെ. എന്നാല്‍ വിലപിടിച്ചതൊന്നും ഇല്ലാത്തതിനാല്‍ പെട്ടി ഇന്‍ഷുര്‍ ചെയ്തിട്ടുമില്ല. 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍' സിനിമയില്‍ കണ്ടതുപോലെ , രാവിലെ ഏതെന്കിലും കടയില്‍ ചെന്ന്, ‘രണ്ടു മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും ആവശ്യമായ എല്ലാത്തരം വസ്ത്രങ്ങളും ഓരോന്ന്', എന്ന് പറയുന്നതോര്‍ത്തുഅതും കഥകളിമുദ്രയില്‍! വേനല്ക്കാലമായിരുന്നെങ്കില്‍   ഇതിന്‍റെയൊന്നും ഒരാവശ്യവുമില്ല. പറഞ്ഞിരിക്കുമ്പോഴേക്കും പെട്ടി എത്തി.

ഒന്ന് വൃത്തിയായി, പുറത്തിറങ്ങി. ഇടതിങ്ങിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. മുകളില്‍ ചതുരാകാശം. താഴെ മെട്രോ റെയില്‍. ഇടയില്‍  ചെറിയ റോഡുകള്‍... റോഡുകളെക്കാള്‍ വീതിയുള്ള നടപ്പാതകളില്‍ യൂണിഫോര്‍മിട്ട  സൈക്കിളുകള്‍ വരി വരിയായി സവാരിക്കാരെ കാത്തിരിക്കുന്നു . പാസ്‌ ഉപയോഗിച്ച് സൈക്കിള്‍ വാടകക്ക് എടുക്കാം, എന്നിട്ട് ആവശ്യം കഴിഞ്ഞാല്‍ ഏതെങ്കിലും സ്റ്റാന്‍ഡില്‍ തിരികെയെത്തിക്കാം. ഈ സംവിധാനം തന്നെ ആണ് പാരീസിലും.

Guëll Park- ഒരു കാഴ്ച 

മെട്രോയില്‍ കയറി ഗൌഡിയുടെ പാര്‍ക്കിലേക്ക് (Guëll Park). പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വലിയ ശില്പിയാണ് ആന്റണി ഗൌഡി. അദ്ദേഹത്തിറെ വീടിനടുത്ത (ഇപ്പോള്‍ സ്മാരക മ്യുസിയം) ഒരു കുന്നാണ് ഈ പാര്‍ക്ക്. കുന്നു മുഴുവന്‍ അദ്ദേഹത്തിന്‍റെ കരവിരുത് കാണാം. തട്ടു തട്ടായി, പല വിധ ശില്പ വേലകള്‍ . അകത്തേക്കു കയറിയില്ല, അടുത്തു നിന്ന് കണ്ടതെയുള്ളൂ, കുന്നില്‍ കൊത്തി അകത്തളങ്ങളും ചിത്രവേലകളും തീര്‍ത്തിരിക്കുന്നു , ഹാളിന്റെ  മുകള്‍ഭാഗത്ത്‌ കല്ലുകള്‍ താഴേക്കു വീഴാന്‍ പോകുന്നപോലെ. പ്രത്യേക തരം ക്രിസ്ടല്‍ പണികളും ഇദ്ദേഹത്തിന്‍റെ സംഭാവനയാണ്.


കുന്നിന്റെ മുകളില്‍ എത്തിയാല്‍ നഗരം നിറച്ചു കാണാം. തണുത്ത കാറ്റ് വീശുന്നു. ഒരു കാപ്പിക്കട വരെ കയറി. ആള്‍ക്കാര്‍ കുടുംബത്തോടെ വേഷപ്രശ്‌ചന്നരായി നടക്കുന്നു, കളികളും, ആഘോഷങ്ങളും പൊടിപൊടിക്കുന്നു. കാര്‍ണിവല്‍ സമയം ആണ്. ( ഈസ്റ്ററോടടുപ്പിച്ചു  ഇത്തരം പല  കാര്‍ണിവല്‍സ്‌ ഉണ്ടാകുമെന്നും എല്ലാം കഴിഞ്ഞ്  ഒരുമിച്ചു കുമ്പസാരിക്കുമെന്നും പിന്നീട് ഒരു  സുഹൃത്ത്‌ പറഞ്ഞു ! )


ഇടയില്‍ കുറച്ചു ഹിന്ദി കേട്ടു. പാരീസിലെ പോലെതന്നെ, തിരക്കുള്ള സ്ഥലങ്ങളില്‍ കൌതുക വസ്തുക്കള്‍ വില്‍ക്കാന്‍ വരുന്നവര്‍ കൂടുതലും പഴയ ഇന്തോസ്ഥാന്‍ കാരാണ്. (ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ) അനധികൃത കച്ചവടം. പോലീസ് ഇടയ്ക്കു പ്രത്യക്ഷപ്പെടും. ഗ്യാങ്ങിന്റെ സിഗ്നല്‍ കിട്ടിയാലുടന്‍ വിരിച്ച തുണി വാരിക്കൂട്ടി സഞ്ചിയാക്കി, കമ്മലുകള്‍ കൊളുത്തിയ കുടകള്‍ മടക്കി, ഓടും. മറ്റൊരു സ്ഥലത്ത് പോയി വീണ്ടും വിരിക്കും. ജീവിക്കാനുള്ള ഈ ഓട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു , ഒരു കൂടുമാറ്റത്തിന്റെ തുടര്‍ച്ച.


Guëll Park-  മറ്റൊരു കാഴ്ച  
പൊടി മണ്ണ് നിറഞ്ഞ കുന്നില്‍, നിറയെ പന മരങ്ങള്‍ കായ്ച്ചും പൂങ്കുല നിറച്ചും നില്‍ക്കുന്നു . പച്ചപ്പനന്തത്തകളുടെ ലോകം. കൂട്ടു കൂടി നടക്കുന്ന തത്തകള്‍ , കൂടിനായി ചുള്ളി തേടുന്നവര്‍ , കൂട്ടില്‍ അമ്മയെ കാത്തിരിക്കുന്നവര്‍. അങ്ങിങ്ങ് പ്രാവുകളും കുരുവികളും, പിന്നെ കടലിനോടടുത്താല്‍ നിറയെ കടല്‍ കാക്കകളും. വിതയ്ക്കാതെയും കൊയ്യാതെയും അവരങ്ങനെ കഴിയുന്നു.

കടല്‍ കാറ്റ് സമ്മാനിച്ച ജലദോഷം , കുന്നിന്‍ മുകളിലെ കാറ്റില്‍ കടുത്തു. യാത്ര തല്‍ക്കാലം മതിയാക്കി  മടങ്ങി. ഓറഞ്ചു കായ്ച്ചു നില്‍ക്കുന്ന ഇടവഴികളിലേയ്ക്ക് ..

സ്പെയിന്‍ കടുത്ത  തണുപ്പുള്ള സ്ഥലമല്ല, അതുകൊണ്ട് ശൈത്യകാലത്തെ റൂം ഹീടിംഗ് സംവിധാനങ്ങള്‍ അത്ര നന്നല്ല ,  പുറത്തെ തണുത്ത കാറ്റും, അകത്തെ ചൂട് കാറ്റും. ഒരു പനിക്കിതു ധാരാളം. പ്രശാന്ത് ചുരുണ്ട് കൂടി.
-----------------------------------------------------------------------------------(തുടരും....)

ചുവന്ന പെട്ടിയും ഞങ്ങളും ബാര്‍സിലോണയില്‍ 1


ചുവന്ന പെട്ടിയ്ക്കു ചുറ്റും. 
നീട്ടിപ്പിടിച്ച കത്തിലെ വരികള്‍ പ്രശാന്ത്‌ ഉറക്കെ വായിച്ചു. ‘ലഗ്ഗേജ് അന്വേഷിക്കാനായി ഞങ്ങളുടെ വിദഗ്ധമായ അന്വേഷണ സിസ്ടത്തിലേക്ക് അപേക്ഷ കൊടുത്തിരിക്കുന്നു. താഴെ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ പേരും അഡ്രസ്സും'....കത്തു മടക്കിയിട്ട് എനിക്കൊരു കുത്ത് കൂടി. 'അപ്പൊ, ലഗ്ഗേജിന്റെ കാര്യം ഗോപി!'

മൂന്നു ദിവസത്തെ സ്പെയിന്‍ സന്ദര്‍ശനത്തിനു എത്തിയ ഞങ്ങളുടെ മൂവരുടെയും സാധനങ്ങള്‍ വച്ച , സന്തത സഹചാരിയായ ചുവന്ന പെട്ടി ബാര്‍സിലോണയില്‍ വിമാനമിറങ്ങിയില്ല. പരാതി കൊടുത്തപ്പോള്‍ എന്‍റെ കമ്പനിയുടെ ഔപചാരിക മറുപടി കത്തു എന്‍റെ കയ്യില്‍ തന്നെ കിട്ടി.  എനിക്കതു തന്നെ കിട്ടണം.

അവധി ക്യാന്‍സല്‍ ചെയ്തു തിരികെ പോയി പെട്ടി കണ്ടു പിടിക്കേണ്ടി വരുമോ എന്ന് ആലോചിച്ചപ്പോഴേക്കും മറുപടിയെത്തി , പെട്ടി വിമാനത്തില്‍ കയറാതെ പാരീസില്‍  തന്നെ കിടപ്പാണത്രേ! ഒന്ന് നിര്‍ബന്ധിക്കാരുന്നില്ലേന്നു ചോദിച്ചപ്പോള്‍, രാത്രി വണ്ടിക്കു കയറ്റിവിട്ട് നേരെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചേക്കാമെന്ന്. അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയും പരിഹരിച്ചും  ആഗോള കമ്പനികള്‍ കാലം കഴിക്കുന്നു.


എയര്‍പോര്‍ട്ടിലെ ഭക്ഷണ ശാലയില്‍ കഴിക്കുന്നവരെക്കാള്‍ കൂടുതല്‍ കാത്തിരിക്കുന്നവര്‍ ആണ്. അപ്പൂസിന്‍റെ പാത്രത്തിലെ ഫ്രൈട്സ് കുറേശ്ശെ മാറ്റി , ലെറ്റ്യൂസിലകള്‍ നീക്കിയിട്ട് കൊടുത്തു കൊണ്ടാണ് ഞാന്‍ കഴിക്കുന്നത്‌. അവനതു തിരിച്ചു നീക്കുമ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ചു  വാരിക്കൊടുത്തു കൊണ്ടിരുന്നു. അടുത്തിരുന്ന ഒരു അപ്പുപ്പന്‍ ഞങ്ങളെ നന്നായി ശ്രദ്ധിക്കുന്നു. കേരളത്തില്‍ പിറന്ന ആണ്കുട്ടിയാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, തനിയെ എടുത്തു കഴിച്ചില്ലെങ്കില്‍   ചിലപ്പോ പോലീസ് കൊണ്ടുപോകും. അപ്പൂസിനെ വിരട്ടാന്‍ ഒരു ശ്രമം നടത്തി. എവിടെ? കള്ളനറിയാത്ത പോലിസുണ്ടോ  ? കാത്തിരുന്നു കുറേ കഴിഞ്ഞപ്പോള്‍, മകനായിരിക്കണം, ഒരു ചെറുപ്പക്കാരനെത്തി. അപ്പുപ്പന്‍ അയാളെ കെട്ടിപ്പിടിച്ചു. ആശ്വാസത്തിന്റെ  എങ്ങലടികള്‍..  വഴി പിരിഞ്ഞ ഒരു കുട്ടി അച്ഛനടുത്തെത്തിയതു പോലെ . ഇവിടെ അച്ഛന്‍റെ സ്ഥാനത്ത് മകനാണെന്നു മാത്രം.


ബാര്‍സിലോണ യുടെ ഉള്ളിലേയ്ക്ക്.

പുറത്തു പതിമൂന്നു ഡിഗ്രിയോളം ചൂടുണ്ട്. യൂറോപ്പില്‍ പലയിടങ്ങളിലും ഇപ്പോഴും കടുത്ത ശൈത്യം ആണ്. ഒളിമ്പിക്സ് മോടി കൂട്ടിയ കാഴ്ചകള്‍ വഴിയിലേ കണ്ടു തുടങ്ങി.. ബാര്‍സിലോണ  മലയിലേക്ക് കയറിയും കടലിലേയ്ക്കിറങ്ങിയും വളര്‍ന്നു കിടക്കുന്നു.


വിശാലമായ പ്രധാന നിരത്തുകള്‍   , അങ്ങിങ്ങ് ശില്പ ഭംഗിയുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍.  ഉള്ളിലേക്ക് ചെല്ലുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ പോലെ..ചെറിയ നിരത്തുകള്‍, ഇടതൂര്‍ന്ന ചതുര കെട്ടിടങ്ങള്‍. എല്ലായിടവും  വീതിയുള്ള നടപ്പാതകളുണ്ട്. ഉള്ളിലെ വഴിയോരങ്ങളില്‍ ഓറഞ്ചു മരങ്ങള്‍.  വെളുത്ത പൂക്കളും, പച്ച നാരങ്ങ പോലുള്ള പൊട്ടു കായ്കളും തുടുത്ത പഴങ്ങളും നിറച്ചു നില്‍കുന്നു . എങ്കിലും കയ്യെത്തുന്ന  ഉയരത്തില്‍  ഒരു കായ്പോലുമില്ല.

ഓറഞ്ചിടവഴികളിലൊന്നിന്‍റെ ഓരത്താണ് ഞങ്ങള്‍ ബുക്ക്‌ ചെയ്ത അപ്പാര്‍ട്ട്മെന്‍റ്. ഒരു വീടിനു വേണ്ട അത്യാവശ്യ സൌകര്യങ്ങളൊക്കെയുണ്ട്.   ബാക്കിയൊക്കെ വന്നിട്ടില്ലാത്ത ഞങ്ങളുടെ പെട്ടിയിലുണ്ട്. ജനാലകള്‍  തുറന്നപ്പോള്‍, താഴെ റോഡരുകിലെ മരങ്ങള്‍ വെള്ളപ്പൂക്കള്‍ കാട്ടി ചിരിച്ചു. വന്ന വഴിയിലെ പരിചയം.


വൈകിട്ട് അടുത്തുള്ള കടല്‍ത്തീരത്തു പോയി. വിജനമായ തീരം. തണുത്ത കാറ്റും.  വേനല്‍ക്കാലത്തേ ആളുണ്ടാവൂ. കുറച്ചു നടന്നപ്പോള്‍ ഒരു സൈന്‍ ബോര്‍ഡു കണ്ടു നിന്നു. ഇത് ദിഗംബര സ്വാതന്ത്ര്യത്തിന്‍റെ ബീച്ച് ആണ് (nude beach). 
ദിഗംബര തീരം.

ഇവിടെ വസ്ത്രം ധരിച്ചു പ്രവേശിക്കാന്‍ പാടില്ല. തണുപ്പ് കാലത്തു ആരാണ് നിയമം നോക്കാന്‍ വരിക? എങ്കിലും വിവസ്ത്രരായി  വെയിലു കായുന്ന ചില പൂച്ചകള്‍ ഞങ്ങളെ തുറിച്ചു നോക്കി. അവര്‍ക്കരികില്‍  മറ്റൊരു ബോര്‍ഡു കൂടി, ‘ചൂണ്ടയിടല്‍ പാടില്ലത്രേ’ ! തൊട്ടടുത്ത്‌  പാറക്കെട്ടുകളില്‍, ചിലര്‍ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്നു. പ്രതിമപോലെ.  

തിരികെ നടക്കുമ്പോള്‍ ശ്രദ്ധിച്ചു, വഴിയരികില്‍ അങ്ങിങ്ങ്  ചെറിയ കളിത്തട്ടുകള്‍. ധാരാളമാളുകള്‍ ഫുട്ബാള്‍ കളിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്.  കാണികളില്ല. എല്ലാവരും കളിക്കാരാണ്. വായിക്കാന്‍ ആളില്ലെങ്കിലും എഴുതിക്കൂട്ടുന്ന എഴുത്തുകാരെപ്പോലെ തന്നെ.  (ആത്മപ്രശംസയല്ല, സത്യം).

കുട്ടികളുടെ പാര്‍ക്കിലും പന്തുകളി തന്നെ. വഴിയരുകില്‍ ഇരിക്കാനുള്ള സ്ഥലങ്ങളില്‍ പലതിനും ഒരു സ്റ്റേഡിയം ടച്ച്‌. ബാര്‍സാ ക്ലബിനു     മുന്നില്‍ വലിയ ഫ്ലക്സ്സ് ബോര്‍ഡുകള്‍. കളികാണാന്‍ നീണ്ട ക്യൂ. പന്തൊരു മതവും ബാര്സാ ക്ലബ്‌ അമ്പലവും. കളിക്കാരാണ് ദൈവങ്ങള്‍.  പ്രധാന എതിരാളികള്‍  സ്പെയിനിലെ മാഡ്രിഡ്‌ ക്ലബ്‌ കളിക്കാര്‍.. പ്രാദേശികതയുടെ തീവ്രതയില്‍ സ്പെയിനില്‍ നിന്നും വിടുതല്‍ ആഗ്രഹിച്ചിരുന്ന പ്രദേശം കൂടിയാണിത്. നഗരത്തിന്റെ രക്തത്തിലുണ്ട്. പന്തും ഗിറ്റാറും, കാത്തലോന്‍ (Catalon)  സംസ്കാരവും. കാത്തലോന്‍ എന്ന പ്രാദേശിക ഭാഷ തന്നെ ആണ്, ഇവിടുത്തെ പ്രഥമ ഭാഷ . സ്പാനിഷ് രണ്ടാമതേയുള്ളൂ. ഇംഗ്ലീഷോ..? ഏതു ഇംഗ്ലീഷ്...? 


..........................................................................................................(തുടരും.....)