ഇറ്റലി വിശേഷങ്ങൾ : ഫ്ലോറൻസ്


ഫ്ലോറൻസ് - അർണോ നദിയുടെ തീരം  
"ഇറ്റലി കാണാൻ വരുന്നോ ?" പണ്ടെന്നോ സുഹൃത്തായ ജോസഫ് ചോദിച്ചതാണ് . "പിന്നെന്താ , പോയേക്കാം". ഞങ്ങളും പറഞ്ഞു. അങ്ങനെ തീരുമാനിക്കപ്പെട്ട  ആ  ഇറ്റലി യാത്ര ഇക്കഴിഞ്ഞ ഓണക്കാലത്തു സംഭവിച്ചു. പണി തിരക്കുകളുടെ മലവെള്ളപ്പാച്ചിലിനിടയിൽ  നിന്നും ഒറ്റ മുങ്ങലായിരുന്നു. പാരിസിൽ നിന്നും ഫ്ലോറൻസിലേയ്ക്ക് ആദ്യം. പിന്നെ അവിടെ നിന്ന് റോമിലേക്കും.  ഓരോ സ്ഥലത്തും ചെന്നെത്തുന്ന സമയം മുതൽ ചെയ്യേണ്ട ചെറിയ  ചെറിയ കാര്യങ്ങൾ  പോലും ജോസഫും മറിയയും  കൃത്യമായി പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്. ഞങ്ങൾക്കു  കൂടെപ്പോകുന്ന ജോലിയേയുള്ളൂ. ഒരു പക്ഷെ ജീവിതത്തിൽ ആദ്യമായി എഴുതിവച്ച ലിസ്റ്റ് അനുസരിച്ചു പോയ ഒരു യാത്ര  ഇത് തന്നെ ആയിരുന്നിരിക്കും.

പാരിസുമായി തട്ടിച്ചു  നോക്കിയാൽ അല്പം ചിലവു കുറവാണ് ഇറ്റലിയിൽ. എങ്കിലും യാത്രാനിരക്ക് ഒട്ടും കുറവല്ല, അതുകൊണ്ടു ഫ്രാൻസിനോടടുത്ത ഇറ്റാലിയൻ സ്ഥലങ്ങളിൽ ,  സ്വന്തം  വാഹനത്തിൽ പോയി  അവധിക്കാലവും  ചിലവഴിച്ചു, പലചരക്കുമൊക്കെ വാങ്ങി വരുന്നവരുണ്ട്. നാലഞ്ചു ദിവസത്തെ ചെറിയ യാത്രയിൽ അതിനൊന്നും മുതിർന്നില്ല. ജോസഫ് മുൻകൈയെടുത്തു വളരെ  നേരത്തെ തന്നെ ഫ്ലൈറ്റ് ടിക്കറ്റും താമസവുമൊക്കെ ബുക്ക് ചെയ്തിരുന്നു. ഫ്ലോറൻസ് എയർപോർട്ടിൽ നിന്നും ഒരു ബസ്സിൽ റെയിൽവേ സ്റ്റേഷനിൽ  എത്തി. ഭക്ഷണം കഴിക്കാൻ ഞങ്ങളെ വിട്ടിട്ടു, ബുക്ക് ചെയ്തിരുന്ന അപ്പാർട്മെന്റിന്റെ താക്കോൽ വാങ്ങാൻ പ്രശാന്തും ജോസഫും  പോയി.  ഓൺലൈൻ ബുക്കിങ്ങിൽ  കണ്ടതുപോലെ ആയിരുന്നില്ല , അകെ ഒരു തല്ലിപ്പൊളി   അപ്പാർട്മെന്റ് . എന്നിട്ടു പോലും  വളരെ സന്തുഷ്ടരായി ആണ് അവർ തിരിച്ചെത്തിയത്. അതിനു കാരണം വേറെ.

ഉച്ചവെയിലിൽ ക്ഷീണിച്ചു തളർന്നു, വീടും കണ്ടുപിടിച്ചു അവിടെ എത്തിയപ്പോൾ ഒരു ഇറ്റാലിയൻ സുന്ദരി അവരെ കാത്തു നിൽപ്പുണ്ടായിരുന്നത്രെ. സംശയിക്കണ്ട , നിങ്ങൾ എന്റെയാണ്, എന്റേത് തന്നെയാണ്  എന്നൊക്കെ പറഞ്ഞു അവരെ നിർബന്ധിച്ചു വിളിച്ചു പോലും . ഇതൊക്കെ  സത്യമാണോന്നറിയാൻ പരസ്പരം പിച്ചി നോക്കിയ ചേട്ടന്മാർ പിന്നെ  കാണുന്നത് ഒരു അമ്മാവൻ  പുതപ്പും വിരിയുമായി ധൃതിയിൽ വരുന്നതാണ് . വാസ്തവത്തിൽ  അദ്ദേഹം ആയിരുന്നു ഞങ്ങൾ ബുക്ക് ചെയ്ത അപാർട്മെന്റിന്റെ ആൾ. ആളുമാറിയതാണെന്നറിഞ്ഞ ചേച്ചി മടങ്ങി പോയി. എന്തായാലും ആ തല്ലിപ്പൊളി വീട്ടിൽ ഓരോ തവണ കയറുമ്പോഴും നാല് കണ്ണുകൾ ചുറ്റുപാടും ആരെയോ പരതുന്നുണ്ടായിരുന്നു. വേറെ നാലു കണ്ണുകൾ ഈ കാഴ്ച കണ്ടു ചിരിയ്ക്കുന്നുമുണ്ടായിരുന്നു.

പിസ പള്ളിയും പിന്നിലായി  ഗോപുരവും.
ഏതാണ്ട് പതിനാറാം നൂറ്റാണ്ടോടു കൂടി യൂറോപ്യൻ കലാ-സാംസ്‌കാരിക നവോത്ഥാനം കത്തിജ്വലിച്ചു  നിന്ന സ്ഥലമാണ്  ഇറ്റലിയിലെ ഫ്ലോറൻസ് . ഇവിടങ്ങളിൽ തുടങ്ങിയ സാംസ്‌കാരിക പ്രയാണം യൂറോപ്പ് മുഴുവൻ പിന്നീട് പടർന്നു പന്തലിച്ചു. യൂറോപ്യൻ ചിന്തകരുടെ , കലാകാരന്മാരുടെ, ശാസ്ത്രജ്ഞരുടെ ഒക്കെ വസന്തകാലമായിരുന്നു അത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇറ്റലിയെ അടയാളപ്പെടുത്തുന്ന പാസ്ത, പിസ്സ, ഐസ്ക്രീം തുടങ്ങിയവയുടെ  ചിത്രങ്ങളും  എല്ലായിടത്തും കാണാൻ തുടങ്ങിയതോടു കൂടി കൂടുതലറിയാൻ   കുട്ടികൾക്കും  ഉത്സാഹമായി .  ഭക്ഷണവും, റെയിൽവേ സ്റ്റേഷനിൽ തന്നെ  അൽപ്പ വിശ്രമവും കഴിഞ്ഞു എല്ലാവരും 'പിസ' ഗോപുരം കാണാൻ തിരിച്ചു. ഫ്ലോറൻസിൽ നിന്നും ഒരു മണിക്കൂർ ട്രെയിൻ യാത്രയുണ്ട്. പിന്നെ ഒരു ബസും.

ചരിഞ്ഞു നിൽക്കുന്ന പിസ ഗോപുരത്തിനെ  കഷ്ടപ്പെട്ട് നേരെ നിർത്തുന്ന സെല്ഫിയെടുക്കുകയാണ് എല്ലാവരും. ആകെ സെൽഫി മയം. ഒതുക്കത്തിൽ ഗോപുരത്തിന്റെ ഒരു നല്ല ചിത്രമെടുക്കാൻ മാറി നിന്നു ക്യാമറ  അഡ്ജസ്റ്റ് ചെയ്തതും 'ഞാനില്ലാതെ എന്ത് ഫോട്ടൊ' എന്ന മട്ടിൽ സാത്വിക് എവിടെ നിന്നോ ഓടിവന്നു പോസ്സ് ചെയ്തു തന്നു. പ്രശസ്തമായ സ്ഥലങ്ങളിൽ എത്തിയാൽ ശീര്ഷാസനത്തിൽ ഭൂമിയെ വണങ്ങണം എന്ന വിചിത്രമായ മോഹമുള്ള ജോസഫ് പതിവു തെറ്റിച്ചില്ല. ഫോട്ടോയ്ക്കു പോസ്സ് ചെയ്യുന്ന  ആൾക്കൂട്ടത്തിനിടയിൽ തലകുത്തി നിന്നു കളഞ്ഞു.  ഉയർന്നു നിൽക്കുന്ന കാലുകൾക്കിടയിലൂടെ ചരിഞ്ഞു കാണുന്ന ഗോപുര ചിത്രം ഭാര്യ തന്നെ പകർത്തി. ചുറ്റിലും കൂട്ടച്ചിരിയുയർന്നു.

പിസ ഗോപുരത്തിന്റെ മുന്നിലുള്ള പള്ളിയുടെ ഭിത്തിയിലൊക്കെ ആര്ട്ട് വർക്കുകൾ ചെയ്യുന്ന  സ്ത്രീകളെ കണ്ടു. പള്ളിയുടെ കൊത്തുപണികൾ പഴയ ക്ഷേത്രങ്ങളിലേതു  പോലെ, നല്ല ഭംഗിയുണ്ട് കാണാൻ. അത്ര കരുതലിൽ പരിപാലിക്കുന്നുമുണ്ട്. പുറത്തേക്കുള്ള വഴിയിൽ ഒരുപാട് വഴിയോര കച്ചവടക്കാർ കൗതുക വസ്തുക്കൾ വിൽക്കുന്നു. എല്ലാം നമ്മുടെ കൂട്ടരാണ്; ഇന്ത്യ-പാകിസ്ഥാൻ-ബംഗ്ലാദേശ് വംശജർ. ഉൽപ്പന്നങ്ങൾ കൂടുതലും ചൈനയിലേതും. ഇവിടെ വിൽക്കുന്ന  ലതർ ബാഗുകൾക്കും  മറ്റും വളരെ വിലക്കുറവാണ്. ഇതേപോലെയുള്ള ബാഗുകൾക്കു  ഇറ്റാലിയൻ ലതർ ഫാക്ടറികളിൽ നാലിരട്ടി വിലയുണ്ട് . ഇത്തരം വഴിയോര കടകളിൽ കൂടുതലും  ഡ്യൂപ്ലിക്കേറ്റ്സ് ആണെന്നും കേട്ടിരുന്നു. എന്തായാലും പിസാ ഗോപുരത്തിന്റെ രണ്ടു കുഞ്ഞു രൂപങ്ങൾ   വാങ്ങി കുട്ടികൾക്കു  നൽകി . വലിയ വിലപേശലോന്നും ഇല്ലാതെ തന്നെ , അയാൾ വിലകുറച്ചു തന്നു. ഒരു ഇന്ത്യൻ പുഞ്ചിരിയും.

ദാവീദിന്റെ ശിൽപ്പം 
അടുത്ത ദിവസം രാവിലെ സ്ത്രീജനങ്ങൾ മാത്രം Uffizi ഗാലറിയിലെ ആര്ട്ട്   മ്യൂസിയം  കാണാൻ പുറപ്പെട്ടു. എൻട്രൻസ് എവിടെ ആണ് എന്ന് ഞാൻ നോക്കുമ്പോളേക്കും മറിയ  'ഡേവിഡ്' എന്ന് വിളിച്ചു കൂവിക്കൊണ്ട് നടുമുറ്റത്തേക്കോടി .  വഴിതെറ്റിയെന്നു പറയാൻ പുറകെ ചെന്ന എന്നോട് ഡേവിഡിനെ ചൂണ്ടിക്കാണിച്ചു തന്നു . ആൺ സൗന്ദര്യ ശില്പങ്ങളിൽ ഏറ്റവും പ്രസിദ്ധമാണ്  'മൈക്കലാഞ്ചലോ'യുടെ 'ഡേവിഡ്'. ഒറിജിനൽ ശിൽപം അക്കാഡമിയ മ്യൂസിയത്തിൽ ആണ്. കോപ്പി ആണെങ്കിലും ഇതും നോക്കി നിന്നു പോകും . പുരാണ നായകനായ 'ദാവീദ്' ('ഡേവിഡ്')  വെണ്ണക്കൽ ശില്പത്തിൽ, ഗാംഭീര്യത്തിന്റെ പര്യായമായി നിൽക്കുന്നു. കണ്ണും മുടിയും തൊട്ടു കൈനഖങ്ങളും ഞരമ്പുകളും വരെ കൃത്യമായി   നിർമ്മിച്ചിരിക്കുന്നു. ആസ്വാദകർക്കു  വഴി തെറ്റിയില്ലെങ്കിലേ അതിശയമുള്ളൂ. 

പതിപരമേശ്വരന്മാർ വരുന്നതിനു മുൻപ് ഗാലറി  സന്ദർശനം തീർക്കാനുള്ളതാണ്. ഒരു ഓഡിയോ ഗൈഡ് നാലുപേർക്കും കൂടി വാങ്ങി അകത്തേക്കു കയറി. ഓരോരുത്തർ കേട്ടും  പറഞ്ഞും , ഓരോ ശിൽപ്പത്തിന്റെ/ചിത്രത്തിന്റെ മുന്നിലും മതിമറന്നു നിന്നും  കണ്ടു. ഏതെങ്കിലും ചിത്രം ഒഴിവാക്കി മുന്നോട്ടു പോയാൽ കുഞ്ഞു 'ലിഡിയ' ഓടിവന്നു ഓഡിയോ ഫോൺ ചെവിയിൽ വച്ച് തരും, ഇതിനും കഥയുണ്ട് കേൾക്കാൻ എന്ന് പറഞ്ഞു കൊണ്ട് . ചേച്ചി 'റിയാന' നോക്കി നോക്കി ചിത്രങ്ങൾക്കകത്തേക്കു കയറിപ്പോകുന്നുണ്ടിടയ്കിടെ. 'അമ്മ 'മറിയ'യാണെങ്കിൽ സ്‌കൂളിലെ  ആര്ട്ട് ക്ലാസ്സിൽ പഠിച്ച വര്ക്കുകളെല്ലാം  നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിൽ ആയിരുന്നു. നിരക്ഷരയായ ഞാൻ എല്ലാവർക്കും ശിഷ്യപ്പെട്ടു. എന്റെ ആര്ട്ട്   ക്ലാസ്സിനെക്കുറിച്ചുള്ള ഏക ഓർമ്മ, ടീച്ചർ  ബോര്ഡില് വരച്ചിട്ട ഒരു തത്തയെ ഞങ്ങൾ കാക്കയായും മൈനയായും വരച്ചുകൊണ്ടിരിക്കുക എന്നതായിരുന്നു. പല വിദേശ സ്കൂളുകളിലും    ചിത്ര രചന/ സംഗീത പീരീഡുകളിൽ  അതാതു മേഖല വിശദമായി  സിലബസ് അനുസരിച്ചു പഠിപ്പിക്കാറുണ്ട് . ഇത് പ്രതിഭകളെ ഉൽപ്പാദിപ്പിക്കാനോ, ഫ്ലാറ്റ് നേടാനോ ഒന്നുമല്ല  മറിച്ചു  കലാ/സാംസ്‌കാരിക ബോധം ഓരോ കുട്ടിയിലും എത്തിക്കാൻ ആണ്. അങ്ങനെ ആസ്വാദകരെ കൂടി  സൃഷ്ട്ടിക്കാനാണ്. ഇന്ത്യൻ ചിത്ര രചനാ രീതികളും  സംഗീത / നൃത്തങ്ങളുമൊക്കെ പ്രാഥമിക സ്കൂൾ സിലബസ്സിൽ തന്നെ എല്ലാവരും പഠിക്കാൻ  സാധിക്കുന്ന  ഒരു കാലം വെറുതെ ഓർത്തു. ഒരുപക്ഷെ ചിലപ്പോൾ മറ്റൊന്നും പഠിപ്പിക്കാൻ സമയം കിട്ടിയെന്നു വരില്ല. അത്രമേൽ ബൃഹത്തുമാണ് നമ്മുടെ കലാ സമ്പത്.

uffizi ഗാലറി
ഫ്ലോറൻസിന്റെ വസന്ത കാലഘട്ടത്തിൽ, വലിയ കച്ചവടക്കാരായ  പ്രഭു കുടുംബങ്ങൾ, പേരുകേട്ട   കലാകാരന്മാരെ വിളിച്ചു വരുത്തി പ്രൊജെക്ടുകൾ ഏൽപ്പിച്ചു നടപ്പാക്കിയിരുന്നു. കല കച്ചവടമാക്കുകയല്ല, മറിച്ചു കച്ചവടം കലയെ സപ്പോർട്ട് ചെയ്ത  കാലമായിരുന്നു അത്. 'മെഡീസി' കുടുംബക്കാരായിരുന്നു അന്നത്തെ ഫ്ലോറൻസിലെ വ്യവസായ പ്രമുഖർ. സമ്പാദിക്കുന്ന  ധനം നാടിന്റെ സാംസ്‌കാരിക പുരോഗതിക്കുവേണ്ടി അകമഴിച്ചു ചിലവാക്കിയവർ എന്നതാണ് മറ്റെന്തിനേക്കാളും അവർക്കുള്ള കീർത്തി. uffizi ഗാലറിയും 'മെഡിസി ' കുടുംബം പണി കഴിപ്പിച്ചതു  തന്നെ. ഒരുപാടു കലാകാരന്മാർക്കു, കല കൊണ്ട് മാന്യമായി ജീവിക്കാൻ കഴിഞ്ഞ കാലമായിരുന്നു അന്ന് ഫ്ലോറൻസിൽ. പല ദേശങ്ങളിലും ഉള്ള  വലിയ കലാകാരന്മാരെ, ചിന്തകരെ ഒക്കെ ആകർഷിച്ചു മികച്ച സൗകര്യങ്ങളും പ്രോത്സാഹനങ്ങളും കൊടുത്തു നിർത്തിയപ്പോൾ ഈ നാടിന്റെ വളർച്ച അതിവേഗമായിരുന്നു.

നവോത്ഥാനകാല കലാകാരന്മാരുടെ നിരവധി  മാസ്റ്റർപീസുകൾ കണ്ടു ഗാലറിയിൽ . 'സാൻഡ്രോ ബോട്ടിച്ചെല്ലി' യുടെ 'ബർത്ത് ഓഫ് വീനസി'ൽ 'സ്നേഹത്തിന്റെയും ഭാഗ്യത്തിന്റെയും ഒക്കെ  ദേവതയായ വീനസിനെ കാറ്റുദേവകൾ  കരയിലേയ്ക്കടുപ്പിക്കുന്നു. അവരെ സ്വീകരിക്കുവാൻ വസന്തദേവത  എത്തുന്നു. പാലാഴിയിൽ നിന്നുയർന്നു  മഹാലക്ഷ്മി എത്തിയ  പോലെ.

ബർത്ത് ഓഫ് വീനസ് 


ലിയോണാർഡോ ഡാവിഞ്ചിയുടെ സെക്ഷനിൽ ചില  അപൂർണ്ണ ചിത്രങ്ങൾ കൂടി ഉണ്ട് . എന്നോ മടങ്ങി  വരുമ്പോൾ തീർക്കാനായി കോറിയിട്ടു പോയവ. അതോ വരയുടെ വഴികൾ കണ്ടു  പഠിക്കാനായി പുതിയ തലമുറയ്ക്ക് കുറിച്ചിട്ടുപോയതോ. അപൂർണ്ണതയും പൂർണ്ണമാകുന്ന താളുകൾ .

ലിയനാർഡോ ഡാവിഞ്ചിയുടെപൂർത്തിയാക്കാത്ത ഒരു ചിത്രം 

കാലപ്പഴക്കത്തിൽ അംഗഭംന്ഗം വന്നിട്ടും സൂക്ഷിച്ചിരിക്കുന്ന തേജസ്സുറ്റ ചില ശില്പങ്ങൾ 'വി.ജെ ജയിംസി'ന്റെ  'നിരീശ്വരനെ' ഓർമ്മിപ്പിച്ചു. അനുഭവിച്ചറിയാനുണ്ട് കലയുടെ അപാരത. ഫ്ലോറൻസ് ഇപ്പോഴും   നവോത്ഥാനകാല ചിത്രങ്ങളുടെയും ശില്പങ്ങളുടെയും കവിത കൊണ്ടു  നിൽക്കുകയാണ്.

വാണിജ്യവും സാഹസികതയും  കടൽകടന്ന് പുതിയ തീരങ്ങൾ തേടിയകാലം കൂടി ആയിരുന്നു അത് . 'അമേരിഗോ വെസ്‌പുച്ചി' എന്ന നാവികനും ഫ്ലോറൻസുകാരൻ തന്നെ. 'ലിയനാർഡോ ഡാവിഞ്ചി' , 'മൈക്കലാഞ്ജലോ' , 'റാഫേൽ' എന്ന ത്രിമൂർത്തികളും, 'സാൻഡ്രോ ബോട്ടിചെല്ലി'യും അങ്ങനെ ലോകോത്തര കലാകാരന്മാരുടെ   ഒരു നിര തന്നെ ആ കാലഘട്ടത്തിൽ ഈ തീരം തൊട്ടു പോയി. മ്യൂസിയത്തിൽ നിന്നു ജനലിലൂടെ നോക്കിയാൽ താഴെ 'അർണോ' നദി ഒഴുകുന്നത് കാണാം, കാലപ്പഴക്കമില്ലാതെ എന്നും പുതിയതായി.

നിന്നിട്ടും നടന്നിട്ടും ക്ഷീണം മറന്നു ഞങ്ങൾ പുറത്തിറങ്ങുമ്പോളെക്കും  വീട് ചെക്ക് ഔട്ട് ചെയ്തു പുരുഷപ്രജകളും  ഞങ്ങൾക്കൊപ്പമെത്തി. മ്യൂസിയം ആസ്വദിക്കാൻ ക്ഷമയില്ലെന്ന വ്യാജേന രാവിലെ മുങ്ങിയതാണെങ്കിലും , അവർക്കു മുന്നിൽ ഇറ്റാലിയൻ സുന്ദരി പ്രത്യക്ഷപ്പെട്ടില്ലെന്നു വാടിയ മുഖം കണ്ടപ്പോൾ മനസ്സിലായി. ഇറ്റാലിയൻ സൗന്ദര്യം അപ്പാടെ ഗാലറിയിൽ ആയിരുന്നു. ഞങ്ങൾക്ക് മുന്നിൽ.
( ഇങ്ങനെയൊക്കെ പറഞ്ഞാലും രാവിലെ രണ്ടു  കുട്ടികളെ  ഒരുക്കി, വീട് ഒതുക്കി, ചെക്ക് ഔട്ട് ചെയ്തു, പെട്ടികൾ റെയിൽവേ സ്റ്റേഷൻ ലോക്കറിൽ കൊണ്ടുവച്ചു വരുന്ന സമയം കലാ(പ) തൽപ്പരരായ വീട്ടുകാരികൾ   സുഖമായി പോയി മ്യൂസിയം കണ്ടോട്ടെ എന്ന് തീരുമാനിച്ച സ്നേഹം ഒന്നു പ്രത്യേകം സൂചിപ്പിക്കുന്നു. ഒരു  മുൻ‌കൂർ ജാമ്യം എപ്പോഴും നല്ലതല്ലേ ;)    )

ഇറ്റാലിയൻ രുചി ഭേദങ്ങളോട് ഏറെ ആരാധന തോന്നിക്കും വിധം ഒരു ഉച്ചഭക്ഷണവും ഒത്തു കിട്ടി (Ristorante Pizzeria Uffizi). ഉച്ചയ്ക്ക് ശേഷം ഫ്ലോറൻസിലെ ചെറിയ തെരുവുകളിലൂടെ നടന്നു. ഇവിടെയായിരുന്നു ഒരു കാലത്തു കലാകാരന്മാർ എത്തിച്ചേരാൻ തിരക്ക് കൂട്ടിയിരുന്നത്. വഴിയരികിൽ കുറെ പാട്ടുകാർ ഇൻസ്ട്രുമെന്റസ് ഒക്കെ ആയി, ഗാനമേള  തകർക്കുന്നു. അതിമനോഹരമായി പാടുന്ന ചെറുപ്പക്കാർ. കുറെ നേരം നിന്നു കേട്ടു. പാട്ടു  ഞങ്ങളുടെ പിന്നാലെ ഉണ്ടായിരുന്നു. ഒരുപാട് പേര് കൂടി നിന്ന് കേൾക്കുന്നുണ്ട്. അവരെ കയ്യടിച്ചും പൈസ കൊടുത്തും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അവരുടെ ആൽബങ്ങളും വാങ്ങാൻ വച്ചിട്ടുണ്ട്. പ്രഭുക്കന്മാരുടെ കൊട്ടാരങ്ങളും  തെരുവിന്റെ വിശാലതയുമെല്ലാം  കലാകാരന്മാർക്കു തട്ടകങ്ങളാകുന്നു. പല ഭാവങ്ങളിൽ. ഇതിനിടെ തിരക്കേറിയ ഒരു  ചത്വരത്തിൽ ഒരു വശത്തു ബക്കറ്റും പത്രങ്ങളും വച്ചു മനോഹരമായി കൊട്ടി പാടിക്കൊണ്ടിരുന്ന ഒരാളിനോടു, പോലീസു മറ്റെവിടെയെങ്കിലും മാറിയിരുന്നു പാടാൻ പറഞ്ഞു. പാട്ടുകേട്ടുകൊണ്ടു നിന്നവർ പോലീസിനെ കൂവാൻ തുടങ്ങി. പോലീസിനും   വേറെ വഴിയില്ലാതെ, സംസാരിച്ചു സംസാരിച്ചൊടുവിൽ  അയാളെ  പറഞ്ഞുവിട്ടു.


ഫ്ലോറൻസ് തെരുവുകൾ 
ഫ്ലോറൻസ് ഗലികൾക്കിരുവശവും കൂറ്റൻ റോമൻ കെട്ടിടങ്ങൾ, പള്ളികളും ഒക്കെ കണ്ടു കണ്ടു നടന്നു. ഇടയ്ക്കിടെ കുറച്ചു വിശ്രമിക്കാനായി  കെട്ടിടങ്ങളുടെ തന്നെ തിട്ടുകളിൽ ഇരുന്നു.

Santi Michele e Gaetano
തൊട്ടടുത്ത് കണ്ട തിരക്കില്ലാത്ത ഒരു പഴയ  പള്ളിയിൽ കയറി. പ്രാര്ഥനയ്ക്കുള്ള ശാന്തത ഏറ്റവും അധികം തോന്നിയതും അവിടെ ആയിരുന്നു. അകത്തു ഫോട്ടോ എടുക്കുന്നതിൽ വിലക്കുണ്ട്. പ്രശസ്തമായ പള്ളികളുടെ ലിസ്റ്റിൽ ഈ പള്ളി ശ്രദ്ധിച്ചിരുന്നില്ല. പേര് പിന്നീട്  'മറിയ' കണ്ടെടുത്തു തന്നു. 'Santi Michele e Gaetano' .ഇതുപോലെയുള്ള  പ്രാർത്ഥനാലയങ്ങൾ കൗതുക കാഴ്ചകളുടെ സെർച്ച് ലിസ്റ്റിൽ കണ്ടെന്നു  വരില്ല .

അങ്ങനെ കണ്ടു നടന്നു പഴയ പാലത്തിലെത്തി (Ponte  Vecchio) . ഹാൻഡ് മെയ്ഡ് ഡിസൈൻസിനു പേര് കേട്ട ഒരുപാട് ആഭരണശാലകൾ  പാലത്തിന്റെ ഇരു വശങ്ങളിലും  നിറഞ്ഞു കാണാം. ആകർഷകമായ വാച്ചുകൾ, ആഭരണങ്ങൾ ഒക്കെയായി ഇറ്റാലിയൻ ഡിസൈൻസിന്റെ മായാലോകം. സ്വർണാഭരണങ്ങൾ അതിന്റെ വലിപ്പത്തിലും തൂക്കത്തിലുമല്ല, ചെറുതും ഭംഗിയുള്ളതുമായ അനേകം   ഡിസൈനുകളിൽ, അധികം തിളക്കമില്ലാത്ത നിറഭേദങ്ങളിൽ ധാരാളം കണ്ടു. ഇൻവെസ്റ്റ്മെന്റ് എന്നല്ലാതെ ആഭരണം എന്ന രീതിയിൽ സ്വർണ്ണം വാങ്ങുന്നവർക്ക് നല്ല സ്ഥലമാണ്. വിൻഡോ ഷോപ്പിങ്ങിനും. സ്ത്രീ ജനങ്ങൾ നടത്തം പതുക്കെയാക്കിയപ്പോൾ, പുരുഷകേസരികൾ  അതിവേഗം ബഹുദൂരം പൊയ്ക്കൊണ്ടിരുന്നു.

ഫ്ലോറൻസ് കത്രീഡൽ 
ഏറെ പ്രശസ്തമായ ഫ്ലോറൻസ് കത്രീഡലിൽ എത്തിയപ്പോളേക്കും നേരം വൈകിയിരുന്നു. ചെറിയ ക്യൂ ഉണ്ട് . ഇവിടെ വന്നപ്പോളാണ് പള്ളിയിലും ഡ്രസ്സ് കോഡ് ഉണ്ടെന്നു മനസ്സിലായത്. സ്ലീവ്‌ലെസ് ടോപ്പും ഷോട്സും ഒക്കെ ധരിച്ച സ്ത്രീകൾക്ക് പള്ളിയിൽ കയറാൻ പറ്റില്ല.  നല്ല ചൂടു കാലമാണ്. സ്ത്രീ പുരുഷ ഭേദമെന്യേ പലരും കുട്ടിയുടുപ്പുകളിൽ ആയിരുന്നു താനും. പുതയ്ക്കാൻ ഷാളുമായി വിൽപ്പനക്കാർ നിൽക്കുന്നുണ്ട് പള്ളികളുടെ മുൻപിൽ. കൈകൾ മാത്രമേ അത് കൊണ്ടു മറയ്ക്കാൻ പറ്റൂ. മുന്നിലുണ്ടായിരുന്ന ഷോർട്ട്സിട്ട പെൺകുട്ടിക്ക് കയറാൻ സാധിച്ചില്ല.   നാട്ടിലെ ചില അമ്പലങ്ങളിലെ പോലെ മുണ്ടുവാടകയ്ക്ക്  ഇവിടെയും സ്കോപ്പ് ഉണ്ടെന്നു തോന്നുന്നു.

കത്രീഡലിനകവും പുറവും ഒരുപോലെ മനോഹരം. വെണ്ണക്കൽ കൊട്ടാരമാണ്. മുകളിലെ മകുടത്തിൽ അതിശയ ചിത്രങ്ങളും. മുകളിലും അണ്ടർഗ്രൗണ്ടിലും  ഒക്കെ വിശദമായി തന്നെ കയറി കാണാനുണ്ട്. പ്രത്യേകം ടിക്കറ്റും എടുക്കണം. പള്ളികളും ശില്പ മന്ദിരങ്ങളും ചെറിയ വഴികൾ വന്നു ചേരുന്ന ചത്വരങ്ങളും  ഒക്കെ ഫ്ലോറൻസിന്റെ നവോത്ഥാന കഥകൾ മൂളി നിൽക്കുന്നു. ഒറ്റ ദിവസത്തിലൊന്നും കണ്ടു തീരാനാവില്ല. വഴിയോരങ്ങൾ ആസ്വദിച്ച് നടന്ന സമയം കൂടി കഴിഞ്ഞപ്പോൾ തിരികെ പോകാറായി. ഇടയ്ക്കു കയറാൻ പ്ലാനിൽ ഉണ്ടായിരുന്ന ചില സ്ഥലങ്ങൾ തല്ക്കാലം മാറ്റിവച്ചു. അർണോനദി ഒഴുകിവരുന്ന വഴിയിലേക്കു നോക്കിയാൽ ദൂരെ ചെറിയ കുന്നുകൾ കാണാം. 'ടസ്കനി' (ഫ്ലോറൻസ് ഉൾപ്പെടുന്ന ഇറ്റാലിയൻ പ്രവിശ്യ)യിലെ ഗ്രാമങ്ങൾ സുന്ദരമാണെന്നു കേട്ടിട്ടുണ്ട്. സമയക്കുറവു കാരണം അത് പ്ലാനിൽ പോലും കയറിയിരുന്നില്ല. നടന്നു  നടന്നു ഞങ്ങൾ റെയിൽവേ സ്‌റ്റേഷനിലെത്തി. 

ഇടത്താവളമായിരുന്ന  റെയിൽവേ സ്റ്റേഷനിപ്പോൾ   വീടുപോലെ അടുപ്പമായി. എങ്കിലും ശുചിമുറി ഉപയോഗിക്കാൻ മറ്റെങ്ങുമില്ലാത്ത ചാർജ് ആണിവിടെ. അതിനൊത്ത പ്രത്യേകതയൊന്നുമില്ല. പുറത്തു സൗജന്യമായി ഉപയോഗിക്കാവുന്ന  ശുചിമുറികളുടെ അടുത്തെത്തുമ്പോൾ 'എനിക്കിപ്പോ മുള്ളണ്ട' എന്ന് പറഞ്ഞു മാറി നിൽക്കുന്ന സച്ചുക്കുട്ടൻ, റെയിൽവേ സ്റ്റേഷനിൽ  എത്തിക്കഴിഞ്ഞാൽ  അത്യാവശ്യക്കാരനാകും.  മനഃപൂർവമല്ലേ എന്ന് എനിക്ക് തോന്നാതില്ല.  ആറുമണിയോടെ സംഘം അടുത്ത ട്രെയിൻ പിടിച്ചു , റോമിലേക്ക്.
Comments

Popular posts from this blog

നീല ദ്വീപുകളിലൂടെ : മാൾട്ട കാഴ്ചകൾ

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ............."