നോര്‍മാന്‍ഡി തീരങ്ങളില്‍---2


വെള്ളം കുടിക്കുന്ന കല്ലാനകള്‍

വളവു തിരിഞ്ഞ് ഓരോ കുന്നു കയറുമ്പോഴും ഞങ്ങള്‍ 'എത്രിത്താ' യെ തേടിക്കൊണ്ടിരുന്നു. കുന്നിറങ്ങി ചെല്ലുന്നത് പലപ്പോഴും കടല്‍ മുനമ്പുകളില്‍. വീണ്ടും തിരിഞ്ഞു കുന്നുകളിലേക്ക്. ഇടയ്ക്കു ചില ജനവാസ കേന്ദ്രങ്ങള്‍ കാണാം. കുന്നിന്‍ ചരിവുകളില്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നു. നല്ല ഇനത്തില്‍ പെട്ട പശുക്കള്‍. (കണ്ണ് പെടാതിരിക്കട്ടെ). പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വളരെ പ്രശസ്തമാണ് നോര്‍മാന്‍ഡി. ഈ പുല്‍മേടുകളില്‍ നിന്നാണ് പാരീസിലും പാലെത്തുന്നത്. പാലൂട്ടുന്ന പ്രകൃതിയെ നന്ദിപൂര്‍വം നോക്കിയിരിക്കെ, കുറെ അധികം വീടുകള്‍ ഉള്ള ഒരു പ്രദേശത്തെത്തി. അവിടെ മാത്രം കുന്നിന്‍ മുകള്‍ വരെ വീടുകള്‍ കണ്ടു. തട്ട് തട്ടായി 'പുരകൃഷി' നടത്തിയിരിക്കുന്നതു പോലെ. (കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും അദായം തരുന്ന കൃഷിയാണ് ‍). മൂന്നാര്‍ ജെ.സി.ബി കൊണ്ട് ഒറ്റ പിടി പിടിച്ചാല്‍ മതി. കുന്നു വേറെ , കുടില് വേറെ.

അവിടെയും നിര്‍ത്താതെ വളഞ്ഞു പുളഞ്ഞു വണ്ടി പൊയ്ക്കൊണ്ടിരുന്നു. തിരക്കില്ലാത്ത വഴിയാണ്. ഡ്രൈവര്‍ ലോങ്ങ്‌ റൂട്ട് എടുത്തു പറ്റിക്കുകയാണോ എന്ന സ്വാഭാവിക സംശയം തോന്നിപ്പോയി. പിന്നീട് പ്രകൃതി ഭംഗിയിലല്ല, കുതിച്ചു കയറുന്ന മീറ്ററിലായി ഞങ്ങളുടെ ശ്രദ്ധ. പ്രശാന്ത്‌ ഇടയ്ക്കു പോക്കറ്റ് തടവി, പുറത്തെങ്ങാനും എ.ടി.എം ഉണ്ടോന്നു നോക്കുന്നുണ്ടായിരുന്നു. ദൂരെ ഒരു ചൂണ്ടുപലക. എത്രിതായിലേക്ക് ഇനി 8 km മാത്രം. അങ്ങനെ അരമണിക്കൂര്‍ യാത്രക്ക് ശേഷം കുന്നിന്‍ ചരിവിലുള്ള ഒരു പട്ടണത്തിന്റെ നടുക്ക് വണ്ടി നിന്നു. പാരിസില്‍ നിന്ന് ഒരാള്‍ക്ക്‌ 'ല ഹാര്‍വു' വരെ എത്താനുള്ള തുക, ഈ ടാക്സി യാത്രക്ക് മുടക്കേണ്ടിവന്നു. വെറുതെ അല്ല ഇന്നാട്ടില്‍ ആരും ടാക്സി വിളിക്കാത്തത്. ഏതായാലും ഡ്രൈവര്‍ക്ക് കാശ് കൊടുത്തു പ്രത്യക നന്ദിയും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി. ഇടുങ്ങിയ വഴികളും, കുറെ പഴയ വീടുകളും. അടുത്തെവിടെയോ കടലിരമ്പുന്നത് കേള്‍ക്കാം.

മുന്‍പില്‍ ഹോട്ടല്‍ 'ഫലായിസ്‌', രണ്ടു ദിവസത്തെക്ക് ഞങ്ങള്‍ക്ക്‌ ആതിഥ്യമൊരുക്കി കാത്തിരിക്കുന്നു. രണ്ടു മൂന്നു നിലയുള്ള ഒരു പഴയ തടിക്കെട്ടിടം. ഇവിടെ കെട്ടിടങ്ങളുടെ പഴക്കം അതിന്റെ പ്രൌഡിയായി കണക്കാക്കപ്പെടുന്നു. റിസപ്ഷനില്‍ ചെന്ന് പരിചയപ്പെടുത്തി, റൂമിന്‍റെ താക്കോലും, വൈകി വന്നാല്‍ ഹോട്ടലിന്റെ പുറത്തെ വാതില്‍ തുറക്കാനുള്ള കോഡ്നമ്പറും വാങ്ങി. ഫ്രാന്‍സില്‍ പൊതുവേ ഉള്ള രീതിയാണ്, കെട്ടിടങ്ങളുടെ പ്രധാന വാതിലുകള്‍ക്കെല്ലാം നമ്പര്‍ കോഡ്. കോണിപ്പടി കയറി ഒന്നാം നിലയിലെ റൂമിലെത്തി. അപ്പൂസിനോട് ആദ്യമേ പറഞ്ഞു, 'തടിപ്പുരയാണ്, ചാടിമറിഞ്ഞാല്‍ താഴത്തെ മുറിയില്‍ തട്ടുമ്പുറത്തോടുന്ന ശബ്ദം കേള്‍ക്കും'. വലിയ പ്രശ്നമുണ്ടാവില്ലെന്നു തോന്നുന്നു. ഹോട്ടലിന്റെ മുന്നില്‍ എഴുതി വച്ചിട്ടുണ്ട്. പെറ്റ്സിനും പ്രവേശനം ഉണ്ടെന്ന്! കുട്ടികളോടും ക്ഷമിക്കുന്നവരാകണം. മുറിയില്‍ കുറച്ചു വിശ്രമിച്ച ശേഷം ഞങ്ങള്‍ പട്ടണം കാണാനിറങ്ങി.

ഒരു ചെറിയ പാര്‍ക്കിംഗ് ഏരിയ‍, ബസ്റ്റോപ്പ്‌, ഇതിന് സാക്ഷ്യം വഹിച്ചു കൊണ്ട് സാമാന്യം വലിയ ഒരു കെട്ടിടം, അതിന്റെ മുന്നില്‍ യുറോപ്യന്‍ യൂണിയന്‍റെയും ഫ്രാന്‍സിന്‍റെയും കൊടികള്‍ പാറുന്നു. അത് നഗര ഭരണ കേന്ദ്രം. അവിടെ ടൂറിസം ഓഫീസില്‍ പോയി സ്ഥലവിവരങ്ങള്‍ അന്വേഷിച്ചു.

നീളത്തിലുള്ള നോര്‍മാന്‍ഡി തീരം അതിന്‍റെ ഭൂപ്രകൃതി വൈവിധ്യങ്ങളാല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഇടയിലുള്ള ചെറു പട്ടണങ്ങളെല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചവയാണ്. ചരിത്രം മുക്കുവ ഗ്രാമങ്ങളില്‍ നിന്ന് തുറമുഖങ്ങളിലെയ്ക്കും‍, ലോകം കാണാനിറങ്ങിത്തിരിച്ച സഞ്ചാരികളിലേയ്ക്കും നീളുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ ബേസ് ആയിരുന്നു ഇവിടം. പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന അമേരിക്കന്‍ ആശുപത്രി പുറത്തു കാണാം. കൂത്തമ്പലം പോലെ ഒരു കെട്ടിടം. ഇന്ന് അതിനകത്ത് ചെറിയ കരകൌശല കടകള്‍ പ്രവര്‍ത്തിക്കുന്നു.
എത്രിതായില്‍ രണ്ടു മനോഹരമായ കുന്നുകളുണ്ട്, അവിടെ കയറി പ്രകൃതി ഭംഗി ആസ്വദിക്കാം. കുറച്ചടുത്തുള്ള വലിയ പട്ടണമാണ് ഫെകാമ്പ് (Fecamp)‌. അവിടെ അഴിമുഖം, ചില പഴയ മ്യുസിയങ്ങള്‍ ഒക്കെ കാണാം. ടൂറിസം ഓഫീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം പുറത്തിറങ്ങി കടലിന്‍റെ ശബ്ദം കേള്‍ക്കുന്നിടത്തേക്ക് നടന്നു.

വൃത്തിയുള്ള വലിയ കടല്‍ത്തീരം. ഇരുവശങ്ങളിലും കടലിലേയ്കെത്തി നോക്കുന്ന കുന്നുകള്‍. നല്ല തണുത്ത കാറ്റ്, പുതച്ചു മൂടി ആണ് ഞങ്ങളുടെ നടപ്പ്. സീസണ്‍ അല്ലാത്തത് കൊണ്ട് ആള്‍ത്തിരക്കില്ല. കുന്നിന്‍ മുകളിലേക്ക് കയറുന്നവരെയും ഇറങ്ങുന്നവരെയും കാണാം. തീരം നിറയെ ഉരുളല്‍ കല്ലുകളാണ്. പല നിറത്തിലും വലുപ്പത്തിലും ഉള്ള മിനുസമുള്ള കല്ലുകള്‍. കടലിലേയ്ക്ക് ഇറങ്ങുന്നിടത്ത് മുന്നറിയിപ്പ് കണ്ടു. 'ദയവായി കല്ലുകള്‍ എറിഞ്ഞു കളയരുത്, ഈ ഓരോ കല്ലും ഞങ്ങളുടെ തീരത്തെ തിരകളില്‍ നിന്നും സംരക്ഷിക്കുന്നു'. ചില കുട്ടികള്‍ കടലിലേക്ക്‌ കല്ലെറിഞ്ഞു കളിക്കുന്നതും കണ്ടു. വളരെ ഭംഗിയുള്ള കുറച്ചു കല്ലുകളും കടല്ക്കാക്കയുടെ, തൂവലുകളും നിധികിട്ടിയെന്നു വിളിച്ചു പറഞ്ഞു അപ്പുസ്‌ കൊണ്ടുവരുന്നുണ്ടായിരുന്നു. തീരത്തിന്‍റെ നിധി അവിടെത്തന്നെ ഉപേക്ഷിച്ചു ഞങ്ങള്‍ ഉച്ച ഭക്ഷണത്തിനായി മടങ്ങി.

എല്ലാ കടകളിലും കടല്‍ വിഭവങ്ങള്‍ ആണ് സ്പെഷ്യല്‍. പരീക്ഷണത്തിന്‌ നിന്നില്ല, ഒരു ഏഷ്യന്‍ റെസ്റ്റോറന്‍റ് കണ്ടുപിടിച്ചു . നിറഞ്ഞ ചിരിയോടെ കടയുടമ ഞങ്ങളെ സ്വീകരിച്ചു, കുശല പ്രശ്നങ്ങളും തുടങ്ങി. മുന്‍പ് വിയെറ്റ്നാമില്‍ നിന്നും ഫ്രാന്‍സിലെത്തിയതാണ്. പാരീസില്‍ ആയിരുന്നു ആദ്യകാലം. പിന്നെ ഈ സ്ഥലം ഇഷ്ടപ്പെട്ടിവിടെത്തന്നെ കൂടി.മുന്നിലുള്ള വളരെ ചെറിയ ടാക്സി സ്റ്റാന്റ് കാട്ടിക്കൊണ്ട്, വികസനം ഇവിടുത്തെ ശാന്തത കളഞ്ഞു എന്ന് പരിഭവിച്ചു !! 35 വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല എന്ന് നിശ്വസിച്ചു കൊണ്ട് അയാള്‍ അകത്തേക്ക് പോയി. ഞങ്ങള്‍ക്കും എന്തോ, തിരികെ നാട്ടിലെത്താന്‍ തോന്നുന്നതുപോലെ. ചോറും വിയെറ്റ്നാം സ്പെഷ്യല്‍ റോളും , മീനും പച്ചക്കറികളും ചേര്‍ത്ത ഒരു കറിയും (മീനവിയല്‍ എന്ന പേരിതിനു നന്നായി ചേരും ) ഒക്കെ കഴിച്ചു ഞങ്ങള്‍ തീരത്തേക്ക് മടങ്ങി. ഇത്തിരി വിശ്രമത്തിനു ശേഷം ഒന്നാമത്തെ കുന്നു കയറാന്‍ തീരുമാനിച്ചു.

താഴെ നിന്ന് കാണുമ്പോള്‍ തോന്നുന്ന അത്ര ചെങ്കുത്തായ കയറ്റമല്ല. കടലിലേക്ക് കാല്‍തെറ്റി വീഴാതിരിക്കാന്‍ സൈഡില്‍ ഇരുമ്പു വേലികള്‍ ഉണ്ട്, . അല്പം പേടി തോന്നാതിരുന്നില്ല. ഇടയ്ക്കിടെ ചില 'വ്യൂ പൊയന്റ്സ്' മാര്‍ക്ക് ചെയ്തിട്ടുണ്ട്. കടലും മലകളും പട്ടണവുമെല്ലാം ഒറ്റ ഫ്രയിമില്‍ കാണുവാന്‍. ശരണം വിളികളോടെ ഞങ്ങള്‍ കുന്നു കയറി.

കടലും കാറ്റും തീര്‍ത്ത ശില്പങ്ങളാണ് കുന്നിന്‍ പുറം നിറയെ. കടലിലേയ്ക്ക് തള്ളി നില്‍ക്കുന്ന ഭാഗം ആന തുമ്പിക്കയ്യില്‍ വെള്ളം കോരുന്നത് പോലെ. ഒരു മുനമ്പിലെത്തുമ്പോള്‍ ഇടതുവശത്ത് അടുത്ത മുനമ്പ് കാണാം. ഓരോന്നിലും കയറിക്കയറി നടന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നല്ല, ഒരു കൂട്ടം ആനകള്‍ ആണ് വെള്ളം കുടിക്കുന്നത്. ഓരോ ചെറിയ കല്ലിലും കാറ്റിന്‍റെ കയ്യെഴുത്തുണ്ട്. അങ്ങ് താഴെ കടല്‍ വന്നു തൊടുന്ന ഭാഗങ്ങളില്‍ വെണ്ണക്കല്‍ സ്തൂപങ്ങള്‍, വളയങ്ങള്‍ അങ്ങനെ എന്തൊക്കെയോ. അവയ്ക്കിടയിലൂടെ തിര കളിച്ചു തകര്‍ക്കുന്നു. പ്രകൃതി ജീവജാലങ്ങളെ ഡിസൈന്‍ ചെയ്യുന്നത് ഇവിടെ ആണെന്ന് തോന്നും.

എത്ര മുനമ്പുകള്‍ കയറി എന്നറിയില്ല. കാണാന്‍ കുറച്ചു ബാക്കി വച്ച് ഞങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങി. അപ്പോഴും പലരും അടുത്ത മുനമ്പുകളിലേക്ക് നടക്കുന്നുണ്ടായിരുന്നു. എളുപ്പത്തിലുള്ള ഇറക്കം അപകട സാദ്ധ്യത കൂടുതല്‍ ഉള്ളതാണ്, അതുകൊണ്ട് ഇറങ്ങുന്നവര്‍ക്ക് പുറകിലൂടെ മാറി പ്രത്യേക നടപ്പാതയുണ്ട്. അതിന്റെ ഒരു വശത്ത് വിശാലമായ പുല്മൈതാനം, അതൊരു ഗോള്‍ഫ്‌ ക്ലബ്ബിന്‍റെ പ്രൈവറ്റ് സ്ഥലമാണെന്ന് കണ്ടു.

താഴെ തിര കുറെ അധികം കയറിയിട്ടുണ്ട്. വേലിയേറ്റത്തിന്‍റെ സമയ ക്രമം തീരത്ത് എഴുതി വച്ചിരിക്കുന്നു. കൂടെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും. അസൂയമൂത്ത സുനാമിത്തിരകള്‍ ഒരിക്കലും ഈ ടൈം ടേബിള്‍ മോഷ്ടിക്കാതിരിക്കട്ടെ.

കുന്നിന്‍ ചുവട്ടില്‍ കടല് തീര്‍ത്ത ഗുഹകളും കണ്ടു കുറെ നേരം നടന്നു. താഴ്ച്ചയുടെ ഭംഗി മുകളില്‍ കയറി കാണുക, ആഴങ്ങളില്‍ തൊടാന്‍ താഴേക്കിറങ്ങി വരിക. ഇതിന്റെ നിസ്സാരതയില്‍ കല്ലുരുട്ടിക്കളിച്ചവന്റെ നാട്ടുകാരല്ലേ നമ്മള്‍. വട്ടു മൂക്കുന്നതിനു മുന്പു തിരിച്ചു കയറി. രാത്രി ഭക്ഷണം വാങ്ങി വയ്ക്കണം. കടകള്‍ നേരത്തെ അടയ്ക്കും.

ഒരു പിസ്സാശാലയില്‍ കയറി ഓര്‍ഡര്‍ കൊടുത്തു. ഉത്സാഹിയായ കടക്കാരന്‍ ഞങ്ങളോട് വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു കൊണ്ടിരുന്നു. ഞാനും കുറച്ചില്ല. അവിടുത്തെ സ്പെഷ്യല്‍ ആഹാരമായ 'മൊളുല്‍' എനിക്ക് രുചിക്കാന്‍ തന്നു. വെറുതെ പുഴുങ്ങിയ ഒരു പീസ്‌ കക്കയിറച്ചി. അടുത്ത ദിവസം ഇതിനെ ഉപ്പും മുളകുമിട്ടു കറിവയ്ക്കുമ്പോള്‍ കഴിക്കാന്‍ ഞങ്ങളെ പ്രത്യേകം ക്ഷണിച്ചു. അച്ഛനും മകനും ചിരി ഒതുക്കുന്നുണ്ടായിരുന്നു.

പുതിയ ആള്‍ക്കാര്‍ 'പിസ്സ' ഓര്‍ഡര്‍ ചെയ്യാനെത്തി. തിരക്കില്‍ കടക്കാരന്‍ എന്തോ ഓര്‍ത്തതുപോലെ ഞങ്ങളോട് വിളിച്ചു ചോദിച്ചു, ഹാം (ham) വയ്ക്കണോ എന്ന്. 'നോ ഹാം' എന്ന് ഞങ്ങളും വിളിച്ചു പറഞ്ഞു. 'നോ ഹാം (No harm)' എന്ന് ആവര്‍ത്തിച്ചു കൊണ്ട് അയാള്‍ പണിയില്‍ മുഴുകി. ആ ആവര്‍ത്തനത്തില്‍ ഒരു പന്തികേട് തോന്നാതിരുന്നില്ല, ചൂട് 'പിസ്സ'യും വാങ്ങി മുറിയില്‍ ചെന്ന്, കഴിക്കാന്‍ തുറന്നപ്പോള്‍ പന്നിയിറച്ചിയുടെ പച്ച ഇതളുകള്‍ 'പിസ്സ'യുടെ ഇടയില്‍ അലങ്കരിച്ചു വച്ചിരിക്കുന്നു! ഫ്രാന്‍സിലെ ഒരു സാധാരണ ഭക്ഷണമാണ്. ഇറച്ചി പ്രിയരായ ആളുകള്‍ പോലും ഇതുകണ്ടാല്‍ ഒന്നറച്ചേക്കും . സ്നേഹക്കൂടുതല്‍ കൊണ്ട് മാത്രമാണ് അയാള്‍ ഈ ചതി കാണിച്ചത്. നിന്ദിക്കാന്‍ പാടില്ല, അല്ല, അതിനു വിശപ്പ്‌ അനുവദിക്കുന്നുമില്ല. ചില പരീക്ഷണ നിമിഷങ്ങള്‍. നമ്മളോടാ കളി? പൂവിതളുകള്‍ മാറ്റിവച്ചു ഞങ്ങള്‍ ഭക്ഷണം കഴിച്ചു.

പതുക്കെ എത്രിത്തായിലെ ഒന്നാം ദിവസം ഉറക്കത്തിലേക്ക് വഴുതി വീണു.

Comments

  1. നോ ഹാം. വിശപ്പുണ്ടെങ്കില്‍ പന്നിയിറച്ചിയും നോ ഹാം

    ReplyDelete

Post a Comment

Popular posts from this blog

ഇറ്റലി വിശേഷങ്ങൾ : ഫ്ലോറൻസ്

"ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ............."

ഇറ്റലി വിശേഷങ്ങൾ : വത്തിക്കാനും റോമാ നഗരവും