വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്


ഒരു പോട്ടത്തുരുത്തും കുറേ ജീവിതങ്ങളും. എഴുതിത്തീർന്ന ജീവിതങ്ങളെ കടലിലേക്കെത്തിക്കാൻ ഒരു പേരില്ലാപ്പുഴയും. പല ഉറവകളിൽ നിന്നും കഥയുറന്നു വരുന്നതു  കണ്ടു ആദ്യം ഒന്നമ്പരന്നു. കൈവഴികൾ ചേർന്നു കഥ തുടർന്നു പോകെ ആ അമ്പരപ്പും പുഴയെടുത്തു.  ദുരിത പർവ്വങ്ങൾ താണ്ടുന്ന വെറും സാധാരണ ജീവിതങ്ങളുമായി, പൊരുളറിഞ്ഞ ആദ്ധ്യാത്മികതയുടെ കരുതൽ ഊന്നിക്കൊണ്ടുള്ള യാത്ര. അതുകൊണ്ടാവാം കണ്ണുനനഞ്ഞപ്പോഴും  കടലാസു നനഞ്ഞില്ല, കണ്ണ് കൂടുതൽ വിടർന്ന്  വീണ്ടും വായിച്ചു കൊണ്ടിരുന്നു. ഓര്മ്മയിലുള്ള എല്ലാ നാട്ടുവഴികളും പോട്ടത്തുരുത്തായി മാറി. ഇതിൽ സൂചിപ്പിച്ചതു പോലെ   'കടലിലേക്ക് ചേരും വഴി സ്വത്വം വെടിയുന്ന  പുഴ'യായി ഓരോ വായനക്കാരനെയും  മാനസാന്തരപ്പെടുത്തുന്നുണ്ട് പുറപ്പാടിന്റെ പുസ്തകം.

പുഴയുടെ എത്ര ആഴത്തിൽ എന്തിനെ  ഉപേക്ഷിച്ചാലും ഒരു ചെറുമീനിലോ  , ചെടിയിലോ പോലും കയറിപ്പറ്റി   കരയിലെത്തി അതു  കൈകോർക്കാമെന്ന  നിസ്സാരത ,
ഈശ്വരന്മാരുടെ വൈവിധ്യങ്ങളെ , വിചിത്രമെന്നു തോന്നാവുന്ന ആചാരങ്ങളെ ഒക്കെയും അതിന്റേതായ നന്മ തേടാൻ വിട്ടുകൊണ്ട്  ആദരിക്കാനുള്ള സഹിഷ്ണുത ,
മോഹങ്ങൾക്കു  പിറകെ കുരങ്ങനെ പോലെ പായുന്ന മനസ്സിന്റെ ഭാവങ്ങൾ,
മനുഷ്യനും   പ്രകൃതിയിലെ  ഒരു തളിരു മാത്രമാണെന്ന ഓർമ്മപ്പെടുത്തൽ ,
......എല്ലാമുണ്ട് .

ഒറ്റദിവസം കൊണ്ട് നോവൽ വായിച്ചുതീർക്കാം, പക്ഷെ അങ്ങനെ തീർത്തു കളയാനല്ല; ദിവസന്തോറും മാഞ്ഞു മറയുന്ന വാർത്തകൾക്കും വിചാരങ്ങൾക്കും ഇടയ്ക്കു വീണ്ടും  മറിച്ചു  നോക്കി മനസ്സൊഴിക്കാൻ കൂടെ കൊണ്ടു നടക്കാവുന്ന സുഹൃത്തുമാണീ പുസ്തകം.

'മലമുകളിൽ മരിച്ചു വീഴുന്ന ഹോമപ്പക്ഷികൾ' തുടർക്കഥയാകുമ്പോഴും പുഴയും, കടലും കടന്നു മലകയറുന്ന കഥാനായകന്  ശുഭയാത്ര!. അറിവും സ്നേഹവും കൊണ്ടറിഞ്ഞു കഴുകന്മാർ തിരിച്ചറിവു  നേടട്ടെ!.

എഴുത്തനുഭവത്തിൽ പറയുന്ന, ഈ പുസ്തകത്തിനു പിന്നിലെ 12 വർഷങ്ങൾ ഒരു വലിയ കാലയളവല്ല. അത്രനാളെങ്കിലും   നനഞ്ഞൊഴുകാതെ ഒരു പുഴയ്ക്കും ഇങ്ങനെയൊരു പോട്ടത്തുരുത്തു   വെളിപ്പെടില്ല!

Comments

Post a Comment

Popular posts from this blog

ഇറ്റലി വിശേഷങ്ങൾ : ഫ്ലോറൻസ്

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ............."

ഇറ്റലി വിശേഷങ്ങൾ : വത്തിക്കാനും റോമാ നഗരവും