സൃഷ്ടി

യോഗം 1
------------------
സൂര്യന്‍ തിളച്ചു മറിയുകയാണ്.സ്വതവേ ചൂടന്‍, കോണ്‍ഫറന്‍സ് ഹാള്‍ നിശബ്ദം.

"ഓരോ ക്വാര്‍ട്ടറും നഷ്ടത്തില്‍ അവസാനിക്കുന്നു. ഇങ്ങനെ അടുത്തെങ്ങും ഉണ്ടായിട്ടില്ല, സിസ്ടത്തിന്റെ ഗുഡ് വില്‍ പാടേ തകര്‍ന്നു. മറ്റു ഗ്യാലക്സികളില്‍ ഭൂമിയിലെ ഗോസ്സിപ്‌ കഥകള്‍ പരക്കുന്നു".

"യാത്രകള്‍ തനിക്കും മടുത്തു. സത്യം പറഞ്ഞാല്‍ പനി പേടിച്ച് അങ്ങോട്ട്‌ പോകാന്‍ വയ്യ. ഇനിയെല്ലാം നേരിട്ട് കണ്ടറിഞ്ഞു കൊള്ളൂ", നാരദന്‍ ഒരു ഐപാഡ് സമ്മാനിച്ചു സൂര്യന്. എന്നിട്ട് ഒഴുകിവന്ന ഒരു മേഘത്തില്‍ കയറി വെറുതെ ഇരിപ്പായി.

"സാങ്കേതിക പുരോഗതിക്ക് ഒരു കുറവുമില്ല. പഠിപ്പുണ്ടെകിലും വിവരമില്ലെങ്കില്‍ പിന്നെ?. സമയം അധികം ഇല്ല, ആരെങ്കിലും പോയി നേരിട്ട് കൈകാര്യം ചെയ്യണം. എല്ലാ പവറും തരാം. ഏതു രൂപത്തിലും പോകാം". സൂര്യന്റെ പുതിയ ഓഫര്‍.

എല്ലാവരും പരസ്പരം നോക്കി ഇരുന്നു. നന്നാക്കാന്‍ പോയവര്‍ സ്വയം നന്നായിതിരിച്ചുവന്നതാണ് ചരിത്രം. അവതാരം എന്ന് കേട്ടാല്‍ തന്നെ ഭയം! പോയവരും നിന്നവരും പടത്തില്‍ വച്ച് പൂജിക്കപ്പെടുന്നുണ്ട്.
അവര്‍ക്ക് വേണ്ടി വെട്ടും കുത്തും ആഘോഷവും വേറെ. ഇനി പോകാന്‍ ആര്‍ക്കും വയ്യ, ആരാധിക്കാന്‍ ഒരു ദൈവത്തെ കൂടി കൊടുക്കാനോ?
പിന്നെ അതിന്റെ പേരില്‍ അടുത്ത മതവും പ്രശ്നങ്ങളും. വേറെ പണിയില്ലേ?

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഒരു ഓഫര്‍, ദൈവങ്ങള്‍ക്ക് തന്നെ വേണ്ട പോലും! മുന്‍പ് ആരു പോകും എന്ന് മത്സരമായിരുന്നു, ഇപ്പൊ നേരെ തിരിച്ചും.

സൂര്യന്‍ തന്‍റെ അവസാന തീരുമാനം അറിയിച്ചു. പ്രതീക്ഷിച്ചതു തന്നെ. ആരും ഞെട്ടിയില്ല.

"മെയിന്‍റ്നന്‍സിന് എത്ര എനര്‍ജി ആണ് ഓരോ നിമിഷവും ചിലവാക്കുന്നത്. ശരി ആകുന്ന മട്ടില്ല, കാലം കുറെ ആയി. വൈന്‍ഡ്‌-അപ്പ്‌ ചെയ്യാം. ബുദ്ധികൂടി സ്വയം സൃഷ്ടികളും തുടങ്ങിയിട്ടുണ്ട്. ഇനി കൂടുതല്‍ നഷ്ടത്തില്‍ എത്തുന്നതിനു മുന്‍പ് ഇത് പൂട്ടുന്നതുതന്നെയാണ് നല്ലത്. പരിഗണന കാത്തു വേറെയും ക്വട്ടേഷന്‍സ് കിടക്കുന്നു, അടുത്ത പ്രൊജക്റ്റ്‌ സമാന്തരമായി തുടങ്ങാം.'

തീരുമാനം പാസ്സാക്കി.


യോഗം 2
---------
സപ്ലൈ പതുക്കെ നിര്‍ത്തുക. നിര്‍ദ്ദേശം ദിക്പാലകര്‍ക്ക് കൊടുത്തോളൂ.

"ബാക്കപ്പ് എടുക്കണോ? നല്ല ജീവജാലങ്ങളുടെ, ? പെട്ടകത്തിലെങ്ങാനും??" നിര്‍മാതാവിന് പഴയ സൃഷ്ടിയോടുള്ള മമത.

"എന്തിന്? കലര്പ്പില്ലാത്തത് ഒന്നും കാണില്ല ഇപ്പോള്‍. സസ്യങ്ങള്‍ പോലും ഇല്ല. ആദ്യം മുതല്‍ തുടങ്ങുന്നതാണ് നല്ലത്. പഴയ പ്രശ്നങ്ങള്‍ പരിഹരിച്ചു തന്നെ വേണം."

എവിടെ ആണ് പാകപ്പിഴകള്‍ തുടങ്ങിയത്? . ഏറ്റവും ഉദാത്തമായ സൃഷ്ടികള്‍ ഒരുതിരിഞ്ഞത് ഭൂമിയിലെ ഗവേഷണ കേന്ദ്രത്തിലായിരുന്നു. ജലത്തിലും കരയിലും ആകാശത്തിലും ഒക്കെ ജീവന്റെ ചിറകടികള്‍.എന്തൊരു വിവിധ്യമുള്ള ജൈവ വ്യവസ്ഥ! ഓരോ പരീക്ഷണത്തിനും പതിന്മടങ്ങ്‌ വിജയം .
മണ്ണ് നല്ലതായിരുന്നു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

മനുഷ്യന്‍ ഒരു സംഭവം തന്നെ ആയിരുന്നു. ബുദ്ധിയും വികാരങ്ങളും പുരോഗമിച്ചു വന്നപ്പോള്‍ അവനു സാധ്യമല്ലാത്തതില്ല. പക്ഷെ, കൂട്ടത്തില്‍ ഉരുത്തിരിഞ്ഞു വന്നു സ്വാര്‍ഥതയും, ദുര്മോഹങ്ങളും ഒക്കെ. ആദ്യമൊക്കെ ടീമംഗങ്ങള്‍ നേരിട്ട് പോയി ശരി ആക്കി. ബുദ്ധികൂടി വന്നുപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി തുടങ്ങി.

സര്‍വ്വചരാചരങ്ങളിലും മായം; ഭക്ഷണം, വായു, ജലം എല്ലാത്തിലും. ഓസോണ്‍ കുട പണ്ടേ തുളഞ്ഞു, ചൂടും തണുപ്പും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല,
എന്നിട്ടും ഭൂമിയിലെ പ്രധാന പ്രശ്നങ്ങള്‍ ഇതൊന്നുമല്ല . നില്ക്കുന്നിടം കുഴിയുന്നതറിയാതെ ഓട്ടപ്പാച്ചിലാണ് മണ്ടന്മാര്‍‍.

സ്വയം ഒടുങ്ങിക്കൊട്ടെന്നു കരുതി ഒഴിഞ്ഞു മാറാനും വയ്യ. സൌരയൂഥത്തില്‍ മറ്റു വാസസ്ഥലം തേടുന്നുമുണ്ട് കൂട്ടത്തില്‍. എന്തൊക്കെ വിഷവിത്തുക്കള്‍ അവന്‍ മറ്റുഗ്രഹങ്ങളില്‍ എത്തിക്കും എന്ന് ഭയം. പലയിടത്തു നിന്നും പരാതികള്‍ കിട്ടിക്കഴിഞ്ഞു.

ക്വട്ടേഷന്‍സ് ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരുന്നു.

---------

യോഗം 3

പുതിയ കരാര്‍ അനുവദിച്ചു. പ്രതീക്ഷിച്ച പോലെ ചൊവ്വയ്ക്ക്‌ തന്നെ. യുഗങ്ങള്‍ നോമ്പ് നോറ്റു കരാര്‍ സംഘടിപ്പിച്ച ഭൂമിപോലും സ്വയം വോട്ടു ചെയ്തില്ല.
സഹികെട്ടു പോയിട്ടുണ്ടാവണം .

സൃഷ്ടാവിന്റെ മുഖം മാത്രം മങ്ങി ഇരിക്കുന്നു. കാലങ്ങളായി ഉരുത്തിരിഞ്ഞ തന്റെ ഗവേഷണഫലങ്ങള്‍.
"അടുത്ത ഡിസൈന്‍ ടീം ലീഡ്‌ ആയി മറ്റാരെയെങ്കിലും നോക്കൂ. എനിക്കെന്തോ താല്‍പ്പര്യമില്ല".

"സാരമില്ല, നമുക്കാലോചിക്കാം, ഇതെല്ലാം പഠനത്തിന്റെ ഓരോ വഴികള്‍ അല്ലേ". സൂര്യന്‍ സമാധാനിപ്പിച്ചു. "പഴയ ഡിസൈന്‍സ് എല്ലാം കൈയിലുണ്ടല്ലോ. പിഴകള്‍ പരിശോധിച്ചു പരിഹരിച്ചാല്‍ മതി".

"എന്തായാലും പണി പെട്ടെന്ന് തുടങ്ങണം. ചുറ്റുപാട് ശരി ആക്കണം. ഓസോണ്‍ കുട വക്കണം. ഫ്യൂഷന്‍ കേന്ദ്രത്തിന്റെ സെറ്റിംഗ് മാറ്റി ഘടിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണ്. ഭ്രമണപഥം ഒന്ന് മാറ്റിക്കൊടുതാല്‍ ജോലി എളുപ്പമായി. പക്ഷെ അതും അത്ര എളുപ്പമല്ല. എന്നാലും ഒരു ബിഗ്ബാങ്ങിന്റെ മറയില്‍ വീണ്ടും തുടങ്ങാവുന്നതെയുള്ളൂ".

യോഗം 4
------

ടീം ഒന്ന് അഴിച്ചു പണിഞ്ഞു. പണിയുടെ പുരോഗതി വിലയിരുത്താന്‍ ഇടയ്ക്കിടയ്ക്ക് ഓരോരുത്തര്‍ പോകേണ്ടിവരും.

ഏതൊക്കെ ജൈവഘടനകള്‍ ആവാമെന്ന് ഒരു ധാരണയിലെത്തണം. പരിണാമ വഴിയില്‍ കുരങ്ങന്‍ മാര്‍ വരെ സാധാരണ പോലെ പോകട്ടെ. അതിനുള്ളില്‍ പുതിയ മനുഷ്യന്റെ മോഡല്‍ ശരിയാക്കണം.

"മനുഷ്യനെ അങ്ങ് വേണ്ടെന്നു വച്ചാലോ. എന്തിനാ വേറുതെ ഒരു റിസ്ക്‌? " പുതിയ ടീം ലീഡിന്റെ അഭിപ്രായം.

"അങ്ങനെ അല്ല, റിസര്‍ച്ച് അവിടെ നിന്ന് പോകാന്‍ പറ്റില്ല." സൂര്യനും മനുഷ്യനോട് ഒരു മമത !! (ആരൊക്കെയോ പിറുപിറുക്കുന്നു))

"ജീനുകള്‍ ശ്രദ്ധിച്ചു രൂപകല്‍പ്പന ചെയ്യണം. , തല കുറച്ചു ചെറുതാക്കാം. ഹൃദയം രണ്ടു വശത്തും കൊടുത്താലോ?" പുതിയ ലീഡ്‌ ഉത്സാഹത്തിലാണ്.
("മം... ആഹാരത്തിനു പിന്നെ തീരെ നിയന്ത്രണം കാണില്ല", പിറുപിറുപ്പുകള്‍ കൂടുന്നു )

"ആലോചിക്കാം", സൂര്യന്‍ പറഞ്ഞു. "എല്ലാത്തിനും ഒരു പാട് പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണ്, ഓരോ മേഖലയും വിശദമായ പഠനം നടക്കട്ടെ. അതിനുശേഷം സാവധാനം എത്താം മനുഷ്യനിര്‍മ്മിതിയിലേക്ക്. അടുത്ത യോഗത്തിന് മുന്‍പ്‌ , ഗാലക്സി തലത്തില്‍ ഉള്ള സാങ്കേതിക വിദഗ്ധരുമായി ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ നോക്കാം ".

----

അടിയന്തിരയോഗങ്ങള്‍ ഓരോന്ന് കഴിയുന്തോറും ഭൂമി ചുവന്നു കൊണ്ടിരുന്നു..
ജീവന്റെ അവസാന കണവും ചാരമായി അലഞ്ഞു തിരിഞ്ഞ ദിവസം, ചൊവ്വയില്‍ മഴ തിമര്‍ത്തു പെയ്യുകയായിരുന്നു.
--------------------------

Comments

  1. ഇതെപ്പൊ സംഭവിച്ചു?
    ഒന്നാം യോഗം മാത്രമേ നടന്നുള്ളുവെങ്കിലും ഞാന്‍ പറയും,
    ഉഗ്രന്‍...!!
    കവിത മാത്രമല്ല കൈമുതല്‍ അല്ലെ?

    ReplyDelete
  2. എങ്കില്‍ ഞാന്‍ ഇപ്പൊഴേ ചൊവ്വയിലേയ്ക്കു പോവ്വാണേ....മുന്നറിയിപ്പു തന്നതിനു നന്ദി...അഭിനന്ദനങ്ങള്‍....

    ReplyDelete
  3. ഓരോ യോഗങ്ങള്‍...

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....