ഇറ്റലി വിശേഷങ്ങൾ : വത്തിക്കാനും റോമാ നഗരവും


റോമാ നഗരം  


റോമിലേക്കു ഫ്ലോറൻസിൽ നിന്നും  ഒന്നര മണിക്കൂറേ ഉണ്ടായിരുന്നുള്ളൂ. റോമാ ടെർമിനൽ  സ്റ്റേഷനിൽ നിന്നും മെട്രോ എടുത്തു വേണം ഞങ്ങൾ താമസിക്കാൻ ബുക്ക് ചെയ്ത വീട്ടിലേക്കു പോകാൻ. ഇറ്റലിയിലേക്ക് വരുമ്പോൾ തന്നെ എല്ലാവരും ഓർമ്മിപ്പിച്ചതാണ്  പോക്കറ്റടി സൂക്ഷിക്കണമെന്ന്. പാരീസും ഒട്ടും പിന്നിലല്ല ഇക്കാര്യത്തിൽ. മെട്രോയിൽ കയറുന്ന തിരക്കിൽ പോലീസിനെ പോലെ വേഷം ധരിച്ച രണ്ടു പെൺകുട്ടികൾ ബാഗ് ശ്രദ്ധിക്കൂ എന്ന് പറയുന്നത് കേട്ടു. തുടർന്ന് ഒരു ബഹളവും. അവർ കയറാതെ പിന്തിരിയുന്ന കൂട്ടത്തിൽ ഞങ്ങളുടെ  പെട്ടിക്കു ഒരു ചവിട്ടും. അകത്തു കയറി ചോദിച്ചപ്പോളാണ്. ബാഗ് ശ്രദ്ധിക്കൂ എന്ന് ശ്രദ്ധ മാറ്റി, ജോസെഫിന്റെ പോക്കറ്റിൽ കയ്യിട്ടത്രേ. പെൺകുട്ടികളെ മാത്രമല്ല, പോക്കറ്റ് കൂടി ശ്രദ്ധിച്ചത് കൊണ്ടു ജോസഫിന്റെ പഴ്‌സ് പോയില്ല. അതിന്റെ വിഷമത്തിൽ ആണ് പെട്ടിക്കു ചവിട്ടു തന്നിട്ടു ഓടിയത്.  ഇവിടെ പോക്കറ്റടി വിദഗ്ധർ സ്ത്രീകളാണ് പോലും. എന്തായാലും പിന്നീടങ്ങോട്ട് എല്ലാവരും ഒന്നു  കൂടി കരുതലിൽ ആയിരുന്നു.

റോമിൽ ബുക്ക് ചെയ്ത അപ്പാർട്ട്മെന്റിന്റെ ഉടമ 'നിക്കോള'  ഞങ്ങൾക്കു വീട്ടിലെത്താനുള്ള വഴിയും നിർദ്ദേശങ്ങളും എല്ലാം  നേരത്തെ തന്നെ മെയിൽ അയച്ചു തന്നിരുന്നു. വീട്ടിൽ ആളില്ലെങ്കിൽ വീടുതുറക്കാൻ താക്കോൽ എവിടെ ഒളിപ്പിച്ചിട്ടുണ്ടെന്നുള്ള വിവരം  വരെ. ഫ്ലോറൻസിലെ   താമസത്തിന്റെ വിഷമം മാറ്റാനെന്ന പോലെ നല്ലൊരു താമസം റോമിൽ തരപ്പെട്ടു. 'മാർത്ത'യുടെയും 'നിക്കോളയു'ടെയും എന്ന പേരിൽ രണ്ടു ചെറിയ അപ്പാർട്മെന്റുകൾ ചേർത്തുവച്ച ഒരു അപ്പാർട്മെന്റ്.  ഓരോന്നിലും  ഒരു കൊച്ചു കുടുമ്പത്തിനുള്ള എല്ലാ സൗകര്യങ്ങളും  ഉണ്ട്.  ഓരോ ബോർഡിൽ മുൻപ് വന്നു താമസിച്ചവർ നല്ല നല്ല അഭിപ്രായങ്ങൾ എഴുതിയിട്ടിരിക്കുന്നു. താമസക്കാർ പാലിക്കേണ്ട ഒരേ ഒരു റൂൾ വീടിനെ ബഹുമാനിക്കൂ എന്നത് മാത്രം.

തൊട്ടു താഴെയുള്ള തെരുവിലെ കടകളിൽ നിന്നും  അവശ്യ സാധങ്ങൾ കൂടി വാങ്ങി ഞങ്ങൾ താമസം തുടങ്ങി. പ്രാതലും അത്താഴവും വീട്ടിൽ തന്നെ വച്ചു. ഉച്ചയ്ക്ക് മാത്രം പുറത്തു നിന്ന് കഴിച്ചു. യാത്രാ ക്ഷീണം എല്ലാം ഉറങ്ങി തീർത്തു രാവിലെ വത്തിക്കാൻ കാണാനിറങ്ങി.

അരളിപ്പൂക്കൾ വിടർന്നു നിൽക്കുന്ന വഴിയോരങ്ങൾ. വത്തിക്കാനിലേയ്ക്ക് ബസിൽ പോകാം. ബസിൽ തന്നെ ടിക്കറ്റ് വിൽക്കുന്ന പരിപാടി ഇവിടെ ഇല്ല . പുറത്തുള്ള ചില കടകളിലോ, ടിക്കറ്റ് മെഷീനിലോ നിന്ന് ടിക്കറ്റ് വാങ്ങിയിട്ടു വേണം ബസിൽ കയറാൻ. ഇതറിയാതെ ഒരു പ്രാവശ്യം കയറി ടിക്കറ്റ് ഇല്ലാതെ യാത്രയും ചെയ്തു. പലരും ടിക്കറ്റ് സ്വൈപ്പ് ചെയ്യുന്നതൊന്നും  കണ്ടില്ല.

പ്രധാന കവാടം കണ്ടുപിടിച്ചു അകത്തു കടന്നപ്പോൾ മുതൽ 'സ്കിപ് ദി ലൈൻ  ഗൈഡഡ് ടൂർ' വേണോ എന്ന് ഒരുപാടു പേര് വന്നു ചോദിച്ചു കൊണ്ടേയിരുന്നു. ടിക്കറ്റ് ഉണ്ടെന്നു പറഞ്ഞപ്പോൾ പറഞ്ഞു, 'ടിക്കറ്റ് ഉണ്ടെങ്കിലും ഈ ക്യൂ നിൽക്കാതെ പറ്റില്ല, ഞങ്ങൾക്ക്   സ്‌പെഷ്യൽ  എൻട്രൻസ് ഉണ്ട്, കുട്ടികളുമായി നിന്നു ബുദ്ധിമുട്ടാതെ കൂടെ വരൂ, ഒരു 120 യൂറോ തന്നാൽ മതി എന്ന്' , എന്തൊരു സ്നേഹം!  ടിക്കറ്റ് നേരത്തെ എടുത്തത് തന്നെ ക്യൂ നിൽക്കേണ്ടി വരില്ലെന്ന് കരുതി ആണ്. സംശയം ബലപ്പെട്ടപ്പോൾ ജോസഫ് മ്യൂസിയത്തിലേക്കുള്ള വഴി വേറെ ആണെന്ന് എവിടെയോ പോയി തിരക്കിയെറിഞ്ഞു.  അവിടെ കണ്ടത് പള്ളിയിലേക്കുള്ള നിരയാണ്. പുറത്തിറങ്ങി മ്യൂസിയത്തിന്റെ കവാടത്തിലേക്ക് നടന്നു. സെക്യൂരിറ്റി ചെക്കിങ് ഉണ്ട്. വലിയ സ്‌ക്രീനിൽ പോപ്പ് കുട്ടികളോട് ചിരിച്ചുകൊണ്ടു വർത്തമാനം പറയുന്ന വീഡിയോ കാണാം .

വത്തിക്കാൻ മ്യൂസിയം 
ഒരു മ്യൂസിയം എന്നല്ല, കുറെ മ്യൂസിയങ്ങൾ ഒരുമിച്ചു കണ്ടതുപോലെ, ഈജിപ്തിലെ മമ്മികളിൽ തുടങ്ങി, ചരിത്രവഴികളിൽ പല നാടുകളിലൂടെ, പല മാസ്റ്റർപീസുകളിലൂടെ, അങ്ങനെ നീണ്ടു കിടക്കുന്നു. 'ഗൈഡഡ് ടൂർ' ആണ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നതിന് പലപ്പോഴും തോന്നി. പല ശില്പങ്ങളുടെയും ഇംഗ്ലീഷ് വിശദീകരണങ്ങൾ മാഞ്ഞു പോയിട്ടുണ്ട്. അതൊന്നും ആരും ശരിയാക്കിയിട്ടില്ല. ഈ മ്യൂസിയത്തിലെ ഓരോ ശില്പത്തിന്റെ/ചിത്രത്തിന്റെ മുന്നിലും ഒരു മിനിറ്റ് വച്ച് നിന്ന് കാണാൻ തുനിഞ്ഞാൽ , പൂർത്തിയാകാൻ നാലു വര്ഷം വേണ്ടി വരുമെന്ന് എവിടെയോ വായിച്ചിരുന്നു.

വത്തിക്കാൻ മ്യൂസിയം. ലോക ഭൂപട ഇടനാഴി 
ഗാലറികൾ കയറിയിറങ്ങി ശില്പങ്ങളും ചിത്രങ്ങളും കഴിഞ്ഞു  പഴയ ലോക ഭൂപടങ്ങൾ കണ്ടു തുടങ്ങി . ഒരു ഇടനാഴിയുടെ ഇരുവശങ്ങളിലും പഴയ ലോക ഭൂപടങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മുകളിൽ അതിലേറെ ചിത്രവിസ്മയം. നടന്നു നടന്നു അവസാനം 'സിസ്റ്റീൻ ചാപ്പൽ' എന്ന ലക്ഷ്യത്തിലെത്തി. പോപ്പിന്റെ തിരഞ്ഞെടുപ്പും മറ്റും നടക്കുന്ന സ്ഥലമാണ്. അവിടെയാണ് 'മൈക്കലാഞ്ജലോ' അതിശയകരമായ ചുവർ ചിത്രങ്ങൾ ചെയ്തിരിക്കുന്നത്.  അതും മുകളിലെ സീലിങ്ങിൽ. ബൈബിൾ പഴയനിയമ കഥകൾ ഓരോന്നും ചൂണ്ടി 'മറിയ' വിശദീകരിച്ചു തന്നു. എല്ലാവരും മുകളിലേയ്ക്കു നോക്കി ചിത്രകഥകൾ ആസ്വദിച്ചു നിൽപ്പാണ് . ഒരു വശത്തു ഭിത്തിയിൽ പ്രശസ്തമായ 'ലാസ്‌റ്  ജഡ്ജ്മെന്റിന്റെ' ഒറിജിനൽ പെയിന്റിങ്ങും ഉണ്ട്. സൂക്‌ഷിച്ചു സൂക്ഷിച്ചു നോക്കുന്തോറും വിശദാംശങ്ങൾ വെളിപ്പെടുത്തി തരുന്ന വലിയ ചിത്രം.  

അവിടെ നിന്നിറങ്ങുമ്പോൾ പ്രധാന പള്ളിയായ 'സെന്റ് പീറ്റേഴ്സ് ബസിലിക്ക'  തൊട്ടടുത്താണ്. ഗൈഡഡ് ടൂറുകാർക്ക് നേരെ കേറാം എന്നു കണ്ടു.  മറ്റുള്ളവരുടെ കാര്യം ആരും പറഞ്ഞു കേട്ടില്ല. മുന്നിൽ തുറന്നു കണ്ട വഴിയിലൂടെ ഞങ്ങളും കയറി. 


സൈന്റ്റ് പീറ്റേഴ്സ് ബസിലിക്ക 
വത്തിക്കാനിലെ മുട്ടൻ പള്ളി എന്ന് കേട്ടിട്ടേയുള്ളു. അതിത്ര വലുതാണെന്ന് ഊഹിച്ചിട്ടു പോലുമില്ല. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥ കഥകൾ ഓർമ്മവന്നു. ഒരുപാടു വിശ്വകർമ്മാവുമാർ  പണിതീർത്ത , അലങ്കാരങ്ങളുടെ അവസാന വാക്ക് എന്നൊക്കെ പറയാവുന്നത് പോലെ ഒരു വിസ്മയക്കൊട്ടാരം. മ്യുസിയം കണ്ടു തന്നെ കണ്ണിന്റെ കൃഷ്ണമണി വിടർന്നൊരു പരുവമായിരിക്കുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ നോക്കി കുഴഞ്ഞു എന്ന് ചുരുക്കി പറയാം. യേശുവിന്റെ പ്രധാന ശിഷ്യനും ആദ്യ പോപ്പുമായ 'സൈന്റ്റ് പീറ്ററിന്റെ' അന്ത്യവിശ്രമസ്ഥലത്താണ്‌  പ്രധാന അൾത്താര. പ്രഭാപൂരിതമാണ് ഇവിടം. ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തെ എക്കാലവും അടയാളപ്പെടുത്തി നിൽക്കുന്ന  ഒരു നിർമ്മിതി.

സൈന്റ്റ് പീറ്റേഴ്സ് ബസിലിക്ക അൾത്താര. 
മലയാളം പറയുന്ന ഒരു അപ്പച്ചനും അമ്മച്ചിയും എല്ലാ നടയിലും തിരിഞ്ഞു   നിന്ന് സെൽഫി എടുക്കുന്നതു കണ്ടു. അപ്പച്ചന് ദേഷ്യം വരുന്നുണ്ട്. അമ്മച്ചി വിടുന്ന മട്ടില്ല, "ഇവിടൊക്കെ കണ്ടെന്നൊരു തെളിവ് വേണ്ടേന്ന്!" .

വലതു വശത്തു ചാപ്പലിൽ, മൈക്കലാഞ്ജലോയുടെ  പ്രശസ്തമായ ഒരു ശില്പമുണ്ട്, ക്രൂശിതനായ മകനെ മടിയിലെടുത്തിരിക്കുന്ന മാതാവിന്റെ രൂപം.  സഹനത്തിന്റെ പ്രതീകം. ഒരുപാടു പ്രത്യേകതകളുള്ള ശില്പമാണ്. ഇതിൽ മാത്രമാണ്  ശില്പി തന്റെ പേര് കൊത്തിയിട്ടുള്ളതും. അവിടെ ആകെ തിരക്കാണ്. മറിയ മുന്നിലേക്ക് ഊളിയിട്ടുപോയി. ഞങ്ങൾ കുറച്ചു മാറി കാത്തു നിന്നു . നടന്നും  വിശന്നും ക്ഷീണിച്ചിട്ടാവണം സച്ചുക്കുട്ടൻ  ചമ്രം പടിഞ്ഞു നിലത്തിരുന്നു. ജോസഫും അവനു കൂട്ടിരുന്നു. അപ്പോഴാണ് രണ്ടു പോലീസുകാർ എവിടുന്നോ വന്നു ഇവിടെ ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞത്. ജോസഫെണീറ്റു കാര്യം ചോദിച്ചപ്പോൾ ഇറ്റാലിയനിൽ എന്തൊക്കെയോ പറഞ്ഞു, ഇതു പിക്‌നിക് സ്ഥലമല്ല ഇരിക്കാൻ എന്നോ മറ്റോ ആണ്. അതും പോരാഞ്ഞു കുട്ടിയും ഇരിയ്ക്കാൻ പാടില്ലെന്നു പ്രഖ്യാപിച്ചു  നടന്നകന്നു. അവരുടെ നോട്ടം കണ്ടപ്പോഴേ സച്ചു എണീറ്റ് എന്റെ ഒക്കത്തു കയറി സുഖമായി ഇരുന്നു. ഇവിടെ നിന്ന് എണീപ്പിക്കാൻ ഇവർക്കാവില്ലല്ലോ.

'ഇതെന്തു നിയമം?' ജോസഫിന് ദേഷ്യം വന്നു തുടങ്ങി . 'വരുന്നവർ മുഴുവൻ ഇവിടെ ഇരിയ്ക്കാൻ തീരുമാനിച്ചാൽ ബുദ്ധിമുട്ടാവില്ലേ, അതു കൊണ്ടാവും' എന്ന് ഞാൻ വെറുതെ സമാധാനിപ്പിച്ചു. മതമേതായാലും ദൈവത്തിന്റെ ആൾക്കാരോട് മനുഷ്യർ വഴക്കിനു പോകാതിരിക്കുന്നതാണ് നല്ലത്. വെളിയിലിപ്പോഴും മാർപ്പാപ്പ കുട്ടികളെ ഓമനിക്കുന്ന വീഡിയോ തുടരുന്നുണ്ടാകും. അതാണ് ഒരു സമാധാനം. സച്ചൂക്കുട്ടനേം എടുത്തു കൊണ്ടിറങ്ങുമ്പോൾ , കർത്താവിനെ മടിയിലേറ്റിയ മാതാവിനെ ഒന്ന് കൂടി നോക്കി,  അവിടെ   തിരക്ക്  ഒഴിയുന്നേയില്ല. .

സ്വിസ് കാവൽ ഭടൻ 
പുറത്തുള്ള പടിയിൽ  നിറയെ നടന്നു ക്ഷീണിച്ചവർ സീറ്റ് പിടിച്ചിരിയ്ക്കുന്നു. അവിടെയും ഇടയ്ക്കിടെ ആളൊഴിപ്പിക്കുന്നുണ്ട്. വെളിയിൽ പ്രത്യേകമായ  വേഷത്തിൽ സ്വിസ് ഭടന്മാരുണ്ട്. അവരാണത്രെ ഇവിടത്തെ കാവൽ ഭടന്മാർ. അകത്തു കണ്ടവർക്ക് ഈ വേഷമായിരുന്നില്ല.


വത്തിക്കാൻ പള്ളി മുറ്റത്തെ വേദി.


പള്ളിമുറ്റത്തു മാർപ്പാപ്പ ഭക്തജനങ്ങളെ അഡ്രസ് ചെയ്യുന്ന വേദി. തുടർന്ന് കൊട്ടാരക്കെട്ടിന്റെ വിശാലമായ മുറ്റം. അകത്തേക്ക് പോകാൻ നിന്നപ്പോൾ ടൂർ ഗൈഡുകൾ വന്നു പൊതിഞ്ഞെങ്കിൽ തിരികെ പോകുമ്പോൾ ഭിക്ഷ ചോദിച്ചു പലരും വന്നു. ദേവാലയമാണെങ്കിൽ പോലും ഇവിടെ ഇതൊട്ടും പ്രതീക്ഷിച്ചില്ല. ലോകമെമ്പാടുമുള്ള അശരണർക്കു സംരക്ഷണത്തിനായി ദൂതരെ അയക്കുന്നതിൽ കേൾവികേട്ട  സ്ഥലമാണ്.  പൂന്തോട്ടങ്ങളും മറ്റുമായി ഇനിയും ഒരുപാട് കാണാൻ ഉണ്ടായിരുന്നെകിലും എല്ലാവര്ക്കും ക്ഷീണമായി. നേരം നാലുമണി ആയിട്ടുണ്ടാകും. വത്തിക്കാനോടു യാത്ര പറഞ്ഞു പുറത്തിറങ്ങി. റോഡിനപ്പുറം ചെറിയ ചില  കടകൾ ഉണ്ട്. ഉച്ചയ്ക്കു കഴിക്കാത്തതിനാൽ നല്ല വിശപ്പും. ഇത്തരം തട്ടു കടകളിൽ ഫ്രോസൺ  ഭക്ഷണം ചൂടാക്കി തരുന്ന പരിപാടി ആണെന്ന് കഴിച്ചു തുടങ്ങിയപ്പോൾ മനസിലായി. വിശപ്പിനു തൽക്കാല ശാന്തി വരുത്തി , പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. 

വത്തിക്കാനിൽ നിന്നും തിരികെയുള്ള  ബസ് റൂട്ടിൽ തന്നെ ആണ്  റോമാ സാമ്രാജ്യത്തിന്റെ പഴയ ഏടുകൾ . ഏറെ കൗതുകകരമായ കാഴ്ചകൾ. ഇടയിൽ വേഷപ്രച്ഛന്നരായ ആൾക്കാരും , ചിത്രം വരച്ചു കൊടുക്കുന്നവരും ഒക്കെ ഉണ്ട്. ദൂരെ സ്വാമി വേഷത്തിൽ താടിയും കാഷായ വേഷവും ഒക്കെ ധരിച്ചു ഒരാൾ  ഇരിക്കുന്നതും ശ്രദ്ധിച്ചു.

വീട്ടിലെത്തി കുളിച്ചു ഓരോ കാപ്പിയൊക്കെ കുടിച്ചു ബൗദ്ധിക ചർച്ചകൾ ആരംഭിച്ചു. കൂട്ടത്തിൽ അത്താഴവും തയ്യാറായി. ചർച്ചകൾ കടുപ്പിക്കാൻ കുട്ടികൾ സമ്മതിക്കാത്തത് കാരണം എല്ലാവരും മര്യാദയ്ക്ക് ഭക്ഷണം കഴിച്ചുറങ്ങി.

അടുത്ത ദിവസം രാവിലെ തന്നെ റോമാ സാമ്രാജ്യത്തിലേക്ക് പുറപ്പെട്ടു . ബസ്സിൽ  'കൊളോസിയം' സ്റ്റോപ്പിൽ ഇറങ്ങി.

'കൊളോസിയം' 
റോമാ നാഗരികതയുടെ പടുകൂറ്റൻ തീയേറ്റർ . അകത്തു കയറാൻ ടിക്കറ്റ് നേരത്തെ എടുത്തിരുന്നു. ഇവിടെയും ഒരു ക്യൂവിൽ നിന്നപ്പോൾ, 'സ്‌കിപ് ദി ലൈൻ ഗൈഡഡ് ടൂർ' വേണോ എന്ന് ചോദിച്ചു ഒരാൾ വന്നു. വേണ്ടെന്നു പറഞ്ഞെങ്കിലും ടിക്കറ്റ് ഉള്ള സ്ഥിതിക്ക് നേരെ പോകാമെന്നും അതിനുള്ള വഴിയും കാണിച്ചു തന്നു. അതാണ് മര്യാദ. വത്തിക്കാനിൽ നേരെ തിരിച്ചായിരുന്നു അനുഭവം. കുറേപ്പേരോട്  ചോദിച്ചെങ്കിലും, ശരിയായ വഴി പറഞ്ഞു തരാൻ ആരും നിന്നില്ല. 


കൊളോസിയത്തിന്റെ ഉൾഭാഗം   
കൊളോസിയത്തിനകത്തു കയറി. മനുഷ്യരും മൃഗങ്ങളും നേർക്ക് നേർ പോരാടിയ റോമൻ വിനോദ പ്രകടന വേദി. ഏതാണ്ട് എഴുപത്തിനായിരത്തോളം കാണികളെ ഉൾക്കൊണ്ടിരുന്ന   വേദിയുടെ വിവിധ ഭാഗങ്ങൾ, വിവിധ നിലകളിൽ ഗംഭീരമായി അവശേഷിക്കുന്നു.  മൃഗങ്ങളെ ഒക്കെ വളർത്തിയിരുന്ന ഭൂഗർഭ അറകൾ കുഴിച്ചു തുറന്നിട്ടിട്ടുണ്ട്.  മേൽത്തട്ടിൽ കുറച്ചു ഭാഗം ഇപ്പോഴും ചെറിയ പരിപാടികൾ   ഒക്കെ നടത്താൻ ഒരുക്കിയിട്ടിരിക്കുന്നു. അവിടെ തന്നെ ഉള്ള ബുക്ക്സ്റ്റാളിൽ നിന്നും റോമാ സാമ്രാജ്യ കഥകൾ മനോഹരമായി വിശദീകരിക്കുന്ന  പുസ്തകങ്ങളും വാങ്ങി.  ഭൂകമ്പത്തിൽ പറ്റിയ കേടുപാടുകൾ കൂടാതെ, ഇവിടെ നിന്ന് കല്ലുകൾ അടർത്തി മറ്റു നിർമ്മാണങ്ങൾക്കു ഒരു കാലത്തു ഉപയോഗിക്കുകയും ചെയ്യാറുണ്ടായിരുന്നുവത്രേ . ഇപ്പൊൾ പൈതൃക സ്വത്തായി കണ്ടു  സംരക്ഷിച്ചു വരുന്നു. ലക്ഷക്കണക്കിന് സന്ദർശകർ വന്നു കണ്ടു പോകുന്നു നിത്യേന.

റോമൻ ഫോറം 
പുറത്തിറങ്ങിയപ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. ഇഷ്ടം പോലെ നടന്നു കാണാനായി പുരാതന റോമാ നഗരം  കുഴിച്ചെടുത്തിട്ടിരിക്കുകയാണ് ചുറ്റിലും. അഗ്നിപർവതലാവയുറഞ്ഞുണ്ടായ കല്ലുകൾ കൊണ്ടുവന്ന് പാകിയ വഴികൾ. അക്കാലത്തെ ഫ്ലാറ്റുകളുടെ, വില്ലകളുടെ,  പൊതു വേദികളുടെ, ക്ഷേത്രങ്ങളുടെ ഒക്കെയും അവശിഷ്ടങ്ങളാണെമ്പാടും.  നഗര നിർമ്മാണവും പാലനവും റിപ്പബ്ലിക്കൻ ആശയങ്ങളും ഗംഭീരമായി നടപ്പാക്കി കൊണ്ടിരുന്ന സാമ്രാജ്യത്തിന്റെ  ബാക്കിപത്രങ്ങൾ.   രണ്ടായിരത്തോളം വര്ഷങ്ങള്ക്കു മുൻപാണെന്നതാണ് കൗതുകം. നമുക്കന്ന് കേരളക്കരയിൽ ആദിചേരവംശ കാലം. ബ്രിട്ടീഷുകാർക്കും മുഗളർക്കും മുൻപ് മാത്രമല്ല, ആര്യാധിനിവേശത്തിനും മുൻപുള്ള സുവർണ്ണ കാലം. റോമുൾപ്പടെ വിവിധ സാമ്രാജ്യങ്ങളുമായി സുഗന്ധവ്യഞ്ജനങ്ങളുടെ, പട്ടുതുണികളുടെ, ആഭരണങ്ങളുടെ  വാണിജ്യം പൊടിപൊടിച്ചിരുന്ന കാലം. ഇന്നത്തെ മലയാളികൾ ശരിക്കൊന്നു  'ഘർ വാപസി' നടത്തിയാൽ ഹിന്ദുവും കൃസ്ത്യനും മുസൽമാനും ആകുന്നതിനു  മുൻപ് ഓരോ കരക്കാരായി ചേർന്നു പ്രവർത്തിച്ചിരുന്ന സംഘ സംസ്കാരത്തിലെ ദ്രാവിഡനാകും. ആ തിരിച്ചറിവിൽ മഹാബലി നമ്മുടെ ചേരരാജാവു തന്നെയാകുന്നു. ഓണക്കാലത്ത് ഇവിടെയെത്തിയതിൽ ഒരു സന്തോഷം തോന്നി. ഓണാട്ടുകരയിലിപ്പോൾ   ഉത്രാടപ്പാച്ചിൽ തുടങ്ങിക്കാണണം.


ധാരാളം പുരാതന ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു റോമിൽ. കുറെയൊക്കെ റോമൻ തീയിലും, ഭൂകമ്പത്തിലുമൊക്കെ തകർന്നു. മിച്ചമുള്ളവ ക്രിസ്ത്യൻ പള്ളികളായി മാറി. വിപ്ലവങ്ങളും അധിനിവേശ കഥകളും ഒരുപാടൊരുപാട് മാറിമറിഞ്ഞു കിടക്കുന്നു. പിൽക്കാലത്തു റോമാ സാമ്രാജ്യത്തിന്റെ പതനം അന്നത്തെ ചേരസാമ്രാജ്യത്തിലും സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയിരുന്നു എന്നു വായിച്ചു. അധിനിവേശങ്ങൾ കേരളത്തിലും എത്ര വന്നു മാഞ്ഞു. ലോകമൊട്ടുക്കു ഗോത്രാചാരങ്ങളിൽ നവോത്ഥാന നിയമങ്ങൾ പിടിമുറുക്കിയപ്പോൾ പണികിട്ടിയത് പണിയെടുക്കുന്നവർക്കും പെണ്ണുങ്ങൾക്കുമാണ്. അവരെ ചൂഷണം ചെയ്യുന്ന നിയമങ്ങൾ ആയിരുന്നു മതവിശ്വാസങ്ങളുടെ ഓരംപറ്റി  പതുക്കെപ്പതുക്കെ നടപ്പാക്കപ്പെട്ടത്. ഇപ്പോളെല്ലാം ചരിത്ര വിഷയങ്ങളാണ്. ചരിത്രം ഇങ്ങനെ കണ്ടു കെട്ടും  പഠിച്ചാൽ ഒരു താൽപ്പര്യം ഒക്കെ തോന്നും.  ഏതു ചരിത്ര വിരോധിക്കും.

ടെംപിൾ ഓഫ് വീനസ്  

നടന്നു ക്ഷീണിച്ചു ചെന്നിരുന്നതു ഒരു ദേവാലയത്തിന്റെ അടുത്തായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും പൊന്തി നിൽക്കുന്നു റോമാസാമ്രാജ്യ കാലത്തെ ഏറ്റവും വലിയ ദേവാലയം;  വീനസിന്റെ ദേവാലയം (Temple of Venus). സ്നേഹത്തിന്റെ ദേവിയായ വീനസും, റോമാ ദേവിയും ചേർന്നിരുന്ന രണ്ടു നടകളുള്ള ദേവാലയമായിരുന്നു ഇത് (ടെംപിൾ ഓഫ് വീനസ് ആൻഡ് റോമാ ).  ROMA എന്നത് തിരിച്ചിട്ടാൽ AMOR അഥവാ സ്‌നേഹം എന്ന് ലാറ്റിനിൽ.  'വീനസ്' കോളോസിയം ദർശനമാക്കിയും 'റോമാ' , റോമൻ നഗരവീഥിയെ ദർശനമാക്കിയും നിലകൊണ്ടു. അത്  റോമാ നഗരത്തിന്റെ പ്രതാപ കാലമായിരുന്നു. വിവിധ ചക്രവർത്തിമാർ റോമാ സാമ്രാജ്യത്തിന്റെ കീർത്തി പരത്തി. നഗരത്തെ വിഴുങ്ങിയ ദുരൂഹമായ അഗ്നിയിലും പിന്നീടുണ്ടായ  ഭൂകമ്പത്തിലും  ദേവാലയം പകുതിയും തകർന്നു. തുടർന്ന്  ക്രൈസ്‌തവാശയങ്ങളുടെ ആധിപത്യകാലം. ഭൂകമ്പത്തിനു ശേഷം റോമയുടെ നടചേർത്തു പുതിയൊരു പള്ളിയുയർന്നു. പിന്നിലെ 'വീനസി'ന്റെ നട അങ്ങനെതന്നെ  കുറെ കാലം കൂടി കിടന്നു. അവിടെ ഉണ്ടായിരുന്നു അലങ്കാരങ്ങൾ എല്ലാം തന്നെ നഷ്ടപ്പെട്ടു. മകുടത്തിൽ പതിച്ചിരുന്നു ചെമ്പു തകിടുകളും മറ്റും വത്തിക്കാനിലെ പള്ളിയുടെ നിർമാണത്തിന് വേണ്ടി അടർത്തിയെടുത്തുവെന്നും വായിച്ചു . അന്ന് ചരിത്രം സൂക്ഷിക്കുക എന്ന രീതിയിലൊന്നും ആൾക്കാർ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. ആ ചിന്തകൾ രൂപപ്പെട്ടു വന്നപ്പോളേക്കും ഇനി കുറച്ചു കല്ലും തൂണും ഒക്കെയേയുള്ളൂ  ബാക്കി. സീത മറഞ്ഞു പോയ അയോദ്ധ്യ പോലെ ഒരു സ്ഥലം.  ദേവിയെ കണ്ടില്ലെങ്കിലും ചൈതന്യത്തിന്റെ വിങ്ങൽ ബാക്കിയുണ്ട് കാറ്റിൽ. ദുഃഖവെള്ളി ദിവസങ്ങളിൽ പോപ്പിന്റെയോ പ്രതിനിധിയുടെയോ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥനകൾ നടത്താറുണ്ട് ഇപ്പോഴും.  മറ്റു സമയങ്ങളിൽ കോളോസിയത്തിന്റെ നല്ല ചിത്രങ്ങൾ കിട്ടാൻ വിനോദസഞ്ചാരികൾ വന്നു നിൽക്കുന്നു.

റോമൻ ഫോറത്തിൽ
പല ദൈവങ്ങളും പരിചിതരായിരുന്നു . സൂര്യനും നവഗ്രഹങ്ങളും, തീയും, കാറ്റും   സ്നേഹവും, ഭാഗ്യവും ഒക്കെ റോമക്കാർക്കും  ദേവകൾ ആയിരുന്നു. ഗ്രീക്ക് , റോമൻ ദൈവങ്ങളൊക്കെ തന്നെയും നാട്ടിലെ  ദൈവങ്ങളെ പോലെ പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നല്ലോ എന്ന് അതിശയിച്ചപ്പോൾ അപ്പൂസിന്റെ വിശദീകരണം . 'ആദിമ മനുഷ്യർ ആഫ്രിക്കൻ കാട്ടിലല്ലേ   തുടക്കം .  അവിടുത്തെ ദൈവ സങ്കല്പങ്ങളെല്ലാം  മനുഷ്യർക്കൊപ്പം യാത്ര ചെയ്തു പലയിടത്തെത്തിയെന്നേയുള്ളൂ'. ചരിത്രം അന്വേഷിച്ചു തിരിഞ്ഞു നടന്നാൽ ലോകമെമ്പാടുമുള്ള സകല  ജാതിമതസ്ഥരും സഹോദരങ്ങളായി പഴയ കാട്ടിലെത്തും എന്ന സത്യമാണ് സത്യം . അതുൾക്കൊള്ളാൻ കുട്ടികളുടെ മനസ്സ് വേണ്ടിവരും എന്ന് മാത്രം .പാന്തിയോൺ 

എല്ലാ ദൈവങ്ങൾക്കും കൂടി ഉള്ള ഒറ്റ ക്ഷേത്രമാണ് പാന്തിയോൺ. വിശുദ്ധമാതാവിന്റേയും ക്രൂശിതരുടെയും നാമത്തിൽ പിന്നീട് പള്ളിയായി മാറ്റപ്പെട്ടുവെങ്കിലും, ഇന്നും പൈതൃക സ്വത്തായി ഗവണ്മെന്റിന്റെ അധീനതയിൽ സംരക്ഷിക്കപ്പെടുന്നുണ്ടിവിടം. പ്രത്യേക രീതിയിലുള്ള നിർമ്മിതി. അകത്തു പ്രശസ്‌ത ചിത്രകാരനായ റാഫേലിന്റെ കല്ലറയുമുണ്ട്. കാലപ്പകർച്ചയിൽ കാര്യമായ കേടുപാടുകൾ കൂടാതെ സംരക്ഷിക്കാൻ സാധിച്ച ഒരു ദേവാലയം  കൂടി ആണിതു.

നഗരം കണ്ടു ഒരുപാട് നടന്നെങ്കിലും ഒട്ടും മുഷിഞ്ഞില്ല. കുന്നും തടങ്ങളും കയറി ഇറങ്ങി പുതിയ കാലത്തിന്റെയും പഴയ കാലത്തിന്റെയും വരമ്പിലൂടെയുള്ള നടത്തം.  വഴിയിൽ പലയിടത്തും പാട്ടുകാർ പാടുന്നു. തലേദിവസം ബസിലിരുന്ന കണ്ട സ്വാമിയെ വീണ്ടും കണ്ടില്ല, പകരം മാർപ്പാപ്പയുടെ വേഷം ധരിച്ചു ഒരാൾ ഇരിക്കുന്നു. ഒരുപക്ഷേ അയാൾ തന്നെ പുതിയ വേഷത്തിൽ എത്തിയതാവാം. രണ്ടായാലും അന്നന്നത്തെ ആഹാരത്തിനു വേണ്ടിയുള്ള വേഷമാണ്. പുഞ്ചിരിച്ചു, കയ്യുയർത്തി വഴിയാത്രക്കാരെ അനുഗ്രഹിച്ചു കൊണ്ടിരിയ്ക്കുന്നു. കഥകൾ പറയുന്ന പുരാതന സാമ്രാജ്യത്തിൽ കുട്ടികൾ ഒളിച്ചു  കളിച്ചു കൂടെ നടന്നു.

വൈകിട്ട് വീട്ടിൽ എത്തി ഒരു കേക്കു മുറിക്കാനുള്ള ഒരുക്കം. 'റിയാന'ക്കുട്ടിയുടെ പിറന്നാളാണ്. കുട്ടികൾ നിരന്നു നിന്ന് പത്തുപതിനൊന്നു മെഴുകുതിരി ഒക്കെ കത്തിച്ചു വച്ചതും സച്ചുക്കുട്ടൻ ഒറ്റ ഊതൽ. എല്ലാവരും അന്തം വിട്ടു നിന്ന ഒരു നിമിഷം , കെടാതെ ബാക്കി നിന്ന മെഴുകുതിരിയും ഊതിക്കെടുത്തി വീണ്ടുമവൻ മാതൃകയായി. പരിപാടി വീണ്ടും ഒന്നേന്നു തുടങ്ങി.  റോമൻ ചിത്ര കഥാ പുസ്തകങ്ങളുടെ സമ്മാനവും കുട്ടികൾക്കിഷ്ടമുള്ള ജാപ്പനീസ് 'രാമനും' (Ramen Noodles ) എത്തിയതോടു കൂടി എല്ലാവർക്കും സന്തോഷമായി . വീട്ടിലേയ്ക്കുള്ള വഴിയരികിൽ ഒരു വീട്ടുകാർ തന്നെ നടത്തുന്ന ജാപ്പനീസ് ഭക്ഷണ ശാല  കുട്ടികൾ ആദ്യം തന്നെ നോട്ടമിട്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഇറ്റലി  നിരാശപ്പെടുത്തിയില്ല. (അകെ ഒരു  തട്ടുകട മാത്രമേ അപവാദമായി തോന്നിയുള്ളൂ)  എല്ലാത്തരം ഭക്ഷണവും തനതു രുചികളിൽ തന്നെ കിട്ടും.  കാലാവസ്ഥയും കുറച്ചു ചൂടുള്ളതായതു കൊണ്ടാവാം എരിവും പുളിയുമൊക്കെ ഇവരുടെ ഭക്ഷണത്തിനുണ്ട്. ഇറ്റാലിയൻ സീസണിങ്ങിൽ നല്ല കാന്താരി ഉണക്കി പൊടിച്ചു ചേർത്തിട്ടുണ്ട്.  'പിസ'യാണെങ്കിൽ  തൂക്കത്തിനാണ് വില. റെസ്റ്റോറന്റിലെ  ആൾക്കാരും പ്രസന്ന വദനരാണ്.   

പിറ്റേന്ന് മടക്കം. തിരുവോണ ദിവസമാണ്. മിച്ചമുള്ള പാലെല്ലാം കുടിച്ചു വറ്റിച്ചു, അരിയും ഉപ്പും ഒക്കെ പൊതിഞ്ഞു ഇനി വരുന്നവർക്ക് വേണ്ടി വച്ചു,   ബോർഡുകളിൽ  മലയാളത്തിൽ നന്ദി എഴുതി ചേർത്തു. വീടെല്ലാം വൃത്തിയാക്കി താക്കോൽ 'നിക്കോള' പറഞ്ഞ സ്ഥലത്തൊളിപ്പിച്ചു അവിടെ നിന്നിറങ്ങി.  വിശ്വാസം അതല്ലേ എല്ലാം.

--------------------------------------
Comments

Popular posts from this blog

നീല ദ്വീപുകളിലൂടെ : മാൾട്ട കാഴ്ചകൾ

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ............."