നീല ദ്വീപുകളിലൂടെ : മാൾട്ട കാഴ്ചകൾദൂരെയൊരു തെളി നീലക്കടലിന്റെയുള്ളിൽ, പവിഴപ്പുറ്റു ഭംഗികളിലൊന്നും  ഭ്രമിച്ചു വീഴാതെ, ധാർഷ്ട്യത്തോടുയർന്നു നിൽക്കുന്ന ചില പാറക്കുന്നുകളുണ്ട്. കുന്നിൻ പുറങ്ങളിൽ, കഥയുറങ്ങിക്കിടക്കുന്ന ശിലായുഗ ക്ഷേത്രങ്ങളുണ്ട്. ഭൂമിയ്ക്കടിയിലൂടെ  ഒളിച്ചു തുറക്കുന്ന ഗുഹാമുഖങ്ങളുണ്ട്. അതിനുള്ളിൽ  കരയൊളിപ്പിച്ചു വച്ചിരിക്കുന്ന കടലോർമ്മകളും.   ഇറ്റലിക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇടയിൽ , മെഡിറ്ററേനിയൻ  കടലിലുള്ള  കൊച്ചു തുരുത്തുകൾ ചേർന്ന രാജ്യമാണ് മാൾട്ട.  പണ്ട് ബ്രിട്ടീഷ് കോളനി ആയിരുന്നതിനാൽ   'മാൾട്ടീസി'നൊപ്പം ഇംഗ്ലീഷും പ്രധാന ഭാഷയാണ്. ഭേദപ്പെട്ട ഒരു ടിക്കറ്റ് ഒത്തു കിട്ടിയതോടേ  കൂട്ടുകാർക്കൊപ്പം ഞങ്ങളും മാൾട്ട കാണാനിറങ്ങി .  അവിടെ  എത്തിയശേഷം ഒരു വണ്ടി വാടകയ്‌ക്കെടുത്തായിരുന്നു  യാത്ര . സുഹൃത്ത് വളരെ 'കൂൾ' ആയി ഡ്രൈവിംഗ് ജോലി ഏറ്റെടുത്തു. കൂടെയിരുന്നവർക്കു  ടെൻഷനുണ്ടായെങ്കിലേയുള്ളൂ .

കള്ളിമുള്ളെഴുത്തുകൾ
കടൽതീരത്തു കോട്ടപോലെ ചെറിയ കുന്നുകൾ.  കുന്നിൻ ചരിവുകളിൽ പച്ചക്കറി കൃഷിയാണ്. വലിയ മത്തങ്ങ വിളഞ്ഞു കിടക്കുന്ന തോട്ടങ്ങൾ. ഒലിവു മരങ്ങളും മാതളനാരകവും ഒക്കെ പലയിടങ്ങളിലും കായ്ച്ചു നിൽപ്പുണ്ട്.  വഴിപോക്കർ  കള്ളിമുൾച്ചെടികളുടെ വലിയ ഇലകളിൽ പോറി വരഞ്ഞു എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു. പച്ചിലകളിൽ വെളുത്ത മുറിവെഴുത്തുകൾ!

വ്യത്യസ്തമായ ഒരു ഭൂപ്രകൃതി.  മരുഭൂമിപോലെ എന്നാൽ മരുഭൂമിയല്ല താനും . കടൽ മുനമ്പുകളിൽ നിന്നും വിശാലമായ കാഴ്ചകൾ ആസ്വദിക്കാം.
Dingli Cliffs
Mdina'മാൾട്ട'യുടെ പഴയ തലസ്ഥാന നഗരമാണ് മ്ദിന (Mdina). പല സ്ഥലപ്പേരുകളുടേയും  ഇടയിലൊരു സ്വരാക്ഷരത്തിന്റെ കുറവു തോന്നുമിവിടെ. ബിസി എട്ടാം നൂറ്റാണ്ടിലുണ്ടാക്കിയ ഈ കുഞ്ഞു നഗരം പൈതൃക നഗരമായി സംരക്ഷിച്ചിരിക്കുന്നു.  പഴയ കെട്ടിടങ്ങൾ, ചെറിയ നിരത്തുകൾ, കോട്ടകൾ, ഒക്കെ നടന്നു കാണാം. ഒന്നിച്ചൊരു കൊട്ടാരക്കെട്ടു  പോലെയുള്ള നിർമ്മാണ രീതി . ചില വീടുകളുടെ ഭിത്തിയിലേക്കു ബോഗൻവില്ല പടർത്തിയത്  പൂത്തു നിറഞ്ഞു കിടക്കുന്നു. പ്രധാന പള്ളിയിൽ കല്യാണ മേളം.  തിരക്കില്ലാതെ   തുറന്നു കിടന്നിരുന്ന  ചെറിയ പള്ളി കയറി കണ്ടു. എവിടെയാണെങ്കിലും കലാകാരന്മാരുടെ വരക്കൂട്ടുകളിൽ ദൈവം നിറഞ്ഞിരിക്കുകയാണ് . 

കോളനിവാഴ്ചയിൽ ഇംഗ്ലീഷുകാർ നൽകിപ്പോയ  ടെലിഫോൺ ബൂത്തുകൾ, തപാൽ പെട്ടികൾ ഒക്കെ ഇപ്പോഴും അതേപടി ഉപയോഗിക്കുന്നുണ്ടിവർ . തുറമുഖത്തോടു ചേർന്നുള്ള കോട്ടകളിൽ ലോക മഹായുദ്ധങ്ങളുടെ ബാക്കിപത്രങ്ങൾ കാണാം. ഇടയ്ക്കിടെ പഴയ പീരങ്കികൾ  ആകാശത്തിലേക്കു വെടിവച്ചു നെടുവീർപ്പിടുന്നുമുണ്ട്. ഇന്നിതെല്ലാം  കൗതുക വസ്തുക്കൾ മാത്രം . ഇന്നത്തെ രാസായുധങ്ങളും കൗതുക വസ്തുക്കളാകുന്ന ഒരു കാലമുണ്ടാകുമോ? അന്നാരെങ്കിലും ബാക്കിയുണ്ടെങ്കിൽ അവരെന്തായിരിക്കും യുദ്ധത്തിന് ഉപയോഗിക്കുക!

ആല
ലോഹങ്ങൾ, ഗ്ലാസ്സുകൾ ഒക്കെ കൊണ്ട് അലങ്കാരങ്ങൾ ഉണ്ടാക്കുവാൻ ഇഷ്ടമുള്ളവരാണ്  മാൾട്ടീസുകാർ. ക്രാഫ്റ്റ് വില്ലേജുകളിൽ പോയാൽ ഇതൊക്കെ ഉണ്ടാക്കുന്നത് കാണാം  . വില്ലേജ് എന്നു പേരിലേയുള്ളൂ. ടൂറിസത്തിനു വേണ്ടിത്തന്നെ  തന്നെ നടത്തുന്ന കടകൾ ചേർന്ന വില്ലേജുകൾ. ഗ്ളാസ് പാത്രങ്ങൾ കാച്ചിയുരുക്കി ഉണ്ടാക്കുന്ന സ്ഥലങ്ങൾ , ആഭരണങ്ങൾ ഉണ്ടാക്കുന്ന 'ആല'കൾ , എല്ലാത്തിനോടും ചേർന്ന് കുറച്ചു വിൽപ്പനയും . നിർമ്മാണം കണ്ടു കഴിഞ്ഞാൽ ഓരോന്നു വാങ്ങാനും തോന്നും, കുറ്റം പറയാൻ പറ്റില്ലല്ലോ.

തെളിനീലം
എല്ലാവര്ക്കും ഏറെ  ഇഷ്ടമായത് നിറം കോരിയൊഴിച്ച കടലാണ് . ഒട്ടും റൊമാന്റിക് അല്ലാത്ത, കൂർത്തു മൂർത്ത  പാറകളുടെ ഹൃദയം  തുരന്നു തുറന്നു,  അകത്തേക്കിടിച്ചു കയറി ക്ഷീണിച്ചു  നീലിച്ചു പോയ പ്രണയക്കടൽ!  വെള്ളത്തിലേക്ക് കൈ താഴ്ത്തുമ്പോൾ കൈകൾക്കും നീലനിറം  !

സംഘർഷ ഭരിതമായ ചുണ്ണാമ്പു പാറകളുടെ വക്കിലാകെ ചോരച്ചുവപ്പ്. ചെറിയ ബോട്ടുകളിൽ കടൽ ഗുഹകൾ കയറിയിറങ്ങിയ യാത്ര സുന്ദരമായിരുന്നു. കാറ്റും കടലും തീർക്കുന്ന രൂപങ്ങളെപ്പറ്റി ബോട്ട് ഡ്രൈവർ വിശദീകരിച്ചുകൊണ്ടിരുന്നു. തീരത്തുള്ള കുന്നുകളിൽ കടൽക്കാറ്റെത്ര കൃത്യതയോടെ കൊത്തുപണികൾ നടത്തിയിരിക്കുന്നു!

ഗുഹാമുഖം
തിരികെ കയറുമ്പോൾ കൗതുക വസ്തുക്കൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരിക്കു  ഇന്ത്യൻ വിശേഷങ്ങൾ അറിയണം . പ്രത്യേകിച്ച്,  ഇന്ത്യയിലെ നല്ല തുണിത്തരങ്ങളെ  പറ്റി. മുൻപൊക്കെ മീറ്റർ കണക്കിന് ഇന്ത്യൻ തുണികൾ വാങ്ങി ഉടുപ്പുകൾ തയ്പ്പിക്കുമായിരുന്നത്രെ! . ഇപ്പോൾ എവിടെയും റെഡിമെയ്ഡുകൾ മാത്രമേയുള്ളു എന്നു പരാതി!.

ഒരുപാട് ആഴമുള്ള കടലാണിവിടെ. പവിഴപ്പുറ്റുകൾ തേടി ഡൈവേഴ്‌സ് ഒക്കെ എത്തുന്നയിടം. കൂട്ടത്തിലെ സാഹസികൻ പാറമുനമ്പുകളിൽ കയറി കടലിലേക്ക് ചാടിമറിഞ്ഞു. ബാക്കിയുള്ളവർ  മാൾട്ടീസ് ഭക്ഷണത്തിലേക്കും. കടൽ വിഭവങ്ങളും കരയിലെ കൃഷി വിഭവങ്ങളും ഒക്കെ സുലഭമായ സ്ഥലമാണ്. പക്ഷെ രുചിക്കൂട്ടിൽ അത്ര വൈവിധ്യമൊന്നും കണ്ടില്ല എന്നതാണ് സത്യം . പ്രത്യേകമായി  മീൻ പുഴുങ്ങിയതും, മുയൽ സ്റ്റൂവും , തേൻ നിറച്ച ബണ്ണും ഒക്കെ ഇവിടുത്തെ സ്പെഷ്യലുകളിൽ പെടും.

ദ്വീപുസമൂഹത്തിൽ മാൾട്ട കൂടാതെ ചെറു ദ്വീപുകൾ വേറെയുമുണ്ട്. അതിലൊന്നാണ് ഗോസോ. ഗോസോയിലേക്കു ഫെറി സർവീസാണുള്ളത്   . ഒരു ചെറിയ കപ്പലുപോലെയുള്ള ഫെറി. വണ്ടി ഫെറിയിൽ പാർക്ക് ചെയ്തിട്ട്, മുകൾത്തട്ടിൽ പോയി നിന്ന് കാഴ്ചകൾ ഒക്കെ കാണാം. ഭക്ഷണശാലയും വിശ്രമസ്ഥലവും ഒക്കെ അവിടെയുണ്ട് . ടൂറിസത്തിന് കൊടുക്കുന്ന പ്രാധാന്യം കൊണ്ടാണോന്നറിയില്ല, ഫെറിയിലും പുറത്തുമൊക്കെയുള്ള പാർക്കിംഗ് , അവിടെ നിന്ന് പുറത്തിറങ്ങാനുള്ള വഴികൾ ഒക്കെ നന്നായി ക്രമപ്പെടുത്തിയിരിക്കുന്നു.

വളരെ അടുത്ത കാലത്ത്, 1990 കളിൽ ആണ്  മാൾട്ടാ ദ്വീപുകളിൽ ശിലായുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതിനു ശേഷമുള്ള ഗവേഷണത്തിൽ 5 ൦൦൦ വർഷത്തോളം പഴക്കമുള്ള ശിലായുഗ ചരിത്രം
തെളിച്ചെടുത്തിട്ടിരിപ്പുണ്ടിവിടെ.


ശിലായുഗക്ഷേത്രം:Mnajdra Temple

മാൾട്ടയിലും ഗോസോയിലുമൊക്കെയുണ്ട് ശിലായുഗ ക്ഷേത്രങ്ങൾ. കൂറ്റൻ കല്ലുകൾ ചേർത്തു വച്ചുണ്ടാക്കിയ ആദിനാഗരികതയുടെ അടയാളങ്ങൾ. കല്ലുകൾ കൊണ്ടുള്ള കൂറ്റൻ ഇരിപ്പിടങ്ങൾ, അംഗഭംഗം വന്ന കൽപ്രതിമകൾ അങ്ങനെ കല്ലുകൾ ചെത്തി മിനുക്കി ഭംഗിയാക്കി ചിത്രവേലകൾ ചെയ്യാൻ മനുഷ്യൻ പഠിച്ചു തുടങ്ങിയ കാലത്തിന്റെ  തിരുശേഷിപ്പുകൾ.

പീഠം 

ശിലായുഗ സിംഹാസനം
റോബോട്ടുകളെ വച്ചു പണിയെടുപ്പിക്കുന്ന ആധുനിക കാലത്തിൽ  നിന്നുകൊണ്ട്, കണ്ടു  തൊട്ടറിഞ്ഞത്   മനുഷ്യ ജന്മത്തിന്റെ തന്നെ  ബാല്യകാലത്തെയായിരുന്നു  .  കൂടെയുള്ള അഭിനവ  ബാല്യങ്ങൾ അപ്പുപ്പൻ താടി പറത്താനും കക്കകൾ ശേഖരിക്കാനും ഒക്കെ  ഓടി നടന്നു. ചരിത്ര കുതുകികൾ കഥകൾ വായിച്ചു കൽക്കൂനകൾ   പ്രദക്ഷിണം വയ്ക്കവേ,  സഹനത്തിന്റെ പ്രതീകങ്ങളെന്ന പോലെ നടന്നു തളർന്ന നായകന്മാർ  ഒരു മരത്തണലിൽ അഭയം പ്രാപിച്ചു  . 'നമ്മളീ കിടക്കുന്ന കല്ലിനും മണ്ണിനും വരെ ഉണ്ടാകും ഇതിലപ്പുറം  ചരിത്രം , അതൊന്നും ആരും കൗതുകത്തോടെ നോക്കാറില്ലെന്നേയുള്ളൂ ' എന്ന തികഞ്ഞ ബോധ്യത്തിൽ!. വാസ്തവമാണ്,  കാഴ്ചകളിലുന്നുമേയല്ല കൗതുകങ്ങൾ ഒളിച്ചിരിക്കുന്നത് , കാണുന്ന കണ്ണുകളുടെയും  ഉള്ളിലെവിടെയോ ആണ് .

കിണർ തുരന്നു പോയ വഴി: Xerris groto

ദ്വീപുകളുടെ ഉള്ളറകളിലുമുണ്ട്  പ്രകൃതിയൊരുക്കിയ ചില ഗുഹാവഴികൾ . അതിലൊന്നിലേക്കായിരുന്നു അടുത്ത യാത്ര. ഇരുവശവും വീടുകൾ നിറഞ്ഞ ഒരു സാധാരണ റോഡ്‌. ബാംഗ്ലൂരിലെ തെരുവുകൾ പോലെ തോന്നിക്കുന്ന സ്ഥലം. അവിടെയൊരു വീട്ടിൽ, കിണർ കുഴിച്ചു ചെന്നപ്പോൾ കണ്ടെടുത്തതാണത്രേ ഈ  ഗുഹ . മാർബിളും , ചുണ്ണാമ്പു കല്ലുകളും ഒക്കെ പല പല ആകൃതികളിൽ രൂപപ്പെട്ടിരിയ്ക്കുന്നു . തുരന്നു കിട്ടിയതത്രയും പ്രദർശനത്തിനായി സൗകര്യപ്പെടുത്തി വച്ചു. ആ പ്രദേശങ്ങളിൽ പലയിടങ്ങളിലും ഇതുപോലെയുള്ള ഗുഹകൾ കണ്ടെത്തിയിട്ടുണ്ട് .  ഉടമസ്ഥർ പലപ്പോഴും അത് മൂടിക്കളയാറാണ് പതിവ്. അല്ലെങ്കിലും  അവനവന്റെ വീടാകുമ്പോൾ  ചരിത്രകൗതുകങ്ങളെക്കാൾ പ്രസക്തി   വർത്തമാനകാല പ്രാരാബ്ധങ്ങൾക്കു  തന്നെയല്ലേ.


ഗുഹയിൽ നിന്നും: Xerris groto
എന്നാലും ഒന്നിൽകയറി മറ്റൊന്നിലേക്കു തുറന്നു പോകുന്ന ഭൂമിക്കടിയിലെ  ഈ പാതാളവഴികൾ  ആരെയും മോഹിപ്പിച്ചുകളയും. ഏതാണ്ടീ സമയമാവണം തായ്‌ലൻഡിൽ കുട്ടികൾ ഗുഹയിൽ കുടുങ്ങി പോയതും . കുട്ടികൾ എന്തിനാണ് ഗുഹയിൽ കയറിയതെന്നതൊന്നും ഒരു ചോദ്യമേയല്ല. ആർക്കാണ് കയറാൻ തോന്നാത്തത് !

കുന്നിൻ പുറത്തു നിന്നും ചെങ്കുത്തായ വഴിയാണ് താഴെ 'റാംല' (Ramla Bay ) ബീച്ചിലേക്ക് . സാഹസികമായ ഇറക്കം. താഴെയെത്തിയാലോ  ആഴം തീരെയില്ലാത്ത കടൽ. കടലാഴമൊക്കെ പണ്ടേയ്ക്കുപണ്ടേ   കുന്നിറങ്ങിപ്പോയിട്ടുണ്ടാവണം. എന്നെപ്പോലെയുള്ള ധൈര്യശാലികൾക്കായി പ്രകൃതി കനിഞ്ഞു നൽകിയ ബീച്ചാണ്. ക്യാമ്പിംഗ് വാനുകളിൽ തീരത്തു കുടുംബങ്ങൾ തമ്പടിച്ചിരുന്നു. പാറകളിലൊക്കെ   അടുപ്പുകൂട്ടിയതിന്റെ കരിക്കട്ടകൾ ധാരാളം . വെള്ളത്തിൽ മുങ്ങി  അടിയിലെ വെള്ള മണൽ കണ്ണുതുറന്നു കാണാൻ കൂട്ടുകാരി നിർബ്ബന്ധിച്ചു കൂടെനിന്നു. മുങ്ങി ശീലമില്ലാത്തതിനാൽ (സത്യമായിട്ടും  ! ) കുറച്ചു  വെള്ളം അറിയാതെ രുചിക്കുവാനും  ഭാഗ്യമുണ്ടായി.  പ്രണയക്കടലിലാകെ കണ്ണീരുപ്പു കലർന്നിരിക്കുകയാണ്. ഒരുപാട് ഉപ്പുരസമുള്ള വെള്ളം. അതിൻ്റെ തെളിച്ചം കൊണ്ടാണോന്നറിയില്ല, നല്ല  ഭംഗിയായിരുന്നു, തിളങ്ങുന്ന  നീല വെള്ളത്തിന്റെ അടിയിലെ  പഞ്ചാരത്തരികൾ കാണാൻ !.

നീന്തൽ പഠിക്കാനുള്ള ആഗ്രഹം പൊടിതട്ടിയെടുത്തുകൊണ്ടാണ് കര കയറിയത് . കരയിലെ കുന്നിൻ പുറങ്ങളിലൊക്കെ  ഒന്നു നടക്കാൻ തോന്നി. 'പോയിട്ടുവാ , പിള്ളേരെ ഞങ്ങൾ നോക്കിക്കോളാം എന്ന മോഹവചനങ്ങൾ കേട്ടു പെണ്ണുങ്ങൾ കുന്നു കയറിത്തുടങ്ങുമ്പോൾ, 'ഇപ്പൊ ശരിയാക്കിത്തരാം' എന്ന മട്ടിൽ സച്ചുക്കുട്ടൻ പുറകെ ഓടാൻ തുടങ്ങി , കുട്ടിയെ പിടിക്കാനുള്ളവർ അവനു  പുറകെയും. എല്ലാവരെയും ഒക്കത്തെടുത്തുകൊണ്ടു ഭൂമിപ്പെണ്ണും  ഓട്ടം തന്നെയാണ് . പതുക്കെ ഇരുട്ടു വീണുതുടങ്ങി.

രാത്രി ഫെറിയിൽ  തിരിച്ചു വരുമ്പോൾ കടലും ആകാശവും നീലപ്പുതപ്പിലുറങ്ങിക്കഴിഞ്ഞിരുന്നു . താഴെയും മുകളിലും കാവൽ വിളക്കുകൾ കൂട്ടിരിക്കുന്നു. അടുത്ത പുലർച്ചയിൽ  മാൾട്ടയോടു വിടപറഞ്ഞു ഞങ്ങളും മടങ്ങി . വേണ്ടെന്നുവച്ചിട്ടും, അറിയാതെ   കുറച്ചു നീലിമ മനസ്സിൽ കയറിപ്പോയതുപോലെ .


Comments

Popular posts from this blog

ഇറ്റലി വിശേഷങ്ങൾ : ഫ്ലോറൻസ്

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്